”… പക്ഷേ ഞാൻ നിന്റെ ഹൃദയം എടുത്തിരിക്കുന്നു…”

വിശുദ്ധ ഫൗസ്റ്റീന തന്റെ ഡയറിയിൽ കുറിച്ചുവച്ച ഒരു സംഭവം ഇങ്ങനെയാണ്: ”ഒരിക്കൽ ഒരു ക്രിസ്മസ് ദിനത്തിൽ ദൈവത്തിന്റെ ശക്തിയും സാന്നിധ്യവും എന്നെ വലയം ചെയ്യുന്നതായി തോന്നി. കർത്താവുമായുള്ള കണ്ടുമുട്ടലിൽനിന്ന് ഒരിക്കൽകൂടി ഞാൻ ഓടിയകലാൻ ശ്രമിച്ചു. യോസേഫിനേക്കിലെ സിസ്റ്റേഴ്‌സിനെ സന്ദർശിക്കുവാൻ ഞാൻ മദർ സുപ്പീരിയറിനോട് അനുവാദം ചോദിച്ചു. മദർ ഞങ്ങൾക്ക് അനുവാദവും തന്നു. ഊണു കഴിഞ്ഞ ഉടനെ ഞങ്ങൾ യാത്രയ്‌ക്കൊരുങ്ങ.ി മഠത്തിന്റെ വാതിൽക്കൽ മറ്റു സിസ്റ്റേഴ്‌സ് എന്നെ കാത്തുനില്ക്കുമ്പോൾ, ആ ചെറിയ ചാപ്പലിന്റെ പടിവാതില്ക്കൽ ഈശോ നില്ക്കുന്നത് കണ്ടു.

അവിടുന്ന് എന്നോട് പറഞ്ഞു: ”പൊയ്‌ക്കൊള്ളുക; പക്ഷേ ഞാൻ നിന്റെ ഹൃദയം എടുത്തിരിക്കുന്നു.” പെട്ടെന്ന് എന്റെ ഹൃദയം നഷ്ടപ്പെട്ടിരിക്കുന്നതായി എനിക്ക് തോന്നി. എന്നാൽ ഇപ്പോൾത്തന്നെ സമയം വൈകിയെന്നു പറഞ്ഞുകൊണ്ട് ആ സിസ്റ്റേഴ്‌സ് ഞാൻ വൈകുന്നതിൽ എന്നെ വഴക്കുപറഞ്ഞുകൊണ്ടിരിക്കുന്നതിനാൽ ഞാൻ വേഗം അവരുടെകൂടെ പോയി. എന്നാൽ എന്തോ ഒരു വലിയ അസ്വസ്ഥത എന്നെ അലട്ടിക്കൊണ്ടിരുന്നു. ഒരു പ്രത്യേകമായ ദാഹം എന്റെ ആത്മാവിനെ ഗ്രസിച്ചു. എന്നാൽ ദൈവമല്ലാതെ മറ്റാരും ഇതേപ്പറ്റി അറിഞ്ഞില്ല.”

ഈശോയുടെ വാക്ക് കേൾക്കാതെ പോകാനുദ്ദേശിച്ച സ്ഥലത്ത് ചെന്നെത്തിയെങ്കിലും വല്ലാത്ത അസ്വസ്ഥതകൾ കാരണം പെട്ടെന്നുതന്നെ അവർക്ക് മടങ്ങിപ്പോരേണ്ടിവന്നു. തിരിച്ചുവന്ന്, ”കർത്താവിന് അനിഷ്ടം തോന്നിയ എല്ലാ കാര്യങ്ങൾക്കും ഞാൻ അവിടുത്തോട് ക്ഷമ ചോദിച്ചു. അപ്പോൾ ഈശോ വലിയ സന്തോഷത്താൽ എന്നെ നിറച്ചു. കർത്താവിലല്ലാതെ ഒരിടത്തും സംതൃപ്തി ലഭിക്കുകയില്ലെന്ന് ഞാൻ മനസിലാക്കി.”

സ്‌നേഹമൊഴികൾ കേൾക്കാൻ…
താനിഷ്ടപ്പെടുന്ന ആത്മാക്കളെ, തനിക്കുവേണ്ടി മാറ്റിനിർത്തിയവരെ, തന്റേതാക്കി തീർക്കാൻ നിഷ്‌കളങ്കമായ കുറുക്കുവഴികൾ തിരഞ്ഞെടുക്കുന്ന കർത്താവ്. ”പൊയ്‌ക്കൊള്ളുക, പക്ഷേ നിന്റെ ഹൃദയം ഞാനെടുത്തിരിക്കുന്നു” എന്ന സ്‌നേഹമൊഴികൾ കേൾക്കുമ്പോൾ ഏത് ആത്മാവാണ് തന്റെ ചെയ്തികൾ നടപ്പാക്കാൻ ഇഷ്ടപ്പെടുക. ഇനി ചെയ്താൽ തന്നെയും പശ്ചാത്താപത്തോടെ തിരിച്ചുവരും. കർത്താവിനെ കേൾക്കാനും അനുസരിക്കാനും ഫൗസ്റ്റീനാ പുണ്യവതിക്ക് കഴിഞ്ഞതിനു പിന്നിൽ മധുരമായ ഒരു സ്‌നേഹൈക്യത്തിന്റെ പിൻബലമുണ്ട്. ‘അരുത്’ എന്ന് കർത്താവ് പറയുന്ന കാര്യം ചെയ്യാൻ അവർക്ക് സാധിച്ചിരുന്നില്ല. അത്രമേൽ അവൾ ഈശോയെ സ്‌നേഹിച്ചിരുന്നു. ഈ ലോകത്തിൽ മറ്റാരും അങ്ങയെ സ്‌നേഹിച്ചിട്ടില്ലാത്തവിധം സ്‌നേഹിക്കാനുള്ള കൃപ തരണേ എന്നാണ് അവൾ പ്രാർത്ഥിച്ചിരുന്നത്. അവളുടെ പ്രാർത്ഥന ഒരു അധരവ്യായാമമായിരുന്നില്ല. ജീവിക്കാനാഗ്രഹിച്ചുകൊണ്ട് പ്രാർത്ഥിച്ചിരുന്നതാണ്.

പിതൃവഴികളിൽനിന്നും മാറി നടക്കുന്നവരെ കർത്താവ് തിരികെ വിളിക്കാറുണ്ട്. വിളി കേൾക്കാൻ എല്ലാവർക്കും സാധിക്കുന്നില്ല എന്നുമാത്രം. കാരണമെന്തായിരിക്കാം? സങ്കീർത്തകൻ പറയുന്നു: ”അവിടുന്നിൽ ഹൃദയമുറപ്പിച്ചവരെ അവിടുന്ന് സമാധാനത്തിന്റെ തികവിൽ സംരക്ഷിക്കുന്നു.” കർത്താവിന്റെ വിളി കേൾക്കാൻ – ഹൃദയം ഉറപ്പിക്കേണ്ടിടത്ത് ഉറപ്പിക്കണം, സമാധാനം വേണം. കർത്താവിൽ ഹൃദയമുറപ്പിച്ചവന്റെ ജീവിതം സമാധാനപൂർണമായിരിക്കും. ഏതു പ്രതികൂലങ്ങളിലും പ്രതിസന്ധികളിലും സങ്കടങ്ങളിലും സഹനങ്ങളിലും അവൻ കർത്താവിൽ ആനന്ദിക്കുന്നു.
ഹൃദയം ആർക്കു കൊടുക്കുന്നുവോ നാം അവർക്ക് സ്വന്തമാണ്. ഈശോയ്ക്കാണ് നമ്മുടെ ഹൃദയം കൊടുക്കുന്നതെങ്കിൽ നാം അവിടുത്തേക്ക് സ്വന്തമാണ്. സമ്മാനം കൊടുത്ത ഒരു വസ്തു തിരികെ ചോദിക്കുക, അല്ലെങ്കിൽ ചോദിക്കാതെ എടുക്കുക- ഇത് എത്ര മോശമായ കാര്യമാണ്. ആരെങ്കിലും അങ്ങനെ ചെയ്തുവെന്ന് കേൾക്കുമ്പോൾ എന്തൊക്കെ ചിന്തകൾ, വികാരങ്ങൾ നമ്മിലുണരാറുണ്ട്… ഒന്നാലോചിച്ചുനോക്കിയാൽ നാമെല്ലാവരും ഇത് തന്നെയല്ലേ ചെയ്തുകൊണ്ടിരിക്കുന്നത്. നമ്മുടെ സ്വാർത്ഥതാത്പര്യങ്ങൾക്കുവേണ്ടി, ഇത്തിരി സുഖങ്ങൾക്കുവേണ്ടി, ചിലപ്പോഴൊക്കെ ഹൃദയത്തെ കുറച്ചുനേരത്തേക്ക് ഈശോയിൽനിന്ന് എടുക്കും…. പിന്നെ ചെയ്യുന്നതെല്ലാം കുരുത്തക്കേടുകൾ…

വിലയിരുത്താം
നമ്മുടെ ജീവിതത്തെ നമുക്കൊന്നു വിലയിരുത്താം. ഈശോയ്ക്കിഷ്ടമില്ലാത്ത ചിന്തകൾ… അവിടുത്തേക്ക് അപ്രീതികരമായ വികാരപ്രകടനങ്ങൾ, സ്‌നേഹമില്ലാത്ത വാക്കുകൾ, ഈശോയുടെ ഹിതത്തിന് ചേരാത്ത പ്രവൃത്തികൾ, ഈശോയ്ക്ക് അനിഷ്ടകരമായ യാത്രകൾ….. ഇങ്ങനെ എത്രയെത്ര നമ്മുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. ഈ ഓട്ടമെല്ലാം നാം ഓടിയത് ഹൃദയമില്ലാതെയായിരുന്നു എന്ന സത്യം നാം മനസിലാക്കിയിട്ടുണ്ടോ?

നമ്മുടെ ഹൃദയശൂന്യമായ പെരുമാറ്റങ്ങൾക്ക് പിന്നിൽ ഈശോയുടെ ഹിതം അനുവർത്തിക്കുന്നതിൽ സംഭവിച്ച പരാജയമാണ് കാണാൻ സാധിക്കുക. ഹൃദയമില്ല എന്നു പറഞ്ഞാൽ ‘ജീവനില്ല’ എന്നാണർത്ഥം. മൃതതുല്യമായ ജീവിതം ഇനി നമുക്ക് വേണ്ട. ജീവനുള്ളവരായി നമുക്ക് ജീവിക്കാം. നമ്മെ പരിധിയില്ലാതെ സ്‌നേഹിക്കുന്ന ഈശോയ്ക്ക് മുമ്പിൽ നമ്മുടെ അപൂർണജീവിതത്തെ സമർപ്പിച്ച് പ്രാർത്ഥിക്കാം.

എന്റെ ഈശോയേ, അങ്ങ് എന്നെ അറിയുന്നുവല്ലോ. എന്റെ ചിന്തകളും വാക്കുകളും പ്രവൃത്തികളും അങ്ങേക്ക് അജ്ഞാതമല്ല. സ്‌നേഹത്തിൽ പൂർണനായ അങ്ങ് എന്റെ അപൂർണതകൾ ഏറ്റെടുക്കണമേ. എന്റെ ഹൃദയം കാത്തു കഴിയുന്ന അങ്ങേക്ക് നല്കുവാൻ എനിക്കുള്ളത് പാപത്താൽ വ്രണിതമായ ഹൃദയമാണ്. അങ്ങത് സ്വീകരിച്ച് അങ്ങയുടേതായി മാറ്റണമേ. അങ്ങയുടെ സ്‌നേഹവഴികളിൽ നിന്നുള്ള എന്റെ അകൽച്ചകൾ അങ്ങ് ഓർമപ്പെടുത്തുമ്പോൾ അത് മനസിലാക്കുവാനുള്ള കൃപ നല്കണമേ. ആമ്മേൻ

സിസ്റ്റർ ആൻ സ്റ്റെഫി സി.എം.സി.

Leave a Reply

Your email address will not be published. Required fields are marked *