തന്റെ പട്ടണമായ ഇഷിനോമാക്കിയെ പിടിച്ചുലച്ചുകൊണ്ട് 2011-ൽ ഒരു സുനാമിയുണ്ടായപ്പോൾ ഹിദെയാക്കി അകയ്‌വാ എന്ന ആ ജപ്പാൻകാരൻ തന്റെ ജോലിയിലായിരുന്നു. ഭാര്യ വീട്ടിൽ കുടുങ്ങിപ്പോയിരിക്കുകയാണ് എന്നു മനസ്സിലാക്കിയ അദ്ദേഹം അവളെ രക്ഷിക്കാനായി ഇറങ്ങി. സൈന്യമെത്തി രക്ഷാപ്രവർത്തനം നടത്തുന്നതുവരെ കാത്തിരിക്കാനായിരുന്നു വിദഗ്ധരുടെ ഉപദേശം. പക്ഷേ അദ്ദേഹത്തിന് കാത്തിരിക്കാനാവുമായിരുന്നില്ല.
ഒഴുകിനടക്കുന്ന കാറുകളുടെയും വീടുകളുടെയും മാലിന്യങ്ങളുടെയുമൊക്കെ നടുവിലൂടെ അദ്ദേഹം ഭാര്യയ്ക്കരികിലെത്തിയപ്പോൾ അല്പംമാത്രം വായു ലഭിക്കുന്ന സാഹചര്യത്തിൽ അവൾ ജീവനോടെയിരിക്കുന്നു! അവളെ വലിച്ച് സുരക്ഷിതസ്ഥലത്തെത്തിക്കാൻ കഴിഞ്ഞു. തന്റെ അമ്മയെയും കണ്ടെത്തിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞ ഉടനെതന്നെ അദ്ദേഹം അമ്മയെ തിരഞ്ഞിറങ്ങി. കണ്ടെത്തി ജീവൻ രക്ഷിക്കുകയും ചെയ്തു. കാത്തുനിന്നിരുന്നെങ്കിൽ അവരെ രണ്ടു പേരെയും നഷ്ടപ്പെട്ടേനേ. അപകടം നടന്ന് ആഴ്ചകൾ കഴിഞ്ഞപ്പോഴും അദ്ദേഹം ദിനംതോറും പലരെയും രക്ഷിച്ചുകൊണ്ടിരുന്നു. ദുരന്തങ്ങളുണ്ടായാലും സ്‌നേഹത്തിന്റെ വീരനായകർ ഉയർന്നുവരുമെന്നും അവർക്കു മുന്നിൽ പ്രതിബന്ധങ്ങൾ വഴിമാറുമെന്നും ഹിദെയാക്കി അകയ്‌വാ നമ്മെ ഓർമ്മിപ്പിക്കുന്നു.
”സ്‌നേഹിക്കുന്ന ഏവനും ദൈവത്തിൽനിന്നു ജനിച്ചവനാണ്;
അവൻ ദൈവത്തെ അറിയുകയും ചെയ്യുന്നു” (1 യോഹന്നാൻ 4:7)