പീലികൾ കൊഴിഞ്ഞുപോയി, പോളകൾ വിങ്ങി ചുരുങ്ങിയ കണ്ണുകളിൽനിന്നും ഒരശ്രുകണം ഫാ. ഡാമിയന്റെ കവിളിലൂടെ അടർന്നിറങ്ങി. അറിഞ്ഞുമറിയാതെയും വന്നുപോയ തെറ്റുകളെല്ലാം എണ്ണിയെണ്ണിപ്പറഞ്ഞ് ഉത്തമമായ പാപസങ്കീർത്തനം നടത്തിയിട്ടുണ്ട്. ദൈവാലയത്തിനു പിന്നിൽ താനുണ്ടാക്കിയ ശ്മശാനത്തിൽ, തന്റെയീ കൈകൾകൊണ്ട് വെട്ടിയുണ്ടാക്കിയ ഒരായിരം കുഴികളിൽ സംസ്കരിച്ച അനാഥരായ കുഷ്ഠരോഗികളോടൊപ്പം ദൈവമേ തനിക്കും സമ്മാനിക്കുമോ നിന്റെ നിത്യസൗഭാഗ്യം? പെട്ടെന്ന് ദിവ്യമായൊരു അനുഭൂതി തന്നെ വലയം ചെയ്യുന്നതുപോലെ; അപരിമേയമായ ഒരു പ്രശാന്തത ആത്മാവിൽ വന്നു നിറഞ്ഞതുപോലെ.
വർഷങ്ങൾ മുന്നോട്ടു സഞ്ചരിച്ചു. 2009 ഒക്ടോബർ 11. നിറഞ്ഞുകവിഞ്ഞ വത്തിക്കാൻ ചത്വരം. ലോകമെമ്പാടും നിന്നുള്ള പതിനായിരക്കണക്കിന് മനുഷ്യരുടെ സാന്നിധ്യത്തിൽ മാർപാപ്പയുടെ ഗാംഭീര്യമാർന്ന വാക്കുകൾ:
”വിശുദ്ധ ഡാമിയൻ, മൊളോക്കോയിലെ വിശുദ്ധ ഡാമിയൻ ഡിവെസ്റ്റർ! അങ്ങ് മാറാരോഗികളുടെയും സമൂഹത്തിൽനിന്ന് പുറംതള്ളപ്പെട്ടവരുടെയും സവിശേഷ സ്വർഗീയ മധ്യസ്ഥനായിരിക്കുക.”
(‘കുഷ്ഠരോഗികളുടെ അപ്പോസ്തോലൻ’)