ദൈവകാരുണ്യം ഒഴുകിവീഴുന്ന വഴികൾ

1981 മെയ് 13-ാം തിയതി. അന്ന് ഫാത്തിമ മാതാവിന്റെ തിരുനാൾ ദിവസമായിരുന്നു. ജോൺ പോൾ രണ്ടാമൻ മാർപാപ്പ അന്ന് വത്തിക്കാനിൽ സെന്റ് പീറ്റേഴ്‌സ് ദൈവാലയത്തിൽ ആഘോഷകരമായ തിരുനാൾ കുർബാനയർപ്പിച്ചു. അതിനുശേഷം സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ തന്നെ കാത്തുനിന്ന ആയിരങ്ങളിലേക്ക് ദൈവസ്‌നേഹം ഒഴുക്കുവാനും അവർക്ക് അഭിവാദനങ്ങൾ അർപ്പിക്കുവാനുമായി അവരുടെ ഇടയിലേക്കിറങ്ങി. തുറന്ന വാഹനത്തിൽ അഭിവാദനങ്ങൾ അർപ്പിച്ചുകൊണ്ട് വലിയ ഇടയനായ അവിടുന്ന് മെല്ലെ മെല്ലെ മുന്നേറുകയാണ്.

പെട്ടെന്നാണത് സംഭവിച്ചത്. ജനക്കൂട്ടത്തിൽനിന്നും ഒരാൾ മുമ്പോട്ട് ചാടിവന്ന് മാർപാപ്പയെ വെടിവച്ചു. പാപ്പ പിടഞ്ഞുവീണു. ജനക്കൂട്ടം ആർത്തുകരഞ്ഞു. ഞൊടിയിടകൊണ്ട് ആംബുലൻസ് റെഡിയായി. പാപ്പ വത്തിക്കാൻ ഹോസ്പിറ്റലിലെ ഓപ്പറേഷൻ തിയേറ്ററിലേക്ക് സംവഹിക്കപ്പെട്ടു. വിദഗ്ധരായ ഡോക്‌ടേഴ്‌സ് നടത്തിയ മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയ! വെടിയുണ്ടകൾ ഒന്നൊന്നായി പുറത്തെടുക്കപ്പെട്ടു. പരിശുദ്ധ മാതാവിന്റെ പ്രത്യേക മധ്യസ്ഥതയാൽ നീണ്ട ശസ്ത്രക്രിയയ്ക്കുശേഷം പാപ്പയുടെ ജീവൻ മരണത്തിന്റെ നിഴൽ വീണ താഴ്‌വരയിൽനിന്നും ജീവന്റെ തുറമുഖത്തേക്ക് മടങ്ങി. നീണ്ട പരിചരണത്തിനും ശുശ്രൂഷയ്ക്കുംശേഷം പാപ്പ വീണ്ടും ആരോഗ്യത്തിലേക്ക് പ്രവേശിച്ചു. ‘മരണത്തിന്റെ നിഴൽവീണ താഴ്‌വരയിലൂടെയാണ് ഞാൻ നടക്കുന്നതെങ്കിലും അവിടുന്ന് കൂടെയുള്ളതിനാൽ ഞാനൊരനർത്ഥവും ഭയപ്പെടുകയില്ല’ എന്ന സങ്കീർത്തനവചനം ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ജീവിതത്തിൽ നിറവേറി.

ദൈവകാരുണ്യത്തിന്റെ വഴികൾ
മാർപാപ്പയുടെ നേരെ നിറയൊഴിച്ച മുഹമ്മദ് അലി അഗ്ഗ എന്ന തുർക്കി ജയിൽപുള്ളി സംഭവസ്ഥലത്തുവച്ചുതന്നെ പിടിക്കപ്പെട്ടു. പോലിസ് അവനെ ജയിലിൽ അടച്ചു. ജോൺപോൾ പാപ്പ ജീവനിലേക്കും ആരോഗ്യത്തിലേക്കും കടന്നുവന്നിട്ട് ആദ്യം ചെയ്ത പ്രവൃത്തി – തന്നെ മരണത്തിന്റെ താഴ്‌വരയിൽ എത്തിച്ച ആ തടങ്കൽപുള്ളിയെ തടവറയിൽ ചെന്നുകണ്ട് അവന് ക്ഷമ നല്കുകയായിരുന്നു. ദൈവത്തിന്റെ കാരുണ്യം കലവറയില്ലാതെ അവനിലേക്കൊഴുകി. അവന് മാപ്പുകൊടുത്തു. അദ്ദേഹം അവനെ ആലിംഗനം ചെയ്ത് ചുംബിച്ചുകൊണ്ട് തന്റെ ക്ഷമയും പാപക്ഷമയേകുന്ന ദൈവത്തിന്റെ അനന്തമായ കാരുണ്യവും അവന് അനുഭവവേദ്യമാക്കി. മാർപാപ്പ അവനോട് ഹൃദയം തുറന്നു സംസാരിച്ചു. അലി അഗ്ഗ എന്ന ജയിൽപുള്ളി മാനസാന്തരത്തിന്റെ വഴികളിലേക്ക് നയിക്കപ്പെട്ടു. രണ്ടായിരം ജൂബിലിവർഷത്തിൽ ജോൺപോൾ മാർപാപ്പയുടെ അപേക്ഷപ്രകാരം ജീവപര്യന്തം ജയിൽശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന മുഹമ്മദ് അലി അഗ്ഗയെ ഇറ്റാലിയൻ ഗവൺമെന്റ് ശിക്ഷാവിമുക്തനാക്കി ജയിലിൽനിന്നും വിട്ടയച്ചു. ഈ അടുത്തകാലത്ത് അയാൾ പറഞ്ഞുവത്രേ, ഇപ്പോഴുള്ള മാർപാപ്പ അനുവദിക്കുന്നുവെങ്കിൽ അയാൾ ഒരു വൈദികനായിത്തീർന്ന് പരിഹാരജീവിതം നയിക്കാൻ ആഗ്രഹിക്കുന്നുവെന്ന്! ദൈവകാരുണ്യത്തിന്റെ വഴികൾ മനുഷ്യബുദ്ധിക്ക് എത്രയോ ദുർഗ്രഹം! കൊലയാളിയായ ജയിൽപുള്ളിയിലേക്കുപോലും അങ്ങോട്ടുചെന്ന് കരുണയൊഴുക്കി അവനെ വീണ്ടുരക്ഷിക്കുന്ന കർത്താവായ യേശുവിന്റെ അനന്തമായ കാരുണ്യത്തിന്റെ വഴികൾ ആർക്കാണ് ഗ്രഹിക്കാനും വർണിക്കുവാനും കഴിയുക. തിരുവചനം ഇപ്രകാരം പറയുന്നു: ”അതിനാൽ നിന്നോട് ഔദാര്യം കാണിക്കാൻ കർത്താവ് കാത്തിരിക്കുന്നു. നിന്നോടു കാരുണ്യം പ്രദർശിപ്പിക്കാൻ അവിടുന്ന് തന്നെത്തന്നെ ഉയർത്തുന്നു” (ഏശയ്യാ 30:18). ഉന്നതത്തിൽനിന്നും പിതാവായ ദൈവത്തിന്റെ കരുണയുടെ സിംഹാസനത്തിനുമുമ്പിൽ നിന്നും കർത്താവായ യേശുവിലൂടെ ലോകത്തിലെ ഏറ്റവും നീചനായ പാപിയിലേക്കുപോലും ഒഴുകിവീഴുന്ന അനന്തമായ തന്റെ കാരുണ്യവും പാപക്ഷമയും ഇന്ന് ലോകത്തിന് സംലഭ്യമാക്കിത്തീർക്കേണ്ടത് അവിടുത്തെ കാരുണ്യത്തെയും ക്ഷമയെയും നന്നായി അനുഭവിച്ച നമ്മുടെയൊക്കെ ജീവിതത്തിലൂടെയാണ്.

നൂറുനൂറ് അലി അഗ്ഗമാരുടെ ഇടയിലൂടെയും അവർ നല്കുന്ന തിക്താനുഭവങ്ങളിലൂടെയുമാകാം ഒരുപക്ഷേ നമ്മുടെയൊക്കെ ജീവിതം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ആ അലി അഗ്ഗ ഒരുപക്ഷേ നമ്മുടെ സഹോദരനോ സഹോദരിയോ സഹപ്രവർത്തകനോ അയല്ക്കാരനോ എന്തിനു പറയുന്നു നമ്മുടെ മാതാപിതാക്കൾത്തന്നെയോ അല്ലെങ്കിൽ സ്വന്തം ജീവിതപങ്കാളിയോ മേലുദ്യോഗസ്ഥനോ അധികാരികളോ ഒക്കെ ആയിരിക്കാം. അത് ആരുതന്നെയുമാകട്ടെ അങ്ങോട്ടുചെന്ന് ക്ഷമ കൊടുത്ത് കർത്താവിന്റെ വലിയ കാരുണ്യം അവർക്ക് അനുഭവവേദ്യമാക്കിത്തീർക്കാനുള്ള വലിയ ദൈവവിളിയാണ് അവിടുത്തെ കാരുണ്യവും പാപക്ഷമയും അനുഭവിച്ചറിഞ്ഞ നമുക്ക് ദൈവം നല്കിയിരിക്കുന്നതെന്ന് തിരിച്ചറിയുക. യേശു പറഞ്ഞു: ”ശത്രുക്കളെ സ്‌നേഹിക്കുവിൻ; നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ. അങ്ങനെ, നിങ്ങൾ നിങ്ങളുടെ സ്വർഗസ്ഥനായ പിതാവിന്റെ മക്കളായിത്തീരും. അവിടുന്ന് ശിഷ്ടരുടെയും ദുഷ്ടരുടെയുംമേൽ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെയും നീതിരഹിതരുടെയുംമേൽ മഴ പെയ്യിക്കുകയും ചെയ്യുന്നു” (മത്തായി 5:44-45). ശത്രുക്കളോടും നമ്മെ പീഡിപ്പിക്കുന്നവരോടും ക്ഷമിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ ദൈവകാരുണ്യത്തിന്റെ ചാലകങ്ങളും ഉപകരണങ്ങളുമായി നാം മാറുകയാണ് ചെയ്യുന്നത്.

അങ്ങോട്ടുചെന്ന് കാരുണ്യം കൊടുത്താൽ
ഒരു ധ്യാനഗുരു തന്റെ ശുശ്രൂഷയ്ക്കിടയിൽ അനുഭവിക്കാനിടവന്ന ക്ഷമയുടെയും ദൈവകാരുണ്യത്തിന്റെയും സംഭവകഥ ഇപ്രകാരം വിവരിക്കുകയാണ്. പൈലിച്ചേട്ടനും തോമസുചേട്ടനും അയല്ക്കാരും വലിയ ചങ്ങാതിമാരും ആയിരുന്നു. അങ്ങനെയിരിക്കെ പൈലിച്ചേട്ടന്റെ മകൾക്ക് ഒരു നല്ല വിവാഹാലോചന വന്നു. വിവാഹം ഉറപ്പിച്ചു. മനഃസമ്മതത്തിന്റെ കുറേ ദിവസംമുമ്പ് ചെറുക്കന്റെ വീട്ടുകാർക്ക് സ്ത്രീധനമായി നല്കുവാനായി ബാങ്കിൽനിന്നും കുറെ രൂപ ലോണെടുത്തു. പൈലിച്ചേട്ടൻ പണം വീട്ടിലെ അലമാരിയിൽ ഭദ്രമായി വച്ചു. ഈ വിവരം തോമസുചേട്ടനറിഞ്ഞു. അയാൾ പിറ്റേദിവസം വൈകുന്നേരം പൈലിച്ചേട്ടനെ സമീപിച്ച് ഇപ്രകാരം പറഞ്ഞു: ബാങ്കിൽനിന്നും ജപ്തിനോട്ടീസ് വന്നിരിക്കുന്നു. ഒരാഴ്ചത്തെ മറവിന് എനിക്ക് ഇരുപതിനായിരം രൂപ തരണം. പൈലിച്ചേട്ടൻ ഒട്ടും സംശയിച്ചില്ല. വിശദീകരണങ്ങൾ ചോദിച്ചുമില്ല. ആരോടും ഒരു വാക്കുപോലും പറയാതെ അലമാരിയിൽ പൂട്ടിവച്ച പണത്തിൽനിന്നും ഇരുപതിനായിരം രൂപ എടുത്ത് തോമസുചേട്ടന് നല്കി. അത്രയേറെ വിശ്വാസമായിരുന്നു തോമസുചേട്ടനെ പൈലിച്ചേട്ടന്.

അങ്ങനെ ചെറുക്കൻവീട്ടുകാർക്ക് പണം കൊടുക്കേണ്ട ദിവസം സമീപിച്ചു. പണം തിരികെ തരാമെന്ന് പറഞ്ഞ ദിവസമായിട്ടും തോമസുചേട്ടന് യാതൊരനക്കവുമില്ല. പൈലിച്ചേട്ടൻ തോമസുചേട്ടന്റെ വീട്ടിലെത്തി പണം തിരികെ ചോദിച്ചു. തോമസുചേട്ടന്റെ മറുപടി കേട്ട് പൈലിച്ചേട്ടൻ ഞെട്ടിത്തരിച്ചുപോയി. തോമസുചേട്ടൻ പറഞ്ഞു: നിന്റെ മകളുടെ നടപ്പുദോഷംകൊണ്ട് ചെറുക്കൻവീട്ടുകാർ കല്യാണം ഒഴിവാക്കി പോയതിന് ഞാനാണോ ഉത്തരവാദി? ഞാൻ മേടിച്ച പണം തിരിച്ചുതരാത്തതിനാലാണ് കല്യാണം മുടങ്ങിപ്പോയതെന്ന് നാട്ടുകാരെ പറഞ്ഞു ധരിപ്പിക്കാനുള്ള അടവൊന്നും എന്റെയടുത്തെടുക്കേണ്ട. ഇനി ഇക്കാര്യം പറഞ്ഞ് എന്റെ മുറ്റത്തുപോലും കയറിവരരുത്. അയാൾ കരഞ്ഞുകൊണ്ട് മുറ്റത്തുനിന്നും ഇറങ്ങിപ്പോയി. വീട്ടിൽ ചെന്ന് കാര്യം കുടുംബാംഗങ്ങളോട് പറഞ്ഞു. അവരും കരച്ചിലിലായി. വാഗ്ദാനം ചെയ്ത പൈസ കൊടുക്കാൻ കഴിയാത്തതിനാൽ ഉറപ്പിച്ച വിവാഹം മുടങ്ങിപ്പോയി. ദൈവവിശ്വാസിയായ പൈലിച്ചേട്ടൻ വെട്ടിനും കുത്തിനും മറ്റു പ്രതികാര നടപടികൾക്കൊന്നും മുതിർന്നില്ല. പക്ഷേ തലയിൽ കൈവച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: ”എന്നെ വഞ്ചിച്ചവനോട് കർത്താവ് പകരം ചോദിക്കട്ടെ.” അങ്ങനെ ആ സൗഹൃദബന്ധം അവസാനിച്ചു. പിന്നീടങ്ങോട്ട് പൈലിച്ചേട്ടനെ കണ്ടാൽ തോമസുചേട്ടൻ മുഖം തിരിച്ച് വഴിമാറി നടക്കാൻ തുടങ്ങി.

ദൈവകൃപയുടെ ദിവസങ്ങൾ
മാസങ്ങൾ ചിലതു കഴിഞ്ഞു. ഇടവകപ്പള്ളിയിൽ കരിസ്മാറ്റിക് ധ്യാനം വന്നു. പൈലിച്ചേട്ടനും കുടുംബവും ധ്യാനത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തോമസുചേട്ടൻ ധ്യാനത്തിന് വന്നില്ല. ധ്യാനത്തിന്റെയിടയ്ക്ക് ക്ഷമിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും അങ്ങോട്ടുചെന്ന് ക്ഷമ കൊടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം ധ്യാനഗുരു വ്യക്തമായി പറഞ്ഞു. ആ പ്രസംഗം കേട്ട് പൈലിച്ചേട്ടൻ വെട്ടിവിയർത്തു. ക്ഷമിക്കാൻ കഴിയാതെ അദ്ദേഹം വിഷമിച്ചു. ഇത് ധ്യാനഗുരുവിന്റെ ശ്രദ്ധയിൽപെട്ടു. പ്രസംഗത്തിനുശേഷം ധ്യാനഗുരു പൈലിച്ചേട്ടനെ തന്റെ മുറിയിലേക്ക് വിളിപ്പിച്ചു. ധ്യാനഹാളിലിരുന്ന് ഞെളിപിരി കൊള്ളാനുള്ള കാരണം തിരക്കി. പാവം പൈലിച്ചേട്ടൻ. തന്റെ സുഹൃത്ത് തന്നോടു ചെയ്ത വഞ്ചനയ്ക്ക് ദൈവം അയാളെ ശിക്ഷിക്കുന്നത് കാണാൻ കാത്തിരിക്കുകയായിരുന്നു. അങ്ങോട്ടുചെന്ന് ക്ഷമ കൊടുത്ത് ദൈവകരുണയുടെ ഉപകരണമായിത്തീരുന്ന കാര്യം ചിന്തിക്കാൻപോലും അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. ധ്യാനഗുരു യേശുവിന്റെ ക്ഷമയെക്കുറിച്ച്, കുരിശിൽ കിടന്ന് ശത്രുക്കൾക്ക് ക്ഷമ കൊടുത്ത് അവർക്കുവേണ്ടി പ്രാർത്ഥിച്ചതിനെക്കുറിച്ച്, പൈലിച്ചേട്ടനോട് പറഞ്ഞു. പൈലിച്ചേട്ടന് ആശ്വാസമായി. ക്ഷമിക്കാനുള്ള ശക്തി അദ്ദേഹത്തിന് കിട്ടി.

അന്നു വൈകുന്നേരം ധ്യാനം കഴിഞ്ഞ് പൈലിച്ചേട്ടൻ നേരെ പോയത് സ്വന്തം വീട്ടിലേക്കല്ല, തോമസുചേട്ടന്റെ ഭവനത്തിലേക്കാണ്. തോമസുചേട്ടൻ പൈലിച്ചേട്ടനെ കണ്ടപ്പോൾ അല്പമൊന്നു പരുങ്ങി. വഴക്കിടാൻ വന്നതാണെന്നു തെറ്റിദ്ധരിച്ചു. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. പൈലിച്ചേട്ടൻ തോമസുചേട്ടന്റെ കാലിൽ വീണ് മാപ്പുപറഞ്ഞു. എന്റെ തോമസേ, നീ എന്നോടു ക്ഷമിക്കണം. എനിക്ക് നിന്നോട് ഒത്തിരി വിഷമമുണ്ടായിരുന്നു. നീയെനിക്ക് ഇരുപതിനായിരം രൂപ തിരിച്ചുതരേണ്ട. അങ്ങനെയൊന്ന് നീയെന്നോട് മേടിച്ചിട്ടില്ല എന്നുതന്നെ കരുതിക്കോളൂ. പക്ഷേ നീയെന്നെ കാണുമ്പോൾ മുഖംതിരിച്ച് വഴിമാറി പോകരുത്. നീയെന്റെ വീട്ടിൽ വരണം. നമുക്ക് പരസ്പരം മിണ്ടണം. പണ്ടത്തേതുപോലെ തന്നെ ചങ്ങാതിമാരായി കഴിയണം. എന്റെ ഭാഗത്തുനിന്ന് വന്ന പിഴവുകളെല്ലാം നീയെന്നോടു ക്ഷമിക്ക്. തോമസുചേട്ടന്റെ കൈപിടിച്ച് ചുംബിച്ചിട്ട് പൈലിച്ചേട്ടൻ പടിയിറങ്ങി തന്റെ ഭവനത്തിലേക്ക് പോയി.

അന്നുരാത്രി പൈലിച്ചേട്ടൻ സമാധാനമായി ഉറങ്ങി. പക്ഷേ തോമസുചേട്ടനുറങ്ങാൻ കഴിഞ്ഞില്ല. അയാൾ തിരിഞ്ഞും മറിഞ്ഞും കിടന്നു. അയാളുടെ ശരീരം വിയർക്കാൻ തുടങ്ങി. തലയിൽ ഇരുമ്പുചട്ടിയിൽ കനലിട്ടതുപോലെ എന്തോ ചുട്ടുപൊള്ളുന്നു. അയാൾ തന്റെ ഭാര്യയെ വിളിച്ച് വിവരം പറഞ്ഞു. രണ്ടുപേരും കൂടി കിണറ്റിൻകരയിലേക്കോടി. ഭാര്യ വെള്ളം കോരിക്കൊടുത്തു. അയാൾ കുളിച്ചു. ഒരു വട്ടമല്ല, പലവട്ടം കുളിച്ചു. പക്ഷേ ചൂടു മാറിയില്ല. അവസാനം അയാൾ കുളിച്ചുതോർത്തി പള്ളിമേടയിലേക്കോടി. രാത്രിയിൽ അസമയത്ത് വാതിലിൽ മുട്ടുകേട്ട് ധ്യാനഗുരു വാതിൽ തുറന്നു. എല്ലാം കേട്ടതിനുശേഷം ധ്യാനഗുരു പറഞ്ഞു: എന്തുകൊണ്ടാണ് നിങ്ങൾക്ക് തലയിൽ ചുട്ടുപൊള്ളുന്ന അനുഭവം ഉണ്ടായതെന്നറിയാമോ? റോമാ 12:20-21 വചനങ്ങളാണ് അതിന് കാരണം. ”നിന്റെ ശത്രുവിന് വിശക്കുന്നെങ്കിൽ ഭക്ഷിക്കാനും ദാഹിക്കുന്നെങ്കിൽ കുടിക്കാനും കൊടുക്കുക. ഇതുവഴി നീ അവന്റെ ശിരസിൽ തീക്കനലുകൾ കൂന കൂട്ടും.” നിങ്ങൾ ദാഹിക്കുന്നവനും വിശക്കുന്നവനും വിദ്വേഷത്തിന്റെയും കുറ്റബോധത്തിന്റെയും ബന്ധനത്തിൽ കഴിയുന്നവനും ആയിരുന്നു. എന്നാൽ കർത്താവിന്റെ കാരുണ്യം ബന്ധനാവസ്ഥയിലായിരുന്ന നിങ്ങളെ പൈലിച്ചേട്ടന്റെ രൂപത്തിൽ തേടിവരികയാണ് ചെയ്തത്.

തോമസുചേട്ടൻ സ്വന്തം തെറ്റിനെക്കുറിച്ച് പശ്ചാത്തപിച്ചു. അച്ചൻ അയാൾക്കുവേണ്ടി പ്രാർത്ഥിച്ചു. അയാളുടെ തലയുടെയും ശരീരത്തിന്റെയും ചുട്ടുപൊള്ളുന്ന അനുഭവം മാറി. അയാൾ വീട്ടിലേക്ക് മടങ്ങി. പിറ്റേദിവസം പ്രഭാതത്തിൽ എല്ലാവരും വരുന്നതിനുമുമ്പേ അയാൾ ധ്യാനത്തിന് വന്നു. മാത്രമല്ല കൈയിൽ 22,000 രൂപയുമുണ്ടായിരുന്നു. അയാൾ പറഞ്ഞു: ഞാൻ ഇരുപതിനായിരം രൂപയാണ് മേടിച്ചത്. ഞങ്ങൾ രണ്ടുപേരും സ്‌നേഹത്തിലായി എന്നതിന്റെ തെളിവായി രണ്ടായിരം രൂപ കൂടുതൽ വയ്ക്കുന്നു. അച്ചൻ ഇത് മേടിച്ച് പൈലിക്ക് കൊടുക്കണം. അച്ചൻ പറഞ്ഞു, നിങ്ങൾ രണ്ടുപേരും സ്‌നേഹത്തിലായി എന്നതിന്റെ തെളിവായി നിങ്ങൾത്തന്നെ ഇത് അയാൾക്ക് നല്കുക. അന്ന് വൈകുന്നേരം തോമസുചേട്ടൻ പൈലിച്ചേട്ടനോട് ക്ഷമ ചോദിച്ച് രമ്യപ്പെട്ട് പണം അദ്ദേഹത്തെ ഏല്പിച്ചു. അവർ പരസ്പരം ആലിംഗനം ചെയ്തു. അവർ പണ്ടത്തേതിനെക്കാൾ അടുത്ത സുഹൃത്തുക്കളായി. പൈസയുടെ അപര്യാപ്തതമൂലം മുടങ്ങിപ്പോയ വിവാഹം തിരികെ വന്നു. ആ വിവാഹം മംഗളകരമായി നടന്നു. മാത്രമല്ല, തോമസുചേട്ടനായിരുന്നു അതിന്റെ എല്ലാ കാര്യങ്ങൾക്കും മുൻകൈ എടുത്ത് പ്രവർത്തിച്ചത്.

കുരിശിലെ അത്ഭുതകരമായ ക്ഷമ
കുരിശിൽ തൂങ്ങിക്കിടക്കുന്ന യേശു ഒന്നുകണ്ടു. അതാ പിതാവിന്റെ കോപം ആ ക്രൂരഹത്യ നടത്തിക്കുന്നവർക്കെതിരെ ആളിക്കത്തുന്നു. ആ നിമിഷംതന്നെ ക്രൂശിൽ തറച്ചവർക്കും വീണ്ടും നിന്ദനത്താൽ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നവർക്കും മാപ്പു നല്കികൊണ്ട് അവിടുന്ന് പ്രാർത്ഥിച്ചു ‘പിതാവേ ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല. ഇവരോട് ക്ഷമിക്കണമേ.’ തന്നെ അതിക്രൂരവും അതിവേദനാപൂർണവുമായി ക്രൂശിച്ചു നിന്ദിച്ചുകൊണ്ടിരിക്കുന്നവരുടെ ജീവിതത്തിലേക്ക് അതിരറ്റ കരുണയായി അവിടുന്ന് ഒഴുകിയിറങ്ങുന്നു. അഗാധമായ പാപക്ഷമയായി അവരുടെ ജീവിതത്തിൽ നിറയുന്നു. ക്രൂശിച്ചവരുടെ കൂട്ടത്തിൽ എല്ലാം കണ്ടുനിന്ന ശതാധിപൻ ഈ പാപക്ഷമയും പ്രാർത്ഥനയും കേട്ട് മാറത്തടിച്ച് വിളിച്ചുപറഞ്ഞു: ഇവൻ സത്യമായും ദൈവപുത്രനായിരുന്നുവെന്ന്!
നമ്മുടെ ജീവിതത്തിലെ ശത്രുക്ഷമയുടെയും സ്‌നേഹത്തിന്റെയും നിമിഷങ്ങൾ കാണുമ്പോഴാണ് നമ്മുടെ ജീവിതവും ദൈവത്തിന്റെ കയ്യൊപ്പുള്ളതായി ശത്രുക്കൾപോലും തിരിച്ചറിയുക. കുരിശിലെ മൂന്നുമണിക്കൂർ നേരത്തെ പ്രാണവേദനയ്ക്കുശേഷം തന്റെ ആത്മാവിനെ പിതാവിന്റെ കരങ്ങളിൽ ഏല്പിച്ച് യേശു മരിച്ചു. മരണത്തിനപ്പുറത്തേക്കും കടന്നുചെന്നുകൊണ്ട് പാപക്ഷമ നല്കി ദൈവകാരുണ്യം ഒഴുക്കുന്ന യേശുവിനെ സുവിശേഷത്തിൽ നമുക്ക് കാണുവാൻ കഴിയും. പടയാളികളിൽ ഒരാൾ (അയാൾ ഒറ്റക്കണ്ണനായിരുന്നു) യേശു മരിച്ചോ എന്നറിയാൻ കുന്തമെടുത്ത് യേശുവിന്റെ നെഞ്ചിൽ കുത്തി. ഉടൻതന്നെ ആ നെഞ്ചിലെ മുറിവിൽനിന്നും രക്തവും വെള്ളവും പുറപ്പെട്ടു. ആ രക്തവും വെള്ളവും കുത്തിയ പടയാളിയുടെ പൊട്ടക്കണ്ണിലേക്കാണ് ഒഴുകിവീണത്. ഉടൻതന്നെ ആ കണ്ണ് സുഖപ്പെട്ടു. അങ്ങനെ തന്റെ മരണത്തിനപ്പുറത്തേക്കും കടന്നുചെന്ന് ക്ഷമയും കരുണയും ഒഴുക്കുന്ന പിതാവായ ദൈവത്തിന്റെ കാരുണ്യം യേശു തന്റെ മരണത്തിലൂടെയും മരണത്തിനപ്പുറത്തും വെളിപ്പെടുത്തി. ആ കാരുണ്യം തന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരിലേക്കും അവിടുന്ന് കലവറയില്ലാതെ ഒഴുക്കിക്കൊണ്ടിരിക്കുന്നു.

ഈ ദൈവവിളി നമ്മുടേത്
നമ്മെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നവരിലേക്കും കുത്തി മുറിവേല്പിക്കുന്നവരിലേക്കും ക്ഷമയും കാരുണ്യവും ഒഴുക്കുവാനുള്ള ദൈവവിളി യേശു ഇന്ന് നമ്മെയാണ് ഏല്പിച്ചിരിക്കുന്നത്. യേശു പറഞ്ഞു, ”എന്നിൽ വിശ്വസിക്കുന്നവനും ഞാൻ ചെയ്യുന്ന പ്രവൃത്തികൾ ചെയ്യും. ഞാൻ പിതാവിന്റെ അടുത്തേക്ക് പോകുന്നതുകൊണ്ട് ഇവയെക്കാൾ വലിയവയും അവൻ ചെയ്യും” (യോഹന്നാൻ 14:12).

ഏതാണ് യേശു ചെയ്ത ഏറ്റവും വലിയ പ്രവൃത്തി? ഏതാണ് അവിടുന്നു ചെയ്ത ഏറ്റവും വലിയ അത്ഭുതം? അത് അപ്പം വർധിപ്പിച്ചതോ മരിച്ചവരെ ഉയിർപ്പിച്ചതോ പിശാചുബാധിതരെ സുഖപ്പെടുത്തിയതോ ഒന്നുമല്ല. അതികഠോരമായ വേദനയിൽ കുരിശിൽ തൂങ്ങിക്കിടക്കുമ്പോഴും തന്നെ കൊന്നുകൊണ്ടിരിക്കുന്നവർക്കുവേണ്ടി പിതാവിന്റെ കരുണ ചോദിച്ചു പ്രാർത്ഥിച്ചതാണ്. ആ പ്രവൃത്തി കണ്ടുകൊണ്ടാണ് അവരിൽ ശതാധിപൻ വിളിച്ചുപറഞ്ഞത് ‘ഇവൻ സത്യമായും ദൈവപുത്രനായിരുന്നു’ എന്ന്. ശത്രുക്കളോടും നമ്മെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നവരോടും ആത്മാർത്ഥമായി ക്ഷമിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും അവരുടെ നന്മയ്ക്കായി യത്‌നിക്കുകയും ചെയ്തുകൊണ്ട് അവരിലേക്ക് ദൈവകാരുണ്യം ഒഴുക്കുന്ന നിമിഷങ്ങളിലാണ് ലോകം നമ്മളിലെ ദൈവികതയെ മനസിലാക്കുക. അപ്പോഴാണ് യേശുവിലൂടെ വെളിപ്പെട്ട പിതാവായ ദൈവത്തിന്റെ കാരുണ്യവും അവിടുത്തെ രക്ഷിക്കുന്ന സ്‌നേഹവും ലോകം തിരിച്ചറിയുക. യേശു പറഞ്ഞു: ”മനുഷ്യർ നിങ്ങളുടെ സത്പ്രവൃത്തികൾ കണ്ട് സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ” (മത്തായി 5:16). ദൈവം നമുക്ക് നല്കിയിരിക്കുന്ന ഉദാരമായ ദൈവവിളിയോട് വിശ്വസ്തത പുലർത്തിക്കൊണ്ട് നമുക്കും ദൈവകാരുണ്യത്തിന്റെ പ്രകാശിക്കുന്ന ചാലകങ്ങളായി മാറാം. നമ്മളോടു ക്ഷമ ചോദിക്കുന്നവരോട് ക്ഷമിക്കുക എന്നത് എളുപ്പമുള്ള കാര്യമാണ്. നമ്മളോടു ക്ഷമ ചോദിക്കുന്നവർക്കു മാത്രമല്ല, നമ്മളോടു ക്ഷമ ചോദിക്കുവാൻ അറിയാത്തവർക്കും ക്ഷമ ചോദിക്കുവാൻ തയാറില്ലാത്തവർക്കും ഒരുപക്ഷേ നമ്മുടെ മരണംവരെയും നമ്മോട് ക്ഷമ ചോദിക്കുവാൻ ഒട്ടും തന്നെ സാധ്യതയില്ലാത്തവർക്കും മരണത്തിനപ്പുറത്തേക്കും കടന്നുചെന്ന് ക്ഷമിച്ച യേശുവിന്റെ ക്ഷമയാൽ നമുക്ക് ക്ഷമയും കരുണയും നല്കാം. അതിനുള്ള ശക്തി കിട്ടുവാൻ പരിശുദ്ധാത്മാവായ ദൈവത്തോട് പ്രാർത്ഥിക്കാം. യേശുവിനെ ശക്തിപ്പെടുത്തിയ പരിശുദ്ധാത്മാവ് തീർച്ചയായും നമ്മെയും ശക്തിപ്പെടുത്തട്ടെ – ആമ്മേൻ.

സ്റ്റെല്ല ബെന്നി

Leave a Reply

Your email address will not be published. Required fields are marked *