ജീവിതം സ്വർഗമാക്കാം

‘ജനങ്ങൾ സീറ്റുകളിൽ നിന്നും എഴുന്നേറ്റു മുമ്പോട്ടു നീങ്ങി. ‘ഒരു നിമിഷം നില്ക്കൂ,’ എന്ന് എന്നോടു പറയുന്നത് ഞാൻ കേട്ടു. വൈദികന്റെ കരങ്ങളിൽ നിന്നും ദിവ്യകാരുണ്യ ഈശോയെ സ്വീകരിക്കുന്ന വ്യക്തിയെ ശ്രദ്ധിക്കാൻ എനിക്ക് നിർദേശം ലഭിച്ചു. ദിവ്യബലിക്കു തൊട്ടുമുമ്പ് കുമ്പസാരിച്ച ഒരു സ്ത്രീയായിരുന്നു അത്. ദിവ്യകാരുണ്യ ഈശോയെ നാവിൽ സ്വീകരിച്ചപ്പോൾ സുവർണരശ്മികളോടുകൂടിയ പ്രകാശം ആ വ്യക്തിയുടെ ഉള്ളിലേക്കു പ്രവേശിച്ചു. ആദ്യം പുറംഭാഗത്തേക്കും പിന്നെ ശരീരത്തിനു ചുറ്റും, തോളിലും ശിരസിലുമെല്ലാം ആ കനക വെളിച്ചം വ്യാപിച്ചു. അപ്പോൾ ഈശോ എന്നോടു പറഞ്ഞു: ”എന്നെ സ്വീകരിക്കാൻ ഹൃദയവിശുദ്ധിയോടെ കടന്നുവരുന്ന ഒരാളിൽ ഇപ്രകാരം വലിയ ആനന്ദത്തോടെയാണ് ഞാൻ വസിക്കുന്നതും ആ ആത്മാവിനെ ആലിംഗനം ചെയ്യുന്നതും.” ആ സ്ത്രീ കർത്താവിനെ സംവഹിച്ച്, അവിടുത്തെ ആലിംഗനത്തിൽ തന്റെ സീറ്റിലേക്ക് മടങ്ങിയെത്തുന്നത് ഞാൻ കണ്ടു.’
ബൊളിവിയയിലെ കൊച്ചബാംബയിലുള്ള കാറ്റാലിന റിവാസ് എന്ന പഞ്ചക്ഷതധാരിയായ മിസ്റ്റിക്കിനുണ്ടായ ദൈവിക വെളിപാടിൽ ഈശോ തുടർന്നു: ‘വിശുദ്ധബലിയർപ്പണത്തിനുശേഷം അല്പനേരം എന്നോടുകൂടെ ആയിരുന്ന് എന്റെ സാന്നിധ്യം ആസ്വദിക്കുക, ഞാൻ നിന്റെ സാന്നിധ്യവും ആസ്വദിക്കട്ടെ.’

നല്ല ശീലങ്ങളിലെ അപകടം
ഞാൻ കർത്താവിനോട് ചോദിച്ചു: ‘ദിവ്യകാരുണ്യത്തിനുശേഷം എത്രനേരം അങ്ങ് ഞങ്ങളോടൊപ്പം ഉണ്ടായിരിക്കും?’ ”ഞാൻ എത്രകാലം നിന്നോടുകൂടെ ഉണ്ടായിരിക്കണമെന്ന് നീ ആഗ്രഹിക്കുന്നുവോ അത്രയും കാലം. നിന്റെ ജോലികൾക്കും ജീവിത വ്യാപാരങ്ങൾക്കുമിടയിൽ ദിവസം മുഴുവൻ നീ എന്നോടു പറയുന്നതെല്ലാം ഞാൻ കേൾക്കുകയും നിന്നോടു സംസാരിക്കുകയും ചെയ്യും. ഞാൻ എപ്പോഴും നിന്നോടു കൂടെയുണ്ട്, നീയാണ് എന്നെ ഉപേക്ഷിച്ചുപോകുന്നത്. ദിവ്യബലി തീരുന്നു, അതോടെ എല്ലാം തീരുന്നു.”

”എനിക്ക് എല്ലാക്കാര്യങ്ങളും അറിയാം, നിങ്ങളുടെ ആഴമായ രഹസ്യങ്ങൾപോലും. എന്നാൽ ഇവയെല്ലാം നിങ്ങളിൽ നിന്നുതന്നെ കേൾക്കുന്നതിന് എനിക്ക് അതിയായ ആഗ്രഹമുണ്ട്. നിങ്ങളുടെ കുടുംബാംഗമോ ആത്മാർത്ഥ സുഹൃത്തോ ആയി എന്നെ കരുതുന്നത് എനിക്ക് എത്ര സന്തോഷപ്രദമാണ്! നിങ്ങളുടെ ജീവിതത്തിൽ എനിക്ക് ഇടം നല്കാത്തതിനാൽ എന്തുമാത്രം അനുഗ്രഹങ്ങളാണ് നിങ്ങൾ നഷ്ടമാക്കുന്നത്?”

വളരെ വേദനയോടെ അവിടുന്ന് തുടർന്നു പറഞ്ഞത്, അനുദിനം ദിവ്യകാരുണ്യം സ്വീകരിക്കുന്ന ചിലരെക്കുറിച്ചാണ്. അവർ അത് ഒരു ശീലമാക്കിയതിനാൽ ഭയഭക്തി ബഹുമാനങ്ങൾ നഷ്ടമായിരിക്കുന്നു. ഒരു പതിവ് ചടങ്ങുപോലെ ദിവ്യകാരുണ്യസ്വീകരണം നടത്തുന്നതിനാൽ വളരെ പെട്ടെന്ന് ആത്മീയ മന്ദതയിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു. വേണ്ടത്ര ഒരുക്കമോ സ്‌നേഹമോ വിശ്വാസമോ ഇല്ലാതെ, എന്നും ചെയ്യുന്ന ഏതോ കാര്യം യാന്ത്രികമായി ചെയ്തുപോകുന്നതുപോലെ ഈശോയെ സ്വീകരിക്കുന്നതിനാൽ അവർക്ക് ഈശോയോട് ഒന്നും സംസാരിക്കാനില്ലാതെ നിസംഗരായിരിക്കുന്നു.

സന്ദർശനം വൈകുന്നതെന്തേ?
രോഗികളായ സിസ്റ്റേഴ്‌സിന് ദിവ്യകാരുണ്യവുമായി വന്ന ഫാ. സുക്കോവിച്ച്, മൂന്നു പേർക്ക് ഈശോയെ നല്കിയശേഷം സിസ്റ്റർ ഫൗസ്റ്റീനയ്ക്ക് രണ്ട് തിരുവോസ്തികൾ നല്കി. എന്നാൽ അടുത്ത മുറിയിൽ ഒരു നവസന്യാസിനി കിടന്നിരുന്നത് അദ്ദേഹം പിന്നീടാണ് അറിഞ്ഞത്. അവൾക്കുവേണ്ടി തിരുവോസ്തി എടുക്കാൻ വൈദികൻ തിരികെ പോയപ്പോൾ ഈശോ പറഞ്ഞു: ”വൈമനസ്യത്തോടെയാണ് ഞാൻ ആ ഹൃദയത്തിൽ പ്രവേശിക്കുന്നത്. എന്റെ കൃപ നിരസിക്കുന്ന ആത്മാവിലേക്കുള്ള എന്റെ പ്രവേശനം താമസിപ്പിക്കാൻ വേണ്ടിയാണ് നീ ആ രണ്ട് തിരുവോസ്തികളും സ്വീകരിച്ചത്. ഇപ്രകാരമുള്ള ആത്മാക്കളിലേക്കുള്ള എന്റെ സന്ദർശനം എനിക്ക് ആനന്ദപ്രദമല്ല.”

മകന് സ്‌കൂളിൽ നീതി നിഷേധിക്കപ്പെട്ട ഒരു പിതാവിന്റെ വേദന ഇങ്ങനെ: കൗശലവും കാപട്യവുമൊക്കെ ഉപയോഗിച്ച് പലരും പലതും നേടുന്നു. എന്നാൽ ധാർമികതയിൽ നിന്നു വ്യതിചലിക്കാത്ത ചിലരെങ്കിലും പിന്തള്ളപ്പെട്ടുപോകുന്നില്ലേ? എന്തിനാ ഇങ്ങനെ വിശ്വസ്തരാകുന്നെ? അല്പം കാപട്യമൊക്കെ ആയിക്കൂടെ എന്നോർത്തു പോക്വാ… അപ്പോൾ, സീറോ മലബാർ കുർബാനയിലെ ഒരു പ്രാർത്ഥനയാണ് ഓർമയിലെത്തിയത്: ‘വിശുദ്ധരിൽ സംപ്രീതനായി വസിക്കുന്ന പരിശുദ്ധനും സ്തുത്യർഹനും ബലവാനും അമർത്യനുമായ കർത്താവേ…’

ദൈവം എന്നിൽ സന്തോഷത്തോടെ വസിക്കണമെങ്കിൽ വിശുദ്ധിവേണമെന്നല്ലേ അതിനർത്ഥം? ഓ.. എങ്കിൽ, ജീവിതത്തിൽ എനിക്കൊന്നും നേടണ്ടാ… എന്റെ ദൈവം മതി എനിക്ക്. മറുപടി വളരെ പെട്ടെന്നായിരുന്നു.

എന്റെ മിടുക്കൊന്നു പരീക്ഷിക്കാം
ഫൗസ്റ്റീനയോടു ഈശോ പറഞ്ഞു: ”എന്റെ മകളേ, നിന്റെ ഹൃദയം എന്റെ സ്വർഗമാണ്. ഞാൻ എപ്പോഴും നിന്റെ ഹൃദയത്തിലുണ്ട്”പരിശുദ്ധനായ ദൈവത്തിന് വസിക്കാൻ നമ്മിൽ വിശുദ്ധി ആവശ്യമായതുപോലെ, സ്വർഗത്തിൽ വസിക്കുന്നവൻ ഭൂമിയിൽ വസിക്കേണ്ടതു മറ്റൊരു സ്വർഗത്തിലാണ്. അതിന് നമ്മുടെ ഹൃദയം മറ്റൊരു സ്വർഗം ആകണം. അശുദ്ധമായവയെല്ലാം നീക്കിയെന്നതുകൊണ്ട് ഒരിടവും സ്വർഗമാകില്ല. ഒരു പ്രധാന വ്യക്തിയെ സ്വീകരിക്കാൻ നാം എത്രമാത്രം മനോഹരമായി അലങ്കരിക്കുമോ അതിനേക്കാൾ ഉപരിയായി സ്വർഗീയ പുണ്യങ്ങളാൽ നാം അലംകൃതരാകണം. സ്‌നേഹപൂർവമായ കാത്തിരിപ്പിന്റെ സുഗന്ധം ദൈവത്തെ നമ്മിലേക്ക് ആകർഷിക്കണം. നമ്മിൽ അണയാൻ തിടുക്കമുള്ളവനാക്കി അവിടത്തെ മാറ്റുക നമ്മുടെ മിടുക്കാണ്. സിയന്നയിലെ വിശുദ്ധ കാതറിന്റെ അധരങ്ങളിലേക്ക് ദിവ്യകാരുണ്യഈശോ പറന്നെത്തുമായിരുന്നു എന്ന് ചരിത്രം. ഹൃദയംമാത്രമല്ല, നമ്മുടെ മനസും ആത്മാവും ശരീരവുമുൾപ്പെടെ മഹത്വപൂർണനായ ദൈവത്തിനുവേണ്ടി അണിഞ്ഞൊരുങ്ങണം. അത്ര സ്വീകാര്യമായ, ഒരുങ്ങിയ, സ്വർഗതുല്യമായ ഇടങ്ങളിലാണ് അവിടുന്ന് ആനന്ദത്തോടെ വസിക്കുക. കാരണം അവിടുന്ന് എന്നിൽമുഴുവൻ, എന്റേതായ സകലതിലും വസിക്കാനാണ് കടന്നുവരുന്നത്. ആദ്യ സംഭവത്തിൽ വിശുദ്ധ കുർബാന സ്വീകരിക്കുന്ന സഹോദരിയിൽ അത് കാണുന്നുണ്ടല്ലോ.

കൂട്ടിവിളക്കപ്പെടുന്നതെപ്പോൾ?
”സ്വർണ കാസകളിലിരിക്കാനല്ല, ഈശോ ഓരോ ദിവസവും സ്വർഗത്തിൽനിന്നും ഇറങ്ങിവരുന്നത്. പിന്നെയോ, ഭൂമിയിൽ മറ്റൊരു സ്വർഗം തേടിയാണ്. ആ സ്വർഗത്തിൽ വസിക്കാനാണ് അവിടുന്ന് ഏറ്റവും ഇഷ്ടപ്പെടുന്നത്. ആ സ്വർഗം മറ്റൊന്നുമല്ല, നീതന്നെയാണ്!” (വിശുദ്ധ കൊച്ചു ത്രേസ്യ). ഭൂമിയിൽ സ്വർഗം തീർക്കാനാണല്ലോ അവൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നത്.

”എന്നെ സ്‌നേഹിക്കുന്നവൻ എന്റെ വചനം പാലിക്കും. അപ്പോൾ എന്റെ പിതാവ് അവനെ സ്‌നേഹിക്കുകയും ഞങ്ങൾ അവന്റെ അടുത്തുവന്ന് അവനിൽ വാസമുറപ്പിക്കുകയും ചെയ്യും” (യോഹന്നാൻ 14:23) എന്ന് ഈശോ ഉറപ്പുതരുന്നുണ്ടല്ലോ? വിശുദ്ധ ഫൗസ്റ്റീന രേഖപ്പെടുത്തുന്നു: ദിവ്യകാരുണ്യ സ്വീകരണത്തിനുശേഷം ഞാൻ ഇപ്രകാരം കേട്ടു: ”നീ ഞങ്ങളുടെ വാസസ്ഥലമാണ്.” വിശുദ്ധ അവിടുത്തോട് പ്രതികരിച്ചു: ‘എന്റെ ആത്മാവ് അങ്ങയോട് കൂട്ടിവിളക്കപ്പെട്ടിരിക്കുന്നു.’ ഈശോ വീണ്ടും തിരുവചനത്തിൽ പറയുന്നു: ”നിങ്ങൾ എന്നിൽ വസിക്കുവിൻ, ഞാൻ നിങ്ങളിലും വസിക്കും” (യോഹന്നാൻ 15:4).
സ്‌നേഹത്തോടെ നമ്മെ കാത്തിരിക്കുകയും നമ്മുടെ സന്ദർശനത്തിൽ സന്തോഷിക്കുകയും ചെയ്യുന്നവരുടെ അടുത്തേക്കുമാത്രം പോകാനല്ലേ നമ്മളും ഇഷ്ടപ്പെടുക? അപ്രകാരമല്ലാത്ത ഇടങ്ങളിൽ നേരത്തെ സൂചിപ്പിച്ച നവസന്യാസിനിയിലെന്നപോലെ, വൈമനസ്യത്തോടെയായിരിക്കും ഈശോ എത്തുക. അവിടുന്ന് വന്നാലും അശുദ്ധിയുടെയും സ്‌നേഹരാഹിത്യത്തിന്റെയും ദുർഗന്ധംമൂലം ഓടി രക്ഷപ്പെടുകയില്ലേ? വൃത്തിഹീനമായ ഇടങ്ങളിലായിരിക്കാൻ നമ്മളും ഇഷ്ടപ്പെടില്ലല്ലോ, മൂക്കുംപൊത്തി ഓടില്ലേ?

ഗബ്രിയേലെയോട് ഈശോ ചോദിച്ചു, ‘എനിക്ക് ഭൂമിയിൽ വസിക്കാൻ നിന്നെ എനിക്കു തരുമോ?’ ”സ്വർഗത്തിനോ സ്വർഗാധി സ്വർഗത്തിനുപോലുമോ ഉൾക്കൊള്ളാൻ കഴിയാത്ത അവിടുത്തേക്ക് ആലയം പണിയാൻ ആർക്കുകഴിയും” എന്ന് 2 ദിനവൃത്താന്തം 2:6-ൽ സോളമൻ അത്ഭുതപ്പെടുമ്പോൾ, എത്ര മഹത്വപൂർണനായ ദൈവമാണ് പാപംനിറഞ്ഞ നമ്മിൽ വസിക്കാൻ ആഗ്രഹിക്കുന്നത്!

എളുപ്പവഴിയുണ്ട്
”നീ അറിയുന്നില്ലേ? നിനക്കുവേണ്ടി, നിനക്കുവേണ്ടി മാത്രം ഈശോ ദിവ്യസക്രാരിയിൽ നിന്നെ കാത്തിരിക്കുന്നത്? നിന്റെ ഹൃദയത്തിലണയാനുള്ള തീവ്ര ആഗ്രഹത്താൽ അവിടുന്ന് എരിയുകയാണ്. ആരെയും നോക്കാതെ, ഒന്നും ശ്രദ്ധിക്കാതെ വേഗം അവിടുത്തെ സ്വീകരിക്കുക. അവിടുന്നാണ് നിന്റെ സ്‌നേഹവും സമാധാനവും. നിന്റെ സങ്കടങ്ങളെല്ലാം അവിടുത്തേക്ക് നന്നായറിയാം. സ്വർഗത്തിന്റെ മഞ്ഞുതുളളിപോലെ അവൻ നിന്നെ ആശ്വസിപ്പിക്കുകയും ബലപ്പെടുത്തുകയും നിനക്ക് ആവശ്യമുള്ളതെല്ലാം നല്കുകയും ചെയ്യും.” (വിശുദ്ധ കൊച്ചു ത്രേസ്യ). ”ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെക്കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല” (യോഹന്നാൻ 15:5).

ഉത്ഥിതനായ ഈശോ പരിശുദ്ധ അമ്മയ്ക്ക് പ്രത്യക്ഷപ്പെടുന്നതായി ദൈവമനുഷ്യന്റെ സ്‌നേഹഗീത എന്ന ഗ്രന്ഥത്തിൽ കാണാം. അവിടെ ഈശോ പറയുന്നു: ‘ഇനിമുതൽ കൂദാശയിൽ അമ്മ എന്നെ സ്വീകരിക്കുമ്പോൾ, അമ്മ എന്നെ വഹിച്ചിരുന്നതുപോലെ തന്നെ എന്റെ സാന്നിധ്യം അമ്മയ്ക്ക് അനുഭവപ്പെടും. ഇനി ഒരിക്കലും പിതാവിൽനിന്ന് അകലുകയില്ല. അമ്മ മകനിൽനിന്ന് വേർപെടുത്തപ്പെടുകയില്ല. മകൻ കൂടെ ഉള്ളതിനാൽ ഞങ്ങൾ ത്രിത്വം അമ്മയുടെ കൂടെ ഉണ്ട് – ജീവിക്കുന്ന സ്വർഗമാണ് അമ്മ. ഭൂമിയിൽ വസിക്കുന്നവരിലേക്ക് അമ്മ ഈ ത്രിത്വത്തെ കൊണ്ടുവരും. അമ്മ സഭയെ വിശുദ്ധീകരിക്കും.’ ദൈവം ആനന്ദത്തോടെ വസിക്കുന്ന ജീവിക്കുന്ന സ്വർഗമായ പരിശുദ്ധ അമ്മയുടെ പരിശുദ്ധ ഹൃദയത്തിൽ നമുക്കും കയറിക്കൂടാം. അമ്മമേരിയെപ്പോലെ, വിശുദ്ധ ഫൗസ്റ്റീനയെപ്പോലെ ദൈവത്തിന്റെ വാസസ്ഥലങ്ങളായി ജീവിക്കുന്ന സ്വർഗങ്ങളാകാം.

ആൻസിമോൾ ജോസഫ്

Leave a Reply

Your email address will not be published. Required fields are marked *