ഒരു ദിവസം ലൂസിയയും ജസീന്തയും ഫ്രാൻസിസ്‌കോയും ഒന്നിച്ച് ലൂസിയയുടെ തലതൊട്ടമ്മയുടെ വീടിനടുത്തുകൂടി പോകുകയായിരുന്നു. ആ സമയത്ത് അവർ താനുണ്ടാക്കിക്കൊണ്ടിരുന്ന തേൻ ചേർത്ത പാനീയം കുടിച്ചിട്ടുപോകാൻ മൂവരെയും ക്ഷണിച്ചു. അകത്തേക്കു ചെന്നപ്പോൾ ആദ്യം ഫ്രാൻസിസ്‌കോയ്ക്കാണ് ഒരു ഗ്ലാസ് തേൻവെള്ളം കൊടുത്തത്. ആദ്യം കുടിച്ചോളൂ എന്ന മട്ടിൽ അവൻ അത് ജസീന്തയ്ക്ക് കൊടുത്തു. പിന്നെ തിടുക്കത്തിൽ അവിടെനിന്ന് നീങ്ങി.
”ഫ്രാൻസിസ്‌ക്കോ എവിടെ?” അവർ ചോദിച്ചു.
”ഇവിടെ ഉണ്ടായിരുന്നല്ലോ” ലൂസിയ മറുപടി പറഞ്ഞു.
അവനെ തിരികെ കാണാഞ്ഞതിനാൽ പതിവുപോലെ കിണറിനരികെ മറഞ്ഞിരിക്കുന്നുണ്ടാകുമെന്ന് ലൂസിയയും ജസീന്തയും ഊഹിച്ചു. പ്രതീക്ഷിച്ചതുപോലെ അവിടെ കണ്ടെത്തിയപ്പോൾ ലൂസിയ ചോദിച്ചു.
”ഫ്രാൻസിസ്‌കോ നീയെന്താ തേൻവെള്ളം കുടിക്കാതെ പോന്നത്? അവർ എത്രവട്ടം നിന്നെ വിളിച്ചെന്നറിയാമോ.”
”തേൻവെള്ളം കൈയിലെടുത്തപ്പോൾ ഞാനോർത്തു ഇത് വേണ്ട എന്നുവച്ച് ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി കാഴ്ചവച്ചാൽ ഈശോയെ സന്തോഷിപ്പിക്കാമല്ലോ. അതുകൊണ്ട് നിങ്ങൾ വെള്ളം കുടിച്ചപ്പോൾ ഞാനോടി ഇവിടെയെത്തി.” ഫ്രാൻസിസ്‌കോയുടെ മറുപടി.
ത്യാഗങ്ങൾ ചെയ്യാൻ അവന് പ്രചോദനമായത് മൂവർസംഘത്തിന് ദർശനം നല്കിയ പരിശുദ്ധ മാതാവായിരുന്നു. മാതാവിന്റെ വാക്കുകൾ ഓർത്തുവച്ച ഇന്നത്തെ വിശുദ്ധ ഫ്രാൻസിസ്‌കോ തനിക്കായി തേൻവെള്ളത്തെക്കാൾ മധുരമുള്ള ആ ത്യാഗം കണ്ടെത്തി.