ചെറുതാണ്, കൂടുതൽ മനോഹരവും!

അമ്മയുടെ അസുഖവുമായി ബന്ധപ്പെട്ടാണ് ഞാൻ ആ സ്വകാര്യ ആശുപത്രിയിലെത്തിയത്. അമ്മ കിടക്കുന്ന മുറിയിൽ ഇരുന്നുകൊണ്ട് സഹോദരിക്കും അമ്മയ്ക്കുമൊപ്പം കരുണയുടെ ജപമാല പ്രാർത്ഥിക്കുകയായിരുന്നു. അപ്പോഴാണ് ആശുപത്രിമുറികൾ വൃത്തിയാക്കാനായി ഒരു സഹോദരി എത്തിയത്.
ഞങ്ങളുടെ പ്രാർത്ഥന കഴിഞ്ഞപ്പോൾ ആ സഹോദരി എന്നോട് ചോദിച്ചു, ”ബ്രദർ പ്രാർത്ഥിക്കുമല്ലോ. എനിക്ക് ഒരു ആഗ്രഹം ഉണ്ട്. ഈ ആശുപത്രിയിൽ അത്യാസന്ന നിലയിൽ മൂന്നു കിടപ്പുരോഗികൾ ഉണ്ട്. ഒന്ന് പത്തുവയസുകാരി ബാലിക, ബ്ലഡ് കാൻസർ. മറ്റൊന്ന് 24 വയസുള്ള യുവാവ്, കോളജിൽ പഠിക്കുന്ന ഈ മകന്റെ വയറിന്റെ ഭാഗത്തുകൂടി മിനിട്രക്ക് കയറി മരിക്കുമെന്ന നിലയിലാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത്. മൂന്നാമത്തേത് ഒരു അമ്മച്ചിയാണ്. അറുപതു വയസുള്ള ഈ അമ്മച്ചിയുടെ കിഡ്‌നി രണ്ടും പോയി. സാമ്പത്തികമായി വളരെ മോശമാണ് സ്ഥിതി. ഹാർട്ടും ശരിക്ക് വർക്ക് ചെയ്യുന്നില്ല. ആസ്ത്മ രോഗികൂടിയാണ്. ഈ മൂന്നുപേർക്കുംവേണ്ടി പ്രാർത്ഥിക്കണം.”

മൂന്നു രോഗികളുടെയും റൂംനമ്പർ കുറിച്ചു വച്ചു. അപ്പോൾ ആ സഹോദരിയുടെ ക്ഷണം. ”ഞാൻ അടുത്തതായി ആ ചെറുപ്പക്കാരന്റെ റൂമിലേക്കാണ് പോകുന്നത്. എന്റെ കൂടെ വന്നാൽ ഉടനെ പ്രാർത്ഥിക്കാമല്ലോ.” അങ്ങനെ അത്യാസന്ന നിലയിൽ കിടക്കുന്ന ആ യുവാവിന്റെ അടുത്തുപോയി തീക്ഷ്ണതയോടെ പ്രാർത്ഥിച്ചു. ഏകമകനായ അവനെയോർത്ത് അമ്മ ഊണും ഉറക്കവും ഒന്നുമില്ലാതെ തകർന്ന ഹൃദയവും ശരീരവുമായി കിടക്കയ്ക്ക് സമീപം ഇരിക്കുകയാണ്. പ്രാർത്ഥനയുടെ ശക്തിയിൽ ഉറച്ച വിശ്വാസമുള്ള ആ അമ്മയും ഞങ്ങളോടൊപ്പം പ്രാർത്ഥനയിൽ പങ്കുകൊണ്ടു. പ്രാർത്ഥനയുടെ അവസാന സമയങ്ങളിൽ രോഗിയും ഹല്ലേലുയ്യാ പറഞ്ഞ് സ്തുതിച്ചുകൊണ്ടിരുന്നു. അവരിൽ പ്രത്യാശയും ശക്തിയും നിറഞ്ഞു.

തുടർന്ന് ആ സഹോദരി അടുത്ത റൂമിലേക്ക് പോവുകയാണ്. അപ്പോഴാണ് അവരുടെ മിനികാരിയർ ശ്രദ്ധിച്ചത്. മുറികൾ വൃത്തിയാക്കാനുള്ള വസ്തുക്കൾ കൂടാതെ, രോഗസൗഖ്യത്തിനുള്ള ജപവും വിശുദ്ധ അന്തോനീസിന്റെ നൊവേന പുസ്തകവും ഞാൻ കണ്ടു. അത്യാസന്ന നിലയിൽ ആയിരിക്കുന്ന രോഗികൾക്ക് നല്കുവാൻവേണ്ടിയാണത്. പ്രാർത്ഥനയെ മരുന്നായി നല്കുന്ന വലിയ ശുശ്രൂഷയാണ് ഈ സഹോദരി അവിടെ ചെയ്യുന്നത് എന്ന് എനിക്കു മനസ്സിലായി.

സ്വന്തം ശുശ്രൂഷാമേഖല
ആശുപത്രി കിടക്കയിൽ ആകുമ്പോഴാണ് മനുഷ്യൻ ദൈവത്തെ ശരിക്കും അറിയുന്നത്. മനസും ശരീരവും തളരുമ്പോൾ അവൻ മുകളിലേക്ക് നോക്കേണ്ടിവരുന്നു. ജീവിതത്തിന്റെ തിരക്കുപിടിച്ച ഓട്ടത്തിൽ ദൈവത്തെ അറിയാനോ വചനം വായിക്കുവാനോ ഒന്നും പലർക്കും സമയം കിട്ടാറില്ല. എന്നാൽ, രോഗിയുടെ മുമ്പിൽ രണ്ട് കാര്യങ്ങളാണ് ഉള്ളത്. ഒന്ന് സൗഖ്യപ്പെടുവാനുള്ള വലിയ ആഗ്രഹം. മറ്റൊന്ന് സൗഖ്യപ്പെടുന്നില്ലെങ്കിൽ ശാന്തതയോടെ കണ്ണടയണമെന്നും ദൈവത്തിൽ (സ്വർഗം) എത്തിച്ചേരണമെന്നുമുള്ള ആഗ്രഹം. ഇവിടെയാണ് ഭൂമിയിലെ മാലാഖമാരുടെ ദൗത്യം.

അവരെ ദൈവത്തിലേക്കുള്ള വഴി കാണിച്ചുനല്കി ശക്തിപ്പെടുത്താൻ ഇത്തരം മാലാഖമാർക്ക് കഴിയും. അതോടൊപ്പംതന്നെ രോഗിയിൽ പ്രത്യാശയും സൗഖ്യവും ഉണ്ടാകുന്നു. രോഗം വളരെ കൂടുതലായി ഡോക്ടർമാർ കൈവിടുന്ന സാഹചര്യം വരുമ്പോൾ നേരത്തേ പറഞ്ഞ സഹോദരി മാലാഖയെപ്പോലെ അവരുടെ അടുത്തെത്തി സാന്ത്വനപ്പെടുത്തും.

വിതുമ്പി കരയുന്ന അവരിലേക്ക് യേശുവിന്റെ ആശ്വാസത്തിന്റെ വചനങ്ങൾ നല്കി അവരെ ധൈര്യപ്പെടുത്തുന്നു. അടുത്തുള്ള ധ്യാനകേന്ദ്രത്തിൽനിന്ന് അവൾതന്നെ മുൻകൈയെടുത്ത് വൈദികനെ കൊണ്ടുവരും. അവരുടെ സമ്മതത്തോടെ രോഗീലേപനം കൊടുപ്പിക്കും. ശക്തിയുള്ള പ്രാർത്ഥന വൈദികൻ ചൊല്ലുമ്പോൾ പലപ്പോഴും അത്ഭുത രോഗസൗഖ്യങ്ങൾ ഉണ്ടാകുന്നതായി അവൾ പറയുന്നു. പുരോഹിതന്റെ ശക്തിയുള്ള പ്രാർത്ഥനയിലും തൈലം പുരട്ടലിലും ദൈവംതന്നെ ഇറങ്ങിവന്ന് അവരെ സ്പർശിക്കുന്ന അനുഭവം ലഭിക്കുന്നു.

മനസിൽ വലിയ ശാന്തതയും കണ്ണുകളിൽ പ്രത്യാശയും എന്തും നേരിടുവാനുള്ള ശക്തിയും അവരിൽ നിറയുന്നു. രോഗിയുടെ ബന്ധുമിത്രാദികൾക്കും വലിയ ആശ്വാസത്തിന്റെ സമയമാണത്. കത്തോലിക്ക വിശ്വാസം ഉള്ള രോഗിയാണെങ്കിൽ അവസാന സമയം കുമ്പസാരിക്കുവാൻ പ്രേരിപ്പിക്കുന്നു. ഹൃദയം തുറന്നുള്ള ഈ കുമ്പസാരത്തിൽ പുരോഹിതന്റെ അധികാരം ഉപയോഗിച്ച് പാപമോചനം നല്കിക്കഴിയുമ്പോൾ രോഗികൾക്ക് വലിയ ശാന്തതയും സമാധാനവും ഉണ്ടാകുന്നതായി ആ സഹോദരി സാക്ഷ്യപ്പെടുത്തി.

വിശുദ്ധ കുർബാന വൈദികൻ നല്കിക്കഴിയുമ്പോൾ വലിയ രൂപാന്തരം സംഭവിക്കുന്നു. അനുതാപത്തോടെയും ഹൃദയം നിറഞ്ഞ സ്‌നേഹത്തോടെയും ഈശോയെ സ്വീകരിക്കുമ്പോൾ നമ്മുടെ ആത്മാവും ശരീരവും മനസും ഒന്നായി സന്തോഷിക്കുകയും ഈശോയുടെ സ്വന്തമായിത്തീരുകയും ചെയ്യുകയാണല്ലോ.
‘നല്ല കള്ളന്’ അവസാന സമയം ലഭിച്ച പറുദീസ അനുഭവംപോലെ നമുക്കും യേശുവിന്റെ രക്ഷ സാധ്യമാക്കിത്തീർക്കുന്നു. എന്തൊരു ആത്മീയനിർവൃതിയാണ് അപ്പോൾ! പലപ്പോഴും വീട്ടുകാരും മിത്രാദികളും രോഗിയുടെ ശാരീരിക സൗഖ്യത്തിനായി നെട്ടോട്ടം ഓടുമ്പോൾ ആത്മാവിന്റെ തേങ്ങൽ മറന്നുപോകുന്നു. ഇവിടെയാണ് ഭൂമിയിലെ മാലാഖമാർ പ്രവർത്തിക്കുന്നത്.

ആ സഹോദരി പങ്കുവച്ച ഒരു സംഭവം ഇങ്ങനെയാണ്. പന്ത്രണ്ട് വയസുള്ള കുട്ടി ഒന്നരമാസമായി വെന്റിലേറ്ററിൽ കഴിയുകയാണ്. ജീവൻ നിലനിൽക്കുന്നത് അതിലൂടെയാണ്. എടുത്താൻ ജീവൻ പോകും. മാതാപിതാക്കൾ എടുക്കാൻ സമ്മതിക്കുന്നില്ല. ഫിറ്റ്‌സ് എന്ന രോഗത്താൽ കൊണ്ടുവന്നതാണ്. പിന്നീട് പെട്ടെന്ന് കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു. എല്ലാ അവയവങ്ങളും നിശ്ചലമായിക്കൊണ്ടിരിക്കുന്നു. ശരിയായ രോഗം കണ്ടുപിടിക്കാൻ ആർക്കും കഴിഞ്ഞില്ല.
എല്ലാവരും കൈവിട്ടെങ്കിലും ദൈവം കൈവിടുകയില്ലെന്ന് പറഞ്ഞാണ് വെന്റിലേറ്ററിൽ കഴിയുന്നത്. മറ്റൊരു മതത്തിൽപെട്ട അവരോട് ഈ സഹോദരി യേശുനാമത്തിന്റെ ശക്തിയെപ്പറ്റി പറയുകയും ‘യേശുനാമത്തിന്റെ ശക്തി’ (ഫാ. സേവ്യർഖാൻ വട്ടായിൽ) എന്ന ലഘുപുസ്തകം നല്കുകയും ചെയ്തു. അവർ അത് വായിക്കുകയും വിശ്വാസത്തോടെ രോഗിയുടെ തലയിണയുടെ അടുത്ത് വയ്ക്കുകയും ചെയ്തുവത്രേ. അതിനുശേഷം രോഗിയിൽ മാറ്റം കണ്ടു തുടങ്ങി എന്നാണ് അറിഞ്ഞതെന്നും അവൾ കൂട്ടിച്ചേർത്തു. വചനം പറയുന്നു: ”കർത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തിയത്” (ജ്ഞാനം 16:12).

നട്ടിടത്ത് പൂവിടുന്നവർ
ആശുപത്രിയിൽ തന്നെ ഏല്പിച്ച ജോലികൾ കൃത്യമായും വൃത്തിയായും ചെയ്തതിനുശേഷമാണ് ഈ സഹോദരി പ്രേഷിതജോലി ചെയ്യുന്നത്. യേശുവിനെ എല്ലാവരും നന്നായി അറിയണം. അങ്ങനെ യേശുവിൽ വിശ്വസിച്ച് രോഗസൗഖ്യം നേടണം. മരിക്കുന്നെങ്കിൽ നിത്യജീവൻ പ്രാപിക്കണം. അതാണ് ഭൂമിയിലെ ഈ മാലാഖയുടെ ആഗ്രഹം. അവരുടെ കുടുംബജീവിതം വളരെ സഹനങ്ങളിലൂടെയാണ് മുന്നോട്ടുപോകുന്നത്.
കടുത്ത വാശിയും കോപവും വച്ചുപുലർത്തുന്ന ഭർത്താവ് അവളിൽനിന്ന് അകന്നു ജീവിക്കുന്നു. ദൈവം നല്കിയ രണ്ട് മക്കളെ അനാഥാലയത്തിലാക്കി പഠിപ്പിക്കേണ്ട വേദനയിലുമാണ്. എങ്കിലും ദൈവത്തോട് നന്ദിയും സ്‌നേഹവും മാത്രം. ദൈവം എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കും എന്നവർക്ക് ഉറച്ച വിശ്വാസം ഉണ്ട്. സാഹചര്യങ്ങളുടെ പ്രതികൂലങ്ങളിലും എത്ര മനോഹരമായാണ് ആ സഹോദരി ദൈവവേല ചെയ്യുന്നത് എന്നത് ശ്രദ്ധാർഹമാണ്. നമുക്കും മനസുണ്ടെങ്കിൽ ഈ സഹോദരിയെപ്പോലെ പ്രവർത്തിക്കാൻ സാധിക്കും. നമ്മൾ ചെയ്യുന്ന ചെറിയ സഹായം അഥവാ പ്രേഷിതവേല വിലയുള്ള അനേകം ജീവിതങ്ങളെ പ്രത്യാശയിലേക്കും ജീവനിലേക്കും നയിക്കും.

പി.ജെ. ജോസഫ് ഇടപ്പള്ളി

Leave a Reply

Your email address will not be published. Required fields are marked *