ക്രിക്കറ്റ് കളി കഴിഞ്ഞപ്പോൾ അല്പനേരം വിശ്രമിക്കാമെന്ന് ക്രിസ്റ്റിക്കും കൂട്ടുകാർക്കും തോന്നി. കുറച്ചു സമയം പള്ളിപ്പറമ്പിലെ മൂവാണ്ടൻ മാവിന്റെ ചുവട്ടിലിരുന്നു. പിന്നീട് അരികത്തുള്ള കനാലിന്റെ തീരത്തു കൂടി പതുക്കെ പതുക്കെ നടന്നു. കനാലിൽ വെള്ളം ഒഴുകുന്നുണ്ടായിരുന്നു.
കനാൽവെള്ളത്തിൽ കുളിച്ച് കളിക്കാമെന്ന് പോൾ പറഞ്ഞു. ആന്റണിയും ജസ്റ്റിനും പിന്താങ്ങി. ഉടനെ തന്നെ ക്രിസ്റ്റി അവന്റെ അപ്പൻ പറഞ്ഞ ഒരു കാര്യം ഓർത്തു. അവൻ അവരെ തടഞ്ഞുകൊണ്ട് പറഞ്ഞു. ”കനാൽ വെള്ളം അഴുക്കു നിറഞ്ഞ വെള്ളമാണ്. കളിക്കരുത്. നമുക്ക് രോഗങ്ങളുണ്ടാകും.”
”ആരാണ് കനാൽവെള്ളം മലിനമാക്കിയത്?” ജസ്റ്റിൻ ചോദിച്ചു. ക്രിസ്റ്റി പറഞ്ഞു, ”നമ്മളൊക്കെതന്നെ.” അപ്പൻ പറഞ്ഞ കാര്യം ക്രിസ്റ്റി അവരോടു പറഞ്ഞു. ”നമ്മളും നമ്മുടെ നാട്ടുകാരും കൂടി വെള്ളം മലിനമാക്കി. സർവമാലിന്യങ്ങളും നമ്മൾ കനാലിലേക്കാണ് എറിഞ്ഞു കളയുന്നത്. പിന്നെ വെള്ളം ചീത്തയാകാതിരിക്കുമോ?”
അങ്ങനെ ചെറിയ വലിയ കാര്യങ്ങൾ പറഞ്ഞുകൊണ്ട് നടക്കുന്നതിനിടയിൽ കനാൽതീരത്തുള്ള ചെറിയ ചെടികളും ചില്ലകളും പൂക്കളും പറിച്ച് ചിലർ വെള്ളത്തിലേക്ക് എറിയാൻ തുടങ്ങി. അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞ് ക്രിസ്റ്റി അവരെ തടഞ്ഞു. അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. ”ഇങ്ങനെതന്നെയാണ് വെള്ളം ചീത്തയാക്കുന്നത്.” എല്ലാവരും ചിരിച്ചു, അവർക്ക് കാര്യം മനസ്സിലായി.
ഫ്രാൻസിസ് മാർപാപ്പ ‘അങ്ങേയ്ക്ക് സ്തുതി’ എന്ന ലേഖനത്തിൽ പറഞ്ഞൊരു കാര്യം ക്രിസ്റ്റിയുടെ അപ്പൻ അവനെ പറഞ്ഞു മനസിലാക്കിയിരുന്നു. അവനത് കൂട്ടുകാർക്കായി പങ്കുവച്ചു.
”ചെടികളും മരങ്ങളും വെട്ടിനശിപ്പിക്കരുത്. കാരണം ചെടികളും മരങ്ങളും ഇല്ലെങ്കിൽ നമുക്കു ജീവിക്കാൻ കഴിയില്ല. വെള്ളം ചീത്തയാക്കരുത്, വായു മലിനമാക്കരുത്. മണ്ണ് അശുദ്ധമാക്കരുത്. കിളികളെയും ചെടികളെയും മരങ്ങളെയും നാം സ്നേഹിക്കണം. ഒന്നും നശിപ്പിക്കരുത്.” അഗസ്റ്റിന് അപ്പോൾ ഒരു സംശയം, ”ഈ വിവരങ്ങളൊക്കെ നിനക്കെവിടുന്നാ കിട്ടിയത്?”
”ഇക്കാര്യങ്ങളൊക്കെ അപ്പൻ പറഞ്ഞു തന്നതാണ്. ഇതൊക്കെ നമ്മളെല്ലാവരും അനുസരിക്കേണ്ടതുതന്നെയല്ലേ?” എല്ലാവരും അത് സമ്മതിച്ചു. ഇക്കാര്യങ്ങളെപ്പറ്റി സംസാരിച്ചുകൊണ്ട് അവർ വീടുകളിലേക്കു നടന്നു. പ്രകൃതിയെ നശിപ്പിക്കരുത് എന്ന ചിന്ത എല്ലാവരുടെയും മനസ്സിൽ നിറഞ്ഞുനിന്നു.
ജോർജ് മുരിങ്ങൂർ