ഉയർന്ന അനുഗ്രഹങ്ങൾ

നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ ചെയ്യുവാൻ കാത്തിരിക്കുന്ന ഒരാളുണ്ട് – അത് നിങ്ങൾ പ്രാർത്ഥിക്കുന്ന ദൈവംതന്നെയാണ്. പക്ഷേ ഈ അത്ഭുതത്തിന്റെ വാതിൽ പുറത്തുനിന്ന് പൂട്ടിയിരിക്കുകയാണ്. അത് തുറക്കുവാനുള്ള താക്കോൽ നിങ്ങളുടെ കൈയിൽത്തന്നെ ദൈവം ഏല്പിച്ചുതന്നിട്ടുണ്ട്.
രണ്ടായിരം വർഷങ്ങൾക്കുമുമ്പ് ഈ ഭൂമിയിൽ മനുഷ്യനായി അവതരിച്ച ദൈവപുത്രൻ വേദനിക്കുന്ന മനുഷ്യനെ സഹായിക്കുവാൻ സദാ ഉത്സുകനായിരുന്നു. അവിടുന്ന് ഒരു ചോദ്യം മാത്രമേ തന്റെ അടുത്ത് വന്നവരോട് ചോദിച്ചുള്ളൂ: ‘ഇത് ചെയ്യുവാൻ എനിക്ക് സാധിക്കുമെന്ന് നീ വിശ്വസിക്കുന്നുവോ?’ ‘ഉവ്വ്, കർത്താവേ, ഞാൻ വിശ്വസിക്കുന്നു’ എന്ന് ഏറ്റുപറഞ്ഞ ഒരാൾപോലും അനുഗ്രഹിക്കപ്പെടാതെ തിരിച്ചുപോയില്ല.

അവരിൽ എന്തുകൊണ്ടും ശ്രദ്ധേയയാണ് രക്തസ്രാവക്കാരി സ്ത്രീ. അവൾക്ക് ആദ്യം തന്റെ വിശ്വാസം ഉറക്കെ പ്രഘോഷിക്കുവാൻ അവസരം കിട്ടിയില്ല. എങ്കിൽപോലും അവളുടെ ഉള്ളിൽ ഒരു മാറ്റമില്ലാത്ത ബോധ്യമുണ്ടായിരുന്നു – തന്റെ പന്ത്രണ്ട് വർഷത്തെ മാറാരോഗത്തെ സൗഖ്യപ്പെടുത്തുവാൻ സാധിക്കുന്ന ഒരു മഹാവൈദ്യൻ അടുത്തുണ്ട് എന്ന്. അവനെ തൊടേണ്ട ആവശ്യമില്ല, അവന്റെ വസ്ത്രത്തിനുപോലും സൗഖ്യം നല്കുവാനുള്ള ശക്തിയുണ്ടെന്ന് അവൾ അടിയുറച്ച് വിശ്വസിച്ചു. ”അവന്റെ വസ്ത്രത്തിൽ ഒന്ന് തൊട്ടാൽ മാത്രം മതി, ഞാൻ സുഖം പ്രാപിക്കുമെന്ന് അവൾ വിചാരിച്ചിരുന്നു” (മർക്കോസ് 5:28). വിശ്വാസത്തിന്റെ ഒരു ഉയർന്ന തലം തന്നെയാണല്ലോ ഇത്.

സമൂഹം മാറ്റിനിർത്തിയവരെയും ഭ്രഷ്ട് കല്പിച്ചവരെയും ചേർത്തുപിടിക്കുന്നവന്റെ അടുത്ത് തനിക്കും ഒരു സ്ഥാനമുണ്ടെന്ന് അവൾ കരുതിയതിൽ അതിശയമില്ല. അവളുടെ അവസാനത്തെ ആശ്രയമായിരുന്നു യേശു. കാരണം ചികിത്സയ്ക്കായി പോകാത്ത വൈദ്യന്മാരില്ല, ചെലവഴിക്കുവാൻ ഇനി പണവുമില്ല. മാനസികമായും സാമ്പത്തികമായും തകർന്ന് തരിപ്പണമായിരിക്കുന്നവന് ഇന്നും പ്രത്യാശയുടെ ഗോപുരമാണ് ക്രിസ്തു. തന്റെ അടുക്കൽ വരുന്നവരെ അവിടുന്ന് ഒരുനാളും തള്ളിക്കളയുകയില്ല.

സമൂഹത്തിന്റെ മുമ്പിൽ പരസ്യമായി പ്രത്യക്ഷപ്പെടുവാൻ ലജ്ജിച്ചിരുന്നവളാണ് രക്തസ്രാവക്കാരി. അവളുടെ രോഗമുണ്ടാക്കുന്ന ചൂരും മണവും അതിന് കാരണമായിട്ടുണ്ടാകാം. അതിനാൽ അറിയപ്പെടാതെ വന്ന് യേശുവിന്റെ വസ്ത്രത്തിന്റെ വിളുമ്പിൽ ഒന്ന് തൊടുക – അതുമാത്രമേ അവൾ ആഗ്രഹിച്ചുള്ളൂ. തൽക്ഷണം അവൾ സുഖം പ്രാപിച്ചു. അത് അവളുടെ ശരീരത്തിൽ അനുഭവപ്പെടുകയും ചെയ്തു. ഇത് രണ്ടായിരം വർഷങ്ങൾക്കുമുമ്പ് മാത്രം നടന്ന ഒരു അത്ഭുതമല്ല. ഇന്നും സംഭവിക്കുന്നുണ്ട്. രക്തസ്രാവംമൂലം കഷ്ടപ്പെട്ടിരുന്ന ഒരു സഹോദരി വിശുദ്ധ കുർബാന എഴുന്നള്ളിച്ച് കടന്നുപോയ ഒരു ബഹുമാനപ്പെട്ട വൈദികന്റെ ളോഹയുടെ അറ്റത്ത് സ്പർശിച്ചപ്പോൾ അത്ഭുതകരമായി സുഖപ്പെട്ട കാര്യം ഒരു ധ്യാനഗുരു പ്രസംഗിച്ചത് ഓർക്കുന്നു.

യേശുവിന്റെ മനോഭാവം
ഇവിടെ യേശുവിന്റെ മനോഭാവം ശ്രദ്ധേയമാണ്. രഹസ്യമായി വന്ന് അനുഗ്രഹം പ്രാപിച്ചവളെ ശല്യപ്പെടുത്താതെ പറഞ്ഞയയ്ക്കുന്നതാണ് നല്ലതെന്ന് നാമൊക്കെ വിചാരിക്കും. പക്ഷേ, യേശു വ്യത്യസ്തമായിട്ടാണ് ചിന്തിച്ചത്. അവളുടെ അഭിമാനത്തെ ഉയർത്തിപ്പിടിക്കുവാൻ യേശു ആഗ്രഹിച്ചു. നമ്മെ എന്നും മാനിക്കുന്നവനും സമൂഹമധ്യത്തിൽ ഉയർത്തിപ്പിടിക്കുന്നവനുമാണ് അവിടുന്ന്. ജനങ്ങളെ അഭിമുഖീകരിക്കുവാനുള്ള അവളുടെ ലജ്ജയെ എടുത്തുമാറ്റി അവളെ സമൂഹമധ്യത്തിൽ ആദരണീയനാക്കി മാറ്റുകയാണ് യേശു ചെയ്തത്. അതുകൊണ്ടാണ് മുന്നോട്ട് കടന്നുവരുവാൻ നിർബന്ധിക്കുന്നവിധത്തിലുള്ള ആ ചോദ്യം അവിടുന്ന് ചോദിച്ചത്: ‘ആരാണ് എന്റെ വസ്ത്രത്തിൽ സ്പർശിച്ചത്?’ ജനക്കൂട്ടം മുഴുവനും തിക്കുമ്പോഴും തന്നെ സ്പർശിച്ച ആളെ യേശു അറിയുന്നു – അതാണ് വ്യക്തിപരമായ ഉറച്ച വിശ്വാസത്തിന്റെ ശ്രേഷ്ഠത. മറഞ്ഞിരിക്കുവാൻ സാധ്യമല്ല എന്ന് മനസിലാക്കിയ അവൾ മുന്നോട്ട് വന്ന് സംഭവിച്ചതെല്ലാം ഉറക്കെ തുറന്നു പറഞ്ഞു.

തന്റെ കഴിഞ്ഞ കാല അനുഭവങ്ങൾ ദൈവമഹത്വത്തിനായി ഏറ്റുപറയുന്ന ഒരു പ്രഘോഷകയായി അവൾ മാറി. അവൾ ആദ്യം ഭയന്ന് വിറച്ചാണ് വന്നത്. പക്ഷേ, ഇപ്പോൾ ഏറ്റുപറയുവാനുള്ള ശക്തി അവൾക്ക് ലഭിച്ചു. അവളുടെ ലജ്ജയും ഭയവും ഓടിമറഞ്ഞു. ദൈവത്തിൽനിന്ന് പല അനുഗ്രഹങ്ങളും നിരന്തരം പ്രാപിക്കുന്നവരാണ് നാമൊക്കെ. അവ മറ്റുള്ളവരുമായി പങ്കുവച്ച് ദൈവമഹത്വം വെളിവാക്കണമെന്ന് അവിടുന്ന് ഇന്നും ആഗ്രഹിക്കുന്നുണ്ട്. ഒരുപക്ഷേ നമ്മുടെ ലജ്ജ അതിന് തടസമായി നിന്നേക്കാം. എന്നാൽ ദൈവം അത് ശക്തമായി ആവശ്യപ്പെടുമ്പോൾ അത് ചെയ്യാതിരിക്കുവാൻ നമുക്ക് സാധിക്കുകയില്ല.
ദൈവത്തെ മഹത്വപ്പെടുത്തുന്ന ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് കൂടുതൽ അനുഗ്രഹങ്ങളുമായി ദൈവം കടന്നുവരും. രക്തസ്രാവക്കാരി സ്ത്രീയെ നോക്കുക. അവൾ ഒരു ശാരീരികസൗഖ്യം മാത്രം ആഗ്രഹിച്ചാണ് യേശുവിന്റെ അടുത്ത് വന്നത്. എന്നാലോ അവൾ തിരിച്ച് പോവുന്നത് ത്രിതല അനുഗ്രഹങ്ങളുമായാണ് – ആത്മാവിന്റെ, മനസിന്റെ, ശരീരത്തിന്റെ തലങ്ങളിൽ അവൾ സൗഖ്യം പ്രാപിക്കുന്നു.

യേശുവിന്റെ വാക്കുകളിൽനിന്ന് ഇത് വ്യക്തമാകുന്നുണ്ട്: നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. അവളുടെ ആത്മാവ് രക്ഷപ്പെട്ടു, സൗഖ്യം പ്രാപിച്ചു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ അവൾ ആത്മരക്ഷ പ്രാപിച്ചു. അതിന് കാരണമായതോ അവളുടെ വിശ്വാസം തന്നെ. രണ്ടാമത് യേശു പറഞ്ഞത്: ‘സമാധാനത്തോടെ പോവുക’ എന്നാണ്. അത് മനസിന്റെ തലത്തിലുള്ള സൗഖ്യമാണ്. അവളുടെ മനസിൽ വളരെ നിരാശയും ഭയവും ഉൽക്കണ്ഠയും ഒക്കെ ഉണ്ടായിരുന്നു. മനസിന്റെ മുറിവുകൾ സുഖപ്പെടുത്തുവാൻ സാധിക്കുന്ന യേശു അവളെ സ്പർശിച്ചു. മൂന്നാമത്തേത് ശാരീരിക സൗഖ്യംതന്നെയാണ്. യേശു അവളോട് പറഞ്ഞ മൂന്നാമത്തെ കാര്യമിതാണ്: വ്യാധിയിൽനിന്ന് വിമുക്തയായിരിക്കുക. ഈ സൗഖ്യപ്പെടലിന്റെ ഒരു ക്രമം ശ്രദ്ധേയമാണ്. ആത്മാവിന്റെ രക്ഷയാണ് ആദ്യം, പരമപ്രധാനം. പിന്നെ മനസിന്റെയും. അവസാനമായി ശരീരത്തിന്റെയും സൗഖ്യം. ശരീരത്തിന്റെ സൗഖ്യം പൂർണമാകുവാൻ ആദ്യത്തെ രണ്ട് തലങ്ങളിലെ സൗഖ്യം അത്യാവശ്യമത്രേ.

സൗഖ്യം തേടുമ്പോൾ…
ശാരീരികസൗഖ്യം മാത്രം തേടി യേശുവിന്റെ സന്നിധിയിൽ വരുന്നവർ ഇതൊന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. അങ്ങനെയൊരു സൗഖ്യത്തിൽ അവസാനിപ്പിക്കുവാൻ യേശു ആഗ്രഹിക്കുന്നില്ല. ശാരീരിക രോഗശാന്തി ആത്മരക്ഷയിലേക്ക് നയിക്കേണ്ടതായിട്ടുണ്ട്. ഇങ്ങേ ലോകത്തെ മാത്രം നോക്കി യേശുവിൽ പ്രത്യാശയർപ്പിക്കുന്നവർക്ക് ഹാ കഷ്ടം! അനശ്വരമായ അങ്ങേ ലോകത്തെക്കുറിച്ചുള്ള ജ്വലിക്കുന്ന ഓർമയും അതിന് ഒരാളെ അർഹനാക്കുന്ന ആത്മരക്ഷയും യേശുവിന്റെ മുമ്പിൽ ഏറ്റവും പ്രധാനപ്പെട്ടതുതന്നെ. അതിനുവേണ്ടി മാത്രമാണല്ലോ അവിടുന്ന് വിണ്ണിൽനിന്ന് മണ്ണിലേക്ക് വന്നത്. കടന്നുപോകുന്ന ഈ നശ്വരലോകത്തിലും അത് വച്ചുനീട്ടുന്ന സുഖഭോഗങ്ങളിലും നമുക്ക് ആകൃഷ്ടരാകാതിരിക്കാം. നശ്വരതയിൽ ആരംഭിച്ച് അനശ്വരതയിലേക്കുയർന്ന രക്തസ്രാവക്കാരി അതിന് നമുക്ക് പ്രചോദനമേകട്ടെ. അതിനായി നമുക്ക് ഇപ്പോൾ പ്രാർത്ഥിക്കാം:
കർത്താവായ ദൈവമേ, എന്റെ ധാരണകളെ മാറ്റണമേ. അങ്ങ് പ്രാധാന്യം കൊടുക്കുന്നതിന് പ്രാധാന്യം നല്കുവാൻ എന്നെ അനുഗ്രഹിച്ചാലും. ശരീരത്തിൽനിന്ന് ആത്മാവിന്റെ തലംവരെ ഉയരുവാൻ എനിക്ക് കൃപ നല്കണമേ. അങ്ങയോടൊത്ത് ജീവിക്കുന്നതിലുള്ള അളവറ്റ ആനന്ദം ഈ ഭൂമിയിൽത്തന്നെ എനിക്ക് വെളിപ്പെടുത്തിത്തരണമേയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. എനിക്കുവേണ്ടി കുരിശിൽ യാഗമായ യേശുവേ അങ്ങയെ ഞാൻ ആരാധിക്കുന്നു, സ്തുതിക്കുന്നു. പരിശുദ്ധ ദൈവമാതാവേ, യേശുവിന്റെ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, നിങ്ങൾ ആയിരിക്കുന്ന സൗഭാഗ്യ സ്ഥലത്ത് ഞാനും എത്തുവാൻ പ്രാർത്ഥിക്കണമേ, ആമ്മേൻ.

കെ.ജെ. മാത്യു

Leave a Reply

Your email address will not be published. Required fields are marked *