സന്തോഷിക്കാൻ ഒരു വരദാനം

ലോകപ്രശസ്ത സർജനാണ് പോൾ ബ്രാൻഡ്. കുഷ്ഠരോഗചികിത്സയിൽ ഗണ്യമായ സംഭാവനകൾ നൽകിയ അദ്ദേഹമാണ് ഈ രോഗത്തെക്കുറിച്ചുള്ള ഏറ്റവും വലിയ തെറ്റായ ധാരണ മാറ്റുവാൻ സഹായിച്ചത്. കുഷ്ഠരോഗം പിടിപെട്ട ഒരു വ്യക്തിയുടെ ശരീരത്തിലെ കോശങ്ങൾ അഴുകുന്നതുകൊണ്ടാണ് അംഗവൈകല്യവും വൈരൂപ്യവും ഉണ്ടാകുന്നതെന്നായിരുന്നു പൊതുവെയുള്ള ധാരണ. എന്നാൽ അതിന്റെ ശരിയായ കാരണം കണ്ടുപിടിച്ചത് ഡോ. പോൾ ബ്രാൻഡാണ്. കുഷ്ഠരോഗിക്ക് വേദന അനുഭവപ്പെടുവാനുള്ള കഴിവ് നഷ്ടപ്പെടുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഉദാഹരണമായി ഒരു കുഷ്ഠരോഗിയുടെ വിരൽ തീയിൽ വച്ചാൽ അത് പൊള്ളി വെന്തുപോലായും അദ്ദേഹത്തിന് വേദന അറിയുകയില്ല. അവരുടെ കൈയോ കാലോ എവിടെയെങ്കിലും തട്ടുകയോ മുട്ടുകയോ ചെയ്താലും അവർ അറിയുകയില്ല. അതിന്റെ ഫലമായി അവരുടെ കൈകൾക്കും കാലുകൾക്കും രൂപമാറ്റമുണ്ടാകുന്നു. ഈ അറിവ് കുഷ്ഠരോഗികളെ പരിചരിക്കുന്നതിൽ തെല്ലൊന്നുമല്ല സഹായിച്ചത്.
ഡോ. പോൾ ബ്രാൻഡിന്റെ മാതാപിതാക്കൾ ഇന്ത്യയിൽ ത്യാഗപൂർണമായ മിഷനറി വേല ചെയ്ത ബ്രിട്ടീഷുകാരായിരുന്നു. യേശുവിനോടുള്ള നിറഞ്ഞ സ്‌നേഹത്തെപ്രതി അവർ ബ്രിട്ടനിലെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് വന്നു, അവിടുത്തെ ജീവന്റെ സുവിശേഷം പങ്കുവയ്ക്കുവാൻ. അതിനായി അവർ തിരഞ്ഞെടുത്തത് തമിഴ്‌നാട്ടിലെ ഏറ്റവും അവികസിതമായ സ്ഥലമായിരുന്നു. വളരെ പാവപ്പെട്ടവർ താമസിച്ചിരുന്ന ഒരു കുന്നിൻപ്രദേശം. പേര് കൊല്ലിമല. പേര് സൂചിപ്പിക്കുന്നതുപോലെ അനേക നിരാലംബർ വിവിധ പകർച്ചവ്യാധികൾ പിടിപെട്ട് മരിച്ചു വീണുകൊണ്ടിരുന്ന മലയായിരുന്നു അത്. അവരുടെ ഇടയിൽ ജീവൻ പണയംവച്ച് അവർ ധൈര്യപൂർവം സുവിശേഷവേല തുടർന്നു. അവിടെവച്ചാണ് പോൾ ജനിച്ചത്. പോളിന് പതിനഞ്ച് വയസുള്ളപ്പോൾ പിതാവ് മരിച്ചു. ലോകത്തിന്റെ ദൃഷ്ടിയിൽ ദൈവത്തിനുവേണ്ടി ജീവിതം സമർപ്പിച്ച ഒരു കുടുംബം അനാഥമായ അവസ്ഥ സംജാതമായി.

എന്നാൽ ദൈവം വാഗ്ദാനത്തിൽ എന്നും വിശ്വസ്തനാണ്. തന്റെ പ്രിയപ്പെട്ടവരെ അവിടുന്ന് ഒരുനാളും കൈവിടുകയില്ല. പോളിന് ബ്രിട്ടനിൽ ഉപരിപഠനം നടത്തുവാൻ അവിടുന്ന് അവസരമൊരുക്കി. മെഡിസിനിൽ ബിരുദം നേടിയശേഷം സർജറിയിൽ ബിരുദാനന്തര ബിരുദവും അദ്ദേഹം നേടി.

ജീവിതവീഥിയിൽ വെള്ളിനക്ഷത്രം
പോളിന്റെ മുമ്പിൽ വിശാലമായ ഒരു വഴി തുറന്നു കിടക്കുകയാണ്. ബ്രിട്ടനിൽ പ്രാക്ടീസ് ചെയ്യുക, പണം സമ്പാദിക്കുക, ആധുനിക സുഖസൗകര്യങ്ങൾ എല്ലാം അനുഭവിച്ചുകൊണ്ട് ജീവിക്കുക. പക്ഷേ, അദ്ദേഹം ഈ വഴിയിലൂടെ നടന്നില്ല. കാരണം അദ്ദേഹത്തിന്റെ ജീവിതവീഥിയിൽ ഒരു വെള്ളിനക്ഷത്രംപോലെ മാതാപിതാക്കളുടെ ത്യാഗോജ്വലമായ ജീവിതമാതൃക ഉണ്ടായിരുന്നു. യേശുവിനുവേണ്ടി ജീവിച്ച് മരിച്ച പിതാവിനെ എങ്ങനെയാണ് അദ്ദേഹത്തിന് മറക്കാനാവുക? മാതാപിതാക്കളുടെ ജീവിതമാണ് മക്കളുടെ യഥാർത്ഥ സമ്പത്ത്. അവർ കുഞ്ഞുനാളിൽ ചൊല്ലിക്കൊടുക്കുന്ന കാര്യങ്ങളാണ് മക്കളുടെ ഓർമയിൽ പ്രായമാകുമ്പോഴും തങ്ങിനില്ക്കുന്നത്. മാതാപിതാക്കൾ നടന്ന വഴികളിലൂടെ നടക്കുവാനാണ് മക്കളും പരിശ്രമിക്കുക. സുഭാഷിതങ്ങളിലെ പിതാവിനെപ്പോലെ ഓരോ പിതാവിനും പറയുവാൻ സാധിക്കട്ടെ: ”ഞാൻ ജ്ഞാനത്തിന്റെ വഴി നിന്നെ പഠിപ്പിച്ചു; സത്യസന്ധതയുടെ പാതകളിൽ നിന്നെ നയിച്ചു. നടക്കുമ്പോൾ നിന്റെ കാലിടറുകയില്ല; ഓടുമ്പോൾ വീഴുകയുമില്ല” (സുഭാഷിതങ്ങൾ 4:11-12).
ഡോ. പോൾ തന്റെ പിതാവ് രക്തവും വിയർപ്പും ജീവനും അർപ്പിച്ച മണ്ണിലേക്ക് തിരിച്ചുവന്നു. തമിഴ്‌നാട്ടിലെ വെല്ലൂരിലെത്തി. യേശു തനിക്ക് നല്കിയ കഴിവുകളും അറിവും പാവപ്പെട്ട കുഷ്ഠരോഗികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുവാൻ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ നീണ്ട പതിനെട്ടു വർഷങ്ങൾ അദ്ദേഹം അവരുടെകൂടെ ആയിരുന്നു.

കുഷ്ഠരോഗികളുമായി അടുത്ത് ഇടപഴകിയാൽ അവരുടെ രോഗം പകരുമെന്ന ഒരു ആശങ്ക മറ്റുള്ളവരെപ്പോലെ അദ്ദേഹത്തിനും ഉണ്ടായിരുന്നു. ഈ ആശങ്കയെ സാധൂകരിക്കുന്ന ഒരു അനുഭവം അദ്ദേഹത്തിനുണ്ടായി. ഒരിക്കൽ അദ്ദേഹം അമേരിക്കയിൽനിന്ന് ലണ്ടനിലേക്ക് വിമാനയാത്ര ചെയ്തു. ദീർഘദൂരയാത്രയ്ക്കുശേഷം ക്ഷീണിച്ച് അദ്ദേഹം തന്റെ മുറിയിലെത്തി. സോക്‌സ് ഊരിയശേഷം അദ്ദേഹം ആദ്യം ചെയ്തത് തനിക്ക് വേദന അനുഭവപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. ഒരു സൂചിയെടുത്ത് തന്റെ ഉപ്പൂറ്റിയിൽ കുത്തിനോക്കി. രക്തം വന്നു, പക്ഷേ ഒട്ടും വേദനയില്ല. അദ്ദേഹം ഉത്ക്കണ്ഠാഭരിതനായി. താനും ഒരു കുഷ്ഠരോഗിയായോ? ആ രാത്രി അദ്ദേഹത്തിന് ഉറക്കം വന്നില്ല. കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. നേരം വെളുത്തപ്പോൾ അദ്ദേഹം ആദ്യം ചെയ്തത് വീണ്ടും കാലിൽ കുത്തിനോക്കുക എന്നതായിരുന്നു. അദ്ദേഹം സന്തോഷത്താൽ തുള്ളിച്ചാടി. ഇപ്പോൾ രക്തം വരുന്നു, മാത്രമല്ല നല്ല വേദനയുമുണ്ട്. തനിക്ക് കുഷ്ഠരോഗം പിടിപെട്ടിട്ടില്ല എന്ന് അദ്ദേഹത്തിന് നല്കുന്ന സന്ദേശമായിരുന്നു ആ വേദന.
പിന്നെ എപ്പോഴൊക്കെ അദ്ദേഹത്തിന് വേദന അനുഭവപ്പെട്ടോ, അപ്പോഴൊക്കെ അദ്ദേഹത്തിന് വലിയ സന്തോഷം തോന്നുമായിരുന്നു. കാരണം വേദന അനുഭവപ്പെടുവാനുള്ള കഴിവ് നഷ്ടപ്പെടുന്ന കുഷ്ഠരോഗം തനിക്ക് ഇല്ലല്ലോ എന്ന തിരിച്ചറിവ് ആ സമയത്ത് അദ്ദേഹത്തിന് ലഭിച്ചിരുന്നു.

സന്തോഷത്തിന്റെ രഹസ്യത്തിലേക്ക്…
നമ്മളിൽ ഭൂരിഭാഗംപേരും വേദനയെ ഇഷ്ടപ്പെടാത്തവരാണ്. അതിനെ ഒഴിവാക്കുവാനാണ് നമ്മുടെ പരിശ്രമം. എന്നാൽ ഡോ. പോൾ ബ്രാൻഡിന് വലിയൊരു വെളിപാടുണ്ടായി. വേദന ഒരു ശാപമല്ല, അതൊരു അനുഗ്രഹമാണ്. ആ ആശയത്തെ അദ്ദേഹം വികസിപ്പിച്ചെടുത്തു, അതൊരു പുസ്തകത്തോളം വലുതായി. അങ്ങനെ ലോകശ്രദ്ധയാകർഷിച്ച ആ പുസ്തകം പിറന്നു – ദി ഗിഫ്റ്റ് ഓഫ് പെയിൻ, വേദന; ദൈവത്തിന്റെ വരദാനം. ഈ പുസ്തകം ലോകശ്രദ്ധയാകർഷിച്ചു. വേദനയെക്കുറിച്ച് പുതിയൊരു ഉൾക്കാഴ്ച നല്കുവാൻ അത് സഹായിച്ചു.

ശരിക്കുപറഞ്ഞാൽ ഈ കാഴ്ചപ്പാടാണ് ശരി. സുഖിക്കുക, അതിനുള്ള മാർഗങ്ങൾ തേടുക എന്നത് ജഡികമനുഷ്യന്റെ അടിസ്ഥാന പ്രവണതയാണ്. പാപം ചെയ്യുവാനുള്ള മൂലകാരണവും ഈ സുഖാസക്തിയാണ്. മനുഷ്യന്റെ മനസിനെ ദുർബലമാക്കുന്ന പ്രധാനപ്പെട്ട ഒന്ന് സുഖലോലുപത ആണെന്ന് യേശുതന്നെ മുന്നറിയിപ്പ് നല്കിയിട്ടുണ്ടല്ലോ. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ നാം ഇപ്രകാരം കാണുന്നു: ”സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാൽ നിങ്ങളുടെ മനസ് ദുർബലമാവുകയും, ആ ദിവസം ഒരു കെണിപോലെ പെട്ടെന്ന് നിങ്ങളുടെമേൽ വന്ന് വീഴുകയും ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കുവിൻ” (ലൂക്കാ 21:34).
വേദനയിലൂടെയാണ് ആത്മീയമനുഷ്യൻ പിറന്ന് വീഴുക. അത് സുഖാസക്തിക്ക് എതിരെയുള്ള ഒരു പോരാട്ടമാണ്. ദൈവം മനുഷ്യനെ രക്ഷിക്കുവാൻ അതിദാരുണമായ കുരിശുമരണം തിരഞ്ഞെടുത്തതിന്റെ പൊരുളും ഇവിടെ വ്യക്തമാകുന്നു. രക്ഷ കുരിശിലൂടെയേ സാധിക്കുകയുള്ളൂ.

നമുക്ക് ഇഷ്ടമില്ലെങ്കിലും വേദനിക്കുന്ന അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഓരോ വ്യക്തിയും കൂടുതൽ കൂടുതൽ ശുദ്ധീകരിക്കപ്പെടുകയാണ്. ജഡികമനുഷ്യൻ ക്ഷയിക്കുകയും ആത്മീയമനുഷ്യൻ ശക്തിപ്പെടുകയും ചെയ്യുന്നു. അതിനാൽ ആ വ്യക്തിക്ക് ആഴമായ ഒരു ദൈവാനുഭവം ഉണ്ടാകുകയാണ്. ദൈവം അകലെയുള്ളവനല്ല അടുത്ത് നില്ക്കുന്നവനാണ് എന്ന തിരിച്ചറിവ് അദ്ദേഹത്തിന് ലഭിക്കുന്നു.

ഇതിന് ഏറ്റവും നല്ല ഉദാഹരണം ജോബുതന്നെയാണല്ലോ. അദ്ദേഹത്തിന് എല്ലാം നഷ്ടപ്പെട്ടു – സമ്പത്ത്, മക്കൾ, ആരോഗ്യം – എല്ലാം. ഭാര്യപോലും മനസുകൊണ്ട് എതിർത്ത അനുഭവമുണ്ടായ ജോബ് തികച്ചും ഏകാകിയായിത്തീർന്നു.
പക്ഷേ, ഈ അനുഭവങ്ങളുടെ അവസാനം അദ്ദേഹം ഇപ്രകാരം പറയുന്നു: ”അങ്ങയെക്കുറിച്ച് ഞാൻ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഇപ്പോൾ എന്റെ കണ്ണുകൾ അങ്ങയെ കാണുന്നു” (ജോബ് 42:5). മുമ്പ് കേട്ടറിഞ്ഞ അനുഭവം. ഇപ്പോൾ കാണുന്ന അനുഭവം. അതിനാൽ വേദന ഒരു വരദാനംതന്നെ. ചെറുതും വലുതുമായ വേദനയുടെ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ ഒരു ഇരുട്ടുനിറഞ്ഞ തുരങ്കത്തിലൂടെ കടന്നുപോകുന്നതുപോലെ തോന്നും. പക്ഷേ ഓർക്കുക, അവസാനം ഒരു പ്രകാശപൂർണമായ ലോകം നമ്മെ കാത്തിരിക്കുന്നു. ആ ലക്ഷ്യത്തെ മനസിൽ സൂക്ഷിച്ചുകൊണ്ട് പ്രത്യാശയോടും ആത്മസംയമനത്തോടുംകൂടെ വേദനയുടെ കടൽ കടക്കുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം.

കുരിശിലൂടെ ലോകത്തെ രക്ഷിച്ച ദൈവമേ, വേദന ഒരു വരദാനമാണെന്ന് എന്നെ പഠിപ്പിക്കണമേ. ആ ബോധ്യം അങ്ങയുടെ പരിശുദ്ധാത്മാവ് വഴി എന്റെ മനസിൽ നിറച്ചാലും.
പരാതിപ്പെടുകയും പിറുപിറുക്കുകയും ചെയ്യുന്ന എന്റെ സ്വഭാവത്തെ മാറ്റണമേ. വേദനയിലൂടെ എന്നെ രൂപാന്തരപ്പെടുത്തുന്ന അങ്ങയുടെ അനന്തസ്‌നേഹത്തെയും ജ്ഞാനത്തെയും തിരിച്ചറിയുവാൻ എനിക്ക് കൃപ നല്കിയാലും. പരിശുദ്ധ അമ്മേ, വ്യാകുലമാതാവേ, വേദനയുടെ ആഴങ്ങൾ കണ്ട അമ്മേ, എന്നെ ശക്തിപ്പെടുത്തുവാൻ കൂടെ ആയിരിക്കണമേ. എനിക്കായി പ്രത്യേകം പ്രാർത്ഥിച്ചാലും.

വിശുദ്ധ യൗസേപ്പിതാവേ, വിശുദ്ധരേ, സ്വർഗത്തിലേക്കുള്ള വഴി ഇടുങ്ങിയതാണെന്ന് എന്നെ നിരന്തരം
ഓർമിപ്പിക്കണമേ ആമ്മേൻ.

കെ.ജെ. മാത്യു

Leave a Reply

Your email address will not be published. Required fields are marked *