ദൈവസ്തുതിയിൽ ഫലം ചൂടുന്ന വയലേലകൾ

ഏകദേശം 28 വർഷങ്ങൾക്കുമുമ്പാണ് ഈ സംഭവം. അന്ന് ഞങ്ങൾ വിവാഹിതരായിട്ട് ഒരു വർഷം കഴിയുന്നു. വിവാഹത്തിനുമുമ്പ് ഞങ്ങൾ രണ്ടുപേരും കരിസ്മാറ്റിക് നവീകരണത്തിൽ സജീവമായി പ്രവർത്തിച്ചിരുന്നവരാണ്. ഞാൻ ജീസസ് യൂത്തിലും എന്റെ ഭർത്താവ് കോഴിക്കോട് സോണിലെ മുതിർന്നവരുടെ ഗ്രൂപ്പിലും. വിവാഹിതരാവുമ്പോൾ ഞങ്ങൾ രണ്ടുപേരും കെ.എ.ബിയിലും സജീവമായിരുന്നു. എന്നാൽ വിവാഹത്തോടുകൂടി സാഹചര്യങ്ങളാകെ മാറി. അന്നത്തെ കോതമംഗലം രൂപതയുടെ ഭാഗമായ ഹൈറേഞ്ചിലേക്ക് എനിക്ക് ഉദ്യോഗസംബന്ധമായി താല്ക്കാലിക നിയമനങ്ങളിൽ പോകേണ്ടിവന്നു. എന്റെ ഭർത്താവിന് കരിസ്മാറ്റിക് നവീകരണപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുവാൻ പറ്റാത്ത അവസ്ഥകൾ വന്നു.
അങ്ങനെ വിവാഹം കഴിഞ്ഞ് രണ്ടുപേർക്കും ഒരുമിച്ച് താമസിക്കാൻ കഴിയാത്ത അവസ്ഥയിൽ ഒരു വർഷത്തിനുശേഷം ഞങ്ങൾ ആ തീരുമാനമെടുത്തു. എനിക്ക് ഒരു സ്ഥിരം ജോലി ലഭിക്കുന്നതുവരെ ഹൈറേഞ്ചിൽ ലഭിച്ചുകൊണ്ടിരുന്ന താല്ക്കാലിക നിയമനങ്ങൾ വേണ്ടെന്നുവയ്ക്കുക. ഞാനുംകൂടി ഭർത്താവിന്റെ ജോലിസ്ഥലത്തേക്ക് വന്നിട്ട് അവിടെ ഒരു വീടെടുത്ത് ഒരുമിച്ച് താമസിക്കുക. ആ തീരുമാനം ഞങ്ങൾക്ക് മാത്രമല്ല ഞങ്ങളെ സ്‌നേഹിച്ചിരുന്ന എല്ലാവർക്കും ഏറെ സ്വീകാര്യമായി തോന്നി.

അങ്ങനെ ഞങ്ങൾ വീടന്വേഷണം തുടങ്ങി. അന്വേഷണം തുടങ്ങിയപ്പോഴാണ് വീട് കിട്ടാനുള്ള ബുദ്ധിമുട്ട് മനസിലാകുന്നത്. എന്റെ ഭർത്താവ് ജോലി ചെയ്തിരുന്ന ഫെഡറൽ ബാങ്കിന്റെ തൊട്ടിൽപ്പാലം ബ്രാഞ്ചിനടുത്ത് ഒരു വീടും ഞങ്ങൾക്ക് കിട്ടിയില്ല. അവസാനം കിലോമീറ്ററുകൾക്കിപ്പുറത്ത് കടിയങ്ങാട് എന്ന സ്ഥലത്താണ് വീട് ലഭിക്കുന്നത്. മൂന്നോ നാലോ മാസങ്ങൾ കടന്നുപോയി. സ്വസ്ഥവും സമാധാനപൂർണവുമായ കുടുംബജീവിതം.
പക്ഷേ ഒരു കാര്യം എന്നെ വല്ലാതെ വിഷമിപ്പിച്ചു. ഞങ്ങൾ താമസിച്ചിരുന്ന കടിയങ്ങാട് എന്ന സ്ഥലത്തോ സമീപപ്രദേശങ്ങളിലോ ക്രിസ്ത്യാനികൾ ആരുമില്ല. കിലോമീറ്ററുകൾ അപ്പുറത്തെ പേരാമ്പ്ര പാദുവ ആശ്രമത്തിൽ വേണം ഞായറാഴ്ച കുർബാനയ്ക്ക് പോകാൻ. മാത്രമല്ല, സമീപപ്രദേശങ്ങളിലൊന്നും പോകാൻ പറ്റിയ പ്രെയർഗ്രൂപ്പുകൾ ഒന്നുമില്ല. മൂന്നുനാലു വർഷത്തോളം ജീസസ് യൂത്ത് പ്രവർത്തനത്തിലും മുതിർന്നവരുടെ പ്രെയർഗ്രൂപ്പിലുമെല്ലാം സജീവമായി പങ്കുചേർന്നിരുന്ന എനിക്ക് ഇതൊരു ശ്വാസം മുട്ടിക്കുന്ന അവസ്ഥയായി തോന്നി.

രാവിലെ ഉണർന്ന് പ്രഭാത ഭക്ഷണവും ഭർത്താവിന് ഉച്ചയ്ക്ക് കഴിക്കാനുള്ള ചോറും റെഡിയാക്കും. എട്ടുമണിക്ക് ഭർത്താവിനെ ഓഫീസിൽ പറഞ്ഞുവിട്ടാൽ വൈകുന്നേരം ആറരവരെ ഞാൻ ആ വീട്ടിൽ തനിച്ചാണ്. പിന്നീടുള്ള സമയം കർത്താവിന്റെ കൂടെയാണ്. വീടും പരിസരവും വൃത്തിയാക്കിയും തുണികൾ കഴുകി ഇസ്തിരിയിട്ടും വിറക് ശേഖരിച്ചും എല്ലാം ഞാൻ സമയം നീക്കും. ഓരോ ജോലി ചെയ്യുമ്പോഴും പാട്ടുപാടിയും കർത്താവിനെ സ്തുതിച്ച് പ്രാർത്ഥിച്ചും അരൂപിയിൽ പാട്ടുപാടി സ്തുതിച്ചും ബൈബിൾ വായിച്ചും സങ്കീർത്തനങ്ങൾ ചൊല്ലിയും എല്ലാമാണ് സമയം പിന്നിടുക.

അങ്ങനെയിരിക്കെ ഒരു ദിവസം ഭർത്താവിനെ ഓഫീസിൽ പറഞ്ഞുവിട്ടതിനുശേഷം ഞാൻ മുൻവശത്തുള്ള വരാന്തയിലെ തൂണും ചാരി കർത്താവിനെ സ്തുതിച്ച് പ്രാർത്ഥിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു. ആ ദിവസം എന്തോ വലിയ സങ്കടത്തിലായിരുന്നു എന്റെ ഹൃദയം. പ്രത്യേകിച്ചും ഒരു കരിസ്മാറ്റിക് പ്രെയർഗ്രൂപ്പ് നഷ്ടമായ ദുഃഖം എന്നെ വല്ലാതെ മഥിച്ചിരുന്നു. ജീസസ് യൂത്ത് പ്രവർത്തനങ്ങൾക്ക് പുറമെ പത്തറുപതുപേർ അടങ്ങുന്ന എന്റെ ഇടവകയിലെ മുതിർന്നവരുടെ പ്രെയർഗ്രൂപ്പിന്റെ ലീഡറുംകൂടി ആയിരുന്നു വിവാഹത്തിനുമുമ്പ് ഞാൻ. എന്നാലും കർത്താവേ, നീയെനിക്ക് ഒരു പ്രെയർഗ്രൂപ്പിലായിരിക്കാനുള്ള സാഹചര്യം തന്നില്ലല്ലോ എന്ന ദുഃഖം നിറഞ്ഞ പരാതിയോടെയാണ് ഞാൻ അന്ന് കർത്താവിനെ സ്തുതിച്ചു പ്രാർത്ഥിച്ചുകൊണ്ടിരുന്നത്. സ്തുതിപ്പിന്റെ ഇടയ്ക്ക് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുവാൻ തുടങ്ങി. ഞാൻ ഏങ്ങിയേങ്ങി കരഞ്ഞു. പതുക്കെ പതുക്കെ ആ കരച്ചിൽ വലിയ ഏങ്ങലടിയായി. കുറെനേരം കരഞ്ഞുകഴിഞ്ഞ് ഞാൻ വീണ്ടും കർത്താവിനെ സ്തുതിക്കാൻ തുടങ്ങി. ഇത്തവണ ഭാഷാവരത്തിലാണ് ഞാൻ അറിയാതെ സ്തുതിച്ചത്. ഉച്ചത്തിൽത്തന്നെ ഭാഷാവരത്തിൽ സ്തുതിച്ചു.
അടുത്തെങ്ങും മറ്റു വീടുകൾ ഇല്ലാത്തതിനാലും ഞങ്ങൾ താമസിക്കുന്ന വീട് റോഡിൽനിന്നും അകലെയായതിനാലും കർത്താവല്ലാതെ മറ്റാരും ആ ഭാഷാവരത്തിലുള്ള സ്തുതി കേട്ടിട്ടില്ല. സ്തുതിപ്പ് അവസാനിക്കാറായപ്പോൾ എന്റെ മനസും ഏകദേശം ശാന്തമായി. പെട്ടെന്ന് കർത്താവിന്റെ സ്വരം എന്റെ കാതുകളുടെ മധ്യത്തിലല്ല എന്റെ ബോധതലത്തിൽവന്ന് തറച്ചു. ”നീയെന്തിനാണ് സങ്കടപ്പെടുന്നത്?” ഞാൻ പറഞ്ഞിരിക്കുന്ന വചനം നീ ഓർക്കുക. രണ്ടോ അതിലധികമോ പേർ എന്റെ നാമത്തിൽ ഒരുമിച്ച് കൂടുന്നിടത്ത് ഞാനും ഉണ്ടായിരിക്കും എന്നല്ലേ ഞാൻ പറഞ്ഞിട്ടുള്ളത്. നിങ്ങൾ രണ്ടുപേരുണ്ടല്ലോ. നിങ്ങൾക്ക് രണ്ടുപേർക്കുംകൂടി ഒരു പ്രെയർഗ്രൂപ്പ് തുടങ്ങിയാലെന്താ? ഞാൻ അതിന്റെ മധ്യേ ഉണ്ടായിരിക്കും. വൈകാതെ ഇന്നുതന്നെ തുടങ്ങുക.

പെട്ടെന്ന് എന്റെ സ്തുതിപ്പും കണ്ണുനീരും ഏങ്ങലടിയുമെല്ലാം നിലച്ചു. ഞാൻ ആ ഒറ്റനിമിഷംകൊണ്ട് വല്ലാതെ ആശ്വസിപ്പിക്കപ്പെട്ടു. ഞാൻ കർത്താവിന് നന്ദി പറഞ്ഞുകൊണ്ട് ആ തൂണിന്റെ ചുവട്ടിൽനിന്നും സാവധാനം എഴുന്നേറ്റ് മുഖം കഴുകി. അതെ ഞാൻ ആശ്വസിപ്പിക്കപ്പെട്ടു. കാരണം രണ്ടുപേർകൂടി തുടങ്ങുന്ന പ്രെയർഗ്രൂപ്പിന്റെ വിജയസാധ്യതകളെക്കുറിച്ചൊന്നും എനിക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. കാരണം കർത്താവ് നടപ്പാക്കിയ ഒരു തീരുമാനം അനുവർത്തിക്കുന്നതിലുള്ള ലാഘവത്വമാണ് എന്റെ മനസിൽ ആ സമയത്തുണ്ടായിരുന്നത്. ഞാൻ സ്തുതിച്ചുകൊണ്ടുതന്നെ തിടുക്കത്തിൽ വീട്ടുജോലികളെല്ലാം തീർത്തു. കർത്താവ് പറഞ്ഞ കാര്യം ഭർത്താവിനെ അറിയിക്കാൻവേണ്ടിയുള്ള അക്ഷമയോടുകൂടി കാത്തിരിപ്പായി.

അങ്ങനെ വൈകുന്നേരം ആറുമണിയായപ്പോൾ ഭർത്താവിന്റെ വരവായി. അദ്ദേഹം വന്നപ്പോഴേക്കും കാപ്പിയും കടിയും എല്ലാം മേശപ്പുറത്തുതന്നെ കരുതിയിരുന്നു. കാപ്പി പകർന്നു കൊടുക്കുന്നതിനിടയിൽ തിടുക്കത്തിൽത്തന്നെ ഞാൻ കാര്യം അവതരിപ്പിച്ചു. അതേയ്, അച്ചായാ നമുക്ക് രണ്ടുപേർക്കുംകൂടി ഇന്നുതന്നെ ഒരു പ്രെയർമീറ്റിങ്ങ് തുടങ്ങണം, കർത്താവ് പറഞ്ഞിട്ടാണ് ഞാൻ പറഞ്ഞുനിർത്തി. അദ്ദേഹം എന്നെ നോക്കി ചിരിച്ചിട്ട് ചോദിച്ചു, പ്രെയർമീറ്റിങ്ങോ? ഇതുതന്നെയോ? നമ്മൾ ഭാര്യാഭർത്താക്കന്മാർ കൂടിയോ?

ഞാൻ പറഞ്ഞു. അതെ നമ്മൾ രണ്ടുപേരുംകൂടിത്തന്നെ. കർത്താവ് പറഞ്ഞിട്ടുള്ളത് രണ്ടോ അതിലധികമോ പേർ എന്റെ നാമത്തിൽ ഒരുമിച്ചുകൂടിയാൽ അതിന്റെ മധ്യത്തിൽ ഞാനും ഉണ്ടായിരിക്കും എന്നല്ലേ? ഇവിടെ നമ്മൾ രണ്ടുപേരില്ലേ? നമുക്കുതന്നെ ഒരു പ്രെയർഗ്രൂപ്പ് തുടങ്ങിയാലെന്താ? ബാക്കിയുള്ളവരെ കർത്താവ് പിന്നാലെ ചേർത്തുകൊള്ളും. വീണ്ടും അദ്ദേഹം വിസമ്മതരൂപത്തിലാണ് പ്രതികരിച്ചത്. അപ്പോൾ ഞാൻ അല്പം സങ്കടത്തോടും പരാതിയോടും പരിഭവത്തോടുംകൂടി ഇങ്ങനെ പറഞ്ഞു. ‘ഒരു കരിസ്മാറ്റിക്കുകാരൻ കെട്ടിയിട്ട് എനിക്കിപ്പോൾ ഒരു പ്രെയർമീറ്റിങ്ങിന് പോകാൻ പോലും ഗതിയില്ലാതായി.’ ആ വാക്കുകൾ അദ്ദേഹത്തിന്റെ നെഞ്ചിൽ കൊണ്ടു. ഒരു നിമിഷനേരത്തെ നിശബ്ദതയ്ക്കുശേഷം അദ്ദേഹം പറഞ്ഞു; ‘ശരി, നമുക്ക് തുടങ്ങാം.’ ഇന്നുതന്നെ വേണം ഞാൻ പറഞ്ഞു. അദ്ദേഹമതും സമ്മതിച്ചു.

സന്ധ്യയ്ക്കുള്ള പ്രാർത്ഥനയ്ക്കുശേഷം ഞങ്ങൾ പ്രെയർമീറ്റിങ്ങിനായി ഒരുമിച്ചുകൂടി. ഭാഷാവരത്തിൽ കർത്താവിനെ സ്തുതിച്ചുകൊണ്ടാണ് ഞാൻ പ്രെയർമീറ്റിങ്ങിനുവേണ്ടി റൂം അറേഞ്ച് ചെയ്തത്. രണ്ടു സ്റ്റീൽ കസേരകളും ഒരു ടീപ്പോയും പ്ലാസ്റ്റിക്കുകൊണ്ട് കെട്ടിയ ഒരു ചാരുകസേരയും – ഇതായിരുന്നു ആ കൊച്ചുറൂമിലെ ഫർണിച്ചർ. പ്രാർത്ഥന തുടങ്ങുന്നതിനുമുമ്പ് ഞാൻ കർത്താവിനോട് ഉറക്കെത്തന്നെ പറഞ്ഞു, കർത്താവേ, രണ്ടുപേർ നിന്റെ നാമത്തിൽ ഒരുമിച്ചുകൂടുന്നിടത്ത് ഞാനുമുണ്ടായിരിക്കും എന്നല്ലേ നീ പറഞ്ഞത്? നീ ഇവിടെ ഇരുന്നോട്ടോ എന്നു പറഞ്ഞ് ചാരുകസേര ഈശോയ്ക്കായി നീക്കിയിട്ടു. അതിന്മേൽ ബൈബിൾ വച്ചു.

അങ്ങനെ ആദ്യത്തെ പ്രെയർമീറ്റിങ്ങ് ആരംഭിക്കുകയാണ്. അന്നത്തെ ഗ്രൂപ്പിൽ ഞങ്ങൾ മൂന്നുപേർ മാത്രം. കർത്താവും എന്റെ ഭർത്താവും ഞാനും. ഒരു സാധാരണ പ്രെയർഗ്രൂപ്പിലെന്നതുപോലെ ഞങ്ങൾ പാട്ടുപാടി സ്വയംപ്രേരിത പ്രാർത്ഥന നടത്തി. സ്വതന്ത്രസ്തുതി നടത്തി, ബൈബിൾ വായിച്ചു, മധ്യസ്ഥപ്രാർത്ഥന നടത്തി, സമാപന പ്രാർത്ഥന നടത്തി. ഏകദേശം ഒന്നരമണിക്കൂറോളം നീണ്ടുനിന്ന ഒരു പ്രെയർമീറ്റിങ്ങ്. ഏറ്റവും സന്തോഷകരമായി അതുതീർന്നു. അവസാനിച്ചു കഴിഞ്ഞപ്പോൾ ഹിമാലയം കീഴടക്കിയ സംതൃപ്തിയായിരുന്നു ഉള്ളിൽ. കാരണം ഇതുവരെ ഞങ്ങൾ സംബന്ധിച്ചിട്ടുള്ള പ്രെയർമീറ്റിൽനിന്നും ലഭിച്ചിട്ടില്ലാത്തവിധത്തിലുള്ള ദൈവാനുഭവം അവിടെ ഞങ്ങൾക്ക് കിട്ടി.

”ഉത്സവഘോഷത്താൽ അങ്ങയെ സ്തുതിക്കുന്നവർ ഭാഗ്യവാന്മാർ; കർത്താവേ, അവർ അങ്ങയുടെ മുഖത്തിന്റെ പ്രകാശത്തിൽ നടക്കുന്നു” (സങ്കീർത്തനം 89:15). ദൈവം വസിക്കുന്നത് സ്തുതിയുടെ സിംഹാസനത്തിലാണെന്ന് തിരുവചനങ്ങൾ വ്യക്തമാക്കുന്നു. ”ഇസ്രായേലിന്റെ സ്തുതിയുടെ സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നവനേ അവിടുന്ന് പരിശുദ്ധനാണ്” (സങ്കീർത്തനം 22:3). വീണ്ടുമിതാ സങ്കീർത്തകൻ പറയുന്നു എന്തെന്നാൽ, പീഡിതന്റെ കഷ്ടതകൾ അവിടുന്ന് അവഗണിക്കുകയോ പുച്ഛിക്കുകയോ ചെയ്തില്ല. തന്റെ മുഖം അവനിൽനിന്നും മറച്ചുമില്ല. അവൻ വിളിച്ചപേക്ഷിച്ചപ്പോൾ അവിടുന്ന് കേട്ടു. മഹാസഭയിൽ ഞാൻ അവിടുത്തെ പുകഴ്ത്തും (സങ്കീർത്തനം 22:24).

ആരാധനയുടെ നിമിഷങ്ങളിൽ
ലൂർദിലും ഫാത്തിമയിലുമെല്ലാം മാതാവിന്റെ മധ്യസ്ഥതയാൽ അത്ഭുത രോഗശാന്തികൾ സംഭവിക്കുന്നത് ദൈവകാരുണ്യ ആരാധനയുടെ നിമിഷങ്ങളിലാണ്. നമ്മുടെ ഇടയിലുള്ള ധ്യാനമന്ദിരങ്ങളിൽത്തന്നെ അത്ഭുതകരമായ രോഗശാന്തിയും മാനസാന്തരങ്ങളും അത്ഭുതങ്ങളും സംഭവിക്കുന്നത് നിർലോഭമായ ദൈവസ്തുതിയും ആരാധനയും നടത്തുന്ന സ്ഥലങ്ങളിലാണ്. ”ദരിദ്രർ ഭക്ഷിച്ചു തൃപ്തരാകും; കർത്താവിനെ അന്വേഷിക്കുന്നവർ അവിടുത്തെ പ്രകീർത്തിക്കും. അവർ എന്നും സന്തുഷ്ടരായി ജീവിക്കും” (സങ്കീർത്തനം 22:26).

ദൈവസ്തുതിയിൽ മടി വിചാരിക്കരുത്
ദൈവസ്തുതിയിൽ മടി വിചാരിച്ചാൽ, അഥവാ ലജ്ജിച്ചാൽ ഫലശൂന്യമായ അവസ്ഥകളിലൂടെ നമ്മുടെ ജീവിതവും ശുശ്രൂഷകളും കടന്നുപോകാൻ ഇടവരും. ദാവീദിന്റെ ഭാര്യയും സാവൂൾ രാജാവിന്റെ പുത്രിയുമായ മിഖാലിന്റെ ജീവിതംതന്നെ ഇതിനുള്ള ഉത്തമ ഉദാഹരണം.
ശത്രുദേശത്തകപ്പെട്ട കർത്താവിന്റെ പേടകം ഇസ്രായേൽ മക്കളുടെ അടുത്തേക്ക് ദാവീദിന്റെ നഗരത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നപ്പോൾ ദാവീദ് സർവശക്തിയോടുംകൂടെ അതിനുമുമ്പിൽനിന്ന് നൃത്തം ചെയ്ത് ദൈവത്തെ സ്തുതിച്ചു. അതെക്കുറിച്ച് സാമുവലിന്റെ രണ്ടാം പുസ്തകം ആറാം അധ്യായം 14 മുതലുള്ള വചനങ്ങളിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. ”ദാവീദ് കർത്താവിന്റെ മുമ്പാകെ സർവശക്തിയോടുംകൂടെ നൃത്തം ചെയ്തു. ചണനൂൽകൊണ്ടുള്ള ഒരു അരക്കച്ച മാത്രമേ അവൻ ധരിച്ചിരുന്നുള്ളൂ. അങ്ങനെ ദാവീദും ഇസ്രായേൽഭവനവും ആർപ്പുവിളിച്ചും കാഹളം മുഴക്കിയും കർത്താവിന്റെ പേടകം കൊണ്ടുവന്നു.”

കർത്താവിന്റെ പേടകം ദാവീദിന്റെ നഗരത്തിലേക്ക് പ്രവേശിക്കുമ്പോൾ സാവൂളിന്റെ മകൾ മിഖാൽ ജനലിൽക്കൂടി നോക്കി. ദാവീദ് രാജാവ് കർത്താവിന്റെ മുമ്പിൽ തുള്ളിച്ചാടി നൃത്തം വയ്ക്കുന്നതു കണ്ട് അവൾക്ക് നിന്ദ തോന്നി. അവർ കർത്താവിന്റെ പേടകം കൊണ്ടുവന്ന് ദാവീദ് പ്രത്യേകം നിർമിച്ചിരുന്ന കൂടാരത്തിനുള്ളിൽ അതിന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചു. ദാവീദ് കർത്താവിന് മുമ്പിൽ ദഹനബലികളും സമാധാനബലികളും അർപ്പിച്ചു. അർപ്പണം കഴിഞ്ഞപ്പോൾ ദാവീദ് സൈന്യങ്ങളുടെ കർത്താവിന്റെ നാമത്തിൽ ജനങ്ങളെ അനുഗ്രഹിച്ചു. എല്ലാം കഴിഞ്ഞ് തന്റെ കുടുംബത്തെ അനുഗ്രഹിക്കാനായി ദാവീദ് മടങ്ങി വീട്ടിൽ ചെന്നു.

അപ്പോൾ ദാവീദിന്റെ ഭാര്യയും സാവൂളിന്റെ പുത്രിയുമായ മിഖാൽ ദാവീദിനെ നിന്ദിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു. ഓ, ഇസ്രായേൽ രാജാവ് ഇന്ന് തന്നെത്തന്നെ എത്ര പ്രശസ്തനാക്കിയിരിക്കുന്നു! തന്റെ ദാസന്മാരുടെ സ്ത്രീകളുടെ മുമ്പിൽ ആഭാസനെപ്പോലെ നിർലജ്ജം അവൻ നഗ്നത പ്രദർശിപ്പിച്ചില്ലേ? അപ്പോൾ ദാവീദ് മിഖാലിനോട് ഇപ്രകാരം പറഞ്ഞു: ”നിന്റെ പിതാവിനും കുടുംബത്തിനുംമേൽ കർത്താവിന്റെ ജനമായ ഇസ്രായേലിന് രാജാവായി നിയോഗിക്കുന്നതിന് എന്നെ തിരഞ്ഞെടുത്ത കർത്താവിന്റെ മുമ്പിലാണ് ഞാൻ നൃത്തം ചെയ്തത്. കർത്താവിന്റെ മുമ്പിൽ ഞാൻ ആനന്ദനൃത്തം ചെയ്യും. അതേ കർത്താവിന്റെ മഹത്വത്തിന് ഞാൻ നിന്റെ മുമ്പിൽ ഇതിൽ കൂടുതൽ അധിക്ഷേപാർഹനും നിന്ദ്യനും ആകും. എന്നാൽ നീ പറഞ്ഞ ആ പെൺകുട്ടികൾ ഇതുനിമിത്തം എന്നെ ബഹുമാനിക്കും” (2 സാമുവൽ 6:21-23). ദൈവസ്തുതിയെ നിന്ദിച്ചതിനുള്ള ശാപമെന്നവണ്ണം തുടർന്നുള്ള വചനങ്ങളിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. ”സാവൂളിന്റെ പുത്രി മിഖാൽ മരണംവരെയും സന്താന രഹിതയായിരുന്നു” (2 സാമുവൽ 6:23) എന്ന്.

ഫലരഹിതമായ ജീവിതാവസ്ഥകളും ശുശ്രൂഷകളും ഇന്ന് ഒരു ശിക്ഷയെന്ന വണ്ണം നമ്മുടെ ജീവിതത്തിൽ നാം അനുഭവിക്കുന്നുണ്ടോ? ദൈവസ്തുതിയിൽനിന്നും പിന്തിരിഞ്ഞു പോവുകയോ ദൈവസ്തുതിയെ നിന്ദിക്കുകയും ചെയ്ത പിഴ നമുക്ക് സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചുനോക്കാം. ആരംഭകാലത്ത് ദൈവസ്തുതിയിൽ തീക്ഷ്ണതയോടെ നിലനിന്നിരുന്ന പല ശുശ്രൂഷകളും ശുശ്രൂഷകരും ഇന്നതിൽനിന്നും പിന്തിരിഞ്ഞിരിക്കുന്നു. ഭാഷാവരത്തിൽ സ്തുതിക്കുന്നതും ഉച്ചസ്വരത്തിൽ ദൈവത്തെ സ്തുതിച്ച് മഹത്വപ്പെടുത്തുന്നതുമെല്ലാം വില കുറഞ്ഞ പരിപാടിയായി കരുതി ഒഴിവാക്കുന്ന അവസ്ഥാവിശേഷങ്ങൾ വന്നുചേർന്നിരിക്കുന്നു. ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്താൻ നമുക്ക് തയാറാകാം. അങ്ങനെ ഫലം പുറപ്പെടുവിക്കുന്ന വയലേലകളായി നമ്മുടെ കുടുംബങ്ങളും ശുശ്രൂഷാവേദികളും മാറാനിടവരട്ടെ. അതിനുള്ള ജ്ഞാനം ലഭിക്കാനായി നമുക്ക് പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കാം.

സ്റ്റെല്ല ബെന്നി

Leave a Reply

Your email address will not be published. Required fields are marked *