നാം വിശ്വാസം കൈമാറുന്നു. കാരണം യേശു നമ്മോട് ഇപ്രകാരം കല്പിച്ചു: ”ആകയാൽ നിങ്ങൾ പോയി സകല ജനതകളെയും ശിഷ്യപ്പെടുത്തുവിൻ” (മത്തായി 28:19).
യഥാർത്ഥ ക്രിസ്ത്യാനിയായ ആരും വിശ്വാസം പകർന്നു നൽകൽ വിദഗ്ധർക്ക് (അധ്യാപകർ, അജപാലകർ, മിഷനറിമാർ) മാത്രമായി വിട്ടുകൊടുക്കുകയില്ല. നമ്മൾ മറ്റുള്ളവർക്ക് ക്രിസ്തു ആണ്. മറ്റുള്ളവരിലേക്ക് ദൈവം വന്നുചേരണമെന്ന് ഓരോ യഥാർത്ഥ ക്രിസ്ത്യാനിയും ആഗ്രഹിക്കുന്നുവെന്നുകൂടി അതിനർത്ഥമുണ്ട്. ആ വ്യക്തി തന്നോടുതന്നെ ഇങ്ങനെ പറയുന്നു:
”കർത്താവിന് എന്നെ ആവശ്യമുണ്ട്! എനിക്ക് മാമോദീസയും സ്ഥൈര്യലേപനവും നൽകപ്പെട്ടിട്ടുണ്ട്. ദൈവത്തെപ്പറ്റി അറിയാനും ‘സത്യത്തിന്റെ അറിവിലേക്ക് വരാനും’ (1 തിമോത്തിയോസ് 2:4) ചുറ്റുമുള്ളവരെ സഹായിക്കാൻ എനിക്ക് കടമയുണ്ട്.”
മദർ തെരേസ നല്ലൊരു ഉപമ ഉപയോഗിക്കുന്നു. ”തെരുവുകളിലൂടെ വൈദ്യുതകമ്പികൾ പാകിയിരിക്കുന്നതു നാം കാണുന്നു. അവയിലൂടെ വൈദ്യുതി പ്രവഹിക്കുന്നില്ലെങ്കിൽ പ്രകാശമുണ്ടാവുകയില്ല. ഈ വൈദ്യുതകമ്പി നിങ്ങളും ഞാനുമാണ്. വൈദ്യുതി ദൈവമാണ്. നമ്മിലൂടെ വൈദ്യുതി ഒഴുകാൻ അനുവദിക്കാനും അങ്ങനെ ലോകത്തിന് പ്രകാശം ഉത്പാദിപ്പിക്കാനും നമുക്ക് കഴിയും. ലോകത്തിന്റെ ആ പ്രകാശം യേശുവാണ്. അല്ലെങ്കിൽ അപ്രകാരം നാം ഉപയോഗിക്കപ്പെടാൻ സമ്മതിക്കാതിരിക്കാനും അങ്ങനെ അന്ധകാരം വ്യാപിക്കാൻ അനുവദിക്കാനും നമുക്ക് കഴിയും.
യുകാറ്റ് (11)