ശ്രദ്ധിക്കാത്ത ഒരു രഹസ്യം

അൽഫോൻസാമ്മയുടെ വിശുദ്ധ ജീവിതത്തിന് നിറം പകർന്ന, അധികമാരും ശ്രദ്ധിക്കാത്ത ഒരു രഹസ്യമുണ്ട്. എല്ലാ പെൺകുട്ടികൾക്കുമുള്ള സഹജമായ ആഗ്രഹം – സ്‌നേഹം കിട്ടാനുള്ള കൊതി – അൽഫോൻസായിലും കുറെയൊക്കെ ഉണ്ടായിരുന്നു. പരിശീലന നാളുകളിൽ അധികാരികളോട് ഒട്ടിനില്ക്കുവാനും അവരുടെ പ്രീതിയും അംഗീകാരവും മേടിച്ചെടുക്കാനുമുള്ള ശ്രമങ്ങൾ അവൾ നടത്തിയിരുന്നതായി പറയപ്പെടുന്നു. ആത്മീയപക്വതയുണ്ടായിരുന്ന ഒരധികാരി ഇത് പെട്ടെന്ന് തിരിച്ചറിഞ്ഞു, ബോധപൂർവം അവളെ മാറ്റി നിർത്താൻ തുടങ്ങി. കൂടെയുണ്ടായിരുന്നവരും അവളിൽനിന്ന് പതുക്കെ അകലാൻ തുടങ്ങി. ഇതൊന്നും ആരും അറിഞ്ഞുകൊണ്ട് ചെയ്തതാവില്ല. ദൈവത്തിന്റെ അനന്തമായ പദ്ധതിയുടെ ഭാഗമാകാം. അൽഫോൻസാ അങ്ങനെ സ്‌നേഹനാഥനിലേക്ക് കൂടുതൽ അടുക്കാൻ നിർബന്ധിതയായി. അവളുടെ ആത്മാവിൽ വിശുദ്ധി തിടംവച്ചു ശക്തിപ്പെട്ടു. ”എന്റെ കഠിനവേദന എന്റെ നന്മയ്ക്കുവേണ്ടിയായിരുന്നു” (ഏശയ്യാ 38:17) എന്ന് ആത്മഹർഷത്തോടെ അവൾ ഉരുവിട്ടിട്ടുണ്ടാകണം.

വിശുദ്ധ പദവിയിലേക്കുയർത്തുന്നതിന്റെ ഭാഗമായി അന്വേഷണ കമ്മീഷൻ പലരുമായും അഭിമുഖം നടത്താറുണ്ട്. അൽഫോൻസാമ്മയെ ബോധപൂർവം മാറ്റിനിർത്തിയ അധികാരിയോട് എന്തുകൊണ്ട് അങ്ങനെ ചെയ്തുവെന്ന് ചോദിച്ചപ്പോൾ അവർ നല്കിയ മറുപടി ശ്രദ്ധേയമായിരുന്നു: ”ഞാൻ അന്നു മാറ്റിനിർത്തിയില്ലായിരുന്നെങ്കിൽ അവൾ വിശുദ്ധയാകുമായിരുന്നില്ല.” അതു തികച്ചും ശരിയായിരുന്നു. എല്ലാവരും സ്‌നേഹം നല്കി ചേർത്തു നിർത്തിയിരുന്നെങ്കിൽ അവൾ കുടുകുടെ ചിരിക്കുകയും എല്ലാവരെയും ചിരിപ്പിക്കുകയും ചെയ്യുന്ന നല്ലൊരു സിസ്റ്റർ ആകുമായിരുന്നു; വിശുദ്ധ അൽഫോൻസയെ ലോകത്തിന് കിട്ടുമായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *