നന്ദിഹീനതയെന്ന മഹാഹീനത

അന്ന് ഞാൻ സ്‌കൂളിന്റെ ഗെയിറ്റിനടുത്തെത്തിയപ്പോൾ അതാ ഒരു ജനക്കൂട്ടം. അതു മറ്റാരുമായിരുന്നില്ല ഞാൻ പഠിപ്പിക്കുന്ന ക്ലാസിലെ കുട്ടികൾ തന്നെ. ഞാൻ അവരുടെ അടുത്ത് ചെല്ലുന്നതിനുമുമ്പുതന്നെ ക്ലാസിലെ ലീഡറായിരുന്ന കുട്ടി വിളിച്ചുപറഞ്ഞു: ”ടീച്ചറേ, ടീച്ചറിന്ന് സ്‌കൂളിലേക്ക് വരേണ്ട. തിരിച്ച് വീട്ടിലേക്ക് പൊയ്‌ക്കൊള്ളൂ. ടീച്ചറിനെ അസഭ്യം പറയാൻ സന്ദീപിന്റെ അമ്മ ഇങ്ങോട്ട് വരുന്നുണ്ട്. ഞങ്ങൾ അവന്റെ അമ്മയെ സ്‌കൂളിൽ പോരുന്ന വഴിക്ക് കണ്ടു. സന്ദീപിന്റെ അമ്മ ഞങ്ങളോടും മോശം വാക്കുകൾ പറഞ്ഞു.”

ഞാൻ ചോദിച്ചു, ”എന്തിനാണവർ എന്നെ അസഭ്യം പറയുന്നത്?” അവർ പറഞ്ഞു: ”ടീച്ചറിന്നലെ സന്ദീപിന് ഉച്ചക്കഞ്ഞി കൊടുത്തില്ല എന്ന് പറഞ്ഞാണ് അസഭ്യം പറയുന്നത്.” ”ഞാനവന് ഉച്ചക്കഞ്ഞി കൊടുക്കാതിരുന്നില്ലല്ലോ. പിന്നെന്താ അവർ അങ്ങനെ പറയുന്നത്?” ഞാൻ ചോദിച്ചു. ”അവനങ്ങനെയാ വീട്ടിൽ ചെന്ന് ടീച്ചറിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. അതുകൊണ്ടായിരിക്കും അസഭ്യം പറയുന്നത്”; കുഞ്ഞുങ്ങൾ അഭിപ്രായപ്പെട്ടു.

ഏതായാലും ഞാൻ സ്‌കൂളിലേക്ക് ചെന്നു. അപ്പോഴുണ്ട് എന്റെ സഹപ്രവർത്തകരായ ടീച്ചേഴ്‌സ് മുന്നിൽ. അവരും പറയുന്നു, ”ആ സ്ത്രീ വായിൽ വരുന്ന അസഭ്യം മുഴുവൻ കുട്ടികളുടെ മുമ്പിൽവച്ച് ടീച്ചറിനോട് വിളിച്ചുപറയും. അതുകൊണ്ട് സ്റ്റെല്ലടീച്ചർ തല്ക്കാലം ക്ലാസിൽ പോകണ്ട. അവർ വന്നു പോയതിനുശേഷം ക്ലാസിൽപോയാൽ മതി. അതുവരെ സ്റ്റാഫ് റൂമിലിരിക്ക്.” ഞാൻ അവർ പറഞ്ഞതനുസരിച്ചു. നാരായണി എന്നു പേരുള്ള സന്ദീപിന്റെ അമ്മ വന്ന് എന്നെ കാണാൻ കഴിയാത്തതിനാൽ ഹെഡ്മിസ്ട്രസിനോട് എന്നെക്കുറിച്ച് വായിൽ വന്നതെല്ലാം വിളിച്ചു പറഞ്ഞ് തിരികെ പോയി. പോകുന്ന വഴിയ്‌ക്കെല്ലാം കണ്ടവരോടെല്ലാം എന്നെക്കുറിച്ച് അസഭ്യം പറഞ്ഞു. കൊയ്ത്തുപാടത്തെത്തിയ കൂട്ടത്തിൽ കൊയ്തുകൊïിരുന്നവരോടൊക്കെ എന്നെക്കുറിച്ച് അസഭ്യം പറഞ്ഞു. അതും കൂടാതെ പറയാവുന്നിടത്തെല്ലാം പറയാവുന്നവരോടെല്ലാം എന്നെക്കുറിച്ച് അസഭ്യം വിളിച്ചുപറഞ്ഞു.

അസഭ്യംപറച്ചിലിന്റെ ചുരുളഴിയുന്നു
സന്ദീപ് ഒരു ദരിദ്രനായ ബാലനായിരുന്നു. സന്ദീപിന്റെ അച്ഛൻ വേലു കടുത്ത മാനസിക രോഗിയും കഞ്ചാവിന് അടിമയായ വ്യക്തിയുമാണ്. വീട്ടിൽ സന്ദീപിന് താഴെ മൂന്ന് കുട്ടികൾ ഉണ്ട്. ഇടിഞ്ഞു വീഴാറായ ഓലഷെഡിലാണ് താമസം. വീട്ടിൽ എന്നും കലഹമാണ്. മിക്കവാറും രാത്രികളിൽ നാരായണിയും മക്കളും അടുത്തുള്ള തെങ്ങിൻപറമ്പിലോ വാഴച്ചുവട്ടിലോ ഒക്കെയാണ് അന്തിയുറക്കം. മാനസികരോഗിയായ വേലു കഞ്ചാവടിച്ച് കിറുങ്ങിവന്ന് വീട്ടിൽ സൃഷ്ടിക്കുന്ന പ്രപഞ്ചം നിമിത്തം നാരായണിയും ആ തരത്തിലായി. വീട്ടിൽ രണ്ടുപേരും ഒന്നു കണ്ടുമുട്ടിയാൽ അസഭ്യപ്പാട്ടാണ്. നാലുമക്കൾക്കും അപ്പനും അമ്മയ്ക്കും വേണ്ട വക നാരായണി അധ്വാനിച്ചുണ്ടാക്കണം. അങ്ങനെ അധ്വാനിച്ചുണ്ടാക്കുന്ന അന്തിക്കഞ്ഞിപോലും കുടിക്കാൻ സമ്മതിക്കുകയില്ല വേലു. ചിലപ്പോൾ അന്തിക്കഞ്ഞി കലത്തോടെ എടുത്ത് പുറത്തേക്ക് വലിച്ചെറിയും. വീട്ടിലങ്ങനെ മുഴുപ്പട്ടിണി.
സന്ദീപ് സ്‌കൂളിലെത്തിയപ്പോൾ വീട്ടിലെ തകർച്ചയുടെ തിക്തഫലങ്ങൾ കാണിക്കുന്ന കുട്ടിയായി. വീട്ടിലെ അസഭ്യപ്പാട്ട് സ്‌കൂളിലും അവൻ പ്രാക്ടീസ് ചെയ്തു. കൂടെ പഠിക്കുന്നവരെ പഠിപ്പിച്ചു. മറ്റു കുട്ടികളെ അവൻ ഉപദ്രവിക്കാൻ തുടങ്ങി. ക്ലാസിൽ ടീച്ചേഴ്‌സിനെക്കൊണ്ട് ക്ലാസ് എടുപ്പിക്കുവാൻ വയ്യാത്ത ശല്യം. പകുതിയോളം ദിവസം ക്ലാസിൽ വരികയില്ല. നാലാം ക്ലാസിലെത്തിയിട്ടും അക്ഷരങ്ങൾപോലും പഠിച്ചിട്ടില്ല. ടീച്ചേഴ്‌സിന് അവൻ ഒരു തലവേദനയായതുകൊണ്ട് എല്ലാ ടീച്ചേഴ്‌സും അവനെ ഒഴിവാക്കാൻ ശ്രമിച്ചു. പക്ഷേ നിർലോഭമായി ഉച്ചയ്ക്ക് കിട്ടുന്ന ഉച്ചക്കഞ്ഞിയും ചെറുപയറും ഉള്ളതുകൊണ്ട് അവൻ സ്‌കൂൾ ഒഴിവാക്കിയതുമില്ല.

അങ്ങനെയിരിക്കുമ്പോഴാണ് ആ സ്‌കൂളിൽ ആ ക്ലാസിൽ ലീവ് വേക്കൻസിയിൽ ഞാൻ ക്ലാസ്ടീച്ചറായി ചാർജെടുക്കുന്നത്. ചാർജെടുത്തപ്പോൾത്തന്നെ പ്രധാനാധ്യാപികയും മറ്റു ടീച്ചേഴ്‌സും സന്ദീപിനെക്കുറിച്ച് പറഞ്ഞിരുന്നു. നല്ല ചുട്ട അടി കൊടുത്ത് പേടിപ്പിച്ചിരുത്തിയില്ലെങ്കിൽ അവൻ തലയിൽ കയറിയിരുന്ന് ചെവി തിന്നുന്ന സൈസാണെന്ന്. ഈ അഭിപ്രായം ടീച്ചേഴ്‌സെല്ലാം ഒറ്റ സ്വരത്തിൽ പറഞ്ഞു.

പക്ഷേ എനിക്കെന്തുകൊണ്ടോ അവനോട് കരുണയാണ് തോന്നിയത്. ക്ലാസിലെ ഏറ്റവും പുറകിലെ ബഞ്ചിൽ ഏറ്റവും ഒടുവിലത്തെ ആളായിരുന്ന സന്ദീപിനെ ഞാൻ വിളിച്ച് ഏറ്റവും മുമ്പിലെ ബഞ്ചിൽ നന്നായി പഠിക്കുന്ന രണ്ട് കുട്ടികളുടെ നടുവിൽ ഇരുത്തി. പ്രത്യേക ശ്രദ്ധ അവന് നല്കി. അക്ഷരങ്ങൾ മുഴുവനും അറിഞ്ഞുകൂടാത്ത അവനെ പ്രത്യേക സമയം കണ്ടെത്തി അക്ഷരങ്ങൾ പഠിപ്പിച്ചു. ക്ലാസിൽ മറ്റു കുട്ടികളുടെ ഇടയിൽനിന്നും പിരിവെടുത്ത് അവന് പുസ്തകസഞ്ചിയും കുടയും പുതിയ യൂണിഫോമും വാങ്ങിക്കൊടുത്തു. വെറുതെ കിട്ടുന്ന സമയത്ത് അവനെ അടുക്കൽ വിളിച്ച് സ്‌പെഷ്യൽ ട്യൂഷൻ നല്കി. ഉച്ചയ്ക്ക് എല്ലാ കുട്ടികൾക്കും കൊടുത്തതിനുശേഷം ബാക്കിവരുന്ന ഉച്ചക്കഞ്ഞി അവന്റെ ചോറുപാത്രത്തിൽ കുത്തിനിറച്ച് എല്ലാ ദിവസവും വീട്ടിൽ കൊടുത്തയച്ചു. എല്ലാറ്റിനുമുപരി അവന് കർത്താവിന്റെ സ്‌നേഹം പകർന്നുകൊടുത്തു. അവനോട് പരമാവധി കാരുണ്യം കാണിച്ചു.

നന്ദിഹീനതയുടെ വഴികളിലൂടെ
ഇങ്ങനെയെല്ലാം ചെയ്തിട്ടും അവന്റെ സ്വഭാവത്തിൽ വലിയ മാറ്റമൊന്നും വന്നില്ല. ഞാനവന് ചെയ്തുകൊടുക്കുന്ന എല്ലാ പ്രത്യേക പരിഗണനകളും അവന്റെ അമ്മ നാരായണിക്കും നന്നായി അറിയാവുന്നതായിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ ബോർഡിൽ എഴുതിക്കൊണ്ടിരുന്നപ്പോൾ സന്ദീപ് ക്ലാസിലിരുന്ന് മൂങ്ങാ മൂളുന്നതുപോലെ സ്വരം പുറപ്പെടുവിക്കാൻ തുടങ്ങി. കുട്ടികളെല്ലാം ആർത്തു ചിരിച്ചു. ക്ലാസ് അലങ്കോലമായി. ”ആരാണ് ക്ലാസിലിരുന്ന് മൂങ്ങയുടെ സ്വരം കേൾപ്പിക്കുന്നത്,” ഞാൻ തിരക്കി. കുട്ടികൾ വിളിച്ചു പറഞ്ഞു, ”ടീച്ചറേ സന്ദീപാണ്.” ഞാൻ സന്ദീപിനെ വഴക്കുപറഞ്ഞു. വീണ്ടും ആവർത്തിക്കരുതെന്ന് പറഞ്ഞ് താക്കീതു ചെയ്തു. പക്ഷേ വീണ്ടും വീണ്ടും അവൻ അത് ആവർത്തിച്ചു. ഒന്നല്ല, പലവട്ടം.
ധിക്കാരപൂർവമുള്ള അവന്റെ അലമ്പാക്കൽശ്രമത്തിന് തക്കശിക്ഷയാണ് നല്‌കേണ്ടിയിരുന്നത്. പക്ഷേ അവന്റെ വീട്ടിലെ നിജസ്ഥിതിയും അവൻ കടന്നുപോകുന്ന വീട്ടിലെ അരക്ഷിതാവസ്ഥകളും ഓർത്ത് വീണ്ടും ഞാനവനോട് കരുണ കാണിച്ചു. അവനെ തല്ലാതെ വഴക്കുപറഞ്ഞ് മറ്റു കുട്ടികൾക്ക് ശല്യമുണ്ടാകാത്തവിധത്തിൽ ക്ലാസിന്റെ പുറത്ത് ഇറക്കി നിർത്തി. അല്പസമയം അങ്ങനെ കഴിഞ്ഞു. അപ്പോഴാണ് ഉച്ചഭക്ഷണത്തിനുള്ള മണി അടിച്ചത്. കുട്ടികളെല്ലാം ഉച്ചയൂണിനായി പുറത്തേക്കോടി. സന്ദീപും ആ കൂടെ പോയിട്ടുണ്ടാകും എന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷേ അവനെ പുറത്താക്കി നിർത്തിയതിനാൽ എന്നോട് വാശി തീർക്കാൻവേണ്ടി അവൻ പോയില്ല. അവിടെത്തന്നെ നിന്നു. ഞാനത് അറിഞ്ഞതുമില്ല.

ഉച്ചവിശ്രമത്തിന്റെ സമയം തീരാറായപ്പോഴാണ് സന്ദീപ് ഉച്ചക്കഞ്ഞി മേടിക്കാൻ പോയില്ല എന്ന് ഞാനറിഞ്ഞത്. ഞാനവനെ കഞ്ഞി കുടിക്കാൻ പറഞ്ഞുവിട്ടു. അവന് വയറുനിറച്ച് കഞ്ഞി കിട്ടി. പക്ഷേ വൈകി ചെന്നതുകൊണ്ട് വീട്ടിൽ കൊണ്ടുപോകാൻ കിട്ടിയില്ല. അതുകൊണ്ടവന് വീണ്ടും വാശിയായി. വീട്ടിൽ ചെന്നപ്പോൾ പതിവു കഞ്ഞി സന്ദീപിന്റെ പാത്രത്തിൽ കാണാത്തതിനാൽ അമ്മ കാര്യം തിരക്കി. അവൻ പറഞ്ഞു, ”ടീച്ചറെന്നെ കഞ്ഞി കുടിക്കാൻ വിട്ടില്ല. എനിക്ക് കഞ്ഞി തന്നില്ല. ടീച്ചറിന് മുതലാളിപ്പിള്ളേരോടാണ് സ്‌നേഹം. അവരെയെല്ലാം ഉണ്ണാൻ വിട്ടിട്ടും എന്നെ വിട്ടില്ല.” മകൻ പറഞ്ഞത് ശരിയോ തെറ്റോ എന്നവർ തിരക്കിയില്ല. തുടർന്നായിരുന്നു അസഭ്യംപറച്ചിൽ.

എന്റെ സഹപ്രവർത്തകർ എന്നോട് പറഞ്ഞു, അട്ടേനെ പിടിച്ച് മെത്തയിൽ കിടത്തിയാൽ കിടക്കുമോ ടീച്ചറേ? അങ്ങനെ ചെയ്താൽ ഇതൊക്കെയാണ് കിട്ടാൻ പോകുന്നത്. കരുണ കാണിക്കുന്നതൊക്കെ നല്ലതാണ്. പക്ഷേ ഇവറ്റകളോടൊക്കെ ഒത്തിരി കരുണ കാണിക്കാൻ പോയാൽ ഇതായിരിക്കും പ്രതിഫലം. ടീച്ചറാ അവനെ കരുണ കാട്ടിക്കാട്ടി ചീത്തയാക്കിയത്. ക്ലാസിൽ അലമ്പുണ്ടാക്കിയപ്പോൾ പിടിച്ച് ചുട്ട രണ്ട് അടി കൊടുത്ത് അടക്കിയിരുത്തിയിരുന്നെങ്കിൽ ടീച്ചറിന് ഈ അസഭ്യം കേൾക്കേണ്ടി വരുമായിരുന്നില്ല.

പിറ്റേദിവസം സന്ദീപ് ക്ലാസിൽ വന്നു. എന്തോ വലിയ കാര്യം നിർവഹിച്ച ഭാവമായിരുന്നു മുഖത്ത്. അവൻ വാശിയോടും വീറോടുംകൂടി എന്നെ നോക്കി ചിരിച്ചു. എന്നോടു കളിച്ചാൽ ഇങ്ങനെയിരിക്കും എന്നതായിരുന്നു മുഖത്തെ ഭാവം. ഞാനവനെ വഴക്കു പറഞ്ഞില്ല. നീയെന്താ ഈ ചെയ്തതെന്ന് ചോദിച്ചുമില്ല. സാവധാനത്തിൽ അവന്റെ തെറ്റു പറഞ്ഞ് മനസിലാക്കി. അവൻ നിവൃത്തികേടുകൊണ്ടണ്ട് തെറ്റിപ്പോയി എന്ന് സമ്മതിച്ചു. പക്ഷേ ക്ഷമ ചോദിച്ചില്ല. മാത്രമല്ല അങ്ങനെയൊരു ഭാവംപോലും മുഖത്തുണ്ടായില്ല. ഞാനവനോട് വീണ്ടും പഴയ രീതിയിൽത്തന്നെ കരുണയോടെ പെരുമാറി. പക്ഷേ അപ്പോഴും അതായത് ഞാനവിടെനിന്ന് എന്റെ സർവീസ് പൂർത്തിയാക്കി തിരികെ പോരുന്നതുവരെയും കാര്യമായ വ്യതിയാനങ്ങളൊന്നും അവന്റെ സ്വഭാവത്തിൽ ഉണ്ടായില്ല.

അതെന്നെ മുറിപ്പെടുത്തി. പറ്റിയ തെറ്റ് മനസിലായിട്ടും അവനോ അവന്റെ അമ്മയോ തെറ്റിപ്പോയി എന്നൊരു ഭാവംപോലും എന്റെ മുമ്പിൽ കാണിച്ചതുമില്ല. ഞാൻ വിചാരിച്ചു അവസാന നിമിഷമെങ്കിലും അവർ സോറി പറയുമെന്ന്. പക്ഷേ ഒരിക്കലും അവരിൽനിന്നും അങ്ങനെയൊന്ന് ഉണ്ടായില്ല. എന്റെ മനസിൽ അല്പം നിരാശ തോന്നി എന്നു വേണം പറയാൻ. വ്യക്തിപരമായ പ്രാർത്ഥനയ്ക്കിരുന്നപ്പോൾ ഞാൻ സങ്കടത്തോടുകൂടി കർത്താവിനോട് ചോദിച്ചു. എന്തുകൊണ്ടാണ് ഈശോയേ ഇങ്ങനെ? ഞാനിത്രമാത്രം അവനെ കരുതിയിട്ടും കരുണ കാണിച്ചിട്ടും അവനെന്താ കർത്താവേ യാതൊരു നന്ദിയും ഇല്ലാത്തത്?
കർത്താവ് തന്ന ഉൾപ്രേരണയാൽ ഞാൻ ബൈബിൾ തുറന്നു. ദുഷ്ടരോടും നന്ദിഹീനരോടും കരുണ കാണിക്കുന്ന ദൈവത്തെയാണ് തിരുവചനത്തിൽ കർത്താവെനിക്ക് വെളിപ്പെടുത്തി തന്നത്. കിട്ടിയ വചനം ഇതാണ്: ”നിങ്ങൾ ശത്രുക്കളെ സ്‌നേഹിക്കുവിൻ. തിരിച്ചുകിട്ടും എന്ന് പ്രതീക്ഷിക്കാതെ മറ്റുള്ളവർക്ക് നന്മ ചെയ്യുകയും വായ്പ കൊടുക്കുകയും ചെയ്യുവിൻ. അപ്പോൾ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങൾ അത്യുന്നതന്റെ പുത്രന്മാരായിരിക്കുകയും ചെയ്യും. കാരണം അവിടുന്ന് നന്ദിഹീനരോടും ദുഷ്ടരോടും കരുണ കാണിക്കുന്നു. നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ” (ലൂക്കാ 6:35-36).

എനിക്കാശ്വാസമായി, എന്റെ മനസിന്റെ സങ്കടവും നിരാശയുമെല്ലാം നീങ്ങിപ്പോയി. നന്ദിഹീനരോടും ദുഷ്ടരോടും കരുണ കാണിക്കുന്ന സ്വർഗസ്ഥനായ പിതാവിന്റെ മകളാണ് ഞാനെന്ന തിരിച്ചറിവ് എന്റെ എല്ലാ നിരാശയെയും ദൂരെ മാറ്റിക്കളഞ്ഞു. നന്ദിഹീനരോടും ദുഷ്ടരോടും കരുണ കാണിക്കുക എന്ന ദൈവവിളിതന്നെയാണ് കരുണയുള്ള സ്വർഗസ്ഥനായ പിതാവ് എനിക്കും തന്നിരിക്കുന്നതെന്ന് നാളിതുവരെയുള്ള എന്റെ ജീവിതാനുഭവങ്ങൾ എന്നെ ബോധ്യപ്പെടുത്തിത്തന്നു. അതെന്റെ ഹൃദയത്തിന്റെ ആനന്ദമായി.

അതൊരു തുടക്കം മാത്രം!
സന്ദീപ് സംഭവം ഒരു തുടക്കം മാത്രമായിരുന്നു. അതുകഴിഞ്ഞ് മുപ്പതു വർഷങ്ങൾ പിന്നിട്ടു. നാളിതുവരെയുള്ള എന്റെ ജീവിതത്തിൽ മുൻപുപറഞ്ഞ രീതിയിലുള്ള സന്ദീപ് സംഭവങ്ങൾ പലവട്ടം ഉണ്ടായിട്ടുണ്ട്. സത്യത്തിൽ ആദ്യമുണ്ടായ സന്ദീപ് സംഭവത്തിന്റെ വേദനയിൽ ലൂക്കാ 6:35-36 ദൈവം എനിക്ക് വെളിപ്പെടുത്തി തന്നില്ലായിരുന്നെങ്കിൽ വീണ്ടും വീണ്ടും എന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന നന്ദിഹീനതയുടെ അനുഭവങ്ങൾ എന്നെ വലിയ നിരാശയിൽ വീഴ്ത്തികളഞ്ഞേനേ! ഇത് കരുണയുള്ള എന്റെ സ്വർഗീയ പിതാവ് എനിക്ക് നല്കിയ കാരുണ്യത്തിന്റെ ദൈവവിളിയാണ് എന്നു ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു.
വാസ്തവത്തിൽ ഇതിന് തുല്യമായ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് നമ്മുടെ സ്വർഗീയ അപ്പച്ചൻ, സ്വർഗസ്ഥനായ നമ്മുടെ പിതാവ് എത്ര കരുണയുള്ളവനാണെന്ന് തിരിച്ചറിയുന്നത്. അവിടുന്ന് സദാ ദുഷ്ടരും നന്ദിഹീനരുമായ മനുഷ്യരോട് പൊറുത്ത് അവരോട് കരുണ കാണിക്കുകയും ദുഷ്ടന്റെയും ശിഷ്ടന്റെയുംമേൽ ഒരുപോലെ മഴയും മഞ്ഞും വെയിലും അയയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ടാണല്ലോ ഈ ഭൂമിയും ഭൂവാസികളും ഇതുപോലെ നിലനില്ക്കുന്നത്!

കുഷ്ഠരോഗി നല്കുന്ന പാഠം
ഒരിക്കൽ യേശു ജറുസലേമിലേക്ക് യാത്ര ചെയ്യുകയായിരുന്നു. യാത്രാമധ്യേ അവൻ സമരിയായ്ക്കും ഗലീലിയായ്ക്കും ഇടയ്ക്കുള്ള ഒരു ഗ്രാമത്തിൽ എത്തി. അവിടെയുണ്ടായിരുന്ന പത്തു കുഷ്ഠരോഗികൾ ദൂരെനിന്ന് അവനോട് കരഞ്ഞപേക്ഷിച്ചു ‘യേശുവേ, ഗുരോ, ഞങ്ങളുടെമേൽ കരുണയായിരിക്കണമേ.’ യേശു അവരോടു പറഞ്ഞു ‘പോയി നിങ്ങളെത്തന്നെ പുരോഹിതന്മാർക്ക് കാണിച്ചുകൊടുക്കുവിൻ.’ പോകുന്ന വഴിക്ക് അവർ സുഖം പ്രാപിച്ചു. അവരിൽ ഒരുവൻ താൻ രോഗവിമുക്തനായി എന്നു കണ്ട് ഉച്ചത്തിൽ ദൈവത്തെ സ്തുതിച്ചുകൊണ്ട് തിരിച്ചുവന്നു. അവൻ യേശുവിന്റെ കാല്ക്കൽ സാഷ്ടാംഗം വീണ് പ്രണമിച്ചുകൊണ്ട് യേശുവിന് നന്ദി പറഞ്ഞു.

അവൻ വിജാതീയനായ ഒരു സമരിയാക്കാരനായിരുന്നു. ഇതുകണ്ട് യേശു ചോദിച്ചു: പത്തുപേരല്ലേ സുഖപ്പെട്ടത്? ബാക്കി ഒമ്പതുപേർ എവിടെ? ഈ വിജാതീയനല്ലാതെ മറ്റാർക്കും തിരിച്ചുവന്ന് ദൈവത്തെ മഹത്വപ്പെടുത്തണമെന്ന് തോന്നിയില്ലേ? അനന്തരം യേശു അവനോടു പറഞ്ഞു: ”എഴുന്നേറ്റ് പൊയ്‌ക്കൊള്ളുക. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു” (ലൂക്കാ 17:19). തിരികെ വന്ന് നന്ദി പ്രകാശിപ്പിക്കാത്തവരെക്കുറിച്ച് സങ്കടപൂർവം പരാതി പറയുന്ന ഒരു ദൈവത്തെ ഇവിടെ നാം കാണുന്നു.
ഇവിടെ ഒരു കാര്യം വ്യക്തമാണ്. മനുഷ്യന്റെ നന്ദിഹീനത ദൈവത്തെ വല്ലാതെ വേദനിപ്പിക്കുന്നു. ഏറെ ശ്രദ്ധേയമായ മറ്റൊരു കാര്യം തിരികെവന്ന് നന്ദി പറഞ്ഞവന് യേശു രോഗശാന്തി മാത്രമല്ല ഏറ്റവും വലിയ അനുഗ്രഹമായ നിത്യരക്ഷയും നല്കുന്നു. അവിടുന്ന് പറയുന്നു: ”നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.’ നന്ദി പറയാൻ വരാത്ത ബാക്കി ഒമ്പതു കുഷ്ഠരോഗികൾക്ക് ലഭിച്ചത് രോഗശാന്തി മാത്രമാണ്. ഇതാണ് നന്ദി പറയുന്നവനും നന്ദിഹീനർക്കും ലഭിക്കുന്ന അനുഗ്രഹത്തിന്റെ വ്യത്യാസം.

യേശു മർഗരീത്താ മറിയത്തോട്
തിരുഹൃദയ ഭക്തയായ വിശുദ്ധ മർഗരീത്താ മറിയത്തോട് യേശു മനുഷ്യരുടെ നന്ദിഹീനതയെക്കുറിച്ച്, പ്രത്യേകിച്ചും വിശ്വാസികളായ മനുഷ്യരുടെ നന്ദിയില്ലായ്മയെക്കുറിച്ച്, വളരെ വേദനയോടെ പറയുന്നുണ്ട്. അവിടുന്ന് പറയുന്നു: ”മനുഷ്യർ, പ്രത്യേകിച്ചും വിശ്വാസികൾ, ഞാനവർക്ക് ചെയ്ത ഉദാരമായ നന്മകളെക്കുറിച്ച് ഓർത്ത് നന്ദിയുള്ളവരായിത്തീർന്നിരുന്നെങ്കിൽ കുരിശുമരണത്തെക്കാൾ വലിയ കാര്യങ്ങൾ വീണ്ടും വീണ്ടും അവർക്കുവേണ്ടി ചെയ്യാൻ ഞാൻ തയാറാകുമായിരുന്നു” എന്ന്. ദൈവത്തോട് നാം നടത്തുന്ന നന്ദിയുടെ പ്രകരണങ്ങളും പ്രകടനങ്ങളും ദൈവകൃപയുടെയും ദൈവകാരുണ്യത്തിന്റെയും വലിയ പ്രവാഹങ്ങൾ നമ്മളിലേക്ക് ഒഴുക്കും.

അതുപോലെതന്നെ മനുഷ്യന്റെ നന്ദിഹീനത മനുഷ്യന് ലഭിച്ച നന്മകൾകൂടി അവന്റെ ജീവിതത്തിൽനിന്ന് നീക്കിക്കളയും. സങ്കീർത്തകൻ പറയുന്നു ”കൃതജ്ഞതയായിരിക്കട്ടെ നീ ദൈവത്തിനർപ്പിക്കുന്ന ബലി” (സങ്കീർത്തനങ്ങൾ 50:14). ”ബലിയായി കൃതജ്ഞത അർപ്പിക്കുന്നവൻ എന്നെ ബഹുമാനിക്കുന്നു” (സങ്കീർത്തനങ്ങൾ 50:23). കർത്താവ് നല്കിയ അനുഗ്രഹങ്ങളെയോർത്ത് നന്ദി പറഞ്ഞു പ്രാർത്ഥിക്കുന്നത് കൂടുതൽ കൂടുതൽ നന്മകളും അനുഗ്രഹങ്ങളും നമ്മിലേക്ക് വന്നു നിറയുന്നതിന് കാരണമാകും.

ഇതൊരു ദൈവവിളി
ഞാൻ കടന്നുപോയ സന്ദീപനുഭവങ്ങൾ എന്നെ മുറിപ്പെടുത്തിയിരുന്നു എന്ന് ഞാൻ എഴുതിയിരുന്നല്ലോ. ഇതു വായിക്കുന്ന നിങ്ങളുടെയൊക്കെ ജീവിതത്തിലും ഇതുപോലെയുള്ള നന്ദിഹീനത ഏറ്റുവാങ്ങിയതിന്റെ മുറിവുകൾ ഉണ്ടായിരിക്കാം. എന്നാൽ അവ ചീഞ്ഞുനാറി ദുർഗന്ധം വമിക്കുന്ന മുറിവുകളായി അവശേഷിക്കുവാൻ ഇടവരരുത്. അങ്ങനെ അവശേഷിച്ചാൽ അത് ആര് നമ്മെ മുറിപ്പെടുത്തിയോ അവർക്കും മുറിപ്പെട്ട നമുക്കും ദൈവകൃപ നഷ്ടപ്പെടുത്തുന്ന കാരണങ്ങളായിത്തീരും. എന്നാൽ നന്ദിഹീനത ഏറ്റുവാങ്ങിയതിന്റെ മുറിവുകളെ യേശുവിന്റെ തിരുമുറിവുകളോട് ചേർത്ത് നമ്മെ മുറിപ്പെടുത്തിയവർക്കുവേണ്ടിയും പാപികളുടെ മാനസാന്തരത്തിനുവേണ്ടിയും കാഴ്ചവച്ച് പ്രാർത്ഥിക്കുമ്പോൾ നമ്മുടെ മുറിവുകൾ കൃപകളായി ഈ ലോകത്തിലേക്ക് ഒഴുകാൻ തുടങ്ങും.

അത് നമുക്കും ഈ ലോകത്തിന് മുഴുവനും അനുഗ്രഹമായി മാറുകയും ചെയ്യും. യേശുവിന്റെ ശവകുടീരത്തിൽ, യേശുവിന്റെ മാറിൽ കുത്തി മുറിപ്പെടുത്തിയ ഒറ്റക്കണ്ണനായ പടയാളിയുടെ പൊട്ടക്കണ്ണ് ആ മുറിവിൽനിന്നും ഒഴുകിവീണ രക്തവും വെള്ളവും വീണ് പ്രകാശമാനമായിത്തീരാൻ ഇടവന്നല്ലോ. അതുപോലെ തങ്ങളുടെ മുറിവുകളും നന്ദിഹീനരോടും ദുഷ്ടരോടും കരുണ കാണിക്കുന്ന ദൈവപിതാവിന്റെ കാരുണ്യത്തിന്റെ ഉപകരണങ്ങളും ചാലകങ്ങളുമായി രൂപാന്തരപ്പെടും. ഈ മഹത്തായ ദൈവവിളി നഷ്ടമാകാതിരിക്കുവാനുള്ള കൃപ ലഭിക്കുവാൻ പരിശുദ്ധാത്മാവിന്റെ സഹായം ചോദിക്കാം.
പരിശുദ്ധാത്മാവായ ദൈവമേ, ജീവിതകാലത്ത് ഞാൻ ഏറ്റുവാങ്ങിയ നന്ദിഹീനതയുടെ എല്ലാ മുറിവുകളെയും അങ്ങയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു. അവിടുന്നതിനെ യേശുവിന്റെ തിരുമുറിവുകളോട് ചേർക്കണമേ. ദൈവപിതാവിന്റെ അനന്തമായ കാരുണ്യം ഭൂമിയിലേക്കൊഴുക്കുന്ന യേശുവിന്റെ തിരുമാറിലെ മുറിവുപോലെയാക്കി അതിനെ മാറ്റണമേ, ആമ്മേൻ. ന്മ

സ്റ്റെല്ല ബെന്നി

Leave a Reply

Your email address will not be published. Required fields are marked *