ഇനിഗോ എന്ന കൗമാരക്കാരൻ കൂട്ടുകാരുടെയെല്ലാം ഹീറോ ആയിരുന്നു. അവന്റെ വാക്കുകളിലും ശരീരഭാഷയിലുമെല്ലാം ആത്മവിശ്വാസം തുടിച്ചിരുന്നു. യൗവനത്തിലെത്തിയതോടെ ആത്മവിശ്വാസം സാഹസികതയ്ക്ക് വഴിമാറി. യുദ്ധത്തിനിടയിൽ ഇനിഗോയുടെ കാലുകളിൽ അപ്രതീക്ഷിതമായി വെടിയേറ്റു. ശസ്ത്രക്രിയ വിജയിച്ചില്ല. ദീർഘനാൾ വിശ്രമിക്കേണ്ടിവന്നു. കൂട്ടുകാരുടെ വരവ് നിലച്ചപ്പോൾ അയാൾ ഏകാന്തതയകറ്റാൻ വായന തുടങ്ങി. ആഗ്രഹിച്ചതു അപസർപ്പക നോവലുകളായിരുന്നെങ്കിലും കിട്ടിയത് ബൈബിളും വിശുദ്ധരുടെ ചരിത്രവുമായിരുന്നു. അസീസിയിലെ ഫ്രാൻസിസിന്റെ ചരിത്രം വായിച്ചു തുടങ്ങിയതോടെ ആത്മാവിന്റെ ചിന്തയിലെങ്ങോ നേരിയ പ്രകാശം തെളിഞ്ഞു. അവസാനം അയാൾ തന്നോടു ചോദിച്ചു: ”അവന് ഒരു പുണ്യവാനും അവൾക്ക് ഒരു പുണ്യവതിയും ആകാമെങ്കിൽ എനിക്കെന്തുകൊണ്ട് ഒരു പുണ്യവാനായിക്കൂടാ?” അങ്ങനെ ഇനിഗോ വിശുദ്ധ ഇഗ്നേഷ്യസ് ലയോളയായി.
വെടിയേറ്റതുകൊണ്ടു മാത്രമല്ല ഇനിഗോ വിശുദ്ധനായത്. യുദ്ധവും സർജറിയുമെല്ലാം നിമിത്തമായെന്നുമാത്രം. വിശ്രമിച്ചിരുന്ന വില്ലയിൽ ഓളം വയ്ക്കാൻ എപ്പോഴും കൂട്ടുകാർ ഉണ്ടായിരുന്നെങ്കിൽ ഇനിഗോയുടെ കണ്ണുകൾ തുറന്നു കിട്ടുമായിരുന്നോ എന്ന് സംശയിക്കണം. അസീസിയിലെ ഫ്രാൻസിസിന്റെ ചരിത്രം ആ ചെറുപ്പക്കാരന് മുഖക്കണ്ണാടിയായി മാറി. ഒറ്റപ്പെടൽ ഇനിഗോയെ വിശുദ്ധനാക്കി. ഒറ്റപ്പെടലിന്റെ നിമിഷങ്ങളിലാണ് ദൈവത്തിന്റെ സ്‌നേഹവും സാന്നിധ്യവും നാം തിരിച്ചറിയുന്നത്.
ക്ഷണക്കത്തുകൾ
ഒറ്റപ്പെടലുകൾ ദൈവത്തിന്റെ ക്ഷണക്കത്തുകളാണ്. എന്നോടു മാത്രമായി ദൈവത്തിന് എന്തെങ്കിലും സംസാരിക്കുവാനുള്ളപ്പോൾ എനിക്ക് ദൈവം ഏകാന്തതയുടെ ഒളിത്താവളങ്ങൾ ഒരുക്കും. ”ഞാൻ അവളെ വശീകരിച്ചു വിജനപ്രദേശത്തേക്ക് കൊണ്ടുവരും. അവളോടു ഞാൻ ഹൃദ്യമായി സംസാരിക്കും. അവിടെവച്ച് ഞാൻ അവൾക്ക് അവളുടെ മുന്തിരിത്തോട്ടങ്ങൾ നല്കും” (ഹോസിയ 2:14-15). തകർച്ചകൾ കൂടാതെതന്നെ ദൈവത്തിലേക്കു തിരിയുന്നതാണ് യഥാർത്ഥ ആത്മീയത. പക്ഷേ, പലർക്കും അതിന് കഴിയില്ല. അപ്പോൾ നമ്മെ സ്വന്തമാക്കാനായി ദൈവം സഹനങ്ങൾ അനുവദിക്കും. അവ വിജനമായ ദ്വീപുകളിൽ നമ്മെ എത്തിക്കും. അങ്ങനെ തിരസ്‌കാരത്തിന്റെയും അവഗണനയുടെയും മുള്ളാണിപ്പുറത്തുകൂടി കടന്നു പോകേണ്ടി വരുമ്പോൾ ദൈവസാന്നിധ്യത്തിനായി ആത്മാവ് കൊതിക്കും.
സംരക്ഷണത്തിന്റെ തണൽമരങ്ങളിൽ ജീവിതം ആസ്വദിക്കുന്നവരോടല്ല, നൊമ്പരങ്ങളുടെ ഘോഷയാത്ര ആഘോഷിക്കുന്നവരോടാണ് ദൈവം സംസാരിക്കുന്നത്. അവർ ദൈവാനുഭവത്തിൽ നിറയുക മാത്രമല്ല, ആത്മീയതയിൽ വളരുകയും അതിൽ നിലനില്ക്കുകയും ചെയ്യും. വിശുദ്ധരായവരിൽ മിക്കവരും പ്രിയപ്പെട്ടവരുടെ അവഗണനകൾ അനുഭവിച്ചവരോ തെറ്റിദ്ധരിക്കപ്പെട്ടവരോ ആണ്. ക്ലേശങ്ങൾ കടന്നുവന്നപ്പോൾ അവ മറക്കാൻ ജീവിതാനന്ദങ്ങളിലേക്ക് തിരിയാതെ ദൈവമുഖം തേടിയവരാണവർ.
ഇതു നല്കുന്ന ആത്മീയപാഠം ഇതാണ്: ഒറ്റപ്പെടലുകൾ ഒരുക്കുന്ന ഏകാന്തത ദൈവത്തോട് കൂടുതൽ ചേർന്നുനില്ക്കാൻ സഹായിക്കുകയും സ്വർഗത്തിലേക്കുള്ള ദൂരം കുറയ്ക്കുകയും ചെയ്യുന്നു. ഏറ്റവും പ്രിയപ്പെട്ടവർ നിന്നെ മാറ്റിനിർത്തുമ്പോൾ ദൈവം നിനക്ക് കൂടുതൽ പ്രിയപ്പെട്ടവനായി മാറും. ആത്മമിത്രങ്ങൾ മറക്കുമ്പോൾ ദൈവം നിനക്ക് ആത്മമിത്രമായിത്തീരും.
പരസ്യമായി വിശുദ്ധ കുർബാന അർപ്പിക്കുന്നതിൽനിന്നും കുമ്പസാരം കേൾക്കുന്നതിൽനിന്നും പാദ്രെ പിയോ വിലക്കപ്പെട്ടു. എന്നാൽ അവഗണനയുടെ ദുരിതപർവം പാദ്രെ പിയോയെ വലിയ വിശുദ്ധനാക്കി മാറ്റുകയാണുണ്ടായത്. ഇവിടെയൊരു ആത്മീയസത്യംകൂടി ധ്യാനിക്കണം. പാദ്രെ പിയോയെ വിലക്കിക്കൊണ്ടുള്ള കല്പനയിൽ ഒപ്പിട്ടിരിക്കുന്നത് ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയാണ്. ഇന്ന് അദ്ദേഹം വിശുദ്ധനാണ്. ‘ഈ അധികാരി എന്റെ ജീവിതം തകർത്തു’ എന്ന് വിലപിക്കുന്ന അനേകരുണ്ട്; പ്രത്യേകിച്ചും സമർപ്പിതരും വൈദികരും. ഇതു ശരിയല്ല. എന്റെ ആത്മാവിന്റെ വിശുദ്ധീകരണത്തിനായി അധികാരിയെ കഠിനഹൃദയനാക്കാൻ ദൈവം അനുവദിക്കുന്നു എന്നു ചിന്തിക്കുകയാണ് വേണ്ടത്.
ആത്മാവിൽ അനുഗ്രഹങ്ങൾ
ഒറ്റപ്പെടലുകളും അവഗണനകളും പ്രധാനമായും മൂന്ന് അനുഗ്രഹങ്ങളാണ് ആത്മാവിൽ നിറയ്ക്കുന്നത്. ഒന്ന്: പാപത്തിൽനിന്ന് വിടുതലും പാപസാഹചര്യങ്ങളിൽനിന്ന് സംരക്ഷണവും ലഭിക്കും. ”ശരീരത്തിൽ പീഡനമേറ്റ ക്രിസ്തുവിന്റെ മനോഭാവം നിങ്ങൾക്ക് ആയുധമായിരിക്കട്ടെ. എന്തെന്നാൽ, ശരീരത്തിൽ സഹിച്ചിട്ടുള്ളവൻ പാപത്തോടു വിട വാങ്ങിയിരിക്കുന്നു” (1 പത്രോസ് 4:1). രോഗത്തിന്റെ ആദ്യനാളുകൾ കഴിയുമ്പോൾ അധികംപേർ കൂടെ കാണുകയില്ല. ശാരീരികക്ലേശങ്ങളും ഒറ്റപ്പെടലിന്റെ നൊമ്പരങ്ങളും ആത്മാക്കളുടെ രക്ഷയ്ക്കായി സമർപ്പിച്ചാൽ ആസക്തികൾ പതുക്കെ വിട്ടുപോകുന്നത് അനുഭവിക്കാൻ കഴിയും. സമർപ്പിച്ചില്ലെങ്കിൽ ആസക്തികൾ ശക്തിപ്പെടുമെന്നുള്ള കാര്യം മറക്കരുത്. ഫറവോയിൽനിന്നും ഇസ്രായേൽ ജനത്തെ മോചിപ്പിച്ച ദൈവം ഫിലിസ്ത്യദേശത്തുള്ള എളുപ്പവഴിയിലൂടെ അവരെ നയിക്കാതെ മരുഭൂമിയുള്ള വഴിയിലേക്ക് തിരിച്ചുവിട്ട് ചെങ്കടലിനുനേരെ നയിച്ചു (പുറപ്പാട് 13:17-18). മരുഭൂമിയുടെ വിജനതയിൽ യഹോവ മാത്രമായിരുന്നു തുണ. സത്യദൈവത്തെ മാത്രം ആരാധിച്ച് ഒന്നാം പ്രമാണത്തിൽ വളരാൻ ഇതു സഹായിച്ചു.
രണ്ട്: സ്വർഗദർശനവും അതുവഴി ദൈവസാന്നിധ്യവും ആത്മാവിൽ നിരന്തരം നിറയും. ഈ ഭൂമിയിൽ വച്ചുതന്നെ സ്വർഗം ദർശിക്കുവാൻ ഭാഗ്യം ലഭിച്ച വ്യക്തിയാണ് യോഹന്നാൻ ശ്ലീഹ. തിളച്ച എണ്ണയിൽനിന്നും പാത്‌മോസ് ദ്വീപിലെ വിജനതയിൽ കിടന്നപ്പോൾ നഗ്നനേത്രങ്ങളിൽ സ്വർഗം കാണാനായി. പാത്‌മോസ് ദ്വീപിൽ ഇന്റർനെറ്റും ടെലിവിഷനും മൊബൈലും ഇല്ലാതിരുന്നതുകൊണ്ട് ദൈവമുഖം മാത്രം തേടി. മൊബൈലിന്റെയും ടെലിവിഷന്റെയും ആരവങ്ങൾക്കിടയിൽ പരിശുദ്ധാത്മാവിന്റെ സ്വരം കേൾക്കാനാവാതെ വരും. ഒരാഴ്ച പൂർണമായും മൊബൈൽ സ്വിച്ച് ഓഫ് ചെയ്തുനോക്കൂ, പ്രാർത്ഥന കൂടുതൽ അനുഭവവേദ്യമാകും.
ഏകാകിതയുടെ നൊമ്പരങ്ങൾ അനാഥത്വത്തിലേക്കല്ല, സ്വർഗീയ കൂട്ടായ്മയുടെ ആനന്ദത്തിലേക്കാണ് യോഹന്നാനെ നയിച്ചത്. വേറൊന്നും നോക്കാനില്ലാതെ വരുമ്പോൾ നീർച്ചാൽ തേടുന്ന മാൻപേടയെപ്പോലെ ആത്മാവ് ദൈവത്തെ തേടും. രാത്രിയുടെ അരണ്ട യാമങ്ങളിലും അന്തഃരംഗം പ്രബോധനത്താൽ നിറയും (സങ്കീർത്തനങ്ങൾ 16:7).
കൂടെനില്ക്കാനും ആശ്വസിപ്പിക്കാനും ശക്തി പകരാനും അനേകരുള്ളപ്പോൾ മങ്ങിയ ദൈവദർശനമേ പലപ്പോഴും ലഭിക്കുകയുള്ളൂ. ഒറ്റപ്പെടലിന്റെ നാളുകളിൽ ദൈവദർശനത്തിന് തിളക്കം കൂടും. ജത്രോയുടെ ആടുകളെ മേയിച്ച് ഒറ്റയ്ക്ക് മരുഭൂമിയിൽ അലഞ്ഞു നടന്നപ്പോഴാണ് മോശയ്ക്ക് മുൾപ്പടർപ്പിൽ ദൈവദർശനം കിട്ടിയത്.
മൂന്ന്: ഒറ്റപ്പെടലിൽ ദൈവികരഹസ്യങ്ങളുടെ വെളിപാടുകൾ ലഭിക്കും. ഭൃത്യനെ പറഞ്ഞയച്ചശേഷം ഒറ്റയ്ക്ക് നിന്നപ്പോഴാണ് സാവൂളിന് സാമുവേൽ ദൈവവചനം കൊടുക്കുന്നത് (1 സാമുവൽ 9:27). ”ആദ്യം അവനെ ക്ലിഷ്ടമാർഗങ്ങളിലൂടെ നയിക്കും. അങ്ങനെ അവനിൽ ഭയവും ഭീരുത്വവും ഉളവാക്കും…. അതിനുശേഷം അവൾ നേർവഴി കാട്ടി അവനെ ആനന്ദിപ്പിക്കുകയും അവന് തന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്യും” (പ്രഭാഷകൻ 4:17-18). മരിയ വോൾത്തോർത്ത, സ്റ്റെഫാനോ ഗോബി തുടങ്ങിയ മിസ്റ്റിക്കുകളെല്ലാം ദൈവരഹസ്യം കേട്ടത് നിതാന്ത നിശബ്ദതയിലാണ്.
ചുരുക്കത്തിൽ ഒറ്റപ്പെടൽ അനുഗ്രഹമാണ്. മനഃശാസ്ത്രമുൾപ്പെടെയുള്ള സാമൂഹികശാസ്ത്രങ്ങളൊന്നും ഇക്കാര്യം അംഗീകരിക്കണമെന്നില്ല. എന്നാൽ ദൈവവചനവും ആത്മീയാചാര്യന്മാരും പഠിപ്പിക്കുന്നത് ചില ബന്ധത്തകർച്ചകളും രോഗങ്ങളുംവഴി ഒറ്റപ്പെടേണ്ടി വരുമ്പോൾ ദൈവം ജീവിതത്തിലേക്ക് സജീവനായി കടന്നുവരുമെന്നാണ്. പ്രാർത്ഥന ചോദിക്കാൻപോലും ആരുമില്ലാതെ വരുന്ന നിസഹായ നിമിഷങ്ങൾ ഉണ്ടായാൽ, പ്രത്യാശയോടെ മിഴികൾ സ്വർഗത്തിലേക്കുയർത്തിയാൽ നിനക്ക് ദൈവമുഖം കാണാനും പിതൃവാത്സല്യം നുകരാനും കഴിയും. കല്പനകളെല്ലാം പാലിച്ചു സത്യസന്ധനായി ജീവിച്ചപ്പോഴല്ല, ജീവിതസഖിയിൽനിന്നുപോലും കുറ്റപ്പെടുത്തലിന്റെ സ്വരമുയർന്നപ്പോഴാണ്, ചുറ്റുവട്ടങ്ങളിൽ ആരുമില്ലാതായപ്പോഴാണ് ജോബ് ദൈവത്തിന്റെ മുഖം കാണുന്നത്. എല്ലാവരും എന്നെ തിരസ്‌കരിച്ചുകൊള്ളട്ടെയെന്ന് ഉള്ളിൽ തട്ടി ആത്മാർത്ഥതയോടെ പറയാൻ കഴിഞ്ഞാൽ ആഭ്യന്തരഹർമ്യത്തിന്റെ അഞ്ചാം സദനത്തിലെത്തിയെന്ന് നിനക്ക് ഉറപ്പാക്കാം.
ആത്മീയതയിൽ വളരുവാൻ അത്യധ്വാനം ചെയ്തിട്ടും മന്ദോഷ്ണതയിൽ കഴിയേണ്ടിവരുന്നുണ്ടെങ്കിൽ സ്വയം പരിശോധിച്ചുനോക്കൂ: അശുദ്ധിയൊന്നുമില്ലെങ്കിലും ബന്ധങ്ങളുടെ അനേകം തണൽവൃക്ഷങ്ങളുടെ ശീതളഛായയിലാണോ നീ കഴിയുന്നതെന്ന്? സത്യത്തിന്റെയും ധർമത്തിന്റെയും വഴിയിലൂടെയായിരിക്കും നീ യാത്ര ചെയ്യുന്നത്. സ്‌നേഹബന്ധങ്ങളുടെ വീർപ്പുമുട്ടലുകൾക്കിടയിൽ കഴിഞ്ഞാൽ, അല്ലലും അലച്ചിലും ഒട്ടുമേ ഇല്ലാതെ അനുഗ്രഹങ്ങളുടെ നടുവിൽ കിടന്നാൽ, നിന്റെ ആത്മീയതയുടെ ഗ്രാഫ് ഉയരണമെന്നു നിർബന്ധമില്ല.
ആത്മീയരഹസ്യങ്ങൾ
ഒറ്റപ്പെടലിന്റെ ആത്മീയരഹസ്യങ്ങൾ തിരിച്ചറിഞ്ഞില്ലെങ്കിൽ ആത്മീയത്തകർച്ചയിലേക്കും ചിലപ്പോൾ ആത്മഹത്യയിലേക്കുപോലും നിന്നെ എത്തിച്ചെന്നുവരാം. ഈ സാഹചര്യത്തെ അതിജീവിക്കാനുള്ള ആദ്യവഴിയും എളുപ്പവഴിയും നമുക്കുമുമ്പേ കടന്നുപോയ വിശുദ്ധരെ മാതൃകയാക്കുക എന്നതാണ്.
ഒറ്റപ്പെടലിലെ മുറിവ് കാൽവരിയിലെ മുറിവുകളോടു ചേർത്തുവയ്ക്കുമ്പോൾ ആർക്കെങ്കിലും അനുഗ്രഹവും വിടുതലും ലഭിക്കുന്നുണ്ടെന്നും എന്റെ ആത്മാവിൽ കൃപ നിറയുന്നുണ്ടെന്നും ഉറച്ച് വിശ്വസിക്കാനാകണം. തന്നെ വിറ്റതോർത്ത് വിഷമിക്കേണ്ടെന്നും എല്ലാവരുടെയും ജീവൻ നിലനിർത്താനായി ദൈവം തന്നെ ഈജിപ്തിലേക്കയച്ചതാണെന്നും ജോസഫ് പറയുന്നുണ്ടല്ലോ (ഉൽപത്തി 45:5).
വചനവായനയും പ്രാർത്ഥനയും ഒറ്റപ്പെടലിന്റെ പരുപരുത്ത അനുഭവങ്ങളെ അതിജീവിക്കാൻ സഹായിക്കും. സഹനകാലം വചനകാലമായി മാറ്റിയവരെല്ലാം വിശുദ്ധരായിത്തീർന്നിട്ടുണ്ട്. വചനവായനയും വചനധ്യാനവും പ്രാർത്ഥനയിൽ വളരാൻ സഹായിക്കും. മുറിവുകളുടെ നാളുകളിൽ പ്രാർത്ഥന അത്ര എളുപ്പമല്ല. എന്നാൽ പ്രാർത്ഥന സഹനമാക്കി മാറ്റിയാൽ സഹനം എളുപ്പമായി മാറും. ”ലോകത്തിൽ നിങ്ങൾക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിൻ. ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു” (യോഹന്നാൻ 16:33). ഒറ്റപ്പെടലുകൾ ആഘോഷിക്കാനായി, സഹിച്ച വിശുദ്ധരുടെ മാധ്യസ്ഥ്യം യാചിക്കാം.
ഫാ. ജോസ് പൂത്തൃക്കയിൽ ഒ.എസ്.എച്ച്