അഞ്ചു വയസുകാരി കുറച്ചു നേരമായി കരഞ്ഞുകൊണ്ടിരിക്കുകയാണ്. തല വേദനിക്കുന്നുവെന്നാണ് പറയുന്നത്. ക്ലാസിലെ സഹപാഠികൾ അവളെ ആശ്വസിപ്പിച്ചു. പക്ഷേ അവൾ കരച്ചിൽ നിർത്തുന്നില്ല. അമ്മയെ കാണണമെന്നാണ് ആവശ്യം. അല്പസമയം കഴിഞ്ഞപ്പോൾ ക്ലാസ് അധ്യാപികയായ സിസ്റ്റർ എത്തി. അപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്ന കുട്ടിയ്ക്കടുത്തേക്കു ചെന്നു. ”തലവേദനിച്ചിട്ടാ സിസ്റ്ററേ അവൾ കരയുന്നത്” കൂട്ടുകാരിലൊരാൾ അറിയിച്ചു.
സിസ്റ്റർ ഒന്നും പറഞ്ഞില്ല. ആ കുട്ടിയുടെ അരികിലിരുന്ന് പതിയെ അവളെ ചേർത്തുപിടിച്ചു. മുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ട് പറഞ്ഞു, ”സാരമില്ല കേട്ടോ, സിസ്റ്റർ മരുന്ന് പുരട്ടിത്തരാം. വേദന ഇപ്പോൾ മാറും” സാവധാനം കുട്ടി ശാന്തയായി. പിന്നെ മയങ്ങിപ്പോയി. അവളെ പതുക്കെ ഡസ്‌കിൽ തല ചായ്ച്ചു കിടത്തിയിട്ട് സിസ്റ്റർ ക്ലാസെടുക്കാൻ തുടങ്ങി. സ്‌നേഹാശ്ലേഷം സ്വാഭാവികമായ വേദനാസംഹാരികൾ പുറപ്പെടുവിക്കുന്നുവെന്ന് ശാസ്ത്രം പറയുന്നു. വേദനയനുഭവിക്കുന്ന ഒരാളെ ആശ്വസിപ്പിക്കാനും സൗഖ്യത്തിലേക്കു നയിക്കാനും കഴിയുംവിധം സ്‌നേഹസ്പർശനം കൊടുക്കാൻ നമുക്കും ശ്രമിക്കാം.
”യേശു ഉള്ളലിഞ്ഞ് അവരുടെ കണ്ണുകളിൽ സ്പർശിച്ചു. തത്ക്ഷണം അവർക്ക് കാഴ്ചകിട്ടി. അവരും അവനെ അനുഗമിച്ചു” (മത്തായി 20:34)