വ്യക്തിപരമായ പ്രാർത്ഥനയും പ്രേഷിതപ്രവർത്തനങ്ങളുമായി ജീവിതത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ചെറുപ്പക്കാരൻ. രണ്ടാഴ്ചയിലൊരിക്കൽ കുമ്പസാരിക്കുമ്പോൾ തന്റെ കുമ്പസാരക്കാരനായ വൈദികനോട് പ്രധാനമായി അവന് പങ്കുവയ്ക്കാനുണ്ടായിരുന്ന ഒരു പാപം ഇതാണ് – മറ്റുള്ള വ്യക്തികളുടെ കുറ്റം പറഞ്ഞുപോകുന്നു. ഓരോ കുമ്പസാരവും കഴിയുമ്പോൾ അദ്ദേഹം വൈദികൻ പറയുന്ന പ്രായശ്ചിത്തവും തന്റെ പാപത്തിനായി പരിഹാരങ്ങളും ചെയ്യുന്നു. വീണ്ടും സാഹചര്യങ്ങൾ ഒത്തുവരുമ്പോൾ അതേ പാപംതന്നെ ചെയ്യുന്നു!
അദ്ദേഹത്തിന്റെ പ്രശ്‌നം ഇതാണ്: സുഹൃത്തുക്കളോടും മറ്റു വ്യക്തികളോടും സംസാരിക്കുമ്പോഴൊന്നും അദ്ദേഹം മറ്റുള്ളവരുടെ കുറ്റവും കുറവുകളും സംസാരിക്കാറില്ല. പക്ഷേ, കുടുംബത്തിലായിരിക്കുന്ന സമയങ്ങളിലും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന വേളകളിലുമെല്ലാം സംസാരത്തിനിടയ്ക്ക് പല വ്യക്തികളുടെയും കുറ്റങ്ങളും കുറവുകളും അറിയാതെ പറഞ്ഞുപോകുന്നു. പലപ്പോഴും ഇങ്ങനെ സംസാരിക്കാൻ തുടങ്ങുന്നതിനുമുൻപേ, ‘ഇതു സംസാരിക്കരുത്’ എന്നുള്ള പരിശുദ്ധാത്മാവിന്റെ പ്രചോദനം അദ്ദേഹത്തിന് ലഭിക്കാറുണ്ടെങ്കിലും ആ പ്രചോദനത്തെ അത്ര ഗൗരവത്തിലെടുക്കാതെ അദ്ദേഹവും കുടുംബാംഗങ്ങളും ഇങ്ങനെ പലതും സംസാരിച്ചുപോകുന്നു. ”ദൈവം മനസിന്റെ സൂക്ഷ്മവ്യാപാരങ്ങളെ അറിയുന്നവനും ഹൃദയത്തെ യഥാർത്ഥമായി നിരീക്ഷിക്കുന്നവനും നാവിൽനിന്ന് ഉതിരുന്നത് കേൾക്കുന്നവനും ആണ്” (ജ്ഞാനം 1:6).
ഈ സ്വഭാവം മാറ്റിയെടുക്കുവാൻ അദ്ദേഹം തീവ്രമായി ആഗ്രഹിച്ചു. പക്ഷേ, സാധിക്കുന്നില്ല. ഇടവക വൈദികന്റെ അടുത്ത് ഇതേ കാര്യംതന്നെ ആവർത്തിച്ച് കുമ്പസാരിക്കേണ്ടി വന്നപ്പോൾ, ഈ കുമ്പസാരം തുടർന്നുകൊണ്ടു പോകുവാൻതന്നെ അദ്ദേഹത്തിന് മടിയായി. എന്നാൽ അദ്ദേഹത്തെ വ്യക്തിപരമായി അറിയാവുന്നയാളായിരുന്നു ആ നല്ല വൈദികൻ.
അദ്ദേഹം ഒരിക്കൽ കുമ്പസാരത്തിനിടയ്ക്ക് നല്കിയ ഉപദേശം ഇപ്രകാരമാണ്: ‘നമ്മുടെ കുടുംബം ദൈവം വസിക്കുന്ന ഇടമാണ്. ദൈവം വസിക്കുന്ന ഇടമെന്നാൽ അത് സ്വർഗമാണ്. സ്വർഗത്തിൽ തിന്മയ്ക്ക് ഇടമില്ല. അവിടെ ദൈവസ്തുതികളാണ് ഉയരേണ്ടത്. തിന്മയായതൊന്നും നമ്മുടെ വീടുകളിൽ സൂക്ഷിച്ചുവയ്ക്കരുത്. അതുപോലെതന്നെ തിന്മയായ സംസാരവും പാടില്ല. അതിനാൽ, നിങ്ങൾ കുടുംബത്തിലായിരിക്കുമ്പോൾ സംസാരത്തിനിടയ്ക്ക് അറിയാതെ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പറയുവാൻ തുടങ്ങുന്നതിനുമുൻപേ നിങ്ങളുമായി സംസാരിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയുമായി വീടിനു പുറത്തേക്കു പോകുക. വീടിനും മുറ്റത്തിനും പുറത്തിരുന്ന് സംസാരിച്ചുകൊള്ളുക.’
ഈ ഉപദേശംകൊണ്ട് അദ്ദേഹത്തിന്റെ കുറ്റംപറയുന്ന സ്വഭാവത്തെ മുഴുവനായും മാറ്റിനിർത്തുവാൻ സാധിച്ചു. കാരണം കുറ്റംപറയുവാൻ നാവിൽ വരുന്നതിനുമുൻപേ വൈദികൻ പറഞ്ഞുതന്ന കാര്യം ഓർക്കും. എന്നാൽ, കുറ്റംപറയാൻവേണ്ടിമാത്രം വീടിനു പുറത്തുപോകുക എന്നത് സാധ്യമല്ലല്ലോ. അതിനാൽ ഇങ്ങനെയുള്ള സാഹചര്യം പലയാവർത്തിയുണ്ടായപ്പോൾ അദ്ദേഹം പരിശുദ്ധാത്മാവിന്റെ പ്രചോദനത്തോട് സഹകരിക്കുകയും നല്ല വ്യക്തിത്വത്തിന്റെ ഉടമയാവുകയും ചെയ്തു. ”വ്യർത്ഥഭാഷണത്തെ വെറുക്കുന്നവൻ തിന്മയിൽനിന്ന് ഒഴിഞ്ഞിരിക്കും” (പ്രഭാഷകൻ 19:6).
നമ്മുടെ വ്യക്തിപരമായ ജീവിതത്തിലും ഈ ‘കുറ്റംപറയൽ’ എന്ന തിന്മയുടെ സ്വാധീനം നിലനില്ക്കുന്നുവെങ്കിൽ നമുക്കും പുറത്തേക്കു പോകൽ പരിശീലിക്കാം. പൗലോസ് അപ്പസ്‌തോലൻ എഫേസോസിലെ വിശ്വാസികൾക്ക് ഇപ്രകാരം എഴുതി: ”നിങ്ങളുടെ അധരങ്ങളിൽനിന്ന് തിന്മയുടെ വാക്കുകൾ പുറപ്പെടാതിരിക്കട്ടെ. കേൾവിക്കാർക്ക് ആത്മീയചൈതന്യം പ്രദാനം ചെയ്യുന്നതിനായി, അവരുടെ ഉന്നതിക്കുതകുംവിധം നല്ല കാര്യങ്ങൾ സന്ദർഭമനുസരിച്ച് സംസാരിക്കുവിൻ” (എഫേസോസ് 4:29). •
ജാക്‌സൺ ജോൺ