മുള്ളുകൾ പുഷ്പങ്ങളാകുന്നതെങ്ങനെ?

നാനൂറു വർഷത്തിലധികം ചിതറിക്കിടന്ന ഇസ്രായേലിനെ വാഗ്ദത്തഭൂമിയിലേക്ക് നയിക്കുക എന്ന ക്ലേശകരമായ ദൗത്യം മോശ ചെയ്തുവരികയായിരുന്നു അന്ന്. അനുസരണയില്ലാത്തവരും പിറുപിറുപ്പുള്ളവരും ആകയാൽ ഏതാനും നാളുകൊണ്ട് നടയാത്ര നടത്തി എത്തിപ്പിടിക്കേണ്ട കാനാൻ ദേശത്ത് സംവത്സരം പലതു കഴിഞ്ഞിട്ടും അവർക്ക് കാലുകുത്താനായില്ല. അങ്ങനെയിരിക്കെ, പരസ്പരം കലഹിച്ചും അവിശ്വസിച്ചും ജനം നശിക്കാതിരിക്കാൻ പന്ത്രണ്ട് ഗോത്രങ്ങളിലെയും തലവന്മാരെ മോശ കാനാനിലേക്ക് അയച്ചു. കാനാന്റെ ഭംഗിയും ദൈവസാന്നിധ്യത്തിന്റെ മഹത്വവും അവർ കാണണം. അത് ജനത്തിന്റെ മുമ്പിൽ സാക്ഷ്യപ്പെടുത്തണം – അതാണ് അവരുടെ ദൗത്യം. മോശയ്ക്ക് കർത്താവ് നല്കിയ ദർശനങ്ങൾ സത്യമാണെന്ന് ജനം അറിയട്ടെ. ഇത്രയും പേരുടെ സാക്ഷ്യം ജനം വിശ്വസിക്കാതിരിക്കില്ല.

ഒരു വലിയ ആത്മീയരഹസ്യം ഇതിലുണ്ട്. എത്തിച്ചേരേണ്ട ഇടത്തെക്കുറിച്ച് ബോധ്യമുണ്ടെങ്കിൽ നടവഴിയിലെ ഏതൊരു ക്ലേശത്തെയും നമുക്ക് പരാതികൂടാതെ നേരിടാനാകും. എത്തിപ്പെടാൻ ഒരു കാനാൻ ഉണ്ടെങ്കിൽ ഏതൊരു ചെങ്കടലും ജോർദാനും നമുക്ക് ആയാസമില്ലാതെ മറികടക്കാനാകും. ജീവിതയാത്രയിൽ സ്വർഗം കനിയുന്ന അടയാളങ്ങൾ മാത്രമല്ല, അവസാനം വിശ്രമിക്കേണ്ട ഇടത്തെക്കുറിച്ചുള്ള ധാരണയുമാണ് നമ്മുടെ ബലം. പരാതികൊണ്ട് ദൈവത്തെ പൊറുതിമുട്ടിച്ചിട്ടും ദൈവത്തിന് പരിഭവമില്ല. തന്റെ പ്രിയരെ കാനാന്റെ തുറമുഖത്ത് എത്തിക്കാതെ ദൈവത്തിന് അത്താഴമുണ്ണാൻ ആവില്ല.
പതിവില്ലാത്ത ഭംഗിയും ചാരുതയും അന്ന് ആ ദേശത്തിന് ദൈവം നല്കി. തന്റെ സാന്നിധ്യം വളരെ ഹൃദ്യമായി പകർന്നുകൊടുത്തു. സ്വർഗീയ കാനാന്റെ ദർശനം കിട്ടിയാൽ മതി, നാം തളരാതിരിക്കാൻ. അതില്ലെങ്കിലോ എന്നും ദുരിതമാണ്. എവിടെയും പരാതിയാണ്. ഒന്നിനും സന്തോഷം നല്കാൻ ആവില്ലതാനും. കാനാനിൽ നിന്നുകൊണ്ട് നിങ്ങളുടെ ക്ലേശയാത്രയെ ധ്യാനിക്കുക. അതാണ് മോശ പറയുന്നത്. നിത്യതയുടെ തീരത്തുനിന്നുകൊണ്ട് ജീവിതത്തെ ധ്യാനിച്ചാൽ മുള്ളുകൾപോലും പുഷ്പങ്ങളായി തോന്നും.

ദൈവത്തിന്റെ വാക്കും നമ്മുടെ നോട്ടവും
നാല്പതു ദിവസത്തെ രഹസ്യ നിരീക്ഷണത്തിനുശേഷം കാനാനിലേക്ക് അയച്ചവർ മടങ്ങിയെത്തി. രണ്ടുവിധം സാക്ഷ്യങ്ങൾ നമുക്കവരിൽ കാണാം. പത്തുപേരും പറഞ്ഞു: ‘കാനാൻദേശം കൊള്ളാം. തേനും പാലുമൊക്കെ അവിടെ ഒഴുകുന്നുണ്ട്. ദൈവസാന്നിധ്യവുമുണ്ട്. പക്ഷേ, അവിടെയുള്ള ദേശനിവാസികളെ നേരിടാൻ നമുക്ക് കരുത്തില്ല. അവർ മല്ലന്മാരാണ്. അതുകൊണ്ട് നമുക്ക് ഈജിപ്തിലേക്ക് മടങ്ങിപ്പോകുന്നതാണ് നല്ലത്.’ എന്നാൽ കാലെബിന്റെയും ജോഷ്വായുടെയും സാക്ഷ്യം വ്യത്യസ്തമായിരുന്നു: ‘നമുക്ക് വേഗം പോയി ആ ദേശം സ്വന്തമാക്കാം. അതു കീഴടക്കാനുള്ള ശക്തി നമുക്കുണ്ട്. ആ ദേശം ഏറെ മനോഹരമാണ്. ദൈവം അവിടെ നമ്മെ വളർത്തും’ (സംഖ്യ 13:1-33). നമുക്കതിന് ശക്തിയില്ലെന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് പത്തുപേരും ചേർന്ന് ഇവരെ കല്ലെറിയാനും ചീത്ത വിളിക്കാനും തുടങ്ങി.

ഒരേ സാഹചര്യം, വിരുദ്ധമായ പ്രതികരണങ്ങൾ. കാരണമെന്താണ്? ആദ്യം റിപ്പോർട്ടു ചെയ്തവർ ദൈവശക്തിയെ അളക്കുന്നത് ആ മല്ലന്മാരുടെ കണ്ണുകളിലൂടെയാണ്. കാലെബാകട്ടെ, ദൈവശക്തിയിലാണ് മല്ലന്മാരെ നോക്കിയത്. ദൈവശക്തി കഴിഞ്ഞ കാലങ്ങളിൽ അവരുടെ ഇടയിൽ വെളിപ്പെട്ടതിന് അവരെല്ലാം ഒരുപോലെ സാക്ഷികളാണ്. എന്നിട്ടും കാനാനിലെ ജനത്തെ കണ്ടപ്പോൾ അവർ തളർന്നുപോയത് എന്തുകൊണ്ടാണ്? ചെങ്കടൽ പിന്നിട്ടവർ തോടു കുറുകെ കടക്കാൻ ഭയപ്പെടുന്നതെന്തേ?

ഓർക്കണം, ദൈവത്തിന് പൂർത്തിയാക്കാനാവാത്ത ഒരു വാഗ്ദാനം അവൻ നമുക്ക് തരില്ല. നിങ്ങൾ കാനാൻ സ്വന്തമാക്കുമെന്ന് പറഞ്ഞവൻ ദൈവമെങ്കിൽ, അതിനാവശ്യമായ കരുത്തും ശക്തിയും അവൻ നമ്മിൽ വച്ചിട്ടുണ്ട്. നമുക്ക് കുറുകെ കടക്കാനാവാത്ത ഒരു ചെങ്കടലിന്റെയും മുമ്പിൽ അവൻ നമ്മെ നിർത്തില്ല. വാഗ്ദാനം മറക്കരുത്. അതു മറന്നാൽ നാം ഇടറും. നമ്മിലെ ചൈതന്യം ചോർന്നുപോകും.

വ്യത്യസ്തചൈതന്യം
നാസി തടങ്കലിൽ മരണശിഷ കാത്തുകിടക്കുമ്പോൾ സുവിശേഷകനായ ബോൺ ഹോഫർ എഴുതി: ‘എന്തുതന്നെ ആയാലും ഭാവിയെ നാം ധീരമായി നേരിടും. ഓരോ പ്രഭാതത്തിലും പ്രദോഷത്തിലും ദൈവം നമ്മുടെ സ്‌നേഹിതനായിരിക്കും.’ മരണനേരത്ത് ഇതെഴുതണമെങ്കിൽ അയാളുടെ ചൈതന്യം വ്യത്യസ്തമായിരിക്കും, ഉറപ്പാണ്. വാഗ്ദാനങ്ങൾ സ്വന്തമാക്കാനും വിശ്വാസവഴിയിൽ വീരോചിതമായി മുന്നേറാനും നാം നേതാവായിരിക്കണം എന്ന് നിർബന്ധമില്ല. വലിയ പ്രസ്ഥാനങ്ങൾ നടത്തുന്നവരോ സ്വാധീനമുള്ളവരോ ഒന്നും ആകേണ്ടതില്ല. നമ്മെ നയിക്കുന്ന ചൈതന്യം വ്യത്യസ്തമായിരിക്കണം.
ഉന്നതലക്ഷ്യങ്ങളുമായി കുരിശുയാത്രയിൽ പങ്കുചേർന്ന നാളുകളെ ഓർക്കുക. എന്തൊരു ശക്തിയായിരുന്നു അന്ന്. ആ ശക്തിയിൽ ഏറെപ്പേർ കൂട്ടുചേർന്നു. കരംകോർത്തു. കാരണം ചോർന്നുപോകാത്തതും കാലിടറാത്തതും തളർത്താനാവാത്തതുമായ ദൈവശക്തി അന്ന് നമ്മിലുണ്ടായിരുന്നു. പിറുപിറുപ്പും പരാതിയുമായി ആ ശക്തിയെ ചോർത്തിക്കളഞ്ഞെങ്കിൽ, ഭയപ്പെടാതെ തരമില്ല. നെഞ്ചിൽ ഉടയവൻ കത്തിച്ച തിരിനാളം ഊതിക്കെടുത്തിയാൽ, ഒരു വെട്ടത്തിനും നമ്മെ നയിക്കാനാവില്ല എന്ന് ഓർക്കുക. പത്തുപേരിലും ആ ചൈതന്യം കെട്ടുപോയി. അതുകൊണ്ടാണവർ ഈജിപ്തിലേക്ക് പോകണമെന്ന് വാശിപിടിക്കുന്നത്. ഈജിപ്തിൽ ആ പരമചൈതന്യമില്ല.

കാലെബ് പറഞ്ഞു: ”അവർ നമുക്ക് ഭീഷണിയല്ല. ഇരയാണ്. കത്താവാണ് നമ്മെ നയിക്കുന്നത്… കർത്താവ് നമ്മോട് കൂടെയാണ്; അവരെ ഭയപ്പെടേ ണ്ടതില്ല” (സംഖ്യ 14:9). ചരിത്രത്തിന്റെ കടിഞ്ഞാൺ കർത്താവിന്റെ കരത്തിലാണെന്നും ദൈവമക്കളുടെ ശബ്ദം കേൾക്കുമ്പോൾ പാതാളഗോപുരങ്ങൾപോലും വിറകൊള്ളുമെന്നും നാം വിശ്വസിക്കുന്നത് ഇരയാകാനല്ല, വിജയാളിയാകാനാണ്. കാലെബിന്റെ വാക്കുകൾ ദൈവത്തെ ആനന്ദിപ്പിച്ചു. അവൻ കഴിഞ്ഞ കാലങ്ങളിൽ ദൈവം നടത്തിയ വഴികൾ മറന്നില്ല. അവനറിയാം, ഭീഷണികൾ ഭയപ്പെടുത്തും. ദൈവം ശക്തിപ്പെടുത്തും. ഏതൊരു ഭീഷണിയെക്കാളും വലിയവനാണ് കർത്താവ്. സഹോദരങ്ങളുടെ ഭീഷണിയെയും കാനാനിൽ കണ്ടുമുട്ടാനിരിക്കുന്ന മല്ലന്മാരെയും ദൈവത്തിന്റെ ദൃഷ്ടിയിൽ കണ്ടു. ദൈവം പറഞ്ഞു: കാലെബിനെ നയിച്ച ചൈതന്യം വ്യത്യസ്തമാണ് (സംഖ്യ 14:24).

കാനാനിൽ എത്തിനോക്കിയിട്ടും അവിടെ നാല്പതുനാൾ ജീവിച്ചിട്ടും ദൈവത്തെ കാണാൻ കഴിയാതെ ഈജിപ്തിലെ അടിമത്തം സുഖകരമായി തോന്നിയവരെക്കുറിച്ച് എന്തുപറയാൻ! ക്രിസ്തുവിൽ അതിജീവിച്ച പാപത്തിന്റെ ആ പഴയ അടിമത്തകാലം ഇന്നും ഓർമകളിൽ താലോലിക്കുന്നുണ്ടെങ്കിൽ, കാനാനിലിരുന്ന് ഈജിപ്തിനെ ധ്യാനിച്ച ആ പത്ത് ഗോത്രത്തലവന്മാരുടെ പിൻഗാമിയാണ് നീ. ഈ ഭൂമിയിൽ, അത് കഷ്ടതയിലും ആനന്ദത്തിലും, ദൈവത്തിന്റെ പാദങ്ങളെ ദർശിക്കാത്തവന് സ്വർഗത്തിൽ പോയാലും അതു കാണാനാവില്ല. ജീവിതത്തിന്റെ നടവഴികളിൽ ക്രിസ്തുചൈതന്യം എന്നിൽ ഭരണം നടത്തിയില്ലെങ്കിൽ, ഏറ്റം മനോഹരമായതുപോലും എനിക്ക് ആസ്വദിക്കാനാവില്ല. ശത്രുവിനെ വർണിക്കാനല്ല, അവരുടെ വലുപ്പത്തിൽ ഭയപ്പെടാനുമല്ല ദൈവം അവരെ കാനാനിലേക്ക് വിട്ടത്. ദൈവസാന്നിധ്യത്തിന്റെ മഹനീയത ആ മണ്ണിൽ നിറഞ്ഞുനിൽക്കുന്നത് കാണാനാണ്. അതിൽ അവർ പരാജയപ്പെട്ടു. കാലെബിനും ജോഷ്വായ്ക്കും അതിനു കഴിഞ്ഞു.

കാലെബിന്റെ ചൈതന്യം ധീരതയുടേതാണ്. വാക്കു പാലിക്കുന്ന ദൈവത്തിലുള്ള വിശ്വാസത്തിന്റേതാണ്. നിന്നെ നയിക്കുന്ന ചൈതന്യം എന്താണ്? വാഗ്ദാനങ്ങളുടെ കുറവോ കൃപകളുടെ അഭാവമോ അല്ല, നിന്നെ നയിക്കുന്ന ചൈതന്യമാണ് പരിശോധിക്കേണ്ടത്. ദൈവമേ, കാലെബിനെ നയിച്ച ചൈതന്യം എനിക്ക് തരണമേ. ഭാവിയെ ഞാനും ധീരമായി നേരിടട്ടെ.

റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ

Leave a Reply

Your email address will not be published. Required fields are marked *