അന്ന് സ്കൂളവധിദിനമായിരുന്നു. വീട്ടിലെ മൂത്തവനായ ജോൺ രാവിലെതന്നെ ഉത്സാഹത്തോടെ അമ്മയുടെ അടുത്ത് എത്തി. കറിക്ക് അരിഞ്ഞുകൊണ്ടിരിക്കുകയായിരുന്ന അമ്മയെ കെട്ടിപ്പിടിച്ചുകൊണ്ട് ജോൺ പറഞ്ഞു-‘എനിക്ക് അമ്മയെ നല്ല ഇഷ്ടമാ’. എന്നാൽ അമ്മയുടെ ആവശ്യപ്രകാരം വിറകെടുക്കാൻ മുറ്റത്തെത്തിയ അവൻ ഊഞ്ഞാലാടുന്ന രസത്തിൽ വിറകിന്റെ കാര്യം മറന്നു. പിന്നെ അമ്മ തന്നെ പോയി വിറക് എടുത്തുകൊണ്ട് വരുകയും ചെയ്തു.
അല്പം കഴിഞ്ഞ് അമ്മയ്ക്കരികിലെത്തിയ രണ്ടാമത്തവൾ റോസും കാപ്പിയും പലഹാരവും കഴിച്ചുകഴിഞ്ഞ് അമ്മയെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു- ‘എനിക്ക് അമ്മയെ വലിയ ഇഷ്ടമാ!’ എന്നാൽ അമ്മ തന്റെ കൂടെ കളിക്കാൻ വരണമെന്ന് വാശി പിടിച്ച റോസ്മോളെ ശാന്തയാക്കാൻ പോയപ്പോൾ അമ്മയ്ക്ക് വളരെയധികം സമയം നഷ്ടപ്പെട്ടു, അടുപ്പത്തിരുന്ന അരി കൂടുതൽ വെന്തുംപോയി.
കുഞ്ഞുമകളായ നയന അന്ന് താമസിച്ചാണ് എഴുന്നേറ്റത്. ഏഴുന്നേറ്റ പാടെ അടുക്കളയിലെത്തി അവൾ അമ്മയ്ക്ക് ഒരുമ്മ കൊടുത്തുകൊണ്ട് പറഞ്ഞു. ‘അമ്മയെ എനിക്ക് വളരെ ഇഷ്ടമാ.’ പിന്നെ പ്രഭാതകൃത്യങ്ങളും പ്രാതലും കഴിഞ്ഞ് അവൾ വീടെല്ലാം അടിച്ചുവാരി തുടച്ച് വൃത്തിയാക്കി. കുഞ്ഞുവാവയെ ഉറക്കി. ജോലികളിൽ സഹായിച്ചുകൊണ്ട് ദിവസംമുഴുവൻ അവൾ അമ്മയുടെ കൂടെ നടന്നു. അവൾക്കന്ന് വലിയ സന്തോഷമായിരുന്നു.
രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പായി മൂന്ന് പേരും വന്ന് അമ്മയോട് വീണ്ടും പറഞ്ഞു -‘അമ്മയെ ഞങ്ങൾക്ക് നല്ല ഇഷ്ടമാ’.
നമുക്ക് ദൈവത്തോടുള്ള സ്നേഹം എങ്ങനെയാണ്?
(അവലംബം: ‘വിച്ച് ലവ്ഡ് ബെസ്റ്റ്’, ജോയ് അലിസൺ)