ശൂന്യതയിൽ ഉഴലുമ്പോൾ…

മലയുടെ നെറുകയിലാണ് സന്യാസിയുടെ ആശ്രമം. വൃക്ഷങ്ങൾ ആശ്രമത്തെ വലയം ചെയ്തിരിക്കുന്നതിനാൽ സന്യാസിയും ശിഷ്യരും വെള്ളം കുടിച്ചുകൊണ്ടിരുന്ന കിണറ്റിലെ വെള്ളം ഇലകൾ വീണ് ചീഞ്ഞളിഞ്ഞ് മോശമായി. അതിനാൽ കിണർ തേകി വൃത്തിയാക്കുവാൻ തീരുമാനിച്ചു. ”കിണറ്റിലേക്ക് ഒരുപാട് ഉറവകളുണ്ടണ്ടണ്ടണ്ട്. നമ്മൾ വെള്ളമെല്ലാം വലിച്ചു കയറ്റി കഴിയുമ്പോൾ വീണ്ടും ഉറവകളിലൂടെ ജലം വന്ന് കിണർ നിറയുകയില്ലേ?”

ശിഷ്യന്റെ ചോദ്യം ഗുരു ശ്രദ്ധയോടെ ശ്രവിച്ചു. ”വെള്ളം മുഴുവൻ കോരിക്കഴിഞ്ഞാലുടനെ ഉറവകളെല്ലാം അടയ്ക്കുകയാണെങ്കിൽ ആ പ്രശ്‌നം പരിഹൃതമാകുമല്ലോ” സന്യാസി മറുപടി പറഞ്ഞപ്പോൾ രസികനായ വേറൊരു ശിഷ്യൻ വിചിത്രമായ ഒരു ചോദ്യമുണർത്തി: ”കിണറ്റിലെ വെള്ളം മുഴുവൻ വറ്റിയാൽ അത് പൊട്ടക്കിണറായി പോകില്ലേ? കിണറിന് ദുഃഖമാകില്ലേ?”
”കിണർ ശൂന്യമായെങ്കിലേ അതിലെ അഴുക്കെല്ലാം നീക്കം ചെയ്യാനാവൂ. താത്കാലികമായ ആ ശൂന്യതയെ ഓർത്ത് കിണർ ദുഃഖിക്കുന്നില്ല. വൃത്തിയായി കഴിഞ്ഞാൽ പിന്നെ ഉറവകൾ തുറക്കാം. അപ്പോൾ ജലം വീണ്ടും വന്ന് നിറയും. കിണറിന്റെ ദുഃഖം അതോടെ സന്തോഷമായി മാറുമല്ലോ.” സംസാരം അവസാനിപ്പിച്ചിട്ട് ഗുരു കിണർ വൃത്തിയാക്കുവാനുള്ള ശ്രമത്തിലേർപ്പെട്ടു. ശിഷ്യന്മാർ അദ്ദേഹത്തോടൊപ്പം കൂടി.

മനുഷ്യമനസുകളിൽ ശൂന്യതാബോധത്തിന്റെ വരൾച്ച പലപ്പോഴും അനുഭവപ്പെടാറുണ്ട് ശൂന്യത തിങ്ങുന്ന മനസ് ശുദ്ധീകരണത്തിനായി വഴിയൊരുക്കുന്ന ദിവ്യ ഔഷധിയാണ്. മഴയ്ക്കായി വേഴാമ്പൽ ഉഴലുംപോലെ, ജീവജലത്തിന്റെ അരുവികൾ തുറക്കുന്ന ദൈവത്തിനായി നമ്മുടെ മനസുകൾ അപ്പോൾ ദാഹിക്കും. ശാന്തിയുടെയും സാന്ത്വനത്തിന്റെയും സ്വച്ഛമായ നീർച്ചാലുകൾ ഒഴുക്കി ശൂന്യത തിങ്ങുന്ന മനുഷ്യഹൃദയങ്ങളെ ദൈവം കൃപയാൽ നിറയ്ക്കും. ജീവിതത്തിന്റെ ശൂന്യതയിലും നിറവിലും ദൈവത്തെ തേടുന്ന വ്യക്തികളാകുവാനായി നമുക്ക് യത്‌നിക്കാം.

Leave a Reply

Your email address will not be published. Required fields are marked *