ഒരു പകരംവീട്ടലിന്റെ കഥ

‘അതാ… അങ്ങോട്ടു നോക്കൂ…. കുഞ്ഞ് നിലംതൊടാതെ സ്റ്റെപ്പുകേറുന്നേ… അല്ലാ, അവൾ പറക്കുവാന്നാ തോന്നുന്നേ…’ ജോലിക്കാരി വിളിച്ചു പറഞ്ഞു. എല്ലാവരും ഓടിയെത്തി. ശരിയാ, കുഞ്ഞ് സ്റ്റെപ്പ് കയറി മുകളിലേക്ക് പോകുവാണല്ലോ, പക്ഷേ അവളുടെ കുഞ്ഞിക്കാലുകൾ നിലത്തു തൊടുന്നുമില്ലാ. അമ്മയും സഹോദരങ്ങളും ജോലിക്കാരെല്ലാം അമ്പരന്നു നിന്നു. ഓരോ സ്റ്റെപ്പു കയറുമ്പോഴും ‘നന്മനിറഞ്ഞ മറിയമേ’ എന്ന ദൈവമാതൃ ഗീതവും പാടുന്നുണ്ട്. അനേകം ജോലിക്കാരും കുടുംബാംഗങ്ങളുമുള്ള കുലീന കുടുംബത്തിലെ ഒരു കൊച്ചു പെൺകുട്ടി, ശൈശവത്തിലേ ദൈവമാതൃ സ്തുതി പാടി, പരിത്യാഗമായി സ്റ്റെപ്പുകൾ മുട്ടുകുത്തി കയറുകയായിരുന്നു. എന്നാൽ നിലം തൊടാതെ കുഞ്ഞ് പറക്കുകയാണെന്നാണ് അമ്മയടക്കം കണ്ടുനിന്നവർക്ക് തോന്നിയത്. നാലു വയസുമുതല്‌ക്കേ പ്രാർത്ഥനയും പരിത്യാഗപ്രവൃത്തികളും ആരംഭിച്ച കുഞ്ഞ് ആറാം വയസിൽ ദൈവാലയത്തിൽ നിന്നും മടങ്ങവേ, ഈശോ അവൾക്ക് പ്രത്യക്ഷപ്പെട്ടു. ആകാശത്ത് രാജകീയ സിംഹാസനത്തിൽ മഹത്വപൂർണനായി ഉപവിഷ്ടനായ അവിടുത്തോട് ഒപ്പം അപ്പസ്‌തോലന്മാരായ പത്രോസും പൗലോസും യോഹന്നാനും ഉണ്ടായിരുന്നു. ഈശോ സ്‌നേഹ വാത്സല്യങ്ങളോടെ പുഞ്ചിരിച്ചുകൊണ്ട് വലതുകരം ഉയർത്തി അവളെ ആശീർവദിച്ചു.

പിന്നീട് അവൾ ഈശോയുമായി നിത്യവും ഗാഡവുമായ ആത്മീയ ഐക്യത്തിലായി. സ്വന്തം പ്രാർത്ഥനാ ശൈലി രൂപപ്പെടുത്തി, രഹസ്യമായി ഈശോയുടെ സഹനങ്ങൾ അനുകരിച്ചു. സ്വാഭാവിക വേദനയെക്കുറിച്ചുള്ള ഭയത്തെ കീഴടക്കുന്നതിന് ചാട്ടവാറുണ്ടാക്കി സ്വയം അടിക്കുകയും മറ്റു പരിഹാരപ്രവൃത്തികളും അവൾ ആരംഭിച്ചു. ആറാം വയസിൽതന്നെ ഭക്ഷണത്തോടുള്ള താല്പര്യം ഇല്ലാതാക്കാനും ആഗ്രഹനിഗ്രഹം പരിശീലിക്കാനുമായി തന്റെ ഭക്ഷണത്തിന്റെ ഏറിയപങ്കും സഹോദരങ്ങൾക്ക് നല്കി. ഈശോയ്ക്കായി, കളങ്കരഹിതയായി തന്നെ കാത്തുകൊള്ളണമെന്ന് അവൾ പരിശുദ്ധ അമ്മയോട് പ്രാർത്ഥിച്ച്, മാതാവിന് സ്വയം ഭരമേല്പിച്ചു. ജീവിതം മുഴുവൻ യേശുവിന് അർപ്പിച്ച അവൾ പൂർണമായും അവിടുത്തെ സ്വന്തമാകുകയും അവിടുത്തെ സ്വന്തമാക്കുകയും ചെയ്തു.

പിന്നോട്ടു വലിക്കപ്പെടുന്നു
സകലരാലും ഉപേക്ഷിക്കപ്പെട്ട രോഗികളെയും മരണാസന്നരെയും ഈശോയെപ്പോലെ അവൾ സ്‌നേഹിച്ച് പകലും രാവും ശുശ്രൂഷിച്ചു. ഒരുനാൾ ഒരു കാൻസർ രോഗിയെ ശുശ്രൂഷിക്കുകയായിരുന്നു. രോഗിയുടെ ദുർഗന്ധം വമിക്കുന്ന വ്രണങ്ങളും മനംപിരട്ടുന്ന പഴുപ്പുംകണ്ട് അവൾക്ക് വല്ലാത്ത അറപ്പുതോന്നി. ഒരുനിമിഷം, നിസഹായയായി നിന്നു അവൾ. ഇറങ്ങി ഓടിയാലോ.. പെട്ടെന്ന് മുഖം ഉയർത്തി ‘എന്റെ ഈശോയേ… ‘ എന്നൊരു ആത്മരോദനം ഉള്ളിൽനിന്നും ഉയർന്നു. പിന്നെ അവൾ എന്തുചെയ്‌തെന്നോ? രോഗിയുടെ പഴുപ്പും വ്രണവും പറ്റിയ തുണികൾ കഴുകിയ വെള്ളം അവിടെ ഉണ്ടായിരുന്നു. അവൾ അതെടുത്ത് ആസ്വദിച്ച് കുടിച്ചു, അങ്ങനെ അവൾ അവളെത്തന്നെ കീഴടക്കി. അപ്പോൾ ഈശോ അവൾക്ക് പ്രത്യക്ഷനായി അരുളിച്ചെയ്തു: ‘നീ ഇപ്പോൾ കുടിച്ചത് എന്റെ ഹൃദയത്തിലെ തിരുരക്തമാണ് മോളേ… നിനക്ക് നേടിയെടുക്കാൻ ഒരിക്കലും സാധിക്കാത്ത കൃപകൾ ഇതിലൂടെ നിന്നിലേക്ക് ഞാൻ ചൊരിഞ്ഞിരിക്കുന്നു.’

കാപ്പ്വായിലെ വാഴ്ത്തപ്പെട്ട റെയ്മണ്ട് എഴുതിയ സിയന്നയിലെ വിശുദ്ധ കാതറിന്റെ ജീവചരിത്രത്തിലെ സംഭവങ്ങളാണ് ഇവയെല്ലാം. അദ്ദേഹം വെളിപ്പെടുത്തുന്നു: ഒരിക്കൽ ഈശോ തന്റെ കയ്യിൽ പ്രകാശപൂർണവും ചുവന്ന് തിളക്കമാർന്നതുമായ ഒരു ഹൃദയവുമായി കാതറിന് പ്രത്യക്ഷപ്പെട്ടു. വിശുദ്ധയുടെ ഒരു വശം തുറന്ന് അവിടെ ആ ഹൃദയം നിക്ഷേപിച്ചശേഷം അവിടുന്നു പറഞ്ഞു: ”എനിക്കേറ്റം പ്രിയപ്പെട്ട മകളേ, ഞാൻ നിന്റെ ഹൃദയം എടുത്തിരുന്നല്ലോ, ഇതാ ഞാൻ എന്റെ ഹൃദയം നിനക്കു നല്കുന്നു. നിനക്കിനി എന്നും എന്റെ ഹൃദയവുമായി ജീവിക്കാം.” ”ഇനിമേൽ ഞാനല്ല, ക്രിസ്തു എന്നിൽ ജീവിക്കുന്നു” (ഗലാത്തിയർ 2/20) എന്ന വിശുദ്ധ പൗലോസ് പ്രഖ്യാപിച്ച തിരുവചനം വിശുദ്ധയിൽ യാഥാർത്ഥ്യമായി. അങ്ങനെ ക്രിസ്തുവിന്റെ ഹൃദയത്തിന്റെ സ്പന്ദനങ്ങളും വികാരങ്ങളും സ്‌നേഹവും അവിടുത്തെത്തന്നെ അവൾ സ്വന്തമാക്കി. പ്രാർത്ഥന, തിരുവചന ധ്യാനം, സ്‌നേഹവായ്‌പോടുകൂടിയ അനുദിന ദിവ്യകാരുണ്യ സ്വീകരണം എന്നിവ വഴിയാണ് അവൾ അത് നേടിയെടുത്തത് എന്നാണ് ചരിത്രരേഖകൾ. പിന്നീട് സഭയുടെ ഗതിതന്നെ മാറ്റിമറിച്ച, മാർപാപ്പയെപ്പോലും സ്വാധീനിച്ച അതുല്യ ആത്മീയ ശക്തിയായി വിശുദ്ധ കാതറിനെ ക്രിസ്തു ഉയർത്തി. അടിസ്ഥാന വിദ്യാഭ്യാസംപോലും ഇല്ലാത്ത ഒരു സാധാരണ വനിത യേശുവിനെ സ്വന്തമാക്കിയപ്പോൾ അവിടുന്ന് അവളിലൂടെ സഭയിലും സമൂഹത്തിലും ജീവിച്ചു.

കാതറിൻ ഈശോയെ സ്വന്തമാക്കിയതുപോലെ നമ്മളും അവിടുത്തെ സ്വന്തമാക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. കാരണം, പിതാവ് നമുക്കു നല്കുന്ന ഏറ്റംവലിയ സമ്മാനമാണ് പുത്രൻ. പുത്രൻ നല്കുന്നതോ അവിടുത്തെത്തന്നെയും. ദൈവം ദൈവത്തെയും അവിടുത്തോടൊപ്പം സമസ്തവും നമുക്കു സമ്മാനമായി നല്കി. ”സ്വപുത്രനെപ്പോലും ഒഴിവാക്കാതെ, നമുക്കെല്ലാവർക്കുംവേണ്ടി അവനെ ഏൽപിച്ചുതന്നവൻ അവനോടുകൂടെ സമസ്തവും നമുക്കു ദാനമായി നൽകാതിരിക്കുമോ?” (റോമ 8:32). അപ്പോൾ അവിടുന്നും അവിടുത്തേക്കുള്ളതുമെല്ലാം നമ്മുടെ സ്വന്തമാകും. അവൻ ഇതാ നമുക്കായ് തന്നു കഴിഞ്ഞു; ഇനി നാം അവനെ സ്വന്തമാക്കുകയേ വേണ്ടൂ. അതെങ്ങനെ സാധിക്കും?

യേശുവിന്റേതെല്ലാം സ്വന്തമാക്കാൻ
ഈശോയോട് വളരെ വിശ്വസ്ത പുലർത്തിയിരുന്ന ഒരു വ്യക്തി, താൻ ഇനി കൂടുതലായി എന്താണ് ചെയ്യേണ്ടതെന്ന് ഈശോയോട് ചോദിച്ചറിയണമെന്ന് ഹങ്കറിയിലെ മിസ്റ്റിക്കായ സിസ്റ്റർ നതാലിയോട് പറഞ്ഞു. ഈശോ പറഞ്ഞു: ”എന്നെ വളരെയധികം സ്‌നേഹിക്കുക. നിങ്ങൾ എന്നെ സ്‌നേഹിക്കുക വഴി, എന്റെ ഹൃദയം നിങ്ങളുടേതുമായി ഐക്യപ്പെടാനായി നിങ്ങളുടെ സ്‌നേഹം എന്നെ നിങ്ങളിലേക്ക് ആകർഷിക്കും. വലിയ കൃപകൾ നിനക്ക് പ്രദാനം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ അവ സ്വീകരിക്കണമെങ്കിൽ പല ഭൗതികകാര്യങ്ങളും നീ വിട്ടുപേക്ഷിക്കണം. എന്നോട് കൂടുതൽ ഒന്നായിത്തീരാനും എന്നിൽ അധികം ലയിക്കാനും സഹായിക്കുന്നവിധത്തിൽ മാത്രമാണ് നീ ഭൗതിക വസ്തുക്കൾ ഉപയോഗിക്കേണ്ടത്. അതിൽകവിഞ്ഞ മറ്റൊരു പ്രാധാന്യവും അവയ്ക്കു നല്കരുത്. ഞാനൊഴികെ, മറ്റാരും മറ്റൊന്നും നിനക്ക് ഉണ്ടാവരുത്. ഞാനൊഴികെ മറ്റൊന്നിനോടും മറ്റാരോടും നിനക്ക് അഭിനിവേശമോ താല്പര്യമോ ഉണ്ടാകരുത്. നാം സ്‌നേഹത്തിൽ ഒന്നായ്ത്തീർന്നാൽ പിന്നെ, നിന്റെ ജീവിതവും അത് നിലനിർത്താൻ ആവശ്യമായ സകല കാര്യങ്ങളും എന്റെ ഉത്തരവാദിത്വവും ചിന്താവിഷയവുമായിരിക്കും. ഈ സ്‌നേഹ ഐക്യത്തിനു പകരമായി എനിക്കുള്ളവ നിന്റേതുമായിരിക്കും.”

നാം അവന്റേത് ആകാൻ എളുപ്പമാണ്. പലപ്പോഴും നാം അതുകൊണ്ട് തൃപ്തിപ്പെട്ടുപോകാറുണ്ട്. ഞാൻ അവന്റേത് ആകുന്നതോടൊപ്പം അവൻ എന്റേതുമാകണം- അപ്പോൾ മാത്രമേ ആ ബന്ധം പൂർണമാകൂ. അവനെ ഞാൻ എന്റെ സ്വന്തമാക്കണം. എന്നെത്തന്നെ കൊടുത്ത് അവനെ വാങ്ങണം-നേടണം. അവിടുന്ന് സ്വയം എനിക്കായ് നല്കി എന്നെ അവിടുന്ന് വാങ്ങി സ്വന്തമാക്കിയില്ലേ. അതിനർത്ഥം എനിക്ക് അവനോളം വിലയുണ്ടെന്നല്ലേ? അപ്പോൾ ഞാൻ എന്നെ അവനു കൊടുത്താൽ അവനെ എന്റെ സ്വന്തമാക്കാം. ”ഞാൻ എന്റെ പ്രിയന്റേതാണ്; എന്റെ പ്രിയൻ എന്റേതും” (ഉത്തമ ഗീതം 6/3).

100 രൂപയ്ക്ക് പിന്നാലെ
ലേവ്യരോട് ദൈവം പറഞ്ഞു, മറ്റ് ഇസ്രായേല്യരെപ്പോലെ അവർക്ക് ദേശത്ത് അവകാശമോ ഓഹരിയോ ഉണ്ടായിരിക്കില്ല; ദൈവംതന്നെയായിരിക്കും അവരുടെ അവകാശവും ഓഹരിയും എന്ന് (സംഖ്യ 18/20). സർവത്തിന്റെയും ഉടയവനായ ദൈവത്തെത്തന്നെ എനിക്ക് അവകാശമായി ലഭിച്ചാൽ, സർവശക്തനായ അവിടുന്നു മുഴുവനുമാണ് എന്റെ വിഹിതമെങ്കിൽ എനിക്ക് മറ്റെന്തുവേണം? മറ്റാരെ വേണം? കോടികൾ അവകാശവും ഓഹരിയുമുണ്ടായിട്ട് നൂറുരൂപയ്ക്കുവേണ്ടി പരക്കം പായുന്ന മണ്ടന്മാരോവണോ നാം? അവനെ സ്വന്തമാക്കിയാൽപിന്നെ സകലതും നമ്മുടേതായില്ലേ? എന്റെ അധീനതയിലല്ലേ? പിന്നെ എന്റെ എല്ലാം അവിടുന്നുതന്നെ ആയിരിക്കും. ”ഞാൻ നിനക്ക് പരിചയായിരിക്കും” (ഉൽപത്തി 15/1). കവചം, കോട്ട, സങ്കേതം ഇങ്ങനെ എല്ലാമെല്ലാം ദൈവംതന്നെയെന്ന് സങ്കീർത്തനങ്ങളും ഉറപ്പിക്കുന്നില്ലേ?

അവിടുന്ന് എന്റെ നിത്യ ഭക്ഷണവും പാനീയവുമല്ലേ? എന്റെ സ്വന്തമാകാനാണ് ദിവ്യകാരുണ്യമായിത്തീർന്ന് ദൈവം എന്നിലേക്ക് വരുന്നത്. അവിടുന്ന് അത് തീവ്രമായി അഭിലഷിക്കുന്നു. എല്ലാറ്റിനും ഉപരി ഏപ്പോഴും എന്റേതുമാത്രമായിരിക്കാനല്ലേ, മറ്റാരും കാണാതെ ഉള്ളിൽ കയറി മറഞ്ഞിരിക്കാൻ തക്കവിധം മുറിഞ്ഞു മുറിഞ്ഞു ചെറുതായി ഭക്ഷണരൂപംവരെ സ്വീകരിച്ചത്? ‘മന്നാ’ പോലെ നമ്മുടെ ഓരോരുത്തരുടെയും രുചിഭേദങ്ങൾക്കും ആവശ്യങ്ങൾക്കും ഇഷ്ടങ്ങൾക്കുമനുസരിച്ച് അവിടുന്ന് സ്വയം രൂപാന്തരപ്പെട്ട്, സ്വീകരിക്കുന്നവന് രുചികരനാകുന്നു. എത്രയോ പുണ്യാത്മക്കൾ ദിവ്യകാരുണ്യ ഈശോയെ മാത്രം ഉൾക്കൊണ്ട്, മറ്റ് ഭക്ഷണമോ പാനീയമോ കൂടാതെ എല്ലാജോലികളും ചെയ്ത് ദശാബ്ദങ്ങൾ സാധാരണ ജീവിതം നയിച്ചു! മറ്റൊന്നും വേണ്ടാ, ഈശോ മാത്രംമതി എനിക്ക് എന്നവിധം സ്‌നേഹിക്കുന്നവന് അവിടുന്ന് അങ്ങനെ ഭവിക്കുകതന്നെ ചെയ്യും. അവിടുത്തെ സ്വന്തമാക്കാതെ, മറ്റെന്തെല്ലാം, മറ്റാരെയൊക്കെ സ്വന്തമാക്കിയാലും നാം ഒരിക്കലും തൃപ്തരാകില്ല. ദൈവത്തിനല്ലാതെ ആർക്ക് ദൈവത്തിന്റെ കുഞ്ഞിനെ തൃപ്തിപ്പെടുത്താനാകും?

ക്ഷമയില്ലാത്ത ദൈവം
വിശുദ്ധ അമ്മത്രേസ്യ രേഖപ്പെടുത്തുന്നു: ”നമുക്ക് അവിടുത്തോടുള്ള സ്‌നേഹത്തിന് പ്രതിസ്‌നേഹമായി അവിടുന്ന് തന്നെത്തന്നെ നമുക്കു നല്കുന്ന ആ ദിവ്യസമ്മാനം ഭൂമിയിൽ വച്ചുതന്നെ നമുക്കു നല്കാൻ അവിടുന്ന് ആഗ്രഹിക്കുന്നു, അതിന് നാം പരലോകത്തെത്തുംവരെ ക്ഷമയോടെ കാത്തിരിക്കാനാകാത്തവിധം അവിടുന്ന് തിടുക്കമുള്ളവനാണ്. നാം അവിടുത്തെ സ്വന്തമായാൽ അവിടുത്തേക്ക് അവിടുത്തെത്തന്നെ നമുക്കു തരാതിരിക്കാൻ, നമ്മുടെ സ്വന്തമാകാതിരിക്കാൻ കഴിയില്ല, ഒരു മധുരപ്രതികാരംപോലെ. അവിടുന്നുതന്നെയായ ആ സമ്മാനം നാം സ്വീകരിക്കാതിരുന്നാൽ അവിടുത്തെ അത് എത്രമാത്രം സങ്കടപ്പെടുത്തും! എന്നാൽ ആ സമ്മാനം സ്വന്തമാക്കാൻ ഞാനും ചിലത് ചെയ്യണം.

റ്റു ഡു ലിസ്റ്റ്
1. ക്ഷണനേരത്തേക്കുപോലും ദൈവത്തെ വിട്ടുപിരിയാതെ, അവിടുത്തോടൊപ്പം നിരന്തരം വസിക്കണം. ഏതു തിരക്കിട്ട ജോലിക്കിടയിലും മറ്റുള്ളവരുമായുള്ള സംഭാഷണത്തിനിടയിലുമെല്ലാം ദൈവത്തോടൊപ്പമായിരിക്കാൻ സാധിക്കുമെന്ന് വിശുദ്ധ ഫൗസ്റ്റീന സാക്ഷ്യപ്പെടുത്തുന്നു.
2. അവിടുത്തെ അത്യധികമായി സ്‌നേഹിക്കുകയും അവിടുത്തെ സ്വന്തമാക്കാൻ ഉത്ഘടമായി വാഞ്ചിക്കുകയും വേണം.
3. അവിടുത്തെ സമയത്തിനായി സ്‌നേഹത്തോടെ കാത്തിരിക്കണം. വൈകിയാലും മടുത്ത് ഉപേക്ഷിക്കാതെ തീക്ഷ്ണതയുള്ള ഒരു വെമ്പൽ ഹൃദയത്തിൽ ഉണ്ടാവണം.
4. മനുഷ്യർ, ലൗകിക വസ്തുക്കൾ, ലോകസുഖസന്തോഷങ്ങൾ എന്നിവയിൽ നിന്നും ‘എന്നിൽ’ നിന്നുതന്നെയും ആത്മാവിനെ വിമുക്തമാക്കിയിരിക്കണം.
5. ദെവത്തെ മാത്രം പ്രസാദിപ്പിക്കാനായി ജീവിതത്തിന്റെ സമസ്തമേഖലകളും ക്രമീകരിക്കണം. അവിടുത്തെ സ്വന്തമാക്കിക്കഴിഞ്ഞാൽ അവിടുത്തെ ആനന്ദിപ്പിക്കുക എന്നതൊഴികെ മറ്റൊന്നും ഉണ്ടായിരിക്കരുത്.
6. നമ്മോടും ലോകത്തോടുമുള്ള നമ്മുടെ ബാഹ്യവും ആന്തരികവുമായ ചാറ്റിങ് നിർത്തി, നിരന്തരം അവിടുത്തോട് സ്‌നേഹ സംഭാഷണത്തിലേർപ്പെടുമെന്നും അവിടുത്തെ ശ്രവിക്കുമെന്നും അവിടുത്തേക്ക് ഉറപ്പ് ലഭിച്ചിരിക്കണം.

മതിയേ മതി?
അവിടുന്ന് സ്വന്തമായിക്കഴിഞ്ഞാൽ പിന്നെ നാം യാതൊന്നിനും ക്ലേശിക്കേണ്ടിവരില്ല, അവിടുന്നുതന്നെ എല്ലാം ചെയ്തുകൊള്ളും. ”അവൾക്ക് വേണ്ടതെല്ലാം ഞാൻ സമൃദ്ധമായി നല്കും” (സങ്കീർത്തനങ്ങൾ 132/15). ”കൃപകൾ സ്വീകരിക്കാൻ കഴിവും സന്നദ്ധതയും ഉള്ള ആത്മാക്കളെ കണ്ടെത്തിയാൽ എത്രയുംവേഗം അവരിൽ പകരണമെന്നതാണ് അവിടുത്തെ സ്വഭാവവും ആഗ്രഹവും. നാം ചോദിക്കുന്ന ചെറിയ ചെറിയ അനുഗ്രഹങ്ങൾ മാത്രം നല്കുന്നതിൽ അവിടുന്ന് ഒട്ടുമേ തൃപ്തനല്ല; ഇത്രേം വേണ്ടാ, കുറച്ചു മതി എന്നും പറയരുതേ” (വിശുദ്ധ അമ്മത്രേസ്യ).

അവിടുന്ന് ഒരു വ്യക്തിയുടെ സ്വന്തമായാൽ അയാളെ എപ്രകാരം തൃപ്തിപ്പെടുത്തണം, സന്തോഷിപ്പിക്കണം എന്നതാണ് അവിടുത്തെ ആദ്യത്തെ പ്രവൃത്തി. വിശുദ്ധിയുടെയും ദൈവസ്‌നേഹത്തിന്റെയും അടുത്ത തലത്തിലേക്കും അത്യുന്നത തലത്തിലേക്കും ദൈവം ഒരാളെ ഉയർത്തുന്നതും അയാൾ ദൈവത്തെ സ്വന്തമാക്കിയ ശേഷമാണ്. സ്വർഗത്തിന്റെ സകല കൃപാവരങ്ങളാലും അവിടുന്ന് അയാളെ അലങ്കരിക്കുന്നു. ദൈവത്തെ പ്രസാദിപ്പിക്കാൻ ഏറ്റം അവശ്യവും എന്നാൽ നമുക്ക് സ്വയം നേടിയെടുക്കാൻ സാധിക്കാത്തതുമായ പുണ്യങ്ങൾ നമ്മിൽ നട്ടുവളർത്തുന്നതും നാം അവിടുത്തെ സ്വന്തമാക്കിയശേഷമാണ്.
എന്നാൽ, ദൈവകൃപകളോ ദൈവസ്‌നേഹമോ അല്ല പ്രധാനം; ദൈവം – ദൈവംതന്നെയാണ് സർവ പ്രധാനം. യഥാർത്ഥത്തിൽ ദൈവത്തെ സ്‌നേഹിക്കുന്നെങ്കിൽ നീ തേടുക ദൈവിക കൃപകളല്ല, ദൈവത്തെത്തന്നെയാണ്. ‘ഓ ഈശോ, അങ്ങ് എന്റെ സ്വന്തമാണ്. ഞാൻ അവിടുത്തേതും’ എന്ന് ആവർത്തിച്ച്, അവനെ സ്വന്തമാക്കാം.

ഇക്കാര്യത്തിൽ നമ്മെ ഏറ്റം സഹായിക്കാൻ സാധിക്കുക, ദൈവത്തിനു സ്വയം കൊടുത്ത് ദൈവത്തെ മുഴുവൻ സ്വന്തമാക്കിയ പരിശുദ്ധ അമ്മയ്ക്കാണ് . അതിനാൽ ദൈവത്തിന്റെ സ്വന്തമാകാനും ദൈവത്തെ സ്വന്തമാക്കാനും സഹായിക്കണേ എന്ന് അമ്മയോടു അപേക്ഷിക്കാം.

ആൻസിമോൾ ജോസഫ്‌

Leave a Reply

Your email address will not be published. Required fields are marked *