പോർച്ചുഗീസുകാരനായിരുന്ന ഫിലിപ്പ് ഡെ ഫ്രെയിത്താസിനെ വിവാഹം ചെയ്ത ജാപ്പനീസ് വനിതയായിരുന്നു ലൂസി. ഭർത്താവിന്റെ മരണത്തിനുശേഷം ഉപവി പ്രവർത്തനങ്ങളാലും പ്രാർത്ഥനയാലും തന്റെ വൈധവ്യകാലം അവർ സമ്പന്നമാക്കി. പീഡനത്തിനിരയാകുന്ന ക്രിസ്ത്യാനികൾക്കായി ആ വിധവയുടെ ഭവനം എപ്പോഴും തുറന്നിട്ടിരുന്നു.
ഒരിക്കൽ ഫീസോ എന്ന് പേരുള്ള ഒരു വ്യക്തി ക്രൈസ്തവ മതവിശ്വാസത്തിൽ നിന്ന് ഒരാളെ പിന്തിരിപ്പിക്കാനായി ശ്രമിച്ചു എന്ന് കേട്ടപ്പോൾ പരസ്യമായി അദ്ദേഹത്തെ ലൂസി ശാസിച്ചു. ഇതിൽ പ്രകോപിതനായ ഫീസോ ലൂസിയെ ഭീഷണിപ്പെടുത്താൻ ആരംഭിച്ചപ്പോൾ സമീപത്ത് നിന്നിരുന്നയാളിന്റെ വാളൂരി അവർ ഫീസോയുടെ കയ്യിൽ കൊടുത്തുകൊണ്ട് പറഞ്ഞു- ‘നിനക്ക് ഇഷ്ടമുള്ളത് ചെയ്യുക.’ ലൂസിയുടെ ആ വാക്കുകൾ ഫീസോയെ നിരായുധനാക്കി.
ഫാ. റിച്ചാർഡ് എന്ന വൈദികനെ ഒളിവിൽ താമസിപ്പിച്ചു എന്ന കുറ്റത്തിന് അവർ മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. ഏതാണ്ട് 80 വയസ് പ്രായമായിരുന്നു ലൂസിക്കപ്പോൾ. ആ സമയത്ത് കഴുത്തിൽ ധരിച്ചിരുന്ന ക്രൂശിതരൂപം ഉയർത്തി അവർ ഇപ്രകാരം പറഞ്ഞു- ‘എന്റെ ദൈവത്തിനായി ഞാൻ സന്തോഷത്തോടെ മരിക്കും.’ 80-ാമത്തെ വയസിൽ അഗ്നിയിൽ ജീവനോടെ ദഹിപ്പിക്കാനായി കൊണ്ടുപോകുന്ന സമയത്തും ആ ക്രൂശിതരൂപമായിരുന്നു ലൂസിയുടെ ആശ്രയം.
ക്രൈസ്തവ ഗാനങ്ങൾ ആലപിച്ചുകൊണ്ടും വിശ്വാസത്തിന്റെ വാക്കുകൾ പറഞ്ഞുകൊണ്ടും തന്നോടൊപ്പം രക്തസാക്ഷിത്വം വരിക്കാൻ ഒരുങ്ങിനിന്നിരുന്നവരെ ലൂസി ഫ്രെയിത്താസ് പ്രോത്സാഹിപ്പിച്ചു. എരിതീയിലേക്ക് എറിയപ്പെട്ട അവർ തന്നെ ചുറ്റിപ്പടരുന്ന ജ്വാലകൾക്ക് നടുവിൽ നിന്ന് ഇപ്രകാരം ഉദ്‌ഘോഷിച്ചു- ‘ഇത്രയധികം ധൈര്യവും ശക്തിയും തരുന്ന ക്രൈസ്തവ വിശ്വാസം തെറ്റാണോ? നിങ്ങളുടെ വിശ്വാസമാണ് കപടവും തെറ്റും. ക്രിസ്തുവാണ് യഥാർത്ഥ ദൈവം. അവൻ വാഗ്ദാനങ്ങളിൽ വിശ്വസ്തനാണ്. അവിടുത്തെ രാജ്യത്തിലേക്ക് സ്വീകരിച്ചുകൊണ്ട് ക്രിസ്തു ഞങ്ങൾക്ക് നിത്യസൗഭാഗ്യം പ്രദാനം ചെയ്യും.’ 1622 സെപ്റ്റംബർ പത്തിന് നാഗാസാക്കിയിലായിരുന്നു ധീരമായ ആ രക്തസാക്ഷിത്വം.
1867 ജൂലൈ 7-ന് പയസ് ഒൻപതാമൻ മാർപാപ്പ മറ്റ് നിരവധി ജാപ്പനീസ് രക്തസാക്ഷികൾക്കൊപ്പം ലൂസി ഡെ ഫ്രെയിത്താസിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.
രഞ്ജിത് ലോറൻസ്