ഒന്നിനും കുറവില്ലാത്തവർ

ഇറ്റലിയിലെ ഗിമിഗ്‌നാനോയിൽ ഒരു ദരിദ്ര കുടുംബമുണ്ടായിരുന്നു. വീടുകളിൽ ജോലിക്ക് പോയും തുന്നൽപ്പണി ചെയ്തും ഭിക്ഷാടനം നടത്തിയുമൊക്കെ ആ പാവങ്ങൾ ജീവിതം പോക്കി. ആ കുടുംബത്തിലാണ് ഫിന എന്ന പെൺകുട്ടി ജനിച്ചത്. എന്തെങ്കിലും പണിയെടുത്ത് ഭക്ഷണമോ പണമോ കൈയിൽ വന്നാൽ അവൾക്ക് അത് ഉടനെ പങ്കുവയ്ക്കണം. തന്നെക്കാൾ ഏറെ ദാരിദ്ര്യം അനുഭവിക്കുന്നവർ തനിക്ക് ചുറ്റിലുമുണ്ടെന്ന തിരിച്ചറിവാണ് ഫിനയെ ഈ കാരുണ്യജീവിതത്തിന് പ്രേരിപ്പിച്ചത്.

ആ നാട്ടുകാരുടെ കണ്ണിലുണ്ണിയായി അവൾ ജീവിച്ചു. രോഗിണിയായി, അവശയായി ഒരു പലകപ്പുറത്ത് കിടന്നപ്പോഴും അവൾ ചുറ്റിലുമുള്ളവരോട് സ്‌നേഹം പങ്കുവച്ചു. അവൾ മരിച്ചപ്പോൾ ആ പലകയിൽനിന്ന് വയലറ്റ് ചെടികൾ വളർന്നു പുഷ്പിച്ച് നറുമണം പടർന്നു. അവളോടു മാധ്യസ്ഥ്യം യാചിച്ചവരുടെ പ്രാർത്ഥനകൾ ഫലമണിഞ്ഞു. ഇന്ന് ഗിമിഗ്‌നാനോയിലെ കയ്യാലകളിലും മതിലുകളിലുമൊക്കെ നിറയെ ഈ സെന്റ് ഫിനാ വയലറ്റുകൾ പൂത്തുനില്ക്കുന്നതു കാണാം. ഇല്ലായ്മയിൽനിന്നും നല്കാൻ അവളെ പഠിപ്പിച്ചതാരാണ്? അത് ഈശോ ആയിരുന്നില്ലേ? ദരിദ്രരാണെങ്കിൽപോലും നമുക്ക് ദാനം ചെയ്യാനാവും എന്നാണ് വിശുദ്ധ ഫിന പഠിപ്പിക്കുന്നത്.

പുതയ്ക്കാൻ പുതപ്പില്ലാതെയും വിശന്നും ഏറെ ദാരിദ്ര്യത്തിന്റെ നടുവിലും ജീവിച്ച് സുവിശേഷം പ്രചരിപ്പിക്കാനായി തുടർച്ചയായി പൗലോസ് ശ്ലീഹാ യാത്ര ചെയ്തു. പക്ഷേ പരാതികൾ ഒന്നുമില്ലായിരുന്നു. ”എനിക്കെന്തെങ്കിലും കുറവുള്ളതുകൊണ്ടല്ല ഞാനിതു പറയുന്നത്. കാരണം ഏതു സാഹചര്യത്തിലും സംതൃപ്തിയോടെ കഴിയാൻ ഞാൻ പഠിച്ചിട്ടുണ്ട്. (ഫിലിപ്പി 4:11)

ദൈവകൃപ വ്യർത്ഥമാക്കാത്തവർ
വ്യതിരിക്തമായ ജീവിതവീക്ഷണവും ഫിലോസഫിയും സംസ്‌കാരവും രാഷ്ട്രീയചിന്താഗതികളുമൊക്കെയുള്ള വ്യക്തികൾപോലും മദർ തെരേസ എന്ന അമ്മയുടെ ആദർശനിർഭരമായ സ്‌നേഹവായ്പുള്ള ജീവിതം കണ്ട് ആകർഷിതരായി. കൽക്കത്താ തെരുവുകളിലെ ഏറെ പാവപ്പെട്ടവർ ഇന്നും അമ്മയെ ഓർമിക്കുന്നു. ദരിദ്രയായാണ് അമ്മയും ജീവിച്ചത്. ”ഞങ്ങൾ ദുഃഖിതരെപ്പോലെയാണെങ്കിലും സദാ സന്തോഷിക്കുന്നു; ദരിദ്രരെപ്പോലെയാണെങ്കിലും അനേകരെ സമ്പന്നരാക്കുന്നു; ഒന്നുമില്ലാത്തവരെപ്പോലെയാണെങ്കിലും എല്ലാം ആർജിച്ചിരിക്കുന്നു” എന്ന 2 കോറിന്തോസ് 6:10 വചനം അന്വർത്ഥമാക്കി അമ്മ.
ഭൂമിയിലെ യാതൊരു അധികാരികളുടെയും ശക്തിയിൽ അവർ ആശ്രയിച്ചില്ല. ”സ്വർഗത്തിൽ അങ്ങല്ലാതെ ആരാണ് എനിക്കുള്ളത്? ഭൂമിയിലും അങ്ങയെ അല്ലാതെ ഞാനാരെയും ആഗ്രഹിക്കുന്നില്ല.” അമ്മ കൂടെക്കൂടെ പറഞ്ഞ സങ്കീർത്തന ഭാഗമാണിത് (73:25). ദൈവകൃപ സമൃദ്ധമായി ലഭിച്ചിട്ടുള്ള വ്യക്തികൾക്ക് സാധാരണ ഗതിയിൽ നമുക്ക് അസാധ്യം എന്നു തോന്നുന്ന കാര്യങ്ങൾപോലും കാര്യക്ഷമതയോടെ ചെയ്തുതീർക്കാം. അത്തരം അനേകം ഉദാഹരണങ്ങൾ ഇന്നും നമുക്ക് ചുറ്റിലും കാണുന്നുണ്ടല്ലോ.

”എന്നെ വിറ്റുകൊള്ളൂ”
ഒരു വീട്ടുപണിക്കാരി നീഗ്രോവനിതയുടെ മകനാ യിരുന്നു മാർട്ടിൻ. ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും വളർന്ന്, അയാൾ ഒടുവിൽ ഒരു സന്യാസാശ്രമത്തിൽ വേലക്കാരനായി എത്തി. അനേകം അശരണരെയും രോഗികളെയും ശുശ്രൂഷിക്കാനും പരിചരിക്കാനും ദൈവം വിശുദ്ധന് ശക്തി നല്കി. കടബാധ്യതയിൽ മൂടിയപ്പോൾ ആശ്രമാധികാരികളോട് ‘എന്നെ അടിമയാക്കി വിറ്റുകൊള്ളൂ’ എന്ന് പറയുവാൻവരെ ശക്തി കിട്ടിയവനായിരുന്നു അദ്ദേഹം. ഇതുപോലെ വലിയ ശക്തി പേറിയിരുന്നവരാണ് വിശുദ്ധന്മാരിൽ പലരും. ”കർത്താവ് എന്റെ ശക്തിയും പരിചയവുമാണ്. കർത്താവിൽ എന്റെ ഹൃദയം ശരണംവയ്ക്കുന്നു. അതുകൊണ്ട് എനിക്ക് സഹായം ലഭിക്കുന്നു” (സങ്കീർത്തനങ്ങൾ 28:7).

ആത്മസംതൃപ്തിയുടെ നിറവിൽ ജീവിച്ചവരാണ് പുണ്യവാന്മാർ എല്ലാവരുംതന്നെ. ഏറെ സഹനങ്ങളിലൂടെ കടന്നുപോയപ്പോഴും അവരാരും തളർന്നുപോയില്ല. നമ്മെപ്പോലെ ഒരു ചെറിയ പ്രശ്‌നം വരുമ്പോഴേക്കും നിരാശരായി വീണില്ല അവരാരും. ”സമുദ്രത്തിലൂടെ കടന്നുപോകുമ്പോൾ ഞാൻ നിന്നോടുകൂടെ ഉണ്ടായിരിക്കും. നദികൾ കടക്കുമ്പോൾ അതു നിന്നെ മുക്കിക്കളയുകയില്ല. അഗ്നിയിലൂടെ നടന്നാലും നിനക്ക് പൊള്ളലേൽക്കുകയില്ല. ജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല” (ഏശയ്യാ 43:2) എന്ന ബോധ്യമല്ലേ അവരെ സഹായിച്ചത്?

കുറവുകളുള്ളപ്പോഴും…
പഴയ നിയമത്തിലും പുതിയ നിയമത്തിലുമൊക്കെ ഏറെ ദുർബലരായ മനുഷ്യരെ ദൈവം തന്റെ കരുക്കളായി മാറ്റുന്ന കാഴ്ച കാണുന്നുണ്ട്. യാക്കോബ് എന്ന സ്വപ്നസഞ്ചാരി, വിക്കനായ മോശ, ദൈവത്തിൽനിന്ന് ഓടിയ യോനാ, ദൈവത്തെ മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞ പത്രോസ്, അഞ്ചു ഭർത്താക്കന്മാരുണ്ടായിരുന്ന ശമരിയാക്കാരി ….. അങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ. ബലഹീനരായ എന്നെയും നിങ്ങളെയും ദൈവത്തിന് അപ്പോൾ ആവശ്യമുണ്ട്. നമ്മുടെ കുറവുകളെ മികവുകളാക്കാനുള്ള ശക്തിയുള്ളവനാണ് പറയുന്നത് ‘എനിക്ക് നിന്നെ വേണം മകനേ, മകളേ’ എന്ന്. മഹത്തരങ്ങളായ കാര്യങ്ങൾക്ക് അവൻ നമ്മെ പ്രാപ്തരാക്കും. അതിനുള്ള മനഃസാന്നിധ്യവും പ്രചോദനവും അവൻ തരും. നാം ദൈവഹിതത്തിന് വിധേയരായാൽ മാത്രം മതി.

ആ അവസ്ഥയിലേക്ക് വളരാനായി സ്വയം വിട്ടുകൊടുത്താൽ ഉത്തമമായ ബോധ്യം കൈവരും – ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽനിന്ന് എല്ലാം വാരിക്കോരിത്തന്ന് തന്റെ ആവശ്യങ്ങളെല്ലാം നിറവേറ്റിത്തരുമെന്ന്. അപ്പോൾ പിതാവിന്റെ ഭവനത്തിലെ സമൃദ്ധിയിൽ വിരുന്നുണ്ണാം. നിത്യജ്ഞാനത്തിന്റെയും ജീവന്റെയും നീരുറവയിൽനിന്ന് കുടിക്കാം. വഴികളിൽ ദൈവം എന്നും വഴിവിളക്കുകൾ നിരത്തും. ”എന്തെന്നാൽ സിംഹാസനമധ്യത്തിലിരിക്കുന്ന കുഞ്ഞാട് അവരെ മേയിക്കുകയും ജീവജലത്തിന്റെ ഉറവകളിലേക്ക് നയിക്കുകയും ചെയ്യും” (വെളിപാട് 7:17).

ആത്മീയമായ ആ നിറവിലേക്കും സംതൃപ്തിയിലേക്കും എത്തിച്ചേരുവാനാകട്ടെ നാം ഓരോരുത്തരുടെയും ശ്രമങ്ങൾ. ആവിലായിലെ വിശുദ്ധ തെരേസയുടെ വാക്കുകൾ നമ്മെ സഹായിക്കും, ”ദൈവം ആർക്കുണ്ടോ അവർക്ക് ഒന്നിനും കുറവില്ല; ദൈവംമാത്രം മതി.”

ജോസ് വഴുതനപ്പിള്ളി

Leave a Reply

Your email address will not be published. Required fields are marked *