ചിക്കനാഗ്വൊയും പ്രലോഭനങ്ങളും

‘ദ ക്ലൈംബ്’ എന്ന ഇംഗ്ലീഷ് സിനി മയിലെ പ്രധാന കഥാപാത്രങ്ങളാണ് പർവതാരോഹകരായ ഡെറിക് വില്യംസും മൈക്കിൾ ഹാരിസും. ഏറ്റം അപകടകാരിയും നിരവധിപ്പേരുടെ ജീവൻ അപഹരിച്ചതുമായ ചിലിയിലെ മഞ്ഞുപർവതമായ മൗണ്ട് ചിക്കനാഗ്വൊയുടെ ഉയരങ്ങളിലേക്കുള്ള ഇവരുടെ യാത്രയാണ് ഫിലിമിന്റെ ഇതിവൃത്തം. ആഫ്രിക്കൻ അമേരിക്കനായ ഡെറിക് ദൈവനിഷേധിയും ക്ഷിപ്രകോപിയും എടുത്തുചാട്ടക്കാരനും തന്നെക്കുറിച്ചുമാത്രം ചിന്തിക്കുന്ന തികഞ്ഞ സ്വാർത്ഥനുമാണെങ്കിൽ മൈക്കിൾ ക്രൈസ്തവ വിശ്വാസത്തിൽ ആഴപ്പെട്ടവനും തന്നെക്കാൾ മറ്റുള്ളവരെ മാനിക്കുന്നവനും ശാന്തനുമാണ്. ”ഈശോയെപ്പോലെ സ്‌നേഹിക്കാൻ എന്നെ ശക്തിപ്പെടുത്തണമേ” എന്നാണ് അയാളുടെ പ്രാർത്ഥന തന്നെ. വിരുദ്ധ സ്വഭാവക്കാരായ ഇരുവരുമൊന്നിച്ചുള്ള യാത്രതന്നെ മറ്റൊരു അപകടമാണ്. അതിസാഹസികമായ ഈ വിജയം ഒറ്റയ്ക്ക് കരസ്ഥമാക്കണമെന്ന് മോഹിക്കുന്ന ഡെറിക്, കോപംമൂത്ത് മൈക്കിളിനെ കൊലപ്പെടുത്താൻപോലും മടിച്ചുകൂടായ്കയില്ല.

ചവിട്ടുമ്പോൾ താഴ്ന്നുപോകുന്നതും ചെങ്കുത്തായ മഞ്ഞുമലകളാൽ നിബിഡവുമാണ് മൗണ്ട് ചിക്കനാഗ്വൊ. പരിചയ സമ്പന്നരും പ്രൊഫഷണലുകളുമായ ആരോഹകർ ഏറെ ക്ലേശിച്ചും പരസ്പരം സഹായിച്ചും ഉയരത്തിലേക്കു നീങ്ങിക്കൊണ്ടിരുന്നു. അപ്പോൾ അപ്രതീക്ഷിതമായി കാൽവഴുതി താഴേക്ക്. കഷ്ടപ്പെട്ടു കയറി എത്തിയതിന്റെ കുറേ താഴേക്ക് വീണതിനാൽ കയറിയതിന്റെ സമയവും ആരോഗ്യവും എല്ലാം ഏറെക്കുറെ വെറുതെയായി. എന്നാൽ അതൊന്നും ഗൗനിക്കാതെ ശാന്തമായി എഴുന്നേറ്റ് പുതിയ കുതിപ്പിന് തയ്യാറെടുത്തു. ഇത്രയും പരിചയസമ്പന്നരും പ്രശസ്തരും പ്രൊഫഷണൽസുമായ തങ്ങൾക്ക് ഇത്തരമൊരു വീഴ്ച സംഭവിച്ചല്ലോ, നാണക്കേടായല്ലോ എന്നൊന്നുമുള്ള സങ്കോചമോ അസ്വസ്ഥതയോ അവർക്കില്ല. എത്ര കഷ്ടപ്പെട്ടാണ് ഒന്ന് ഇവിടംവരെ എത്തിയത്, എന്നിട്ടും ഇത്രയും താഴേക്ക് വീണുപോയല്ലോ എന്ന നിരുത്സാഹചിന്തയുമില്ല.

വീഴ്ചയ്ക്കിടയിൽ, മറ്റൊരു പർവതാരോഹകന്റെ മഞ്ഞിൽ പുതഞ്ഞ മൃതദേഹവും ഇവർ കണ്ടു. അപകടയാത്രകളിൽ അമിതാവേശവും മറ്റാരുടെയും സഹായം ആവശ്യമില്ല എന്ന അഹംഭാവവുംകൊണ്ട് ഒറ്റയ്ക്കിറങ്ങിയാൽ വീഴ്ചയിൽ സഹായിക്കാനും രക്ഷിക്കാനും ആരും ഉണ്ടാവുകയില്ല, ലക്ഷ്യം നേടാൻ സാധിച്ചെന്നു വരില്ല, ജീവൻതന്നെ നഷ്ടമാവുകയും ചെയ്‌തേക്കാം എന്ന തിരിച്ചറിവിലും അത് അവരെ എത്തിച്ചു. പ്രഗത്ഭരെങ്കിലും പലതവണ വീണും, പരസ്പരം സഹായിച്ചുമാണ് ഇരുവരും മുന്നേറിയത്. ഓരോ വീഴ്ചയിലും അവർ തിരക്കുകൂട്ടാതെ, അമിതാവേശം കാണിക്കാതെ ശാന്തമായി അല്പനേരം വിശ്രമിച്ചു. വിശ്രമങ്ങൾ പുതിയ കരുത്തും ഊർജവും പകർന്നു. ക്ഷീണിച്ചും തളർന്നും വലിഞ്ഞുവലിഞ്ഞു തുടർച്ചയായി നീങ്ങുന്നതിനെക്കാൾ പതിന്മടങ്ങു ശക്തിയോടെ കുതിച്ചുയരാൻ ഓരോ വീഴ്ചയും അവരെ സഹായിച്ചുകൊണ്ടിരുന്നു.

ഇത്രേം കഷ്ടപ്പെടണോ?
ആത്മീയ ജീവിതത്തിലും വീഴ്ചകൾ സാധാരണമാണ്, വീഴാത്തവരായി ആരുണ്ട്? പ്രാർത്ഥനയും പരിത്യാഗങ്ങളും സ്‌നേഹപ്രവൃത്തികളുമൊക്കെയായി, എന്തുവിലകൊടുത്തും വിശുദ്ധിനേടി ദൈവത്തിലെത്താൻ വാശിയോടെ കുതിക്കുമ്പോഴായിരിക്കും ഒട്ടും പ്രതീക്ഷിക്കാതെ, ദാ കിടക്കുന്നു- മൂക്കുംകുത്തി വീണെന്നുമാത്രമല്ല, ഊർന്നു താഴേക്കുംപോകുന്നു. ഇതിനെക്കാൾ സങ്കടമെന്തുണ്ട്! എത്ര കഷ്ടപ്പെട്ടാ ഒന്നിത്രേം എത്തീത്? എന്നിട്ട്, ഒറ്റ നിമിഷംകൊണ്ട് എല്ലാം….
ദൈവം എന്നെ തിരഞ്ഞെടുത്തിരിക്കില്ല. അല്ലെങ്കിപ്പിന്നെ ഇങ്ങനെ വീഴാൻ കൈവിട്ടുകളയുമോ? എന്തെല്ലാംതരം പ്രലോഭനങ്ങൾ, എത്രതവണ, എന്തുമാത്രം ശക്തീലാ പിടിച്ചുലച്ചത്? എത്രപ്രാവശ്യം വീണുപോകുമെന്ന് ഓർത്തതാ? എന്നിട്ടും താങ്ങിനിർത്തിയത് ഇങ്ങനെ കൈവിടാനായിരുന്നോ? വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു, പിതാവ് പരിശുദ്ധനായപോലെ പരിശുദ്ധമാവണം, യേശുക്രിസ്തുവിന്റെ സ്വന്തമാകാൻ വിളിച്ചു, ലോകസ്ഥാപനത്തിനുമുമ്പേ തെരഞ്ഞെടുത്തു… എന്നെല്ലാം പറഞ്ഞ് മോഹിപ്പിച്ചത് എന്തിനായിരുന്നു? അതൊക്കെ മറ്റാരെയെങ്കിലുമൊക്കെ ഉദ്ദേശിച്ചായിരിക്കും. എനിക്കിതൊന്നും പറഞ്ഞിട്ടില്ലായിരിക്കും…. ഒ.കെ, ശരി, ഈ പരിപാടി നിർത്തിയേക്കാം. നേരത്തേ പറഞ്ഞിരുന്നെങ്കിൽ ഇത്രേം കഷ്ടപ്പെടേണ്ടായിരുന്നല്ലോ? എങ്ങനെയെങ്കിലുമൊക്കെയങ്ങ് ജീവിച്ചേനേ- ഒരുപാട് പരിശ്രമിച്ച്, പ്രാർത്ഥിച്ച് മുന്നേറിയിട്ടും വീണുപോയവന്റെ ദൈവത്തോടുള്ള പരിദേവനങ്ങളാണിവയൊക്കെ.

എന്നാൽ ദൈവം അവരോടു പറയുന്നു: ”മനുഷ്യന്റെ പാദങ്ങളെ നയിക്കുന്നതു കർത്താവാണ്; തനിക്കു പ്രീതികരമായി ചരിക്കുന്നവനെ അവിടുന്നു സുസ്ഥിരനാക്കും. അവൻ വീണേക്കാം, എന്നാൽ, അതു മാരകമായിരിക്കുകയില്ല; കർത്താവ് അവന്റെ കൈയിൽ പിടിച്ചിട്ടുണ്ട്” (സങ്കീർത്തനം 37: 23,24).

ദൈവത്തിന്റെ ഹോസ്പിറ്റൽ
ദൈവം അറിയാതെ വീഴ്ചകൾപോലും നമുക്കുണ്ടാകില്ല. അവിടുത്തെ സ്വന്തമാകാൻ കൊതിച്ച് പരിശ്രമിക്കുമ്പോൾ അവിടുന്ന് നമ്മെ വീഴാൻ അനുവദിക്കുന്നത് അവിടുത്തെ സ്വന്തമാക്കുന്നതിന്റെ അടുത്ത തലമാണ്. പുതിയ കുതിപ്പിനുള്ള ശക്തി ആർജിക്കാൻ ദൈവംതന്നെ തന്റെ പ്രിയപ്പെട്ടവർക്കായ് ഒരുക്കുന്ന വിശ്രമത്തിന്റെ അവസ്ഥ. കേടുപാടുകളും കുറവുകളും മുറിവുകളും രോഗങ്ങളും സ്‌നേഹക്കുറവും മറ്റു പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനുള്ള അവസരം. എത്ര പരിശ്രമശാലിയാണെങ്കിലും നിരന്തര ആത്മീയ പോരാട്ടത്തിൽ സ്‌നേഹത്തിൽ കുറവുവരാൻ സാധ്യതയുണ്ട്. കൂടെക്കൂടെ കുമ്പസാരിച്ചാലും സാരമില്ലെന്നു കരുതുന്ന, വേണ്ടത്ര ശ്രദ്ധിക്കാതെപോകുന്ന പാപങ്ങൾ നാമറിയാതെ ചില കോണുകളിൽ കുമിഞ്ഞുകൂടിയിട്ടുണ്ടാകാം. വിശുദ്ധ ജീവിതത്തിനുള്ള പരിശ്രമവും കൂടെക്കൂടെയുള്ള കുമ്പസാരംപോലും, നമ്മുടെ ശ്രദ്ധയിൽപ്പെടാത്ത അഹങ്കാരം വളർത്താനും ഇടയുണ്ട്.

ആത്മീയ രോഗങ്ങളും മുറിവുകളും പരിഹരിക്കാതെ അധികദൂരം മുമ്പോട്ടുപോകാനാകില്ല. ശരീരത്തിലുണ്ടാകുന്നതുപോലെ, ചില സിസ്റ്റുകൾ ആത്മാവിലും വളരാനിടയുണ്ട്. മൂലപാപങ്ങൾക്ക് അത്തരം സിസ്റ്റുകളിൽ പങ്കില്ലാതില്ല. വീഴ്ചയിലൂടെയുള്ള അനുതാപത്തിന്റെയും കണ്ണുനീരിന്റെയും എളിമപ്പെടലിന്റെയും ദൈവത്തിലുള്ള നിഷ്‌കളങ്കമായ ആശ്രയത്തിന്റെയും ചുടുരശ്മികൾ ഒരു റേഡിയേഷനൊക്കെ നടത്തി അനാവശ്യ വളർച്ചകളെയും മുഴകളെയുമോക്കെ കരിച്ചുകളഞ്ഞുകൊള്ളും.
തുടർച്ചയായ ആത്മീയ മുന്നേറ്റത്തിലും പോരാട്ടത്തിലും ചിലപ്പോൾ ആദ്യത്തെ തീക്ഷ്ണതയ്ക്കും ആത്മാർത്ഥതയ്ക്കുമൊക്കെ മങ്ങലേല്ക്കാനിടയില്ലാതില്ല. വീഴ്ചയ്ക്കു ശേഷമുള്ള നാളുകളിൽ ഈ തീക്ഷ്ണത ദൈവം പൂർവാധികം വർധിപ്പിക്കും. അവിടുന്ന് നമ്മുടെ ആത്മാവിനെ സ്‌നേഹത്തിൽ പുനഃപ്രതിഷ്ഠിക്കുകയും സ്‌നേഹപൂർവം ശുശ്രൂഷിക്കുകയും ചെയ്യുന്ന കാലമാണ് യഥാർത്ഥത്തിൽ വീഴ്ചയുടെ നാളുകൾ.

ദൈവത്തിലേക്കുള്ള യാത്രയുടെ സ്പീഡ് കൂടി, ദൈവത്തെത്തന്നെ മറന്നു, സ്പീഡുകൂട്ടാനുള്ള കുറുക്കുവഴികളിൽ പെട്ടുപോകുന്നവരുണ്ട്. അവരെ ഒന്നു മടിയിൽ പിടിച്ചിരുത്തി ആ സ്‌നേഹത്തിൽ കുതിർക്കാനും ഈ നാളുകൾ ഉപയുക്തമാക്കും. ദൈവത്തെ പ്രസാദിപ്പിക്കാനും പുണ്യസമ്പാദനത്തിനുമുള്ള തത്രപ്പാടിൽ ദൈവഹിതമനുസരിച്ചാണോ നീങ്ങുന്നതെന്ന് ആരായാനും സാവകാശം കിട്ടിയിട്ടുണ്ടാകില്ല. അവിടുത്തെ കരങ്ങളിൽ നാം ഒന്നു കിടന്നുകൊടുത്താൽ വേണ്ടെതെല്ലാം അവിടുന്നുതന്നെ ചെയ്തുകൊള്ളും. വീഴ്ചയുടെ കുറ്റബോധത്താൽ കുതറി ഓടാതിരുന്നാൽ മതി, ഒന്നും സംഭവിക്കാത്തവിധം, ഇതുവരെ ഒരിക്കലും വീണിട്ടില്ലാത്തപോലെ സ്‌നേഹിക്കുന്ന അവിടുത്തെ സ്‌നേഹത്തെ സംശയിക്കാതിരിക്കാൻ വളരെ ശ്രദ്ധിക്കണം, കാരണം അവിടുത്തെ സ്‌നേഹത്തെ സംശയിക്കുന്നതാണ് അവിടുത്തേക്ക് ഏറ്റം വേദനാകരം. സങ്കീർത്തനം 145:14 നല്കുന്ന പ്രത്യാശ ”കർത്താവു വീഴുന്നവരെ താങ്ങുന്നു, നിലംപറ്റിയവരെ എഴുന്നേൽപിക്കുന്നു” എന്നാണ്, വീഴുന്നവരെയും നിലംപറ്റിയവരെയും ഉപേക്ഷിച്ചുകളയുന്നു എന്നല്ല.

”കത്തിയെരിയുന്ന കെട്ടിടത്തിൽനിന്നും തന്റെ കുഞ്ഞിനെ രക്ഷിക്കാൻ വെപ്രാളപ്പെടുന്ന അമ്മയെക്കാൾ തീവ്രതയോടെ ദൈവം നമ്മുടെ പാപങ്ങൾ ക്ഷമിക്കാൻ വെമ്പൽക്കൊള്ളുന്നു”വെന്നാണ് വിശുദ്ധ ജോൺ മരിയ വിയാനിയുടെ സാക്ഷ്യം. അതിനാൽ വീണപ്പോഴുണ്ടായ സകല പരാതിയും പിറുപിറുപ്പും പരിദേവനങ്ങളും അവസാനിപ്പിച്ച്, പഴയതിനെക്കാൾ വലിയ സ്വാതന്ത്ര്യത്തോടും സ്‌നേഹത്തോടുംകൂടെ അവിടുത്തെ മടിയിലേക്ക് ചാടിക്കയറാം. കാരണം ”കർത്താവു യാക്കോബിനെ തനിക്കായി, ഇസ്രായേലിനെ തന്റെ അവകാശമായി, തിരഞ്ഞെടുത്തു” (സങ്കീർത്തനം 135: 4).

വിശുദ്ധ കൊച്ചുത്രേസ്യയുടെ കുഞ്ഞുമനസ് സ്വന്തമാക്കിയാൽ ഈ ചാടിക്കയറ്റം ഏറെ എളുപ്പമാകും. വിശുദ്ധ പറയുന്നു: ‘ഈ ലോകത്ത് ചെയ്യാൻ സാധിക്കുന്ന പാപങ്ങളെല്ലാം എത്രതവണ ഞാൻ ചെയ്താലും ‘എന്റെ അപ്പാ’ എന്നുവിളിച്ച് സോറിയും പറഞ്ഞ്, എന്റെ സ്വർഗസ്ഥനായ പിതാവിന്റെ മടിയിലേക്ക്, ഞാൻ ചാടിക്കയറി അവിടുത്തെ കെട്ടിപ്പിടിച്ച് അവിടെയിരുന്നു കൊഞ്ചിക്കളിക്കും. കാരണം ഞാൻ അവിടുത്തെ കുഞ്ഞാണ്.’

”നീതിമാൻ ഏഴുതവണ വീണാലും വീണ്ടും എഴുന്നേൽക്കും” (സുഭാഷിതങ്ങൾ 24: 16) എന്ന് തിരുവചനത്തിലൂടെ ദൈവംതന്നെ നമ്മിൽ പ്രത്യാശവയ്ക്കുന്നു. ഏറെ പരിശ്രമിച്ചിട്ടും വീണുപോകുമ്പോൾ പ്രതീക്ഷയും ആത്മധൈര്യവും നഷ്ടമാകാതെ സൂക്ഷിക്കാൻ ദാവീദിന്റെ അനുഭവവും സഹായിക്കും. ”ഞാൻ നിലംപറ്റിയപ്പോൾ അവിടുന്ന് എന്നെ രക്ഷിച്ചു. അവിടുന്ന് എന്റെ പ്രാണനെ മരണത്തിൽ നിന്നും ദൃഷ്ടികളെ കണ്ണീരിൽനിന്നും കാലുകളെ ഇടർച്ചയിൽനിന്നും മോചിപ്പിച്ചിരിക്കുന്നു” (സങ്കീർത്തനം 116: 6,8).

അങ്ങനെയങ്ങ് സന്തോഷിക്കണ്ട
ദൈവത്തെ ലക്ഷ്യമാക്കിയാണോ യാത്ര? എങ്കിൽ അവിടുത്തെ ശത്രു അടങ്ങിയിരിക്കില്ല. നമ്മെ ദൈവത്തിൽ നിന്നും അകറ്റുകമാത്രമല്ല, അവന്റെ സ്വന്തമാക്കുകകൂടി തിന്മയുടെ അജണ്ടയാണ്. അതിന് അവന്റെ ശക്തിക്കും അതീതമായി അവൻ പ്രവർത്തിക്കും. ”ശത്രു എപ്പോഴും പ്രലോഭിപ്പിക്കുന്നത് വിശുദ്ധിയിൽ മുന്നേറുന്നവരെയാണ്. മറ്റുള്ളവർ ഇപ്പോൾത്തന്നെ അവന്റേതാണല്ലോ” എന്ന് ധന്യൻ ബിഷപ് ഫുൾട്ടൻ ഷീനും ”ജീവൻ വേർപിരിയും വരെയും പ്രലോഭനങ്ങൾ ഉണ്ടാകാം” എന്ന് മഹാനായ വിശുദ്ധ ആന്റണിയും ഓർമപ്പെടുത്തുന്നു. എന്നാൽ ”തിന്മയ്ക്ക് നമ്മിൽ പ്രവേശിക്കാൻ ഒറ്റ വാതിൽ മാത്രമേ ഉള്ളൂ, അത് നമ്മുടെ സമ്മതമാണ്” എന്നാണ് വിശുദ്ധ പാദ്രേ പിയോ നല്കുന്ന താക്കീത്. എപ്പോഴെങ്കിലും അറിയാതെ അവന് സമ്മതംമൂളി വീണുപോയാലും അവൻ ഒരിക്കലും നമ്മുടെ വീഴ്ചയിൽ സന്തോഷിക്കാൻ അനുവദിക്കരുത്. വീഴ്ചയിൽ നിന്നും ചാടി എഴുന്നേറ്റ് ദൈവത്തിന്റെ മടിയിലണയണം. എന്നിട്ട് മിക്കാ പ്രവാചകനെപ്പോലെ പ്രഘോഷിക്കണം:
”എന്റെ ശത്രുക്കളേ, എന്നെക്കുറിച്ച് ആഹ്ലാദിക്കേണ്ടാ. വീണാലും ഞാൻ എഴുന്നേൽക്കും. ഞാൻ ഇരുട്ടിലിരുന്നാലും കർത്താവ് എന്റെ വെളിച്ചമായിരിക്കും…. ഞാൻ അവിടുത്തേക്കെതിരായി പാപം ചെയ്തുപോയി. അവിടുന്ന് എന്നെ വെളിച്ചത്തിലേക്കു നയിക്കും. ഞാൻ അവിടുത്തെ രക്ഷ ദർശിക്കും” (മിക്കാ 7:8,9). ഒരിക്കലും വീഴാത്തവളായ പരിശുദ്ധ അമ്മയ്ക്ക് നമ്മെത്തന്നെ ഏല്പിച്ചുകൊടുക്കാം. നമ്മെ വീഴാതെ കാക്കാനും വീണാലും കുളിപ്പിച്ചു ശുദ്ധീകരിക്കാനും അമ്മയ്ക്കല്ലാതെ മറ്റാർക്കാണ് കഴിയുക?

ആൻസിമോൾ ജോസഫ്

Leave a Reply

Your email address will not be published. Required fields are marked *