സിൽക്ക് ലെറ്ററിലെ വനിത

ചൈനയിൽ വളരുന്ന ക്രിസ്തുമത വിശ്വാസത്തെക്കുറിച്ച് ജിജ്ഞാസയോടെ അന്വേഷിച്ച കൊറിയൻ കൺഫ്യൂഷ്യൻ മതപണ്ഡിതർ ചൈനയിലെ ജസ്യൂട്ട് വൈദികരുമായി കണ്ടുമുട്ടി. അവരിൽനിന്ന് ക്രിസ്തുവിനെയും ക്രിസ്തുവിലൂടെ ലോകത്തിന് സാധ്യമായ രക്ഷയെക്കുറിച്ചും അവർ കേട്ടു. 18-ാം നൂറ്റാണ്ടിൽ സംഭവിച്ച കാര്യമാണിത്. തിരികെ കൊറിയയിലെത്തിയ അവർ സ്വരാജ്യത്ത് സുവിശേഷത്തിന്റെ വക്താക്കളായി. അങ്ങനെ സ്വദേശീയമായി തന്നെ രൂപം കൊണ്ട് വളർന്നതാണ് കൊറിയൻ സഭ.
അപ്രകാരമുള്ള കൊറിയയിൽ ഒരു അക്രൈസ്തവ കുടുംബത്തിലാണ് 1761-ൽ കാംഗ് വാൻസുക്കിന്റെ ജനനം. മാതാപിതാക്കളുടെ പരിമിതികളോ ജനിച്ച സാഹര്യമോ വിശുദ്ധമായ ജീവിതം നയിക്കുന്നതിന് പ്രതിബന്ധമല്ലെന്ന് ഒരു വിവാഹേതര ബന്ധത്തിൽ ജനിച്ച കാംഗ് വാൻസുക്കിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു.

ദൈവം ഹൃദയത്തിൽ നിക്ഷേപിച്ച വിശുദ്ധിയുടെ വിത്തുകൾ ചെറുനുണകൾ പോലും പറയാതെയും ചെറിയ പാപം പോലും ചെയ്യാതെയും കാംഗ് വാൻസുക്ക് ചെറുപ്പം മുതൽ കാത്ത്‌സൂക്ഷിച്ചു. ഹോംഗ് ജി യോംഗുമായുള്ള വിവാഹത്തോടെയാണ് ക്രൈസ്തവവിശ്വാസത്തിലേക്ക് കടന്നു വരാനുള്ള സാഹചര്യമുണ്ടായത്. ചില പുസ്തകങ്ങളിലൂടെ കത്തോലിക്ക വിശ്വാസത്തെക്കുറിച്ച് കൂടുതൽ അറിവുകൾ സ്വായത്തമാക്കിയ കാംഗ് ക്രൈസ്തവചൈതന്യമനുസരിച്ച് ആത്മപരിത്യാഗത്തിന്റെ ജീവിതം നയിക്കാനാരംഭിച്ചു.

ഭർത്താവിന്റെ അമ്മയെയും അദ്ദേഹത്തിന്റെ ആദ്യഭാര്യയിലെ മകനായ ഫിലിപ്പ് സോംഗിനെയും കത്തോലിക്ക വിശ്വാസത്തിലേക്ക് ആനയിക്കാൻ കാംഗിന് സാധിച്ചു. എങ്കിലും ഭർത്താവിന്റെ അവിശ്വാസവും ധാർമ്മികരഹിതമായ ജീവിതവും മരണം വരെ കാംഗിനെ വേദനിപ്പിച്ചിരുന്നു.

കൺഫ്യൂഷ്യൻ വിശ്വാസികളായ കൊറിയൻ ഭരണാധികാരികൾ ക്രൈസ്തവവിശ്വാസം പടരുന്നത് തടയുന്നതിനായി സ്വീകരിച്ച മുൻകരുതലുകൾ ക്രമേണ ക്രൈസ്തവപീഡനമായി രൂപാന്തരപ്പെട്ടു. 1791-ൽ ക്രൈസ്തവർക്കെതിരെ മതമർദ്ദനം ഉണ്ടായപ്പോൾ അവരെ പരസ്യമായി സഹായിച്ചതിനെ തുടർന്ന് കാംഗ് അറസ്റ്റ് ചെയ്യപ്പെട്ടു. സ്ത്രീയെന്ന പരിഗണന ലഭിച്ചത് നിമിത്തം ജയിൽ മോചിതയായ കാംഗ് ഹാൻയാംഗിലേക്ക്(ഇന്നത്തെ സീയൂൾ) താമസം മാറി.

ധൈര്യപൂർവം…
ആ പീഡനത്തിലും തുടർന്നുണ്ടായ അനുരണനങ്ങളിലും വിശ്വാസത്തിൽ ഉറച്ചു നിൽക്കാൻ കാംഗ് സീയൂളിലെ ക്രൈസ്തവരെ സഹായിച്ചു. തദ്ദേശീയരായ വൈദികരില്ലാതിരുന്ന കൊറിയയിൽ കൂദാശകൾ പരികർമ്മം ചെയ്യുന്നതിനായി ചൈനീസ് വൈദികനായ ജേക്കബ് ഷൗവിനെ കൊണ്ടുവരുന്നതിൽ നിർണായക പങ്ക് വഹിക്കാനും കാംഗ് വാൻസുക്കിന് സാധിച്ചു. അധികം താമസിയാതെ ആ ചൈനീസ് വൈദികനെ അറസ്റ്റ് ചെയ്യാൻ അധികാരികൾ ഉത്തരവിട്ടു.
കാംഗ് വാൻസുക്കിന്റെ ഭവനമാണ് വൈദികന് ഒളിവിൽ താമസിക്കുന്നതിന് അനുയോജ്യമായി കണ്ടെത്തിയത്. ഫാ. ജേക്കബ് ഷൗവിന്റെ നേതൃത്വത്തിൽ ആ ഭവനത്തിൽ ദിവ്യബലികളും മതബോധനക്ലാസുകളും നടത്തപ്പെട്ടു. ആ വൈദികന്റെ വേലക്കാരിയും സെക്രട്ടറിയും സെക്യൂരിറ്റിയുമൊക്കെയായി കാംഗ് വാൻസുക്ക് മാറി. ഈ കാലമൊക്കെയും തന്റെ കുലീനത്വവും പാണ്ഡിത്യവും ആകർഷകമായ വ്യക്തിത്വവും വഴിയായി നിരവധിയാളുകളെ കാംഗ് സത്യവിശ്വാസത്തിലേക്ക് നയിച്ചു.
1801-ൽ മറ്റൊരു രൂക്ഷമായ പീഡനകാലഘട്ടം കൊറിയയിൽ ആരംഭിച്ചു. കൊളംബ കാംഗ് വാൻസുക്കും അറസ്റ്റ് ചെയ്യപ്പെട്ടു. പക്ഷേ അതിനുമുൻപു തന്നെ ഫാ. ഷൗവിനെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകാതിരുന്നതിനാൽ കാംഗ് പീഡനങ്ങൾക്കു വിധേയയായി. അവളുടെ സഹനശക്തിയും വിശ്വസ്തതയും പീഡകരെ പോലും അത്ഭുതപ്പെടുത്തിയത്രേ. ഫാ. ഷൗ സ്വമനസാലെ പിടികൊടുക്കുന്നത് വരെ ആ പീഡനം തുടർന്നു. ഫാ. ജേക്കബ് ഷൗവും കൊളംബ കാംഗ് വാൻസുക്കും ഉൾപ്പെടെ നിരവധി ക്രൈസ്തവരെ അധികാരികൾ വധിച്ചു.
ക്രൈസ്തവർ കൊറിയയിൽ നേരിടേണ്ടിവന്ന പീഡനങ്ങൾ വത്തിക്കാനെ അറിയിക്കുന്നതിനായി കൺഫൂഷ്യൻ പണ്ഡിതനും കത്തോലിക്ക വിശ്വാസിയുമായ ഹ്വാംഗ് സായോംഗ് 1801-ൽ സിൽക്ക് തുണിയിൽ ഏറ്റവും ചെറിയ ലിപികൾ ഉപയോഗിച്ച് എഴുതിയ കത്ത് സിൽക്ക് ലെറ്റർ എന്നാണ് അറിയപ്പെടുന്നത്. വിശ്വാസികളുടെ നേതാവായ കൊളംബയുടെ സമർപ്പണത്തെക്കുറിച്ചും നേതൃത്വപാടവത്തെക്കുറിച്ചും അതിൽ പരാമർശമുണ്ട്. ധീരരക്തസാക്ഷിയായ കൊളംബ കാംഗ് വാൻസുക്കിനെ 2014 ഓഗസ്റ്റ് 16-ന് ഫ്രാൻസിസ് മാർപാപ്പ ദക്ഷിണകൊറിയയിൽ അപ്പസ്‌തോലിക സന്ദർശനം നടത്തിയ വേളയിൽ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.

രഞ്ജിത് ലോറൻസ്

Leave a Reply

Your email address will not be published. Required fields are marked *