ആ രാവിൽ കഥ മാറി!

ഇടയസ്ത്രീകളോട് കുഞ്ഞുങ്ങൾ ചോദിക്കാറുണ്ട്ണ്ട: അമ്മേ, ദൈവം എവിടെയാണ് ഇരിക്കുന്നത്? അധ്വാനിച്ച് ഏറെ തളർന്ന ആ കരങ്ങൾ നീലാകാശത്തിലേക്ക് അമ്മ ഉയർത്തിക്കാണിക്കും: ”മക്കളേ, ആ ആകാശത്തിനപ്പുറത്തുണ്ട് നമ്മുടെ ദൈവം. എല്ലാം കണ്ടുകൊണ്ടിരിക്കുന്ന ദൈവം.” എത്തിപ്പിടിക്കാവുന്ന അകലമല്ല നീലാകാശത്തിന് എന്നറിയാവുന്ന കുഞ്ഞുങ്ങളുടെ മുഖം വാടും. എന്നാൽ അന്ന് ക്രിസ്മസ് രാവിൽ കഥ മാറി. അതേ ചോദ്യം കുഞ്ഞുങ്ങൾ അന്നും ഉയർത്തി. വിണ്ണിലേക്കല്ല, മണ്ണിലേക്കാണ് അന്ന് ആ അമ്മ കൈചൂണ്ടിയത്. ബെത്‌ലഹേമിലെ കാലിത്തൊഴുത്തിലേക്ക്. ആദ്യമായി ആ കുഞ്ഞുങ്ങളുടെ മുഖത്ത് ആനന്ദം അലയടിച്ചു, ഒപ്പം അമ്മയുടെയും. നമ്മുടെ സ്‌നേഹവും പരിചരണവും സ്വീകരിക്കാൻ, അവൻ അതിഥിയായി എത്തിയിരിക്കുന്നു എന്നത് അവർക്ക് ആനന്ദമായി.
സ്‌നേഹം മാത്രമായവന് മനുഷ്യാവതാരം ഒഴിവാക്കാനാവില്ല. നാം ഒന്നിനെ സ്‌നേഹിച്ചാൽ രണ്ടു കാര്യങ്ങൾ നമ്മിൽ സംഭവിക്കും. ഒന്ന്: ഗാഢമായി സ്‌നേഹിക്കുന്നതെന്തിനെയോ അതായിത്തീരാൻ നാം കൊതിക്കും. രണ്ട്: സ്‌നേഹപാരമ്യത്തിൽ തന്നെത്തന്നെ നാം മറക്കും.

ദൈവത്തിന്റെ കൊതി
ആത്മനായ ദൈവത്തിന് ശരീരമെടുക്കേണ്ടി വന്നത് അവൻ അത്രമേൽ നമ്മെ സ്‌നേഹിക്കുന്നതുകൊണ്ടാണ്. മയിലുകളെ ജീവനുതുല്യം സ്‌നേഹിച്ച ഒരു മനുഷ്യൻ. സമ്പാദ്യമെല്ലാം അവയെ തീറ്റിപ്പോറ്റാൻ ചെലവിട്ടു. അനേക മൈലുകൾ യാത്ര ചെയ്ത് മയിലിന് ഭക്ഷണം കൊടുക്കും. അവ തിന്നുന്നതും നൃത്തം ചെയ്യുന്നതും പാടുന്നതുമെല്ലാം മാറിനിന്ന് ആസ്വദിക്കും. ഒരു ദിവസം അവയുടെ അടുത്തേക്കു ചെല്ലാൻ അദ്ദേഹം തീരുമാനിച്ചു.

താനിത്രയും നൽകി സ്‌നേഹിക്കുന്നതല്ലേ? പക്ഷേ, അദ്ദേഹം അടുത്തെത്തിയപ്പോഴേക്കും മയിലുകൾ ഓടി രക്ഷപെട്ടു. പലവട്ടം ശ്രമിച്ചിട്ടും തന്റെ സ്‌നേഹം അവയ്ക്ക് മനസിലാകാത്തതെന്തേ! ഏറെ ദുഃഖിതനായ അയാൾ വഴിവക്കിലിരിക്കവേ വഴിപോക്കൻ കാര്യം തിരക്കി. തന്റെ വിഷമം പങ്കിട്ട അയാളോട് പറഞ്ഞു: ‘കാര്യം ശരിയാണ്. നിങ്ങൾ മയിലുകളെ സ്‌നേഹിക്കുന്നുണ്ട്. പക്ഷേ നിങ്ങൾ അവയെ സ്‌നേഹിക്കുന്നുണ്ടെന്ന് അവയ്ക്കറിയില്ലല്ലോ. ഇനി ഒരൊറ്റ വഴിയേയുള്ളൂ. മയിലായി മാറുക.’ തനിക്കതിന് ആവില്ലല്ലോ എന്നോർത്ത് അദ്ദേഹം വിഷമിച്ചു.

സ്‌നേഹം തെളിയിക്കപ്പെടണം, വാക്കിൽ മാത്രമല്ല പ്രയോഗത്തിലും. തെളിയിക്കപ്പെടാത്ത സ്‌നേഹം സ്‌നേഹമല്ല. മനുഷ്യനെ സ്‌നേഹിച്ച ദൈവം, അത് വെളിപ്പെടുത്തിയ മഹനീയ സന്ധ്യയാണിത്, ക്രിസ്മസ് രാവ്. സ്‌നേഹിച്ചതെന്തിനെയോ അതായിത്തീർന്നു. മയിലാകാൻ മനുഷ്യന് സാധിക്കില്ല. എന്നാൽ മനുഷ്യനാകാൻ ദൈവത്തിനാകും. ദൈവം മനുഷ്യനെ മാറോടു ചേർക്കുന്നു എന്നു പഴയ നിയമത്തിലുടനീളം വായിക്കുന്നു. കുഞ്ഞിനെപ്പോലെ നിന്നെ മാറിൽ ചേർക്കുന്ന ദൈവം. ക്രിസ്മസിന് അവൻ കുഞ്ഞാകുന്നു. ദൈവത്തെ നിങ്ങൾക്ക് കൈകളിലെടുക്കാം. സ്‌നേഹിക്കാം. സ്പർശിക്കാം. താരാട്ടുപാടാം.
അന്ന് കത്തുന്ന മുൾപ്പടർപ്പിൽ ഭീതിയോടെ വിറച്ചു നിന്നത് ഓർമയില്ലേ. ഇനി ആ ഭീതിവേണ്ട. അവിടുന്ന് നിന്റെ സമീപത്ത്. ഏറ്റവും അടുത്ത്. സ്‌നേഹിച്ചതെന്തോ അതായിത്തീർന്നു. സ്വർഗപിതാവിന്റെ മാറിൽ ചാഞ്ഞിരുന്നവൻ ഇനിമുതൽ എന്റെ മാറിലും ചാഞ്ഞിരിക്കും. അതെ, നമ്മുടെ ദൈവം ഇമ്മാനുവേലാണ്. ദൈവം നമ്മോടുകൂടെ.

ദൈവത്തിന്റെ മറവി
സ്‌നേഹത്തിന്റെ മറ്റൊരു പ്രത്യേകത നാം തന്നെത്തന്നെ മറക്കുമെന്നുള്ളതാണല്ലോ. ദൈവത്തിന്റെ മനുഷ്യവർഗത്തോടുള്ള അനന്തസ്‌നേഹത്തിൽ അവിടുന്ന് തന്നെത്തന്നെ മറന്നു. തന്റെ ആത്മജാതനെ ഭൂമിയിലേക്കിറക്കി. മനുഷ്യനെ എന്നും ഓർക്കാൻ അവിടുത്തേക്ക് തന്നെത്തന്നെ മറക്കണമായിരുന്നു. സ്വർഗത്തിന്റെ സന്തോഷമല്ല, ഭൂമിയിലെ മനുഷ്യന്റെ ആനന്ദമായിരുന്നു പിന്നെ പിതാവിന്റെ പ്രിയം. എന്റെ സന്തോഷമാണ് ദൈവത്തിന്റെയും സന്തോഷം.
ദൈവം മനുഷ്യന്റെ കാര്യങ്ങൾ മറന്നു എന്നോ സ്വർഗത്തിലിരുന്ന് എന്റെ ദുഃഖത്തെ വെറുതെ നോക്കിക്കാണുക മാത്രമാണെന്നോ ഇനിമുതൽ നീ പറയരുത്. നാസി തടവറയിൽനിന്ന് ഓരോരുത്തരെ പുറത്തെടുത്ത് തൂക്കിലേറ്റുന്ന സമയം. ഒരു കുഞ്ഞിനെ തൂക്കിലേറ്റാൻ ഊഴം കാത്തുനിൽക്കുന്നു. സമീപത്തുനിന്ന് ഒരാൾ വിളിച്ചുപറഞ്ഞു: ‘ഇനിമേൽ ദൈവത്തിന്റെ കാര്യം ആരും മിണ്ടിപ്പോകരുത്. നിഷ്‌കളങ്ക ശിശുവിനെ തൂക്കിലേറ്റുന്നത് നോക്കി മുകളിലിരിക്കുന്നവനെ ആർക്കു വേണം?’ തൊട്ടടുത്തുനിന്നവൻ തൂക്കിലേക്കുയരുന്ന ആ കുഞ്ഞിനെ ചൂണ്ടിക്കാട്ടി വിളിച്ചുകൂവി: ‘കാണുന്നില്ലേ, ആ ശിശുവിനൊപ്പം പിടയുന്ന ക്രിസ്തുവിനെ.’ അയാൾ ആ രംഗം കണ്ട് തരിച്ചുനിന്നുപോയി. അന്യായമായി ക്രൂശിൽ കയറുന്ന ആ കുഞ്ഞിന്റെ കയർത്തുമ്പിൽ ക്രിസ്തുവുമുണ്ടായിരുന്നു.

സ്‌നേഹപാരമ്യത്തിൽ ദൈവം തന്നെത്തന്നെ മറക്കുന്നു. ചിലപ്പോഴവൻ നിന്റെ അടിമയാകും, മറ്റു ചിലപ്പോൾ നിന്റെ മുറിവേൽക്കും. ഇനിയും ചിലപ്പോൾ നിനക്കൊപ്പം നിലവിളിക്കും. ഒരിക്കലും ഇനിമുതൽ നീ തനിയെയല്ല. ത്രിത്വത്തിന്റെ കൂട്ടായ്മയിൽനിന്ന് നമ്മുടെ കൈക്കുമ്പിളിൽ വന്നു പിറന്നത് തന്നെത്തന്നെ മറന്നുകൊണ്ടാണ്. നമ്മെ സ്വർഗീയരാക്കാൻ ഇതല്ലാതെ ദൈവത്തിന് വേറെ വഴികളില്ല എന്നു തോന്നിപ്പോകും.

നമ്മെത്തന്നെ മറന്ന് ക്രിസ്മസ് രാവിൽ നമുക്ക് അവനായി കൊടുക്കേണ്ടേ? നാം അവനെ സ്‌നേഹിക്കുന്നുണ്ടെങ്കിൽ നമ്മെ മറന്നേ മതിയാകൂ. ഇനിമുതൽ നമ്മുടെ ഇഷ്ടാനിഷ്ടങ്ങളല്ല. മറിച്ച്, ഉണ്ണിയുടെ ആഗ്രഹം നമ്മിൽ നിറവേറണം. അവനായി മാറണം. അവനായി മറക്കണം.

റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ

Leave a Reply

Your email address will not be published. Required fields are marked *