പാദ്രെ പിയോയുടെ ഒരു ആശീർവാദം കിട്ടാൻ അദ്ദേഹമർപ്പിക്കുന്ന ബലിയിൽ പങ്കെടുക്കാൻ പതിനായിരങ്ങൾ ഓടിക്കൂടിയിരുന്ന കാലം. ഒരു ദിവസം അത്താഴം കഴിഞ്ഞപ്പോൾ സുപ്പീരിയറച്ചൻ അദ്ദേഹത്തിന്റെ കൈയിലേക്ക് മാർപാപ്പ ഒപ്പിട്ട ഒരു കല്പന കൊടുത്തു. ഇനി പരസ്യമായി കുർബാന ചൊല്ലരുതെന്നും ആരുടെയും കുമ്പസാരം കേൾക്കരുതെന്നുമായിരുന്നു കിട്ടിയ ഓർഡറിന്റെ ചുരുക്കം.
‘ഞാൻ അനുസരിക്കുന്നു’ എന്ന് പറഞ്ഞ് കല്പന കൈപ്പറ്റിയപ്പോൾ ആ വെള്ളക്കടലാസിലേക്ക് പവിത്രമായ ഒരു തുള്ളി കണ്ണുനീർ വീണുവെന്നു ചരിത്രം പറയുന്നു. പിന്നെ ആശ്രമത്തിലെ കൊച്ചുമുറിയ്ക്കുള്ളിൽ കടുത്ത ഏകാന്തതയുടെ കുറെ വർഷങ്ങൾ.
”ശത്രുവല്ല എന്നെ നിന്ദിക്കുന്നത്; ആയിരുന്നെങ്കിൽ ഞാൻ സഹിക്കുമായിരുന്നു… എന്റെ സഹചരനും ചങ്ങാതിയും ഉറ്റ സ്‌നേഹിതനുമായിരുന്ന നീ തന്നെയാണ് അത് ചെയ്തത്” (സങ്കീർത്തനങ്ങൾ 55:12-13) എന്നിങ്ങനെ സങ്കീർത്തനവചനം വായിച്ചപ്പോൾ പിയോ അച്ചന്റെ കണ്ണുകളും നനഞ്ഞുകാണും. എന്നാൽ ദിവ്യകാരുണ്യസന്നിധിയിൽ ഏകാന്തതകളിൽ അടർന്നുവീണ കണ്ണുനീർമുത്തുകൾ ആത്മാവിൽ അനുഗ്രഹപ്പൂമഴയായി നിറയുന്നുണ്ടായിരുന്നു. വിശുദ്ധപദത്തിന്റെ പടവുകളിലേറാൻ അത് കാരണമായി.