ഇങ്ങനെയും ചില ദിവ്യകാരുണ്യ അത്ഭുതങ്ങൾ

ഓരോ അവധിക്കും സെമിനാരിയിൽനിന്ന് വീട്ടിലേക്ക് വരുമ്പോൾ ഡ്രൈവിങ്ങ് ലൈസൻസിനായുള്ള ലേണേഴ്‌സ് ടെസ്റ്റ് എഴുതും. ഡ്രൈവിംഗ് ടെസ്റ്റിന് സമയമാകുമ്പോൾ അവധി കഴിഞ്ഞ് ഞാൻ സെമിനാരിയിൽ ആയിരിക്കും. അത്തവണ ഉറച്ച തീരുമാനവുമായാണ് അവധിക്ക് വീട്ടിലെത്തിയത്. എന്ത് വിലകൊടുത്തും ലൈസൻസ് സ്വന്തമാക്കണം. കാറോടിക്കാൻ അറിയാത്തതിനാൽ ഡ്രൈവിങ്ങ് സ്‌കൂളിൽ ചേർന്ന് ക്ലാസ് ആരംഭിച്ചു.

അവിടെ വീണ്ടും പ്രതിസന്ധി. രാവിലെ ആറുമുതൽ എട്ടുവരെയാണ് പുരുഷന്മാരുടെ ക്ലാസ് സമയം. ബാക്കിയുള്ള പകൽസമയം മുഴുവൻ സ്ത്രീകൾക്കാണ് ക്ലാസ്. ഉള്ളിൽ അതിയായ ആഗ്രഹം, എന്തു വിലകൊടുത്തും ലൈസൻസ് നേടണം. പക്ഷേ, വിശുദ്ധ കുർബാന അവിടെ തടസമായി വന്നിരിക്കുന്നു. സെമിനാരിയിലുള്ള ബ്രദേഴ്‌സിനോട് ഇനി ലൈസൻസ് എടുത്തശേഷം കാണാം എന്ന അമിത വിശ്വാസത്തോടെ പറഞ്ഞ വാക്കുകൾ എന്റെനേർക്ക് ചോദ്യമായി നില്ക്കുന്നു. വിശുദ്ധ കുർബാനയ്ക്ക് വൈകുന്നേരം പോയാൽ പോരേ എന്ന ചിന്ത മനസിൽ വന്നു.

രാവിലെ ഡ്രൈവിംഗ് ക്ലാസിന് പോകാം, വൈകിട്ട് വിശുദ്ധ കുർബാനയ്ക്കും പോകാം തുടങ്ങി എനിക്ക് ഉപകാരമായി തോന്നിയ ചിന്തകൾ വളർത്തി, ദൈവഹിതത്തെ അറിയാൻ ശ്രമിക്കാതെ എന്റെ ഹിതത്തെ ദൈവഹിതമാക്കാൻ ശ്രമിച്ചു. ഒരു ഉത്തമ തീരുമാനത്തിനായി ഞാൻ അമ്മയെ സമീപിച്ചു. അമ്മ ചിന്തിക്കാതെ തന്നെ ഇപ്രകാരം മറുപടി നല്കി: ”മോനേ, ഓരോ ദിനവും ദൈവസന്നിധിയിൽനിന്ന് ആരംഭിച്ച് പൂർണമായി നല്ല തമ്പുരാനിൽ ശരണം വച്ചാൽ കർത്താവ് തന്നെ എല്ലാം നോക്കിക്കൊള്ളും.” ഒരു തീക്കനൽപോലെ അമ്മയുടെ ഈ വാക്കുകൾ എന്റെ ഹൃദയത്തിലേക്ക് പതിച്ചു.

ഒരു കാര്യം ഞാൻ തീരുമാനിച്ചു. വിശുദ്ധ കുർബാനയുടെ സമയം ഞാൻ മാറ്റുന്നില്ല. പക്ഷേ വീണ്ടും ചോദ്യം നിലനില്ക്കുന്നു, പിന്നെ എങ്ങനെ ടെസ്റ്റ് പാസാകും? ദൈവത്തിൽമാത്രം അഭയം തേടി ഞാൻ ടെസ്റ്റിനായി ഒരുങ്ങി. ടെസ്റ്റിന്റെ തലേദിവസം എന്റെ ജ്യേഷ്ഠനോട് കാറോടിക്കുന്നത് എങ്ങനെയെന്ന് ചോദിച്ചറിഞ്ഞു. ടെസ്റ്റിന്റെ ദിവസം രാവിലെ വിശുദ്ധ ബലിക്കുശേഷം ഞാൻ ഈശോയോട് ഒന്നുമാത്രം പറഞ്ഞു: ‘നിനക്കറിയാം എല്ലാം. നീ തന്നെ ശരിയാക്കണം.’

ടെസ്റ്റിന് മുൻപ് ശാന്തമായി ടെസ്റ്റ് ഗ്രൗണ്ടിനടുത്തുള്ള പള്ളിയിൽപോയി തിരുസക്രാരിക്ക് മുന്നിൽ ഞാൻ മുട്ടുകുത്തി. ജീവിതത്തിൽ ആദ്യമായാണ് ഞാൻ കാറിന്റെ വളയം തനിയെ പിടിക്കാൻ ഒരുങ്ങുന്നത്. അങ്ങയുടെ ഇഷ്ടംപോലെ എല്ലാം സംഭവിക്കട്ടെ. ടെസ്റ്റിനായി എന്റെ പേര് വിളിച്ചു. ജ്യേഷ്ഠൻ പറഞ്ഞുതന്ന അറിവുമാത്രം വച്ചുകൊണ്ട് ഞാൻ കാറിനെ സമീപിച്ചു. ഓഫിസർ വന്ന് കാറിന്റെ ഡോർ തുറന്നു. ഞാൻ കാറിൽ കയറിയിരുന്നു. താക്കോൽ തിരിച്ച് സ്റ്റാർട്ട് ചെയ്തു. പറഞ്ഞ അറിവുവച്ച് ഞാൻ കാർ മുന്നോട്ടെടുത്തു. ‘എച്ചി’ന്റെ അങ്ങേയറ്റത്ത് എത്തി. തിരിച്ചുവരാൻ ആരംഭിച്ചപ്പോൾ ആക്‌സിലേറ്ററിൽ കാൽ അമർന്നുപോയി. എന്റെ കൺട്രോൾ വിട്ട് വണ്ടി പാളിപ്പോയി. യേശുവേ എന്ന് വിളിച്ച് കണ്ണടച്ച് ഇടത്തോട്ടും വലത്തോട്ടും വളയം തിരിച്ചു. എന്താണ് സംഭവിച്ചതെന്നറിയാതെ ഞാൻ എല്ലാം കഴിഞ്ഞ് കണ്ണ് തുറന്നപ്പോൾ എച്ച് പൂർത്തിയാക്കിക്കഴിഞ്ഞിരിക്കുന്നു. പെട്ടെന്ന് എന്റെ കണ്ണുകൾ ഗ്രൗണ്ടിലെ കമ്പികളിലേക്ക് തിരിഞ്ഞു.

എല്ലാം പഴയപടി നില്ക്കുന്നു. എന്റെ കൈകളെ എനിക്ക് വിശ്വസിക്കാനായില്ല. ആ സമയം ഞാൻ അല്ല കാറിന്റെ വളയം പിടിച്ചത്, യേശുവായിരുന്നുവെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ദിവ്യകാരുണ്യ അത്ഭുതങ്ങൾ ഇങ്ങനെയും സംഭവിക്കാമെന്ന് കർത്താവ് പഠിപ്പിച്ചുതന്നു. എന്റെ ഹിതം ദൈവഹിതമാക്കി മാറ്റുന്നതിന് പകരം ദൈവഹിതത്തോട് നമ്മെ ചേർത്തുവച്ചാൽ ജീവിതം കൃപാപൂർണമാകും.

അനേക ദിനങ്ങൾ ക്ലാസിനുപോയശേഷം അന്ന് ടെസ്റ്റിന് പോയിരുന്നെങ്കിൽ തീർച്ചയായും ഞാൻ വിജയിക്കുമായിരുന്നില്ല. യേശുവിന്റെ കരുതൽകൊണ്ട് മാത്രമാണ് അന്നത്തെ പരീക്ഷ എനിക്ക് വിജയിക്കാനായത് എന്നെനിക്ക് ബോധ്യമുണ്ട്. ടെസ്റ്റ് കഴിഞ്ഞ് കാറിൽനിന്ന് ഇറങ്ങുമ്പോൾ മോട്ടോർ ഇൻസ്‌പെക്ടർ പറഞ്ഞത് ഇപ്രകാരമാണ്: ‘ഒരു പ്രൊഫഷണൽ ടച്ച് ഉണ്ടായിരുന്നു!’ ഞാൻ മനസിൽ ഓർത്തു, ഈശോയ്ക്ക് പ്രൊഫഷണൽ ടച്ചോ. അതെ, ഈ സൃഷ്ടപ്രപഞ്ചംതന്നെ അവിടുത്തെ പ്രൊഫഷണൽ ടച്ചിന്റെ ഉദാത്ത ഉദാഹരണമാണല്ലോ.

ബ്രദർ ഷാരോൺ ചീനാത്ത്

Leave a Reply

Your email address will not be published. Required fields are marked *