ഒറീസയിൽ ക്രൈസ്തവരെ പീഡിപ്പിക്കുന്ന 2003 കാലഘട്ടം. ഈ അവസരത്തിൽ ഗ്രാമങ്ങൾതോറും കടന്നുചെന്ന് ചെറിയ ക്രൈസ്തവ കൂട്ടായ്മയിൽ ബലിയർപ്പിക്കാനാണ് പീറ്റർ എന്ന വൈദികനെ സഭ നിയോഗിച്ചത്. ഒരു ശനിയാഴ്ച ദിവസം അച്ചന്റെ സുഹൃത്തുക്കൾ അച്ചനെ ഒരു കാര്യം അറിയിച്ചു. അച്ചനെ കൊല്ലുവാൻ ശത്രുക്കൾ അവസരം കാത്തിരിക്കുന്നു. അതുകൊണ്ട് ഇന്ന് കുർബാനയ്ക്ക് പോകണ്ട. അഥവാ പോകുകയാണെങ്കിൽ കാടിന്റെ ഉള്ളിൽക്കൂടിയുള്ള മറ്റൊരു വഴിയേ പോയാൽ മതി.
ഗ്രാമങ്ങളിലെ ജനങ്ങളുടെ കാത്തിരിപ്പ് ഓർമയിൽ വന്ന അച്ചൻ, മറ്റൊരു വഴിയേ യാത്രയാകുവാൻ തീരുമാനിച്ചു. വിജനമായ കാടിന്റെ നടുവിലൂടെ ഒറ്റയ്ക്ക് കാൽനടയാത്ര. കാടിന്റെ നടുഭാഗത്തെത്തിയപ്പോൾ അച്ചൻ തന്റെ മുൻപിൽ ഭയാനകമായ ഒരു കാഴ്ച കണ്ടു. അമ്പതോളം വരുന്ന മാവോയിസ്റ്റുകൾ ആയുധധാരികളായി അച്ചന്റെ മുൻപിലുള്ള വഴിയിൽ നില്ക്കുന്നു.
പിന്തിരിഞ്ഞോടിയാൽ അവർ തന്നെ കൊല്ലും എന്നുറപ്പാക്കിയ പീറ്ററച്ചൻ മുന്നോട്ടുള്ള യാത്ര തുടർന്നു. ഓരോ പാദങ്ങളും മുൻപോട്ടു വയ്ക്കുംതോറും അദ്ദേഹം ഇങ്ങനെ പ്രാർത്ഥിച്ചു ”ദൈവമേ, മിഷനറിയായി നിനക്കുവേണ്ടി ജീവിക്കാനാണല്ലോ നീ എന്നെ വിളിച്ചത്. നിനക്കിഷ്ടമുള്ളതുപോലെ നടക്കട്ടെ. നിനക്കുവേണ്ടി മരിക്കുവാനും ഞാൻ തയാറാണ്. എല്ലാം നിന്റെ ഇഷ്ടം.” ആ പ്രാർത്ഥനയോടെ അച്ചൻ മുന്നോട്ടുനീങ്ങി. ആയുധധാരികളായി നിന്നവർ അച്ചൻ വരുന്നത് കണ്ട് വഴിമാറിക്കൊടുത്തു. ഒരു പോറലുപോലും ഏല്ക്കാതെ ആ മാവോയിസ്റ്റുകളുടെ മധ്യത്തിലൂടെ അച്ചൻ തന്റെ യാത്ര തുടർന്നു.
14 വർഷങ്ങളോളം മുൻപു നടന്ന ഈ സംഭവം വിവരിക്കുമ്പോൾ അച്ചന്റെ കണ്ണ് നിറഞ്ഞിരുന്നു, ഹൃദയം ദൈവസ്നേഹത്താൽ ജ്വലിച്ചിരുന്നു. ദൈവംതമ്പുരാൻ തന്റെ മകനെ ഉള്ളംകൈയിൽ കാക്കുന്ന അനുഭവം. ദൈവകാരുണ്യം പെയ്തിറങ്ങിയ നിമിഷം. ഏശയ്യാ പ്രവാചകനിലൂടെ ദൈവം പറയുന്നു ”ഭയപ്പെടേണ്ടാ, ഞാൻ നിന്നെ രക്ഷിച്ചിരിക്കുന്നു; നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്റേതാണ്. സമുദ്രത്തിലൂടെ കടന്നുപോകുമ്പോൾ ഞാൻ നിന്നോടുകൂടെ ഉണ്ടായിരിക്കും. നദികൾ കടക്കുമ്പോൾ അതുനിന്നെ മുക്കിക്കളയുകയില്ല; അഗ്നിയിലൂടെ നടന്നാലും നിനക്ക് പൊള്ളലേൽക്കുകയില്ല; ജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല. ഞാൻ നിന്റെ ദൈവമായ കർത്താവും രക്ഷകനും ഇസ്രായേലിന്റെ പരിശുദ്ധനുമാണ്” (ഏശയ്യാ 43:1-3).
കൊയ്ത്തുകാർക്ക് കൊടുക്കുവാൻ പൊടിച്ച അപ്പവും കറിയുമായി പോകുന്ന യൂദായിലെ ഹബക്കുക്ക് പ്രവാചകനോട് ബാബിലോണിലെ സിംഹക്കുഴിയിലുള്ള ദാനിയേലിന് ഭക്ഷണം നല്കാൻ കർത്താവിന്റെ ദൂതൻ ആവശ്യപ്പെടുന്നു. ആ സ്ഥലം അറിഞ്ഞുകൂടെന്നു പറയുമ്പോൾ ദൂതൻതന്നെ ഹബക്കുക്കിനെ മുടിയിൽ പിടിച്ച് തൂക്കിയെടുത്ത് വായുവേഗത്തിൽ അവിടെ എത്തിക്കുന്നു. ദൈവം എത്തിച്ചുതന്നിരിക്കുന്ന ഭക്ഷണം കഴിക്കാൻ ദാനിയേലിനെ ഹബക്കുക്ക് ക്ഷണിക്കുമ്പോൾ ദാനിയേൽ പറയുന്നത് ഇങ്ങനെയാണ്: ”ദൈവമേ, അങ്ങ് എന്നെ ഓർമിച്ചിരിക്കുന്നു; അങ്ങയെ സ്നേഹിക്കുന്നവരെ അങ്ങ് ഉപേക്ഷിച്ചിട്ടില്ല” (ദാനിയേൽ 14). കാത്തിരിക്കുവാൻ മനസുണ്ടോ?
ദൈവനാമത്തിനുവേണ്ടി ഏറ്റെടുക്കുന്ന വേദനകളും സഹനങ്ങളും സ്വർഗത്തിലെ ദൈവം കാണുന്നു; വിലമതിക്കുന്നു. ദൈവസ്നേഹത്തെപ്രതി കുടുംബജീവിതത്തിലെ ബുദ്ധിമുട്ടുകൾ, സമർപ്പണ ജീവിതത്തിലെ സഹനങ്ങൾ, വ്യക്തിജീവിതത്തിലെ സങ്കടങ്ങൾ സ്വീകരിക്കുന്നവരെ ദൈവം ഒരിക്കലും ഉപേക്ഷിക്കുകയില്ല. സങ്കീർത്തനം 91:14-ൽ പറയുന്നു: ”അവർ സ്നേഹത്തിൽ എന്നോട് ഒട്ടിനില്ക്കുന്നതിനാൽ ഞാൻ അവനെ രക്ഷിക്കും.” എന്നാൽ ഈ രക്ഷയിലേക്ക് നയിക്കപ്പെടുന്നത് വ്യത്യസ്തമായ വഴികളിലൂടെയാണ്.
പക്ഷേ, ഇന്നത്തെ കാലഘട്ടത്തിലെ മനുഷ്യർക്ക് ഒന്നിനുവേണ്ടിയും കാത്തിരിക്കാൻ സമയമില്ല; മനസില്ല. എല്ലാം ചോദിക്കുമ്പോൾ തന്നെ കിട്ടണം. സമ്പത്ത്, സ്ഥാനം, ജോലി, വീട്, മക്കൾ, സൗഖ്യം, നേട്ടം… ഇങ്ങനെയുള്ള ആവശ്യങ്ങൾ ഉടനടി സാധിച്ചുകൊടുക്കുന്ന ദൈവത്തെ എല്ലാവർക്കും വളരെ ഇഷ്ടമാണ്. എന്നാൽ ദൈവം നല്കുവാൻ താമസിച്ചാൽ, മറ്റേതെങ്കിലും വഴിയേ നേടാൻ പോകുന്നവരുണ്ട്. ഏശയ്യാ പ്രവാചകനിലൂടെ ദൈവം പറയുന്നു ”ഞാൻ നിന്നെ ശുദ്ധീകരിച്ചു; എന്നാൽ, വെള്ളിപോലെയല്ല. കഷ്ടതയുടെ ചൂളയിൽ നിന്നെ ഞാൻ ശോധന ചെയ്തു. എനിക്കുവേണ്ടി, അതേ എനിക്കുവേണ്ടി മാത്രമാണ് ഞാനിതു ചെയ്യുന്നത്” (ഏശയ്യാ 48:10).
ദൈവത്തിനുവേണ്ടി നമ്മെത്തന്നെ ഒരുക്കുന്ന സഹനവഴിയിലൂടെ യാത്രയാകുവാൻ, ദൈവസ്നേഹത്താൽ നമുക്ക് നിറയാം. ദൈവകൃപയുടെ സമയത്തിനുവേണ്ടി കാത്തിരിക്കാം. ദൈവഹിതത്തിനുവേണ്ടി കാത്തിരുന്ന ആരും നിരാശരായിട്ടില്ല. എന്റെ നേട്ടംകൊണ്ട് എനിക്ക് വളർച്ച ലഭിക്കുമോ എന്ന് ദൈവത്തിന് മാത്രമേ അറിയൂ. അതിനാൽ എന്നെ വളർച്ചയിലേക്ക് നയിക്കാത്തതൊന്നും ദൈവം നമുക്ക് അനുവദിക്കില്ല. ഇതാണ് ചില ആഗ്രഹങ്ങളൊക്കെ സാധിക്കാതെ പോകുന്നതിന് കാരണം. വചനം പറയുന്നു: ”നിങ്ങൾ തിടുക്കം കൂട്ടേണ്ട; വേഗം ഓടുകയും വേണ്ട. കർത്താവ് നിങ്ങളുടെ മുൻപിൽ നടക്കും. ഇസ്രായേലിന്റെ ദൈവമായിരിക്കും നിങ്ങളുടെ പിൻകാവൽക്കാരൻ” (ഏശയ്യാ 52:12).
സഹനങ്ങളിലൂടെ കടന്നുപോകുന്ന ചിലരൊക്കെ പറയുന്ന വിശ്വാസത്തിന്റെ രഹസ്യമുണ്ട് – ”കൂടെ സഹിക്കുന്ന ദൈവമുള്ളപ്പോൾ ഞാനെന്തിനാണ് ആകുലപ്പെടുന്നത്.” ഏകമകൻ മരിച്ചുപോയ അമ്മ പറയുന്നു ”എനിക്ക് എന്റെ മകനെയല്ലേ നഷ്ടമായുള്ളൂ. ദൈവത്തെ നഷ്ടപ്പെട്ടില്ലല്ലോ.” സഹനങ്ങളുടെ തീക്കനലിലൂടെ നടക്കുമ്പോഴും ഉള്ളിൽ അണയാത്ത ദൈവസ്നേഹത്തിന്റെ കനൽ സൂക്ഷിക്കുന്നവർ!! ഈ കനൽ ഹൃദയത്തിൽ സൂക്ഷിക്കുമ്പോൾ, എല്ലാ കാര്യങ്ങളും ദൈവഹിതത്തോട് ചേർന്നുനിന്ന് ഉൾക്കൊള്ളാൻ നമുക്കാകും. സിംഹക്കുഴിയിലെ ദാനിയേലിനെ കണ്ട ദൈവം, നിന്നെയും കാണാതിരിക്കില്ല…. തീർച്ച! സഹനങ്ങളിലും ഇല്ലായ്മയിലും ക്രൂശിതനോട് ചേർന്നുനിന്നവരൊക്കെ രക്ഷിക്കപ്പെട്ടിട്ടുണ്ട്. അവനെ നോക്കുന്നവരുടെ ജീവിതം പ്രകാശിതമാകും.
നല്ല ദൈവമേ, കുറവുകളിലും ഇല്ലായ്മകളിലും നിന്റെ സമയത്തിനും ഹിതത്തിനും വേണ്ടി കാത്തിരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ – ആമ്മേൻ.
ഫാ. ജോബി എടത്താഴെ സി.എസ്.റ്റി