ഭക്ഷണം കഴിച്ചുകൊണ്ട് ഒരു ഉപവാസം

കൈയിൽ കുറച്ച് റൊട്ടിക്കഷ്ണങ്ങൾമാത്രം കരുതിക്കൊണ്ടാണ് ഫ്രാൻസിസ് ഒരു തുരുത്തിലേക്ക് നീങ്ങിയത്. നീണ്ട നോമ്പുകാലത്ത് ഉപവാസത്തിൽ മുഴുകി ഏകാന്തനായി അവിടെ അദ്ദേഹം കഴിഞ്ഞു. പെസഹാവ്യാഴമായപ്പോൾ നേരത്തേ തീരുമാനിച്ചിരുന്നതനുസരിച്ച് സ്‌നേഹിതൻ ഫ്രാൻസിസിനരികിൽ എത്തി. റൊട്ടിക്കഷ്ണങ്ങൾ അപ്പോഴും ബാക്കിയുണ്ടെന്ന് സ്‌നേഹിതൻ ശ്രദ്ധിച്ചു.
ഈശോമിശിഹാ നാൽപത് രാവും പകലും ഒന്നും ഭക്ഷിക്കാതെയും പാനം ചെയ്യാതെയുമാണല്ലോ ഉപവസിച്ചത്; അവിടുത്തോടുള്ള ആദരസൂചകമായിട്ടാണ് ഫ്രാൻസിസ് അല്പം റൊട്ടിക്കഷണമെങ്കിലും കഴിച്ചതെന്ന് സഹോദരൻ മനസ്സിലാക്കി. യേശുവിനെ അനുകരിച്ച് നാല്പതു ദിനരാത്രങ്ങൾ അദ്ദേഹം ഉപവസിച്ചു; പക്ഷേ അല്പം റൊട്ടി കഴിച്ചു. താൻ വലിയ ത്യാഗിയാണെന്നു ഭാവിക്കാനിടയാക്കുന്ന അഹങ്കാരത്തിന്റെ വിഷം ഇറക്കിക്കളയാനായിരുന്നു ആ അല്പഭക്ഷണം. രണ്ടാം ക്രിസ്തുവെന്ന് വിളിക്കപ്പെട്ട ഫ്രാൻസിസ് അസ്സീസ്സിയുടെ വിശുദ്ധിയുടെ രഹസ്യങ്ങൾ ഇതൊക്കെത്തന്നെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *