ആൻഡീസ് പർവ്വതമുകളിലെ ക്രിസ്തുരൂപം

1902-ൽ അർജന്റീനായും ചിലിയും തമ്മിലൊരു യുദ്ധത്തിനായി ഒരുക്കം തുടങ്ങി. രണ്ടു രാജ്യങ്ങളുടെയും അതിർത്തിരേഖ നിർണയിക്കുന്നതിലുള്ള തർക്കമായിരുന്നു കാരണം. രണ്ടു രാജ്യങ്ങളും യുദ്ധത്തിനുവേണ്ടി സൈന്യത്തെ അണിനിരത്തി. ഏതു സമയത്തും യുദ്ധം പൊട്ടിപ്പുറപ്പെടാം. ഇതിനിടയിലാണ് ക്രിസ്മസ് കടന്നുവന്നത്. ഡിസംബർ 24-ന് രാത്രി ആൻഡീസ് പർവ്വതനിരകളിലുള്ള രണ്ടു രാജ്യങ്ങളിലുംപെട്ട ദൈവാലയങ്ങളിൽ ആരാധനയ്ക്കായി മണികൾ മുഴങ്ങി. ”ശാന്തരാത്രി… വിശുദ്ധ രാത്രി” എന്ന ഗാനം പർവ്വതനിരകളിൽ അലയടിച്ചു.

സമാധാനത്തിന്റെ രാജാവായ ക്രിസ്തു പിറന്ന ഈ രാത്രിയിൽ ശത്രുത പാടില്ലെന്ന് ജനങ്ങൾക്ക് തോന്നി. ദൈവാലയങ്ങളിലെ ക്രിസ്മസ് ചടങ്ങുകൾ കഴിഞ്ഞപ്പോൾ ജനങ്ങളുടെ ഹൃദയങ്ങളിൽ പരിശുദ്ധാത്മാവ് പ്രവർത്തിച്ചു. അവർ ശത്രുത വെടിഞ്ഞ് എതിർപക്ഷത്തുള്ളവരെ ചെന്നുകണ്ട് സമാധാനം ആശംസിച്ചു. ഇതെല്ലാം കണ്ട പട്ടാളക്കാരുടെയും ഹൃദയം ആർദ്രമായി. അവരും ശത്രുരാജ്യത്തിന്റെ പടയാളികളെ സ്‌നേഹത്തോടെ അഭിവാദനം ചെയ്തു. ”അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്ക് സമാധാനം” എന്ന തിരുവചനം അവർ ക്രിസ്മസ് ഗാനമായി ഏറ്റുപാടി. തുടർന്നുള്ള ദിവസങ്ങളിൽ ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തങ്ങളുടെ ഗവൺമെന്റുകളോട് യുദ്ധം ഒഴിവാക്കാനും സമാധാന പൂർണമായ മാർഗത്തിലൂടെ അതിർത്തിത്തർക്കം പരിഹരിക്കാനും അഭ്യർത്ഥിച്ചു. ഗവൺമെന്റുകൾ അത് ഗൗരവമായി എടുക്കുകയും മധ്യസ്ഥരുടെ സഹായത്തോടെ തർക്കം പരിഹരിക്കുകയും ചെയ്തു. അപ്പോഴാണ് ‘സാൻജ്വവാനി’ലെ ബിഷപ്പായിരുന്ന മാർക്കോളിനോ ബെനവന്തേയ്ക്ക് ഒരു ആശയം തോന്നിയത്.

ക്രിസ്മസ് രാത്രിയിൽ സ്വർഗം നല്കിയ സമാധാനത്തിന്റെ സന്ദേശം എക്കാലവും ഓർമിപ്പിക്കാൻ പർവ്വതമുകളിൽ രക്ഷകനായ ക്രിസ്തുവിന്റെ ഒരു രൂപം പടുത്തുയർത്തുക. അങ്ങനെ സമുദ്രനിരപ്പിൽനിന്നും 13000 അടി ഉയരത്തിൽ രണ്ടു രാജ്യങ്ങളുടെ അതിർത്തിയിലായി 26 അടി ഉയരമുള്ള രക്ഷകനായ ക്രിസ്തുവിന്റെ പ്രതിമ നിർമിക്കപ്പെട്ടു. പ്രതീകാത്മകമായി രണ്ട് രാജ്യങ്ങളുടെയും തോക്കുകൾ ഉരുക്കി ആ പ്രതിമാനിർമാണത്തിനായി ഉപയോഗിക്കുകയുണ്ടായി. ക്രിസ്തുവിന്റെ രൂപത്തിന് താഴെയായി ”നമ്മെ ഐക്യപ്പെടുത്തിയ അവിടുന്നാണ് നമ്മുടെ സമാധാനം” എന്ന ലിഖിതവും അവർ പ്രദർശിപ്പിച്ചിരിക്കുന്നു.
ഒരു ക്രിസ്മസ് രാത്രിയിലെ ആരാധന രണ്ടു രാജ്യങ്ങളെ യുദ്ധത്തിൽനിന്നും പിന്തിരിപ്പിച്ചു. അവരെ സ്‌നേഹത്തിൽ ഒരുമിപ്പിക്കുകയും ചെയ്തു. സമാധാനമാണ് ക്രിസ്മസിന്റെ ചൈതന്യം. യഥാർത്ഥമായും ക്രിസ്മസ് ആഘോഷിക്കുമ്പോൾ ശാന്തിയുടെ അരൂപി ഹൃദയങ്ങളിലേക്ക് പകരപ്പെടും. കലഹങ്ങളും വൈരാഗ്യങ്ങളും അപ്രത്യക്ഷമാകും. പക്ഷേ വർഷങ്ങളായി ക്രിസ്മസ് ആഘോഷിച്ചിട്ടും രമ്യതയിലാകാനും കലഹങ്ങൾ ഉപേക്ഷിക്കാനും സാധിക്കുന്നില്ലെങ്കിൽ ക്രിസ്മസിന്റെ ചൈതന്യം ഇനിയും നാം സ്വന്തമാക്കേണ്ടിയിരിക്കുന്നു. വീണ്ടുമിതാ ഒരു ക്രിസ്മസ്‌കൂടി… ദൈവത്തിനും മനുഷ്യനും ഇടയിൽ സമാധാനം…. മനുഷ്യനും മനുഷ്യനും തമ്മിൽ സമാധാനം. അതു സ്വന്തമാക്കാൻ നമുക്ക് പരിശ്രമിക്കാം. ”എന്തെന്നാൽ, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രൻ നല്കപ്പെട്ടിരിക്കുന്നു… ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവൻ വിളിക്കപ്പെടും” (ഏശയ്യാ 9:6).

പ്രാർത്ഥന
കർത്താവേ…. സമാധാനത്തിന്റെ അരൂപികൊണ്ട് എന്റെ ഹൃദയത്തെ നിറയ്ക്കണമേ. ആരോടും വെറുപ്പില്ലാത്ത ഒരു മനസ് എനിക്ക് നല്കിയാലും. സമാധാനത്തിന്റെ രാജാവേ… എന്റെ രക്ഷകാ എന്നിൽ വന്നു നിറയണമേ, ആമ്മേൻ.

ബെന്നി പുന്നത്തറ ചീഫ് എഡിറ്റർ

Leave a Reply

Your email address will not be published. Required fields are marked *