പുതിയ പ്രതിജ്ഞകളില്ലാത്ത പുതുവർഷം

ഫ്രഞ്ച് വൈദികനായ ‘മൈക്കിൾ ക്വയിസ്റ്റി’ന്റെ പ്രശസ്തമായ പുസ്തകമാണ് ‘പ്രെയേർസ് ഓഫ് ലൈഫ്.’ അതിലെ ഒരു പ്രാർത്ഥനയുടെ ഭാഗം ഇപ്രകാരമാണ്:
”കർത്താവേ… ഞാൻ പിന്നെയും വീണുപോയിരിക്കുന്നു.
എനിക്ക് മുന്നോട്ടുപോകാൻ കഴിവില്ല.
ലജ്ജമൂലം എനിക്കങ്ങയുടെ മുഖത്തേക്ക് നോക്കാനാവുന്നില്ല.
ദൈവമേ അങ്ങ് എന്റെനേരെ അങ്ങനെ നോക്കരുതേ…
കാരണം ഞാൻ നഗ്നനാണ്.
അഴുക്കു പുരണ്ടവനാണ്.

ഞാൻ വീണവനും ശക്തി ഒട്ടും അവശേഷിക്കാത്തവിധം തകർന്നു പോയവനുമാണ്.
പുതിയ പ്രതിജ്ഞകളൊന്നും എടുക്കാൻ എനിക്ക് ധൈര്യമില്ല.
അവിടുത്തെ മുമ്പിൽ ശിരസ് നമിച്ച് കിടക്കാനേ എനിക്കാവുകയുള്ളൂ.”
പുതുവർഷാരംഭത്തിൽ പുതിയ പ്രതിജ്ഞകളെടുക്കുക നല്ലൊരു കാര്യമാണ്. പക്ഷേ പലപ്പോഴും പ്രതിജ്ഞകൾ പാലിക്കാൻ കഴിയാത്തതിന്റെ ദുഃഖം വർഷാന്ത്യത്തിൽ കൂട്ടിനുണ്ടാകും. ചിലർ ജീവിതവ്യഗ്രതയിൽ പ്രതിജ്ഞകളുടെ കാര്യംതന്നെ മറന്നുപോകാം. എന്തെല്ലാം നല്ല തീരുമാനങ്ങൾ… എന്തെല്ലാം നല്ല ആഗ്രഹങ്ങൾ… പുണ്യത്തിൽ വളരാനും തിന്മകൾ ഉപേക്ഷിക്കാനും ലക്ഷ്യങ്ങൾ നേടുന്നതിന് കഠിനമായി അധ്വാനിക്കുവാനും കഴിഞ്ഞ വർഷാരംഭത്തിൽ നാമെടുത്ത തീരുമാനങ്ങൾ ഓർമിക്കുമ്പോൾ സങ്കടവും നഷ്ടബോധവും രൂപപ്പെടാം.

മൈക്കിൾ ക്വയിസ്റ്റിനെപ്പോലെ നമ്മളും പ്രാർത്ഥിക്കും: ”ദൈവമേ, പുതിയ പ്രതിജ്ഞകളൊന്നും എടുക്കാൻ എനിക്ക് ധൈര്യമില്ല…. ഞാനൊരിക്കലും വിജയിക്കില്ല.” പക്ഷേ ഇതിനുള്ള ഉത്തരം പ്രാർത്ഥനയുടെ അവസാനഭാഗത്ത് ദൈവപിതാവിന്റെ മറുപടിയായി അദ്ദേഹം ചേർത്തുവച്ചിരിക്കുന്നു.
”മകനേ, നീ എഴുന്നേറ്റ് എന്റെ അരികിലേക്ക് വരുക.
നിന്റെ ഞാൻഭാവത്തിനല്ലേ ഇവിടെ മുഖ്യമായും മുറിവേറ്റിരിക്കുന്നത്?
നീ എന്നെ സ്‌നേഹിച്ചിരുന്നെങ്കിൽ
വീഴ്ചകൾ നിന്നെ ദുഃഖിപ്പിച്ചാലും
നീ എന്നിൽ പ്രത്യാശ വയ്ക്കുമായിരുന്നു.
ദൈവത്തിന്റെ സ്‌നേഹത്തിന് ഒരവസാനമുണ്ടെന്ന് നീ ചിന്തിക്കുന്നുണ്ടോ?
ഒരു നിമിഷത്തേക്കെങ്കിലും ഞാൻ നിന്നെ സ്‌നേഹിക്കുന്നതിൽനിന്നും പിന്തിരിഞ്ഞുവെന്നു നീ കരുതുന്നുണ്ടോ?
നീ ഇപ്പോഴും നിന്നിൽത്തന്നെയാണ് ആശ്രയിക്കുന്നത്.
എന്നിൽ മാത്രം ആശ്രയം അർപ്പിക്കുക.
വേഗം എഴുന്നേറ്റ് എന്റെ ക്ഷമയും കരുണയും സ്വീകരിക്കുക.
ഒരു കാര്യം നീ തിരിച്ചറിയണം.

വീണുപോകുന്നതിനെക്കാൾ ഏറ്റവും മോശപ്പെട്ടത് വീണിടത്തുതന്നെ കിടക്കുന്നതാണ്.”
ജനുവരി, വീഴ്ചയിൽനിന്നും ഉയിർത്തെഴുന്നേൽക്കാനുള്ള അവസരമാണ്. ദൈവത്തിന്റെ ക്ഷമ വീണ്ടും സ്വീകരിക്കാനുള്ള മാസവും. പരാജയപ്പെടും എന്നോർത്ത് വീണ്ടും പരിശ്രമിക്കാതിരിക്കരുത്. വിജയത്തെക്കാൾ നമ്മുടെ ആഗ്രഹവും പരിശ്രമവുമാണ് സ്വർഗം നോക്കുന്നത്. തീക്ഷ്ണമായ ആഗ്രഹങ്ങൾ കഠിനാധ്വാനത്തിന് നമ്മെ പ്രേരിപ്പിക്കും. വെറുതെ എടുക്കുന്ന തീരുമാനങ്ങളാകട്ടെ അല്പായുസുക്കളായിരിക്കും. അതിനാൽ നല്ല ആഗ്രഹങ്ങൾ പുതുവർഷാരംഭത്തിൽ മനസിൽ നിറയ്ക്കണം. ദൈവഹിതപ്രകാരമുള്ള നല്ല ആഗ്രഹങ്ങൾ നല്കുവാൻ പരിശുദ്ധാത്മാവിനോട് നാം പ്രാർത്ഥിക്കുകയും ചെയ്യണം. നാം ആഗ്രഹിക്കുന്നിടത്തേക്കാണ് നമ്മുടെ ഇന്ദ്രിയങ്ങൾ നമ്മെ നയിക്കുന്നത്. ആഗ്രഹങ്ങൾ പൂർത്തീകരിക്കാനാകുമ്പോൾ അധ്വാനം കൂടുതൽ എളുപ്പമായിത്തീരും. ആഗ്രഹങ്ങളുടെ തീവ്രതയാണ് ആവേശം കെട്ടുപോകാത്ത ജീവിതങ്ങളുടെ രഹസ്യം. പുതിയ വർഷം ദൈവികമായ ആഗ്രഹങ്ങളാൽ നയിക്കപ്പെടാനായി നമുക്ക് പ്രാർത്ഥിക്കാം.
പ്രാർത്ഥന

കർത്താവേ… നല്ലത് ആഗ്രഹിക്കാനും ആ ആഗ്രഹത്താൽ വർഷം മുഴുവൻ നയിക്കപ്പെടാനും ഞങ്ങൾക്കിടയാകട്ടെ. തിന്മയായതൊന്നും ആഗ്രഹിക്കാൻ ഞങ്ങൾക്കിടയാകരുതേ. എല്ലാ ആഗ്രഹങ്ങൾക്കും ഉപരിയായി അങ്ങയോടൊത്ത് നിരന്തരം ജീവിക്കാനുള്ള ആഗ്രഹവും ഈ പുതുവർഷാരംഭത്തിൽ ഞങ്ങൾക്ക് നല്കിയാലും – ആമ്മേൻ.

ബെന്നി പുന്നത്തറ

Leave a Reply

Your email address will not be published. Required fields are marked *