അനിയത്തിക്കുട്ടി ചേച്ചിയുടെ അടുത്ത് എത്തിയിരിക്കുന്നത് വിചിത്രമായ ഒരു ആവശ്യവുമായിട്ടാണ്. അവൾക്ക് ആംഗ്യഭാഷ പഠിക്കാൻ സഹായിക്കുന്ന പുസ്തകങ്ങൾ വേണം. അതിനായി ലൈബ്രറിയിൽ കൊണ്ടുപോകണം. തിരക്കിട്ട ജോലികളിലായിരുന്ന ചേച്ചിക്ക് അല്പം ദേഷ്യം തോന്നി. അവളുടെ ഓരോ തോന്നലിന് തന്നെ ശല്യപ്പെടുന്നത്തുന്നതെന്തിനാണെന്നായിരുന്നു ചേച്ചിയുടെ മനസ്സിൽ. അതിനാൽത്തന്നെ ചോദിച്ചു, ”എന്താ കാര്യം?”
ചേച്ചിയുടെ ദേഷ്യത്തോടെയുള്ള ചോദ്യം കേട്ട് അല്പമൊന്നു പരുങ്ങിയെങ്കിലും കുഞ്ഞുസഹോദരി കാര്യം വെളിപ്പെടുത്തി. ”സ്‌കൂളിൽ പുതിയൊരു കുട്ടി വന്നിട്ടുണ്ട്. അവന് ചെവി കേൾക്കില്ല. അതുകൊണ്ട് കൂട്ടുകൂടണമെങ്കിൽ ആംഗ്യഭാഷ പഠിക്കണം.” ആ നിഷ്‌കളങ്കമായ ആവശ്യം കേട്ട് ചേച്ചി അലിഞ്ഞു. കൂടെയുള്ള ഒരു കുട്ടിയ്ക്കായി ആംഗ്യഭാഷ പഠിക്കാൻ ശ്രമിക്കുന്ന കുഞ്ഞുസഹോദരി തന്നെ പഠിപ്പിക്കുന്നത് അനുകമ്പയുടെ വലിയ പാഠമാണെന്ന് ചേച്ചിക്കു തോന്നി.
”നിങ്ങളെല്ലാവരും ഹൃദയൈക്യവും അനുകമ്പയും സഹോദരസ്‌നേഹവും കരുണയും വിനയവും ഉള്ളവരായിരിക്കുവിൻ” (1 പത്രോസ് 3: 8)