അന്നൊരു ഞായറാഴ്ചയായിരുന്നു. ദൈവവിളിയുടെ ആഴങ്ങളെക്കുറിച്ചും ദിവ്യകാരുണ്യ ഈശോയെക്കുറിച്ചും ഞാൻ മനസിലാക്കിയ നിർണായക ദിവസം. സെമിനാരി ജീവിതത്തിന്റെ നാലാം വർഷത്തിലേക്ക് ചുവടുവച്ച കാലം. മിഷൻ പ്രവർത്തനങ്ങളെക്കുറിച്ചും സഭയെക്കുറിച്ചും ആത്മീയമായും പാഠ്യപരമായും ചിന്തിക്കുന്ന കാലം. ഈ നാലാം വർഷ വൈദികപരിശീലന കാലഘട്ടത്തിൽ വിളിച്ചവനോട് വിശ്വസ്തനായിരിക്കുവാൻ തീക്ഷ്ണമായി പ്രാർത്ഥിച്ച് ഒരുങ്ങുകയായിരുന്നു എന്റെ കൂട്ടുകാരും ഞാനും.
2017 സെപ്റ്റംബർ എട്ടിന് വൈകുന്നേരം മാതാവിന്റെ ജനനത്തിരുന്നാളിന് എല്ലാവരും അടുത്തുള്ള ഇടവകപ്പള്ളിയിൽ വിശുദ്ധ കുർബാനയ്ക്ക് പോകുവാൻ തയാറെടുക്കുകയായിരുന്നു. എന്നാൽ അന്ന് വൈകുന്നേരം മുതൽ എനിക്ക് കടുത്ത വയറുവേദനയും പനിയും പിടിപെട്ടു. വിശുദ്ധ കുർബാന കഴിഞ്ഞ് റെക്ടറച്ചൻ വന്നുനോക്കുമ്പോൾ പനിച്ചു കിടക്കുന്ന എന്നെയാണ് കണ്ടത്. പെട്ടെന്നുതന്നെ ആശുപത്രിയിൽ പോയി. പനി കൂടുതലായിരുന്നതിനാൽ എന്നെ അവിടെ പ്രവേശിപ്പിച്ചു. മൈനർ സെമിനാരി പരിശീലന കാലഘട്ടത്തിൽ പല അസുഖങ്ങളും എന്നെ അലട്ടിയിരുന്നു. ആ സന്ദർഭങ്ങളിൽ ഞാൻ പലപ്പോഴും ദൈവത്തോട് പരാതി പറയുമായിരുന്നു. എന്നാൽ പിന്നീട് മനസിലായി പല സഹനങ്ങളും പൗരോഹിത്യത്തിലേക്കുള്ള കടമ്പകളാണെന്ന്.
എന്നെ ശുശ്രൂഷിക്കുവാൻ വന്ന നഴ്‌സുമാരിൽ ഒരാൾ എന്നോട് ചോദിച്ചു, ”ബ്രദറേ, എങ്ങനെ ഈ വേദനകളും സഹിച്ച് തീക്ഷ്ണതയോടെ സെമിനാരിയിൽ ജീവിക്കുന്നു?” ഞാൻ ആ സഹോദരിയോട് പറഞ്ഞു, ”കർത്താവ് പറയുന്നത് ഇപ്രകാരമാണ്, ”മകനേ കർതൃശുശ്രൂഷയ്ക്ക് ഒരുമ്പെടുന്നെങ്കിൽ പ്രലോഭനങ്ങളെ നേരിടാൻ ഒരുങ്ങിയിരിക്കുക. നിന്റെ ഹൃദയം അവക്രവും അചഞ്ചലവുമായിരിക്കട്ടെ” (പ്രഭാഷകൻ 2:1-2). ഈ വചനം ആ സഹോദരിയെ ആഴത്തിൽ സ്പർശിച്ചു.
വിളി കേൾക്കുന്നു….
ആ സഹോദരിയുടെ ദൈവവിളിയെക്കുറിച്ച് എന്നോട് വിവരിച്ചു: ‘പ്ലസ്ടു കഴിഞ്ഞ് ഞാൻ മഠത്തിൽ ചേർന്നു. എന്നാൽ മഠത്തിൽ ചേർന്ന ദിവസം മുതൽ വളരെ വേദനകളും ദുഃഖങ്ങളും മാത്രമായിരുന്നു ലഭിച്ചത്. പലവിധ അസുഖങ്ങളും എന്നെ അലട്ടിയിരുന്നു. രാത്രിയിൽ പേടിപ്പിക്കുന്ന സ്വപ്നങ്ങളും ഞെട്ടിക്കുന്ന ശ്ബദങ്ങളുംമൂലം ഉറങ്ങുവാൻപോലും എനിക്ക് സാധിച്ചില്ല. ജീവിതം മടുത്തതുപോലെ തോന്നി. അവസാനം മഠത്തിലെ ജീവിതം അവസാനിപ്പിച്ച് തിരിച്ച് വീട്ടിൽവന്ന് ബി.എസ്.സി നഴ്‌സിങ്ങ് പഠനം ആരംഭിച്ചു. നഴ്‌സിങ്ങ് പഠന കാലഘട്ടത്തിലും ഒരു വിശുദ്ധയായ കന്യാസ്ത്രീയാകണമെന്ന് മനഃസാക്ഷി എവിടെയോ മന്ത്രിക്കുന്നതുപോലെ. പഠനം പൂർത്തിയാക്കി ജോലിയിൽ കയറിയിട്ടും ഒരു ആത്മസംതൃപ്തി കിട്ടിയില്ല.’
പിന്നീട് ആ സഹോദരി എന്നോട് പറഞ്ഞു: ‘ബ്രദറേ, എനിക്ക് ദൈവവിളിയുണ്ട് എന്ന് ഇപ്പോൾ വീണ്ടും തോന്നുന്നു. എനിക്കുവേണ്ടി ഒരു ദൈവവചനം പ്രാർത്ഥിച്ച് എടുത്ത് തരാമോ?’ ബൈബിൾ തുറന്നപ്പോൾ കിട്ടിയ വചനം ഇപ്രകാരമായിരുന്നു: ”ഇനിയും നിനക്ക് ഒരു കുറവുണ്ട്. നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക… അനന്തരം വന്ന് അനുഗമിക്കുക” (ലൂക്കാ 18:22).
ഞാൻ സഹോദരിയോട് പറഞ്ഞു: ”ഹോസ്പിറ്റൽ ചാപ്പലിലെ ദിവ്യകാരുണ്യ ഈശോയുടെ മുമ്പിൽ പോയി പ്രാർത്ഥിക്കുക, തീർച്ചയായും ഈശോ സഹോദരിയുടെ വേദനയ്ക്ക് ഉത്തരം നല്കും.” അടുത്ത ദിവസം സെപ്റ്റംബർ പത്ത് ഞായറാഴ്ച രാവിലെ ആ സഹോദരി എന്നോട് പറഞ്ഞത് ഇപ്രകാരമാണ്: ”ഞാൻ ചാപ്പലിൽ കയറി അരമണിക്കൂർ പ്രാർത്ഥന പിന്നിട്ടപ്പോൾ ഒരു ശബ്ദം ദിവ്യകാരുണ്യത്തിൽനിന്ന് കേട്ടു. അത് ഇപ്രകാരമായിരുന്നു, ”പ്രാർത്ഥിച്ച് ഒരുങ്ങി എന്നെ അനുഗമിക്കുക. മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്.” ദിവ്യകാരുണ്യ ഈശോയെ താൻ കണ്ടുവെന്ന് ആ സഹോദരി സാക്ഷ്യപ്പെടുത്തി.
ദൈവത്തിന്റെ തെരഞ്ഞെടുപ്പ് മനുഷ്യബുദ്ധിക്കതീതമാണ്. പഴയനിയമത്തിൽ ദൈവം അബ്രാമിനെ വിളിക്കുന്നു. ”ഞാൻ നിന്നെ വലിയൊരു ജനതയാക്കും” (ഉൽപത്തി 12:2). ബാലനായ സാമുവേലിന്റെ വിളിയെക്കുറിച്ച് ചിന്തിക്കുമ്പോൾ ദൈവത്തിന്റെ വിളിക്ക് ഉത്തരം കൊടുക്കുന്നത് ഇപ്രകാരമാണ് ”അരുളിചെയ്താലും, അങ്ങയുടെ ദാസൻ ഇതാ ശ്രവിക്കുന്നു” (1 സാമുവൽ 3:10). കർത്താവ് ജറെമിയായെ വിളിക്കുന്നത് ഇപ്രകാരമാണ് ”മാതാവിന്റെ ഉദരത്തിൽ നിനക്ക് രൂപം നല്കുന്നതിന് മുമ്പേ ഞാൻ നിന്നെ അറിഞ്ഞു” (ജറെമിയ 1:5). ബലഹീനതകളെ അവിടുന്ന് കാര്യമാക്കുന്നില്ല. അവിടുത്തെ കാരുണ്യമാണ് എല്ലാറ്റിനെയും അതിജീവിക്കുന്നത്.
പുതിയ നിയമത്തിലൂടെ കണ്ണോടിക്കുമ്പോൾ ജീവിക്കുന്ന സക്രാരി എന്ന് അറിയപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ വിളിതന്നെയാണ് ഏറ്റവും വിശിഷ്ടമായ വിളിയും. ”ഇതാ കർത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ!” (ലൂക്കാ 1:38) എന്ന ഒരു പ്രത്യുത്തരമാണ് മനുഷ്യവംശത്തിന് രക്ഷ നല്കിയതും. പുതിയ നിയമത്തിൽ ശിഷ്യന്മാരെ വിളിക്കുന്നത് പലയിടത്തും കാണുവാൻ കഴിയുന്നു. ”എന്നെ അനുഗമിക്കുക; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” (മത്തായി 4:19).
ഇന്നത്തെ ആധുനികയുഗത്തിൽ അലറുന്ന സിംഹത്തെപ്പോലെയാണ് സാത്താൻ സഭയെ തകർക്കുവാൻ ദൈവവിളി ലഭിച്ചവരെ ലക്ഷ്യംവച്ചിരിക്കുന്നത്. തങ്ങളുടെ ദൈവവിളി തിരിച്ചറിയാതെ പോകുന്ന അനേകം വ്യക്തികൾ നമ്മുടെ സമൂഹത്തിലുണ്ട്. അവർ ‘ഈ ലോകത്തിന്റെ ദേവന്റെ’ (2 കോറിന്തോസ് 4:4) കുടിലതന്ത്രങ്ങളിൽ അകപ്പെട്ടിരിക്കുന്നു. എന്നാൽ ദൈവവിളി ലഭിച്ച ഓരോ വ്യക്തിയുടെയും അടിത്തറ വിശുദ്ധ കുർബാനയും ദിവ്യകാരുണ്യ ഈശോയും ആയിരിക്കണമെന്ന് ആ സഹോദരിയുടെ അനുഭവം എന്നെ ഓർമ്മപ്പെടുത്തി. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം, അത്, സഹായവുമായിരിക്കും.
ബ്രദർ അമൽ ഇരുമ്പനത്ത് എം.എസ്.റ്റി