മധുരമായിത്തീരും കയ്പുകൾ

ദൈവം മനുഷ്യനെ സ്‌നേഹിക്കുന്ന പിതാവാണെങ്കിൽ എന്തുകൊണ്ട് അവന്റെ ജീവിതത്തിൽ പരാജയങ്ങളും ദുഃഖങ്ങളും അവിടുന്ന് അനുവദിക്കുന്നു? മനുഷ്യപുത്രൻ കുരിശിൽ കിടന്ന് നിലവിളിച്ചപ്പോൾ എന്തുകൊണ്ട് പിതാവായ ദൈവം നോക്കിനിന്നു? ദൈവം സർവശക്തനാണോ അതോ നിസഹായനാണോ? കാലകാലങ്ങളിൽ എല്ലാ മനുഷ്യരുടെയും ഉള്ളിലേക്ക് കടന്നുവരുന്ന നിഷേധചിന്തകൾ തന്നെയാണ് ഇവ. വേദനയും രോഗവും പരാജയവുമൊക്കെ അതിൽത്തന്നെ നന്മയല്ല എന്ന് നമുക്കറിയാം. പക്ഷേ എന്തുകൊണ്ട് ഇവയൊക്കെ ഉണ്ടാവുന്നു?

ഈ ലേഖനം വായിക്കുന്ന നിങ്ങൾ ഒരു വിശ്വാസിയോ ഒരുപക്ഷേ അവിശ്വാസിയോ ആയിരിക്കാം. എന്നാൽ ഒരു കാര്യം ഇപ്പോൾ കണ്ണടച്ച് വിശ്വസിക്കുക. ദൈവം സർവശക്തനാണ്. അവിടുന്ന് നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധാലുവാണ്. നിങ്ങളുടെ ഇപ്പോഴത്തെ പരാജയം നിങ്ങളെ നശിപ്പിക്കുവാനുള്ളതല്ല. നേരെമറിച്ച് വരുംകാലങ്ങളിൽ നിങ്ങളുടെ ജീവിതത്തിൽ വൈവിധ്യമാർന്ന വർണങ്ങൾ തീർക്കുന്ന ഒരു പ്രിസം മാത്രമാണ്. അതിലൂടെ കടന്നുപോകുന്ന നിങ്ങൾക്കായി ദൈവം ഒരു അനുഗ്രഹം സൂക്ഷിച്ചിരിക്കുന്നു.

ഒരു പ്രശ്‌നത്തിന്റെ മുമ്പിലാണ് നിങ്ങൾ നില്ക്കുന്നതെങ്കിൽ ഒരു കാര്യം ഓർക്കണം. ആ പ്രശ്‌നത്തെക്കാൾ വലിയവനായ ദൈവം നിങ്ങളുടെ സമീപത്ത് തന്നെയുണ്ട്. അതെ, കർത്താവായ യേശു നിങ്ങളുടെ സകല പ്രശ്‌നങ്ങൾക്കും മതിയായവനാണ്. നിന്നെക്കുറിച്ച്, നിനക്കുവേണ്ടി അവിടുന്ന് നല്കുന്ന വാഗ്ദാനം ഇതാണ്: ”ഇതാ, നിന്റെ മുമ്പിൽ ആർക്കും പൂട്ടാൻ കഴിയാത്തവിധം തുറന്നു കിടക്കുന്ന ഒരു വാതിൽ ഞാൻ സ്ഥാപിച്ചിരിക്കുന്നു” (വെളിപാട് 3:8). യേശു സർവശക്തനായ ദൈവപുത്രനാണ്. അവിടുന്ന് നിന്നെ അത്യധികം സ്‌നേഹിക്കുന്നു. നിനക്കുവേണ്ടി അവിടുന്ന് തുറക്കുവാൻ പോകുന്ന അനുഗ്രഹത്തിന്റെ വാതിൽ ആർക്കും പൂട്ടാൻ കഴിയുകയില്ല. സർവവാതിലുകളും നിന്റെ മുമ്പിൽ അടഞ്ഞെന്ന് തോന്നിയാലും മറ്റൊരു വാതിൽ നിനക്കുവേണ്ടി തുറക്കുവാൻ യേശുവിന് സാധിക്കും. ഇത് ഇപ്പോൾ വിശ്വസിക്കുക.

ഉദാഹരണം
ഇതിന് ഇന്നും നിലനില്ക്കുന്ന ഒരു ഉദാഹരണം പറയാം. ലോകത്തിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള മാസികയാണ് ‘റീഡേഴ്‌സ് ഡൈജസ്റ്റ്.’ അതിന്റെ വായനക്കാർ നൂറ് രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ലോകത്തിലെ പതിനേഴ് ഭാഷകളിൽ പ്രസിദ്ധീകരിക്കുന്ന ആ മാസികയ്ക്ക് 47 എഡിഷനുകളുണ്ട്. ഇത്രയും വലുതും ശക്തവുമായ ഒരു മാസിക തുടങ്ങുവാൻ ദൈവം ഉപകരണമാക്കിയത് ആരെയാണെന്നറിയാമോ? ലോകത്തിന്റെ ദൃഷ്ടിയിൽ സമ്പൂർണ പരാജയമായിരുന്ന ഒരു വ്യക്തിയെ. പേര് ഡ്യൂവിറ്റ് വാലസ്. അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കുതന്നെ അദ്ദേഹത്തെക്കുറിച്ച് ഒരു മതിപ്പുമില്ലായിരുന്നു. ഒരു കാര്യവും നന്നായി ചെയ്യുവാൻ കഴിവില്ലാത്തവൻ എന്നാണ് അവർ ചിന്തിച്ചിരുന്നത്. ഡ്യൂവിറ്റ് കോളജിൽ ചേർന്നു. എന്നാൽ പഠനം പൂർത്തിയാക്കുവാൻ സാധിക്കാതെ പുറത്തുവന്നു.
ഒരു ജോലിക്കായി അലഞ്ഞ അദ്ദേഹം അവസാനം പട്ടാളത്തിൽ ചേർന്നു. അവിടെയും ദുരിതമാണ് അദ്ദേഹത്തെ കാത്തുനിന്നത്. ഒന്നാം ലോകമഹായുദ്ധം നടക്കുന്ന കാലം. യുദ്ധത്തിൽ ഡ്യൂവിറ്റിന് മാരകമായ പരിക്കേറ്റു. ഏതാനും മാസങ്ങൾ ആശുപത്രിയിൽ ചെലവഴിക്കേണ്ടിവന്നു. പക്ഷേ ഒന്നും ചെയ്യുവാനില്ലാത്ത ഈ നാളുകൾ ഫലപ്രദമായി ഉപയോഗിക്കുവാൻ അദ്ദേഹം തീരുമാനിച്ചു. വായനയിൽ താല്പര്യമുണ്ടായിരുന്ന ഡ്യൂവിറ്റ് കൈയിൽ കിട്ടിയ മാസികകൾ ഒക്കെ വായിക്കുവാൻ തുടങ്ങി. അപ്പോൾ അദ്ദേഹത്തിന്റെ മനസിലേക്ക് ഒരു മനോഹര ആശയം കടന്നുവന്നു. ”ഞാൻ വായിക്കുന്ന ഈ മാസികകൾ വായിക്കുവാൻ എല്ലാവർക്കും സമയം കിട്ടുകയില്ല. ഇവയിലെ നല്ല ലേഖനങ്ങൾ തിരഞ്ഞെടുത്ത് അവ സംക്ഷിപ്തമായി ഒറ്റ മാസികയിൽ പ്രസിദ്ധീകരിച്ചാൽ ആ മാസിക ജനങ്ങൾക്ക് വളരെ പ്രയോജനപ്പെടും.” അദ്ദേഹം അങ്ങനെ മുപ്പത്തിയൊന്ന് ലേഖനങ്ങൾ തിരഞ്ഞെടുത്തു. അവ ഒരു മാസികയിൽ ഒന്നിച്ച് പ്രസിദ്ധീകരിക്കുവാൻ തയാറുള്ള ഒരു പ്രസാധകനെ അന്വേഷിച്ച് അദ്ദേഹം നടന്നു. പക്ഷേ ആരും അതിന് തയാറായില്ല. ഇത് ബാലിശമായ ഒരു ആശയമായേ അവർ കരുതിയുള്ളൂ. അങ്ങനെ ഇവിടെയും അദ്ദേഹം പരാജിതനായി. 1920-ൽ ആയിരുന്നു ഈ സംഭവം.

പിന്നെ ഒരു ജോലിക്ക് അദ്ദേഹം അന്വേഷണം ആരംഭിച്ചു. ഒരു സ്ഥാപനത്തിൽ അദ്ദേഹത്തിന് ജോലി ലഭിച്ചു. പക്ഷേ അതിന്റെ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. അവിടെനിന്ന് അദ്ദേഹം പിരിച്ചു വിടപ്പെട്ടു. 1921-ലാണ് ഇത് സംഭവിക്കുന്നത്.

അങ്ങനെ എല്ലാ വാതിലുകളും അദ്ദേഹത്തിന്റെ മുമ്പിൽ അടയപ്പെട്ടതായി തോന്നി. പക്ഷേ വാതിൽ തുറക്കുന്നവൻ അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു. യേശു അദ്ദേഹത്തിനുവേണ്ടി തുറന്ന ആ വാതിൽ ആർക്കും അടയ്ക്കാൻ പറ്റാത്തവിധത്തിൽ ഇപ്പോഴും തുറന്നു കിടക്കുന്നു. അതാണ് റീഡേഴ്‌സ് ഡൈജസ്റ്റ് മാസിക. ഇപ്രകാരമാണ് അത് സംഭവിച്ചത്.

ഡ്യൂവിറ്റ് വാലസിന്റെ ഉള്ളിൽ ഒരു ആശയം യേശു നല്കി. ‘ഈ മാസിക പ്രസിദ്ധീകരിക്കുവാൻ ആരും തയാറാകുന്നില്ല. പക്ഷേ എന്തുകൊണ്ട് ഞാൻ തന്നെ ഇത് പ്രസിദ്ധീകരിച്ചുകൂടാ?’ അദ്ദേഹംതന്നെ വരിക്കാരാകുവാൻ സാധ്യതയുള്ള 1500 പേരെ കണ്ടെത്തി. അവർക്ക് വ്യക്തിപരമായി കത്തെഴുതി. ‘ഞാൻ നല്ലൊരു മാസിക ആരംഭിക്കുവാൻ പോകുകയാണ്. അതിന്റെ വാർഷിക വരിസംഖ്യ വെറും മൂന്ന് ഡോളർ മാത്രമാണ്. നിങ്ങൾക്ക് ഈ മാസിക തൃപ്തികരമല്ലെന്ന് തോന്നിയാൽ വരിസംഖ്യ തിരിച്ച് നല്കുന്നതാണ്.’ ഏതായാലും കത്ത് ലഭിച്ച 1500 പേരും വരിക്കാരായി. അങ്ങനെ 1922 ഫെബ്രുവരി മാസത്തിലാണ് ആദ്യലക്കം പുറത്തിറങ്ങുന്നത്. നാല് വർഷങ്ങൾക്കുശേഷം റീഡേഴ്‌സ് ഡൈജസ്റ്റ് മാസികയുടെ സർക്കുലേഷൻ ഇരുപതിനായിരമായി വർധിച്ചു. ഏഴു വർഷങ്ങൾ പിന്നിട്ടപ്പോൾ അത് രണ്ടുലക്ഷത്തി പതിനാറായിരമായി വളർന്നു.

ദൈവം അനുഗ്രഹത്തിന്റെ ഒരു വാതിൽ തുറന്നുകൊടുത്താൽ അത് അടയ്ക്കുവാൻ ആർക്കും പറ്റുകയില്ല. ജനലക്ഷങ്ങളെ സ്വാധീനിച്ചുകൊണ്ട് വർഷങ്ങൾക്കുശേഷവും റീഡേഴ്‌സ് ഡൈജസ്റ്റ് ലോകമെമ്പാടുമുള്ള വായനക്കാർക്ക് അനുഗ്രഹമായി നിലകൊള്ളുന്നു. 1981-ൽ മരിച്ച വാലസ് ഇന്നും അനുസ്മരിക്കപ്പെടുന്നുണ്ട്. ലോകത്തിലെ വിവിധ ഭാഷകൾ സംസാരിക്കുന്നവർക്ക് ഇന്നും അദ്ദേഹത്തിന്റെ പേര് പരിചിതമാണ്. കാരണം ഓരോ മാസവും പ്രസിദ്ധീകരിക്കപ്പെടുന്ന ഡൈജസ്റ്റിന്റെ ആദ്യതാളുകളിലൊന്നിൽ സ്ഥാപകരുടെ പേരുകൾ ഇപ്പോഴും നല്കുന്നുണ്ട്: ഡ്യൂവിറ്റ് വാലസ്, അദ്ദേഹത്തിന്റെ ഭാര്യ ലൈല വാലസും. അദ്ദേഹത്തിന്റെ ജനനത്തിന്റെ 126-ാം വാർഷികത്തിൽ റീഡേഴ്‌സ് ഡൈജസ്റ്റ് അതിന്റെ സ്ഥാപകനെ ആദരിച്ചു: ‘അവിസ്മരണീയനായ ഡ്യൂവിറ്റ് വാലസ്’ എന്ന പേരിൽ. 2015 നവംബറിൽ പ്രസിദ്ധീകരിച്ച ഈ ലക്കത്തിൽനിന്നാണ് അദ്ദേഹത്തെക്കുറിച്ച് ഞാൻ അറിയാനിടയായത്.

മധുരമാം ഓർമകളുണ്ടാകാൻണ്ട
ദുഃഖകരമായ അനുഭവങ്ങളുണ്ടാകുമ്പോൾ നാം ചോദിക്കുന്ന പല ചോദ്യങ്ങൾക്കും അപ്പോൾത്തന്നെ ഉത്തരം ലഭിക്കുകയില്ല. ഉദാഹരണമായി ഡ്യൂവിറ്റ് വാലസിന് ദൈവത്തോട് ഇങ്ങനെ ചോദിക്കാമായിരുന്നു: ‘എന്റെ മാതാപിതാക്കൾക്കു പോലും മതിപ്പില്ലാത്ത ഒരു കുട്ടിയായി ദൈവമേ, എന്തുകൊണ്ട് നീ എന്നെ സൃഷ്ടിച്ചു? എന്തുകൊണ്ട് കോളജിൽ പഠനം പൂർത്തിയാക്കുവാൻ എനിക്ക് സാധിക്കാതെ വന്നു? എന്തുകൊണ്ട് യുദ്ധത്തിൽ മാരകമായി മുറിവേല്ക്കുവാൻ അവിടുന്ന് അനുവദിച്ചു? എന്തുകൊണ്ട് എന്റെ ജോലി നഷ്ടപ്പെടുവാൻ അവിടുന്ന് ഇടയാക്കി? വർഷങ്ങൾക്കുശേഷമാണ് ഈ ചോദ്യങ്ങൾക്ക് മറുപടി ലഭിക്കുന്നത്. അന്ന് കയ്പ് നിറഞ്ഞതായി തോന്നിയ ഈ അനുഭവങ്ങളൊക്കെ പിന്നീട് മധുരിക്കുന്ന ഓർമകളായി മാറി. ഈ പരാജയത്തിന്റെ അനുഭവങ്ങളിലൂടെ കടന്നുപോയില്ലായിരുന്നുവെങ്കിൽ ഒരിക്കലും റീഡേഴ്‌സ് ഡൈജസ്റ്റിന്റെ സ്ഥാപകനായ ഡ്യൂവിറ്റ് വാലസ് പിറക്കുകയില്ലായിരുന്നു.

അതിനാൽ ദൈവത്തിന്റെ അനന്ത ജ്ഞാനത്തിന്റെ മുമ്പിൽ നമുക്ക് ആദരപൂർവം ശിരസ് നമിക്കാം. എല്ലാം നന്മയ്ക്കായി മാറ്റുമെന്ന അവിടുത്തെ വാഗ്ദാനത്തിൽ അന്ധമായി വിശ്വസിക്കാം നമുക്ക്. അല്ലെങ്കിൽ അന്ധകാരത്തിന്റെ നാളുകൾ എങ്ങനെ നാം കടന്നുപോകും? വരാനിരിക്കുന്ന അനുഗ്രഹത്തിന്റെ (അതിൽ കൂടുതലും നിത്യജീവനിലായിരിക്കും വെളിപ്പെടുക.) നാളുകൾ കാണുമ്പോൾ മനസ് പ്രകാശപൂർണമാകും. ശാന്തമായി കാത്തിരിക്കുന്നവന് അനുഗ്രഹം പ്രാപിക്കുവാൻ സാധിക്കുമെന്നുതന്നെയാണ് വിശുദ്ധ ഗ്രന്ഥം നമ്മെ ഓർമിപ്പിക്കുന്നത്. തിരുവചനം ഇപ്രകാരം പറയുന്നു: ”തന്നെ കാത്തിരിക്കുന്നവർക്കും തന്നെ തേടുന്നവർക്കും കർത്താവ് നല്ലവനാണ്. കർത്താവിന്റെ രക്ഷയെ ശാന്തമായി കാത്തിരിക്കുന്നത് ഉത്തമം” (വിലാപങ്ങൾ 3:25-26). ദൈവത്തിനായി കാത്തിരിക്കുവാൻ അവിടുത്തെ കൃപ കൂടിയേ തീരൂ. അതിനായി ഇപ്പോൾത്തന്നെ പ്രാർത്ഥിക്കാം:

ദൈവമേ, അങ്ങ് എന്റെ പിതാവാണെന്ന് ഞാൻ വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നു. മക്കളുടെ ജീവിതത്തിൽ തിന്മയ്ക്കായി അവിടുന്ന് ഒന്നും അനുവദിക്കുന്നില്ല എന്ന് ഞാൻ അറിയുന്നു. അവിടുന്ന് എന്നെ ഒരിക്കലും കൈവിടുന്നില്ലല്ലോ. അങ്ങയുടെ ശിക്ഷണത്തെ സ്വീകരിക്കുവാൻ പറ്റുന്ന വിധത്തിൽ എന്റെ മനസിനെ പാകപ്പെടുത്തണമേ. ഒരു നാളിൽ പിന്തിരിഞ്ഞ് നോക്കുമ്പോൾ എല്ലാം നന്മയായി കാണുവാൻ സാധിക്കും എന്ന പ്രത്യാശ എപ്പോഴും എന്നെ നയിക്കട്ടെ. പരിശുദ്ധ അമ്മേ എനിക്കായി പ്രാർത്ഥിക്കണമേ. വിശുദ്ധ യൗസേപ്പിതാവേ, സകല വിശുദ്ധരേ നിങ്ങൾ കാത്തിരുന്നതുപോലെ കാത്തിരുന്ന് അനുഗ്രഹം പ്രാപിക്കുവാൻ എനിക്കായി ഇപ്പോൾത്തന്നെ പ്രാർത്ഥിക്കണമേ – ആമ്മേൻ.

കെ.ജെ. മാത്യു

Leave a Reply

Your email address will not be published. Required fields are marked *