മൃദുവായ് ആത്മം പ്രകാശിപ്പിച്ചുകൊണ്ട്…

മറിയം എക്കാലത്തും ഒരു ചർച്ചാവിഷയംതന്നെയാണ്. ക്രിസ്തു ദൈവമെന്ന് വിശ്വസിക്കുന്നവർക്കുപോലും മറിയത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. തന്റെ മാനുഷികതയിൽ നിന്നുകൊണ്ട് ദൈവികപദ്ധതികളോട് പൂർണ്ണമായും സഹകരിച്ച് ദൈവമാതൃത്വം സ്വീകരിച്ചവളാണ് മറിയം. അതെക്കുറിച്ച് അതീവഭംഗിയോടെ വിവരിക്കുന്ന ‘അമലമനോഹരി’ എന്ന ഗ്രന്ഥം രക്ഷാകരകർമ്മം ആഴത്തിലറിയാൻ നമ്മെ സഹായിക്കും.

നിർമ്മല ഗർഭപാത്രമായി തിരഞ്ഞെടുക്കപ്പെട്ട മറിയത്തെക്കുറിച്ചുള്ള ദൈവശാസ്ത്രവിവരണങ്ങളിൽനിന്നാണ് ‘അമലമനോഹരി’ ആരംഭിക്കുന്നത്. യൊവാക്കിമിന്റെയും അന്നയുടെയും സ്‌നേഹനിർഭരമായ ദാമ്പത്യത്തിന്റെ സന്തോഷവും ഒരു കുഞ്ഞിനെ ലഭിക്കാത്തതിന്റെ ദുഃഖവും തുടർന്ന് വായിക്കാം. വാർധക്യത്തിൽ അവർക്ക് ഒരു പെൺകുഞ്ഞ് ജനിക്കുന്നു. ആ കുഞ്ഞിന്റെ ജനനസമയത്ത് കൊടുങ്കാറ്റും പേമാരിയും ഇടിയും മിന്നലുമെല്ലാംകൊണ്ട് ഭീതിദമായ അന്തരീക്ഷമാണ്. അമലോത്ഭവയായ മറിയം ജനിച്ചുവീഴുന്നത് സാത്താനെ പരാജയപ്പെടുത്തുന്ന രക്ഷകനെ ഭൂമിയിലേക്ക് കൊണ്ടുവരാനാണെന്നു സൂചിപ്പിക്കുന്ന രീതിയിൽ ‘ഒരു വലിയ ഇര സാത്താന്റെ പിടിവിട്ടു പോയിക്കാണും’ എന്ന് പറയുന്ന വേലക്കാരുടെ വാക്കുകൾ തീർത്തും ശരിതന്നെ. നക്ഷത്രം, മുത്ത്, സമാധാനം എന്നെല്ലാം അർത്ഥമുള്ള മറിയം എന്ന പേരാണ് അവൾക്കു നല്കുന്നതെന്ന് അന്ന പറയുന്നു. തുടർന്ന് മറിയത്തിന്റെ കാഴ്ചവയ്പും അന്നയുടെ ശുദ്ധീകരണവും വിവരിക്കുന്നു.

തുടർന്ന് മാതാപിതാക്കളോടൊപ്പമുള്ള കുഞ്ഞുമറിയത്തിന്റെ നാളുകളാണ് നമുക്കു മുന്നിൽ വിടരുന്നത്. കുഞ്ഞായിരിക്കുമ്പോഴേ രക്ഷകനെക്കുറിച്ചുൾപ്പെടെയുള്ള സ്വർഗ്ഗീയമായ തിരിച്ചറിവുകൾ അവൾക്ക് ലഭിച്ചിട്ടുണ്ടെന്ന് നമുക്ക് മനസ്സിലാക്കാം. മറിയത്തിന് മൂന്ന് വയസ്സ് തികഞ്ഞപ്പോൾ മകളെ പിരിയുന്നതിന്റെ ഹൃദയവേദനയോടെതന്നെ എന്നാൽ സംതൃപ്തിയോടെ യൊവാക്കിമും അന്നയും അവളെ ജറുസലം ദൈവാലയത്തിൽ സമർപ്പിക്കാനൊരുങ്ങുന്നു. ആ യാത്ര നൊമ്പരം നിറഞ്ഞതാണ്. ദൈവാലയത്തിൽ പുരോഹിതൻ മറിയത്തെ സ്വീകരിക്കുന്നു. ഫനുവേലിന്റെ പുത്രിയായ അന്ന പ്രവാചികയുടെ സംരക്ഷണത്തിലാണ് അവൾ ഏല്പിക്കപ്പെടുന്നത്. കുറച്ചു നാൾക്കകംതന്നെ അന്നയും യൊവാക്കിമും നിത്യതയിലേക്ക് മടങ്ങുകയാണ്. യൊവാക്കിം നാളുകൾ രോഗിയായി കിടന്നശേഷമാണ് മരണം പുല്കുന്നത്.

ജറുസലം ദൈവാലയത്തിലേക്ക്, മറിയത്തിലേക്ക്, മടങ്ങിവരുമ്പോൾ അവിടെ പ്രാർത്ഥിച്ച് മതിയാകാത്ത മറിയത്തെ നാം കാണുന്നു. പരിപൂർണജ്ഞാനത്തിന്റെ ഗുണവിശേഷങ്ങളെക്കുറിച്ചും കൃപാവരത്തെക്കുറിച്ചുമൊക്കെ ഇവിടെ കൂടുതൽ വർണിക്കപ്പെടുന്നുമുണ്ട്. പിന്നീട് മറിയത്തിന്റെ വിവാഹമാണ് നാം വായിക്കുന്നത്. താൻ കന്യകയായിരിക്കാമെന്ന് ദൈവത്തോടു ചെയ്ത സമർപ്പണത്തെക്കുറിച്ച് മഹാപുരോഹിതനോട് മറിയം വിവരിക്കുന്നുമുണ്ട് ഈ ഭാഗത്ത്. യൗസേപ്പിന്റെ ഉണക്കക്കമ്പ് പുഷ്പിക്കുന്നതും മറിയം യൗസേപ്പിന് നല്കപ്പെടുന്നതുമൊക്കെ ഇവിടെ നമുക്ക് വായിക്കാം.

മറിയവും യൗസേപ്പും
പിന്നീട് അവർ കണ്ടുമുട്ടുമ്പോൾ തനിക്ക് മറിയത്തെക്കാൾ പ്രായം വളരെ കൂടുതലുണ്ടെന്ന് യൗസേപ്പ് പറയുന്നു. വിവാഹം ആഗ്രഹിച്ചല്ല ദൈവാലയത്തിൽ വന്നതെന്നും മഹാപുരോഹിതന്റെ കല്പന അനുസരിക്കാനാണെന്നും താൻ നാസീർവ്രതക്കാരനാണെന്നും യൗസേപ്പ് പറയുമ്പോൾ മറിയത്തിന് ആശ്വാസം. മഹാപുരോഹിതന്റെ മുഖവുരയെക്കുറിച്ച് സൂചിപ്പിച്ച അദ്ദേഹത്തോട് മറിയം ആ അതിപ്രധാനകാര്യം പറയുകയാണ്. അന്തരാത്മാവിൽ കേട്ട സ്വരമനുസരിച്ച് താൻ കന്യാത്വം ദൈവത്തിനു സമർപ്പിക്കാനാഗ്രഹിക്കുന്നതിനെക്കുറിച്ച്.

മറിയത്തിന് ആനന്ദമേറ്റുന്ന മറുപടിയാണ് യൗസേപ്പ് നല്കുന്നത്. ”നിന്റെ ത്യാഗത്തോട് എന്റേതും ഞാൻ ചേർത്തുവയ്ക്കുന്നു…” എന്നു തുടങ്ങുന്ന വാക്കുകൾ. നസ്രത്തിലെ മറിയത്തിന്റെ ഭവനത്തിലേക്ക് താമസമാക്കാനായി അതൊരുക്കാമെന്ന് പറഞ്ഞ് യൗസേപ്പ് യാത്രയാവുന്നു. തുടർന്ന് വിവാഹചടങ്ങുകളുടെ ഒരു വിവരണം. പിന്നെ നാം കാണുന്നത് നസ്രത്തിലെ വസതിയിൽ താമസമാരംഭിക്കുന്ന മറിയത്തെയും യൗസേപ്പിനെയുമാണ്. മറിയം എപ്പോഴും യൗസേപ്പിനോട് വിവാഹനിശ്ചയം ചെയ്യപ്പെട്ട കന്യകയായിത്തന്നെ തുടർന്നു.

അല്പനാളുകളങ്ങനെ കടന്നുപോകുന്നു. അങ്ങനെയൊരു ദിനം. വാതിൽവിരി ആരോ മാറ്റുന്നു. ദീപ്തപ്രകാശം മനുഷ്യാകാരം പൂണ്ടതുപോലെ ദൈവദൂതനായ ഗബ്രിയേൽ അവിടെയെത്തുന്നു.അതീവ വണക്കത്തോടെ ദൂതൻ പറയുന്നു, ”കൃപനിറഞ്ഞ മറിയമേ, നിനക്കു സമാധാനം!” തുടർന്ന് അവളിൽനിന്ന് ഈശോ ജനിക്കുമെന്ന് അറിയിക്കുന്നു, അത് വിശദീകരിക്കുന്നു. പിന്നെ മറിയത്തിന് ഒന്നേ പറയാനുള്ളൂ- ”ഇതാ കർത്താവിന്റെ ദാസി. നീ പറഞ്ഞത് എന്നിൽ സംഭവിക്കട്ടെ.” ആ മറുപടി കേട്ട് ദൂതൻ സന്തോഷാധിക്യത്താൽ ആവേശഭരിതനാകുന്നു. ആ ‘ഫിയാത്തി’നെക്കുറിച്ചുള്ള വിശദീകരണങ്ങൾ തുടർന്ന് വായിക്കാം.
രക്ഷകൻ തന്റെ ഉദരത്തിൽ ഉരുവായിരിക്കുന്നു എന്നത് യൗസേപ്പിനോട് പറയാൻ അവളുടെ അന്തരാത്മാവിന്റെ ചോദന അവളെ അനുവദിക്കുന്നില്ല. അത് അവളെ വേദനിപ്പിക്കുന്നുമുണ്ട്. സഹരക്ഷക എന്ന നിലയിലുള്ള തന്റെ സഹനങ്ങളുടെ തുടക്കം. പിന്നീട് ദീർഘയാത്ര ചെയ്ത് എത്തി എലിസബത്തിനോടൊപ്പം വസിക്കുന്ന മറിയത്തെയാണ് കാണുന്നത്. പീഡാനുഭവങ്ങളെക്കുറിച്ചുള്ള മുന്നറിവ് അമ്മയ്ക്കുണ്ടായിരുന്നുവെന്ന് മനസ്സിലാക്കാം. വീണ്ടും അവരുടെ ഭവനത്തിലെ സാധാരണ നിമിഷങ്ങളും സക്കറിയാസിനോട് എഴുതി സംഭാഷിക്കുന്നതുമെല്ലാം നമുക്ക് കാണാം. ശേഷം, യോഹന്നാൻ സ്‌നാപകന്റെ പരിച്ഛേദനദിനം വിവരിക്കപ്പെടുന്നു.

മറിയത്തെ നസ്രത്തിലേക്ക് കൊണ്ടു പോകാനെത്തിയ യൗസേപ്പിന് ജറുസലെം വിടുംമുൻപുതന്നെ മറിയത്തിന്റെ സവിശേഷാവസ്ഥ സ്വപ്നത്തിൽ വെളിപ്പെടുന്നു. പിന്നെ മൂന്ന് ദിവസത്തോളം അതികഠോരവേദന അനുഭവിക്കുന്ന യൗസേപ്പിനെയും അതോർത്തുള്ള ദുഃഖത്താൽ നീറുന്ന മറിയത്തെയും കാണാം. മറിയം കഴിഞ്ഞാൽപ്പിന്നെ സകല വണക്കത്തിനും യൗസേപ്പ് അർഹനാകുന്നതിന്റെ രഹസ്യം നമുക്കിവിടെ മനസ്സിലാക്കാം. ആ ദിവസങ്ങൾക്കുശേഷം യൗസേപ്പ് മറിയത്തിനടുക്കലെത്തി ക്ഷമ യാചിക്കുന്നു. അവർ പരസ്പരം ക്ഷമ ചോദിച്ച് സന്തോഷിക്കുന്നു.

ഈശോയ്‌ക്കൊപ്പം…
തുടർന്ന് ജനസംഖ്യാകണക്കെടുപ്പിനായി ബേത്‌ലഹേമിലേക്ക് പോകുന്ന യൗസേപ്പിനെയും മറിയത്തെയും നാം കാണുന്നു. പിന്നീട് രക്ഷകന്റെ ജനനം ഹൃദയം ജ്വലിപ്പിക്കുന്നവിധം വിശദാംശങ്ങളോടെ വായിക്കാം. പരിശുദ്ധ കുർബാനയെക്കുറിച്ചുള്ള ഒരു ഹൃദ്യവിവരണവും ഈ ഭാഗത്ത് നമ്മുടെ ആത്മാവിന് പ്രകാശം പകരും. ഇടയൻമാർക്ക് ഈശോയെ നല്കിയതുപോലെ മറിയമാണ് എപ്പോഴും ഈശോയെ നമുക്ക് നൽകുക.

തുടർന്നു വായിക്കുമ്പോൾ മറിയത്തിന്റെ ശുദ്ധീകരണം, യേശുവിനെ ദൈവാലയത്തിൽ കാഴ്ചവയ്ക്കൽ തുടങ്ങിയ കാര്യങ്ങൾ നമുക്ക് അനുഭവമാകുന്നു. അതിനുശേഷം ജ്ഞാനികളുടെ സന്ദർശനമാണ് നാം വായിക്കുന്നത്. തുടർന്ന് യൗസേപ്പിനുണ്ടായ സ്വപ്നദർശനം നിമിത്തം തിരുക്കുടുംബത്തിന്റെ ഈജിപ്തിലേക്കുള്ള പലായനം. ഈജിപ്തിൽ ചെറുവീട് ഒരുക്കി അവർ അവിടെ ശാന്തമായി ജീവിക്കുന്നു. ഈശോയുടെ കുട്ടിക്കാലം മനോഹരമായി വർണിച്ചിരിക്കുന്നു. പന്ത്രണ്ട് വയസ്സായപ്പോൾ ബാലനോടൊത്ത് ജറുസലം ദൈവാലയത്തിലെത്തുന്നതാണ് പിന്നീട്. അവിടെ പുരോഹിതർ അവനെ പരീക്ഷിക്കുന്നു. തിരികെപ്പോരുമ്പോൾ ഈശോയെ കാണാതാവുന്നു. അത് മനസ്സിലാക്കിയപ്പോൾ മറിയവും യൗസേപ്പും തിരികെ ദൈവാലയത്തിലെത്തി അവിടുത്തെ കണ്ടെത്തുന്നു. ഇതെല്ലാം വിശദാംശങ്ങളോടെ വായിക്കാം. പാവനമായ സ്‌നേഹം പുലർത്തുന്ന ദമ്പതികളായ മറിയവും യൗസേപ്പും നമ്മെ വളരെയധികം ആകർഷിക്കുന്നു. യൗസേപ്പിൽനിന്ന് ആശാരിപ്പണി പഠിച്ച് കുടുംബം പുലർത്തുന്ന ഈശോയെക്കുറിച്ച് അല്പമായി പറഞ്ഞതിനുശേഷം യൗസേപ്പ് സ്വച്ഛമായ മരണം പുല്കുന്നതാണ് അടുത്ത അധ്യായത്തിൽ വിവരിക്കപ്പെടുന്നത്.

യാത്രകൾ, കണ്ടണ്ടുമുട്ടലുകൾ
തുടർന്നുവരുന്നതാകട്ടെ അമ്മയോട് യാത്ര പറഞ്ഞ് തന്റെ ദൗത്യം ആരംഭിക്കുന്നതിനായി വീടുവിട്ടിറങ്ങുന്നതാണ്. ഹൃദയം പറിയുന്ന വേദനയോടെ മറിയം മകനെ യാത്രയാക്കുന്നു. കാനായിലെ കല്യാണവിരുന്നിന്റെ ഹൃദയം കവരുന്ന ഒരു വിവരണമാണ് തുടർന്ന്. അമ്മയുടെ ക്ഷണപ്രകാരം അവിടെയെത്തിയ ഈശോ പിന്നെ തന്റെ ആദ്യശിഷ്യൻമാർക്കൊപ്പം സ്വന്തം ഭവനത്തിലും അല്പസമയം ചെലവഴിക്കുന്നു. വാത്സല്യനിധിയായ മറിയം നമ്മെ ഏറെ ആകർഷിക്കും. അവിടെവച്ച് കറിയോത്തുകാരനായ യൂദായെക്കുറിച്ച് തനിക്കുള്ള ആശങ്ക മറിയം ഈശോയോട് പറയുന്നുണ്ട്. ഈശോ അത് അംഗീകരിക്കുന്നു. പൂർണ്ണരെമാത്രമല്ല താൻ തിരഞ്ഞെടുക്കുന്നതെന്ന് സൂചിപ്പിക്കുകയും ചെയ്യുന്നു. നസ്രത്തിൽവച്ചുതന്നെ അവർ വീണ്ടും കാണുന്നതും പിന്നീട് ബഥനിയിൽവച്ച് കാണുന്നതും തുടർന്ന് നമുക്ക് കാണാം.

തന്റെയടുത്തെത്തിയ മഗ്ദലനമറിയത്തെ ഈശോയ്ക്കടുത്തേക്കു നയിച്ച മറിയം നമ്മെ പ്രത്യാശാശഭരിതരാക്കുന്നു. കറിയോത്തുകാരൻ യൂദായും മറിയവും തമ്മിലുള്ള സ്‌നേഹസംഭാഷണം വിവരിക്കപ്പെടുമ്പോൾ അമ്മ എല്ലാവരുടെയുമാണെന്നാണ് അത് നമ്മോടു പറയുന്നത്. അതിനുശേഷം ഈശോയ്ക്കടുത്തേക്കുവന്ന് മാതൃസ്‌നേഹം പകരുന്ന അമ്മയെയാണ് നാം കാണുന്നത്. ആ കൂടിക്കാഴ്ചയ്ക്കുശേഷം ഹൃദയവേദനയോടെ കരഞ്ഞ് യാത്ര പറഞ്ഞ് പിരിയുന്ന അമ്മയുടെ അപ്പോഴത്തെ കരച്ചിലിന്റെ കാരണം പീഡാനുഭവങ്ങളെക്കുറിച്ചുള്ള മുന്നറിവാണെന്ന് ഈശോ വെളിപ്പെടുത്തിയിരിക്കുന്നു.
ഗുരുവിനെ ഒറ്റിക്കൊടുത്തതിന്റെ കുറ്റബോധത്തിൽ സമനില നഷ്ടപ്പെട്ടുതുടങ്ങുന്ന യൂദാസിനെക്കുറിച്ച് അതിനു തൊട്ടുപിൻപിൽ കാണുന്നു. തുടർന്ന് പീഡനത്തിനും കുരിശുമരണത്തിനുമായി വിധിക്കപ്പെട്ട ഈശോയ്ക്കടുത്തേക്ക് യോഹന്നാനോടൊപ്പം അമ്മ യാത്രയാവുകയാണ്. അടുത്ത അധ്യായം ഈശോയുടെ സംസ്‌കാരത്തെക്കുറിച്ചാണ് പറയുന്നത്. അരിമത്തിയാ ജോസഫിന്റെ കല്ലറയിൽ ആ തണുത്ത ശരീരം ഒരു നവജാതശിശുവിനെപ്പോലെ അമ്മ മടിയിൽ വയ്ക്കുന്നു. തിരുവിലാവിലെ മുറിവ് കണ്ട് ചങ്കിൽ കുന്തത്താൽ കുത്തിയതുപോലെ വേദനകൊണ്ട് പുളഞ്ഞ് കരയുന്നു, കാൽവരിയിൽ വച്ചെന്നതുപോലെ. രക്തത്തിൽ ഒട്ടിപ്പിടിച്ച മുടി ശരിയാക്കുന്നു. ഒടുവിൽ ഒരു കൊച്ചുകുഞ്ഞിനുസമാനം ആ ശരീരം മാറോടടുക്കിപ്പിടിക്കുന്നു, ബേത്‌ലഹെമിൽ വച്ചെന്നപോലെയാണത്.

അതിനുപിന്നാലെ നാം വായിച്ചറിയുന്നത് അമ്മയുടെ കഠോരമായ ആത്മീയാസ്വസ്ഥതയാണ്. എങ്കിലും മൂന്നാം ദിവസം അവിടുന്ന് ഉയിർത്തെഴുന്നേല്ക്കുമെന്ന സത്യം സൂചിപ്പിക്കുകയും അതുവരെ കല്ലറയിൽ കാത്തിരുന്നുകൊള്ളാമെന്നു പറയുകയുമാണവൾ. ഉയിർപ്പിൽ വിശ്വസിക്കാതിരിക്കാനുള്ള പ്രലോഭനവും പിശാച് ആ സമയം അഴിച്ചുവിടുന്നുണ്ട്. അമ്മ അതിനെയെല്ലാം അതിജീവിക്കുന്നു. എങ്കിലും മറിയം മഗ്ദലനയാണ് അമ്മയെ ഉണർത്തി ശിഷ്യരെ ഒരുമിച്ചുകൂട്ടാൻ പ്രേരിപ്പിക്കുന്നത്. പിന്നെ അന്ത്യഅത്താഴം നടന്ന വീട്ടിലേക്ക് വലിഞ്ഞുവലിഞ്ഞ് മറിയം എത്തുന്നു.

അവിടെ അവൾ തീർത്തും തളർന്ന് സ്ത്രീകളുടെ കൈകളിലേക്ക് വീഴുകയാണ് ഒടുവിൽ. പിന്നെ അവരുടെ പരിചരണത്തിൽ ബോധം തെളിയുന്ന അമ്മ അവർ നല്കുന്നതൊന്നും ഭക്ഷിക്കുന്നില്ല. എല്ലാവരെയും മുറിക്കു പുറത്താക്കിയ അമ്മ പ്രാർത്ഥിക്കുന്നത് പുറത്തുനില്ക്കുന്നവർ കേൾക്കുന്നു. ഈശോയുടെ നാമം മധുരമാണ്, ആ മരവിച്ച ശരീരം തന്റെ മടിയിൽ കിടത്തേണ്ടിവന്നല്ലോ, എന്നിട്ടും അവൻ തന്നെ മനുഷ്യരുടെ അമ്മയാക്കി എന്നെല്ലാമാണ് അവൾ പറയുന്നതിന്റെ ചുരുക്കം. തന്റെ അഹങ്കാരത്തിന് മാപ്പുചോദിക്കുകയും അനുയായികൾ അവന്റെ പീഡ കുറയ്ക്കാൻ ശ്രമിക്കാഞ്ഞതിൽ പരിഭവിക്കുകയും ചെയ്യുന്നുണ്ടായിരുന്നു ഇടയ്ക്ക്. ആ സമയത്ത് കാൽവരിയിൽ ഈശോയ്ക്ക് മുഖം തുടയ്ക്കാൻ കൊടുത്ത തൂവാലയിലെ ചിത്രവുമായി നൈക്ക് അവിടെ എത്തുകയാണ്. അതോടെ താൻ ”ആവശ്യപ്പെട്ട അടയാളം” എന്ന് ഉദീരണം ചെയ്ത് അമ്മ ആവേശഭരിതയാകുന്നു. ഈശോയുടെ ശരീരം സുഗന്ധം പൂശാനൊരുങ്ങുകയാണവർ തുടർന്ന്. ഈശോയിൽനിന്ന് പ്രകാശം സ്വീകരിച്ച യഹൂദരല്ലാത്ത വനിതകൾ ആ സമയം അമ്മയെ കാണാനെത്തുന്നുണ്ട്.

‘മനുഷ്യരക്ഷ സാധിച്ചിരിക്കുന്നു’
അടുത്ത അധ്യായം ഉയിർത്തെഴുന്നേറ്റ് വരുന്ന ഈശോയുടെയും അമ്മയുടെയും കൂടിക്കാഴ്ചകൾ വിവരിക്കുന്നു. അമ്മ അപ്പോഴും അന്ത്യ അത്താഴം നടന്ന ഭവനത്തിലാണ്. ”മനുഷ്യരക്ഷ സാധിച്ചുകഴിഞ്ഞിരിക്കുന്നു” എന്ന് ഈശോ പറയുന്നു. അമ്മയ്ക്ക് നന്ദിയും അർപ്പിക്കുന്നു. രണ്ടാമത് അവിടുന്ന് അമ്മയ്ക്കരികിലെത്തുന്നത് താൻ സ്വർഗ്ഗത്തിലേക്ക് കയറുന്നുവെന്ന് അറിയിക്കാനാണ്. രണ്ട്ണ്ടകൂടിക്കാഴ്ചകളിലും പരസ്പരം അവർ ചുംബനങ്ങൾ കൈമാറുന്നുണ്ട്. പിന്നീട് അമ്മ സ്വമനസ്സാലെ യോഹന്നാനോടൊപ്പം നസ്രത്തിലെ വീട്ടിൽ താമസമാക്കാൻ തീരുമാനിക്കുന്നു. പത്രോസിനെയും ജെയിംസി(യാക്കോബ്)നെയും ആദിമക്രിസ്ത്യാനികളെയുമെല്ലാം താൻ എല്ലാ വിധത്തിലും സഹായിക്കുമെന്ന് അമ്മ പറയുന്നു.
തുടർന്ന് അമ്മയുടെ സ്വർഗ്ഗാരോപണത്തിന്റെ സമയത്തിലേക്ക് നാം അടുക്കുന്നു. താനിപ്പോൾ യഹൂദയല്ലെന്നും ആദ്യത്തെ ക്രൈസ്തവവനിതയാണെന്നും അവൾ യോഹന്നാനോട് പറയുന്നു. ത്രിത്വാലിംഗനം സ്വീകരിക്കാൻ തന്റെ പുത്രന്റെ സ്വരം തന്നെ ക്ഷണിക്കുന്നുവെന്നും തന്റെ ആത്മശരീരങ്ങൾ ഉയർത്തുകയാണെന്നും. അസ്വസ്ഥനെങ്കിലും യോഹന്നാൻ ശാന്തനായി ആനന്ദപാരവശ്യത്തിലായതുപോലെ അമ്മയുടെ മുഖത്തേക്കുതന്നെ നോക്കിക്കൊണ്ടിരിക്കുന്നു. ശരീരം മുഴുവൻ പ്രകാശമായി മാറിയിരിക്കുന്നതുപോലെ. സ്വയം നില്ക്കാൻ കഴിയുന്നില്ല. യോഹന്നാൻ താങ്ങി കിടക്കയിൽ കിടത്തുന്നു. അമ്മയുടെ നിർദ്ദേശപ്രകാരം വായിച്ചുകൊണ്ടിരുന്ന വിശുദ്ധവചനങ്ങളിൽ മറിയത്തിന്റെ സ്‌തോത്രഗീതം ഒൻപതാം പാദമായപ്പോൾ അമ്മയുടെ ശ്വാസോച്ഛ്വാസം നിലച്ചെന്ന് യോഹന്നാനു മനസ്സിലാകുന്നു. എന്നാൽ കാഴ്ചയിൽ യാതൊരു വ്യത്യാസവുമില്ല. ചങ്കുപൊട്ടി കരഞ്ഞ് നിലത്തേക്കു വീഴുകയാണ് യോഹന്നാൻ.

ദുഃഖം അല്പം ശമിച്ചപ്പോൾ അമ്മയുടെ ആഗ്രഹപ്രകാരം ശരീരം ഒരുക്കുന്നു. മുറി ക്രമീകരിക്കുന്നു. ഗത്‌സമെനിലേക്കു പോയി പൂക്കളും ഒപ്പം ഒലിവുശാഖകളും ശേഖരിച്ച് അമ്മയ്ക്കു ചുറ്റും വച്ച് അലങ്കരിക്കുന്നു. പിന്നെ പരിശുദ്ധ അമ്മയെ നോക്കി ധ്യാനിച്ച് പ്രാർത്ഥിച്ചുകൊണ്ടുള്ള ഇരിപ്പ്. എത്ര ദിവസം ഉറക്കമിളച്ചിരുന്നുവെന്ന് പറയുകവയ്യ. ക്ഷീണത്താൽ തളർന്ന് ഉറങ്ങുന്ന സമയത്ത് പെട്ടെന്ന് അത് സംഭവിക്കുന്നു. പ്രകാശധോരണിയിൽ അവിടെയെത്തിയ ദൈവദൂതൻമാർ അത്ഭുതകരമായി തുറന്ന മട്ടുപ്പാവിന്റെ ഒരു ഭാഗത്തുകൂടെ അവരുടെ രാജ്ഞിയുടെ ഏറ്റം വിശുദ്ധ ശരീരവുമായി പോകുന്നു. അവരുടെ സംഗീതം കൂടുതൽ ശക്തമാവുന്ന സമയത്ത് അപ്പോഴും പകുതി ഉറക്കത്തിലായിരിക്കുന്ന യോഹന്നാൻ കിടക്ക ശൂന്യമാണെന്നു മനസ്സിലാക്കുന്നു. മട്ടുപ്പാവിലേക്കു കയറി മുകളിലേക്കു നോക്കുന്ന അവൻ അമ്മയുടെ പരിശുദ്ധ ശരീരം ദൂതൻമാർ വഹിച്ചുകൊണ്ടുപോകുന്നത് കാണുകയാണ്.
ദൈവസ്‌നേഹപാരവശ്യത്തിൽനിന്ന് അമ്മ ഉണരുന്നതും ആ ആത്മാവ് ശരീരത്തിലേക്ക് പുനഃപ്രവേശിക്കുന്നതും മഹത്വീകൃതമായ ശരീരത്തോടെ അമ്മ നിവർന്നുനില്ക്കുന്നതും തുടർന്ന് അവന് ദർശനത്തിൽ കാണാൻ കഴിയുന്നു. വീടിന്റെ അരഭിത്തിയിൽ ചാരിനില്ക്കുന്ന യോഹന്നാന് പരിശുദ്ധ അമ്മയുടെയും പരമപരിശുദ്ധനായ മകന്റെയും കൂടിക്കാഴ്ച കാണാനും സാധിക്കുന്നു. ദർശനം അവസാനിക്കുമ്പോൾ ദുഃഖവും ആനന്ദവും ആ മുഖത്ത് കാണാം. സാവകാശം ആനന്ദം ദുഃഖത്തെ അതിജീവിക്കുന്നു. മറിയത്തിന്റെ ഈലോകജീവിതകഥയുടെ വിവരണം അവസാനിക്കുമ്പോൾ യോഹന്നാനോടൊപ്പം പറയാൻ ഒന്നേയുണ്ടാവുകയുള്ളൂ – ”ദൈവമേ നന്ദി!”

വിശുദ്ധ ബൈബിളിൽനിന്നും ദൈവശാസ്ത്രഗ്രന്ഥങ്ങളിൽനിന്നും മിസ്റ്റിക്കുകൾക്ക് ലഭിച്ച ദർശനങ്ങളിൽനിന്നുമെല്ലാം ശ്രദ്ധയോടെ ശേഖരിച്ചെടുത്ത ചിത്രങ്ങൾ ചേർത്തുവച്ച് മറിയത്തിന്റെ ജീവിതകഥ രചിച്ചിരിക്കുകയാണ് ഗ്രന്ഥകാരനായ ഫാ. ജോസഫ് വട്ടക്കളം. പലയിടങ്ങളിൽനിന്ന് അത്യന്തം ശ്രമകരമായിമാത്രം നമുക്ക് വായിച്ചെടുക്കാൻ കഴിയുന്ന ആ ജീവചരിത്രം വളരെ എളുപ്പത്തിൽ നമുക്ക് ഇതിലൂടെ സമ്മാനിക്കുകയാണ് അദ്ദേഹം. മാതൃവാത്സല്യം മൃദുവായി നിറയുന്ന വായനാനുഭവം. കോഴിക്കോട് ഐറിൻ ബുക്‌സാണ് ‘അമലമനോഹരി’ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *