നിങ്ങൾക്ക് എന്നെ ഭയമില്ലേ?

ജനം പറഞ്ഞു, പ്രവാചകന്മാരുടെ ഭീഷണികൾ (മുന്നറിയിപ്പുകൾ) അവരുടെമേൽത്തന്നെ പതിക്കട്ടെ എന്ന്. അപ്പോൾ കർത്താവ് മുന്നറിയിപ്പ് നല്കുകയാണ്: പ്രവാചകന്മാർ പറഞ്ഞത് മുന്നറിയിപ്പുകൾതന്നെയാണ്. അവർ പറഞ്ഞത് അവരുടെമേൽ അല്ല പതിക്കാൻ പോകുന്നത്, പിന്നെയോ അവർ ആരെപ്പറ്റി പറഞ്ഞുവോ അവരുടെമേലായിരിക്കും പതിക്കുവാൻ പോകുന്നത്. അവരുടെമേൽ വരാനിരിക്കുന്ന ദുരിതങ്ങളെക്കുറിച്ച് കർത്താവ് തുടർന്നുപറഞ്ഞു.

പിന്നെ കർത്താവ് പ്രചാചകനോട് അറിയിച്ചു: ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ അവർ നിന്നോട് ചോദിക്കും: കർത്താവ് ഇപ്രകാരമെല്ലാം എന്തിന് ഞങ്ങളോട് ചെയ്തു? അപ്പോൾ പ്രവാചകൻ അവർക്ക് കൊടുക്കേണ്ട മറുപടി കർത്താവ് പറഞ്ഞുകൊടുത്തു: നിങ്ങൾ നിങ്ങളുടെ ദേശത്തുവച്ച് എന്നെ ഉപേക്ഷിച്ച് അന്യദേവന്മാർക്ക് ശുശ്രൂഷ ചെയ്തു. അതുപോലെ നിങ്ങളുടേതല്ലാത്ത ദേശത്ത് നിങ്ങൾ അന്യർക്ക് ശുശ്രൂഷ ചെയ്യും.

കർത്താവ് ഈ പറഞ്ഞതെല്ലാം ഒന്നൊന്നായി നിറവേറി. വരൾച്ച, പട്ടിണി, ബാബിലോൺ രാജാവിന്റെ യുദ്ധം, ഈ യുദ്ധത്തിലെ തോൽവി, ബാബിലോൺ അടിമത്തം എന്നിവയെല്ലാം സംഭവിച്ചു. ഇതെല്ലാം സംഭവിക്കുന്നതിനുമുമ്പ്, മുന്നറിയിപ്പ് നല്കിയശേഷം കർത്താവ് ചോദിച്ചു: നിങ്ങൾക്ക് എന്നെ ഭയമില്ലേ? എന്റെ മുമ്പിൽ നിങ്ങൾ വിറകൊള്ളുന്നില്ലേ?
നിങ്ങൾക്ക് എന്നെ ഭയമില്ലേ എന്ന ദൈവത്തിന്റെ ചോദ്യം എല്ലാ മനുഷ്യരോടുമാണ്, അഥവാ ഓരോ വ്യക്തിയോടുമാണ്. ദൈവം പറയുന്നു: തിരമാലകളെ നിയന്ത്രിക്കാൻ പ്രയാസമില്ല; വെറും മണൽത്തിട്ട മതി. എത്രമാത്രം തിരകൾ അടിച്ചിട്ടും കടൽത്തീരത്തെ മണൽത്തരികൾ നഷ്ടപ്പെടുന്നുമില്ല. കാരണം, തിരമാലകൾപോലും ദൈവത്തിന്റെ നിയമം അനുസരിക്കുന്നു. എന്നാൽ, മനുഷ്യർക്ക് ദൈവകല്പനകളെ ഭയമില്ല. നിത്യനരകംപോലും മനുഷ്യനെ ഭയപ്പെടുത്തുന്നില്ല. അതിനാൽ എത്രയോ പേർ ദൈവകല്പനകൾ ലംഘിച്ച് ജീവിക്കുന്നു. എന്നിട്ടും അവരിൽ എത്രയോ പേർ അനുതപിക്കുന്നില്ല.

നമ്മുടെ സ്ഥിതി എന്താണ്? ദൈവം ശിക്ഷിക്കും എന്ന് കരുതുന്ന തെറ്റുകൾ നമ്മളിൽ ഉണ്ടോ? ഉണ്ടെങ്കിൽ നമ്മൾ ദൈവത്തോട് രമ്യതപ്പെടണം.

ഫാ. ജോസഫ് വയലിൽ CMI

Leave a Reply

Your email address will not be published. Required fields are marked *