ഒരു പ്രത്യേക സ്ഥലത്തെത്തുമ്പോൾ തെല്ലു ശ്രദ്ധയോടെയാണ് നടന്നുപോകാറുള്ളതെന്ന് അമ്മ എന്നോട് പറഞ്ഞു. കാരണം മറ്റൊന്നുമല്ല, അമ്പതു നോമ്പിന് മുടങ്ങാതെ അമ്മ പള്ളിയിൽ പോകുമായിരുന്നു. ഒരു ദിവസം അതിരാവിലെ നടന്നുപോകുമ്പോൾ അവിടെവച്ച് അറിയാതെ ചെളിവെള്ളത്തിൽ ചവിട്ടി. അടുത്തുള്ള വീട്ടിൽചെന്ന് ഉടനെ അത് കഴുകിക്കളഞ്ഞു. എങ്കിലും പിന്നീടെല്ലാം ആ സ്ഥലത്തെത്തുമ്പോൾ കൂടുതൽ ശ്രദ്ധയോടെ നടക്കും. അതോടൊപ്പം അമ്മ ഒരു കാര്യം കൂട്ടിച്ചേർത്തു; കാലിൽ നിസാരമായ ചെളി പറ്റാനിടയുള്ളപ്പോൾ നമ്മൾ അതീവ ശ്രദ്ധയോടെ ചെളിയുള്ള സ്ഥലം കടക്കുന്നു. നമ്മുടെ ആത്മീയ ജീവിതത്തിലും ഇത് പ്രസക്തമാണ്. പാപത്തിന്റെ ചെളിക്കറകൾ കുമ്പസാരത്തിലൂടെ നാം കഴുകിക്കളയുന്നു. അതിനുശേഷം അത്തരം പാപസാഹചര്യങ്ങൾ വരുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തണം.
മരിയ ആന്റണി മാറാട്ടുകളം