അമേരിക്കയിലെ കാൻസാസിൽ 1909-ൽ ഗ്ലെൻ കണ്ണിങ്ഹാം ജനിച്ചു. ക്ലാസ്മുറിയിലെ തണുപ്പ് മാറ്റാനുള്ള കരിയടുപ്പ് നിത്യവും രാവിലെ കത്തിച്ചുവയ്ക്കുന്ന ജോലി എട്ടുവയസുകാരനായ ഗ്ലെന്നിനും ചേട്ടൻ ഫ്ളോയിഡിനുമായിരുന്നു. തീ പിടിപ്പിക്കുന്നതിനായി ടിന്നിലൊഴിച്ചുവയ്ക്കാറുള്ള മണ്ണെണ്ണയ്ക്ക് പകരം പെട്രോൾ ആരോ ഒഴിച്ചുവച്ചു. ഇതറിയാതെ സഹോദരങ്ങൾ അടുപ്പിലേക്ക് പെട്രോൾ ഒഴിച്ചു. വലിയ സ്ഫോടനവും തീപിടുത്തവും ഉണ്ടായി. ചേട്ടൻ മരിച്ചു. ശരീരം ആസകലം കരിഞ്ഞ് ബോധമറ്റു വീണ ഗ്ലെന്നിനെ ആശുപത്രിയിലാക്കി.
ഗ്ലെന്നിന്റെ അരയ്ക്ക് കീഴ്പ്പോട്ടാണ് പൂർണമായും വെന്തുരുകിയത്. കാൽമുട്ടിലും കണങ്കാലിലും ഇടതു കാൽവിരലുകളിലും മാംസത്തിന്റെ ഒരു തരിപോലും അവശേഷിച്ചില്ല. മിക്കവാറും മരിച്ചുപോകുമെന്നും അതാവും അവന് നല്ലതെന്നും ഡോക്ടർ അമ്മയോട് അടക്കം പറയുന്നത് മയക്കത്തിൽ കിടന്നുകൊണ്ട് അവൻ കേട്ടിരുന്നു. ഏതായാലും ഒരിക്കലും നടക്കാൻ കഴിയില്ലെന്നതിനാൽ കാലുകൾ മുറിച്ചുകളയാൻ ഡോക്ടർമാർ ചെയ്ത ശുപാർശ അവനും മാതാപിതാക്കളും അംഗീകരിച്ചില്ല.
പൊള്ളൽ കരിഞ്ഞപ്പോൾ അവൻ വീട്ടിലേക്ക് മടങ്ങി. ജീവനില്ലാത്ത കാലുമായി ഗ്ലെൻ കിടപ്പിലായി. അച്ഛനും അമ്മയും അവന്റെ കുഞ്ഞിക്കാലുകൾ തിരുമ്മിക്കൊടുക്കും. ഇടയ്ക്ക് അമ്മ അവനെ കാറ്റുകൊള്ളിക്കാൻ വീൽചെയറിലിരുത്തി മുറ്റത്തും പറമ്പിലും കൊണ്ടുപോകും.
ഒരു ദിവസം അവൻ മനഃപൂർവം വീൽചെയറിൽനിന്ന് താഴെ വീണു. പുല്ലിന് മുകളിലൂടെ കാലുകൾ വലിച്ചുവലിച്ച് വേലിയ്ക്കരികിലേക്ക് നീങ്ങി. വേലിയ്ക്കരികിലെത്തിയ അവൻ വേലിക്കമ്പിൽ താങ്ങിപ്പിടിച്ച് വളരെ ആയാസപ്പെട്ട് പൊങ്ങി. വേലിയിലെ ഓരോ കമ്പിലും പിടിച്ചുപിടിച്ച് പതുക്കെ നീങ്ങി. പിന്നീട് ഇത് പതിവായി. ക്രമേണ കാലുകൾക്ക് ജീവൻ വച്ചു. രണ്ടുകൊല്ലം കഴിഞ്ഞ് അവൻ പിടിച്ചുനിന്നു. പിന്നീട് നടന്നു. ക്രമേണ പതുക്കെ ഓടാമെന്നായി. പിന്നെ കാര്യം എളുപ്പമായി. അവൻ എവിടെയും ഓടിയേ പോകൂ. സ്കൂളിലേക്കും തിരിച്ചും മറ്റെല്ലായ്പ്പോഴും.
ഗ്ലെൻ പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. അവിശ്വസനീയമായ പുരോഗതിയാണ് പിന്നീട് അവന്റെ ജീവിതത്തിൽ ഉണ്ടായത്. 1934-ൽ തന്റെ ഇരുപത്തിയഞ്ചാം വയസിൽ ന്യൂയോർക്കിൽ നടന്ന ഒരു മത്സരത്തിൽ ഗ്ലെൻ നാലു മിനിട്ടും ഏഴ് സെക്കന്റുംകൊണ്ട് ഒരു മൈൽ പിന്നിട്ട് ഇൻഡോർ ഓട്ടത്തിൽ റെക്കോർഡിട്ട് എല്ലാവരെയും വിസ്മയിപ്പിച്ചു. പിന്നീട് ഇരുപത് വർഷങ്ങൾ കഴിഞ്ഞാണ് പുതിയ റെക്കോർഡുണ്ടായത്. 1932-ലും 1936-ലും ഒളിമ്പിക്സിൽ അമേരിക്കക്കുവേണ്ടി ഗ്ലെൻ ഓടി. ജീവിതത്തിൽ നിന്നുതന്നെ വിദഗ്ധ ഡോക്ടർമാർ എഴുതിത്തള്ളിയ ഗ്ലെൻ കണ്ണിങ്ഹാമിന്റെ നിശ്ചയദാർഢ്യവും സ്ഥിരപരിശ്രമവും തികഞ്ഞ ആത്മവിശ്വാസവും നമ്മിൽ ആരെയാണ് പുളകമണിയിക്കാത്തത്?
നമ്മുടെ സൗഭാഗ്യങ്ങൾ പലപ്പോഴും നമ്മൾ തിരിച്ചറിയാറില്ല എന്നതാണ് സത്യം. അവ തിരിച്ചറിഞ്ഞു തുടങ്ങിയാൽ നമ്മുടെ ഉള്ളിലുള്ള നിഷേധചിന്തകളും കുറഞ്ഞുതുടങ്ങും. പരിമിതികളും തടസങ്ങളും ആത്മവിശ്വാസത്തിന് വഴിമാറിയ എത്രയോ സംഭവങ്ങൾ നമ്മുടെ ജീവിതത്തിൽത്തന്നെ അനുഭവിച്ചിട്ടുണ്ട്. ഇത്തരത്തിൽ ജീവിതവിജയം സ്വന്തമാക്കിയ അനേകം ആളുകളുടെ അനുഭവസാക്ഷ്യങ്ങൾ നമ്മുടെ മുൻപിലുണ്ട്, അത് നമ്മെയും പ്രചോദിപ്പിക്കട്ടെ.
സ്വർണക്കഥകൾ
1992-ലെ ബാർസിലോന ഒളിമ്പിക്സിലും 1996-ലെ അറ്റ്ലാന്റെ ഒളിമ്പിക്സിലും വനിതകളുടെ നൂറുമീറ്ററിൽ സ്വർണം നേടിയ ഗെയ്ൽ ഡിവേഴ്സിന്റെ കഥയും ഏതാണ്ട് ഗ്ലെന്നിന്റേതുപോലെയാണ്. ഒളിമ്പിക്സ് റിലേയിലും ലോക ചാമ്പ്യൻഷിപ്പുകളിലെ നൂറുമീറ്റർ ഓട്ടങ്ങളിലും നൂറുമീറ്റർ ഹർഡിൽസിലും റിലേയിലുമെല്ലാം ഡിവേഴ്സ് പലകുറി സ്വർണം നേടിയിട്ടുണ്ട്. ബാർസിലോന ഒളിമ്പിക്സിന് രണ്ടുവർഷം മുമ്പാണ് ഗ്രേവ്സ് രോഗം പിടികൂടിയ ഡിവേഴ്സിന്റെ കാലുകൾ മുറിച്ചു നീക്കണമെന്ന നിർദേശം വന്നത്. പക്ഷേ, അവൾ സമ്മതിച്ചില്ല. ക്രമേണ രോഗം ആത്മവിശ്വാസത്തിന് വഴിമാറി.
ഇരുപത്തിരണ്ട് സഹോദരങ്ങളിൽ ഇരുപതാമത്തേതായി മാസം തികയാതെ പിറന്ന, പോളിയോ ബാധിച്ച് കാൽ മുറിക്കണമെന്ന് വിധിക്കപ്പെട്ട വിൽമാ റുഡോൽഫ് വെല്ലുവിളികളെ അതിജീവിച്ച് 1960-ലെ റോം ഒളിമ്പ്കിസിൽ ഹ്രസ്വദൂര ഓട്ടങ്ങളിൽ മൂന്ന് സ്വർണമെഡലുകൾ നേടിയ ഐതിഹാസികകഥയും ഡിവേഴ്സിനെ ആത്മവിശ്വാസത്തോടെ പൊരുതി മുന്നേറാൻ സഹായിച്ചു.
ധൈര്യത്തിന്റെ ഉറവിടം
ജീവിതത്തിൽ വിജയിക്കണമെന്നും അനശ്വര നേട്ടങ്ങൾ കൊയ്തെടുക്കണമെന്നും എല്ലാവർക്കും ആഗ്രഹമുണ്ട്. പക്ഷേ, അത് നേടിയെടുക്കാം എന്ന ആത്മവിശ്വാസം നമ്മിൽ പലർക്കുമില്ല. അതിനാൽ കഠിനാധ്വാനത്തിന്റെ പാതയിലൂടെ മുന്നോട്ട് കുതിക്കാൻ പലപ്പോഴും സാധിക്കാതെ വരുന്നു. ജീവിതയാത്രയിൽ അഭിമുഖീകരിക്കേണ്ടിവരുന്ന ചെറിയ ചെറിയ പരാജയങ്ങൾപോലും ഒരു കാര്യത്തിനായി പരിശ്രമിക്കാനുള്ള നമ്മുടെ ആത്മവിശ്വാസത്തെ ചോർത്തിക്കളയുന്നു. പലപ്പോഴും പരിശ്രമിക്കാൻ തയാറാകാത്തതാണ് നമ്മുടെയൊക്കെ ജീവിതത്തിലെ ഏറ്റവും വലിയ തടസം. ജീവിതത്തിലുള്ള വീഴ്ചകളെക്കാളുപരി വീണിടത്തുനിന്ന് എഴുന്നേല്ക്കില്ല എന്ന വാശി നമ്മെ പലപ്പോഴും വലിയ പരാജയങ്ങളിലേക്ക് നയിക്കാം.
വിലപിക്കുന്നതിനു പകരം വെല്ലുവിളികളെ തന്റേടത്തോടും കരളുറപ്പോടുംകൂടെ നേരിടുവാൻ കഴിഞ്ഞാൽ സ്ഥിതി എത്ര വ്യത്യസ്തമാകുമായിരുന്നു. ദൈവാശ്രയമാണ് അതിനുള്ള ധൈര്യം പകരുന്നതെന്നു മറക്കാതിരിക്കാം. എന്തെന്നാൽ ഏശയ്യാ പ്രവാചകനിലൂടെ കർത്താവ് പറയുന്നു, ”ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തി പ്രാപിക്കും; അവർ കഴുകൻമാരെപ്പോലെ ചിറകടിച്ചുയരും.” (ഏശയ്യാ 40:31).
ഫാ. സണ്ണി കുറ്റിക്കാട്ട് സി.എം.ഐ