അവളുടെ പിറന്നാൾദിനം ഓർത്തിരുന്ന സ്‌നേഹസമ്പന്നനായ ഭർത്താവ് ഒരു ‘സർപ്രൈസ്’ ഒരുക്കിയിരുന്നു. അവൾ അത്യധികമായി സ്‌നേഹിക്കുന്ന മറ്റൊരു പുരുഷനോടൊപ്പം അന്നേ ദിവസം കുറേ സമയം ചെലവഴിക്കാനുള്ള അവസരമായിരുന്നു അത്. ആ പുരുഷൻ മറ്റാരുമായിരുന്നില്ല. തിരക്കുകൾക്കിടയിൽ അവൾക്ക് സമയം മാറ്റിവയ്ക്കാനില്ലാതെ പോകാറുള്ള ആൾതന്നെ, അവളുടെ അപ്പച്ചൻ!
അവളുടെ സഹോദരനോടും കുടുംബത്തോടുമൊപ്പം വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹം. സന്തോഷത്തോടെ അവൾ അപ്പച്ചനെ വിളിച്ചു പറഞ്ഞു: ”എന്റെ പിറന്നാൾ ഇന്ന് നമുക്ക് രണ്ടാൾക്കും കൂടി ആഘോഷിക്കാം.” അപ്പച്ചനും വളരെ സന്തോഷം. കുഞ്ഞുന്നാളിൽ അവളുടെ കൈപിടിച്ചു നടന്ന വഴികളിലൂടെ പഴയ ഓർമ്മകളും പുതിയ പ്രതീക്ഷകളും പങ്കുവച്ചുകൊണ്ട് അവർ നടന്നു. ഭക്ഷണം കഴിക്കാൻ തിരഞ്ഞെടുത്തത് നഗരത്തിന്റെ തിരക്കുകളിൽനിന്ന് ഒഴിഞ്ഞ,് അവർ പണ്ട് കുടുംബമായി വന്നിരുന്ന ഹോട്ടൽ തന്നെയാണ്. ഭക്ഷണമേശയിലെ സംഭാഷണങ്ങൾക്കിടയിൽ അപ്പച്ചൻ പറഞ്ഞു. ”വീണ്ടും നമുക്കിവിടെ വരണം. അന്ന് എന്റെ ട്രീറ്റ് ആയിരിക്കും.” അവൾ സന്തോഷത്തോടെ സമ്മതിച്ചു.
പക്ഷേ, ഒരാഴ്ച കഴിഞ്ഞപ്പോൾ, അപ്രതീക്ഷിതമായി അപ്പച്ചൻ ഈ ലോകത്തിൽനിന്നു യാത്രയായി. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവൾക്ക് ഒരു കത്തു ലഭിച്ചു. അതിൽ തുക മുൻകൂട്ടി അടച്ച ഒരു ഹോട്ടൽ ബില്ലും ഉണ്ടായിരുന്നു. കത്തിൽ ഇപ്രകാരമാണ് കുറിച്ചുവച്ചിരുന്നത്: ”മോളേ, നമ്മുടെ അടുത്ത കൂടിക്കാഴ്ച വരെ ഞാൻ ഉണ്ടാകുമോ എന്നറിയില്ല. അതുകൊണ്ട് ആ ബില്ല് ഞാൻ നേരത്തേ തന്നെ അടയ്ക്കുന്നു. അഥവാ അപ്പച്ചൻ ദൈവത്തിനടുത്തേക്ക് യാത്രയായാലും അങ്ങനെയൊരു ദിവസം നീ ആഘോഷിക്കണം. അത് നിനക്കും നിന്റെ ഭർത്താവിനുമുള്ള അപ്പച്ചന്റെ സമ്മാനമായിരിക്കും.”
തക്കസമയത്ത് അപ്പച്ചന് സ്‌നേഹസാമീപ്യത്തിന്റെ സന്തോഷം നല്കിയില്ലായിരുന്നില്ലെങ്കിൽ അതൊരിക്കലും തീരാത്ത നഷ്ടമായിപ്പോയേനേ എന്നായിരുന്നു അപ്പോഴവളുടെ മനസ്സിൽ.
”നിന്റെ മാതാപിതാക്കൾ സന്തുഷ്ടരാകട്ടെ, നിന്റെ പെറ്റമ്മ ആഹ്ലാദിക്കട്ടെ”
(സുഭാഷിതങ്ങൾ 23: 25)