അല്പം മുതിർന്നപ്പോൾമുതൽ കുടുംബം നടത്തിയിരുന്ന നെയ്ത്തുശാലയിൽ അന്നാ മരിയ റോസ ജോലിക്കായി പോകാനാരംഭിച്ചു. പക്ഷേ അവിടെവച്ച് പ്രാർത്ഥനയും ധ്യാനവുമൊക്കെ നടത്തുന്നതുകാരണം അവൾ വേണ്ടവിധത്തിൽ ജോലി ചെയ്യുന്നില്ലെന്ന് അപ്പനു തോന്നി. സ്വതവേ കോപിഷ്ഠനായ അദ്ദേഹം അതേപ്പറ്റി കോപിക്കുകയും ചെയ്തു. എന്നാൽ മറ്റുള്ളവരെക്കാൾ കൂടുതൽ ജോലി അവൾ ചെയ്യുന്നതായാണ് പിന്നീട് ശ്രദ്ധിച്ചപ്പോൾ മനസ്സിലായത്.
അമ്മയുടെ ശ്രദ്ധയിൽപ്പെട്ട മറ്റൊരു കാര്യവും അതോടൊപ്പമുണ്ടായി. കോമളനായ ഒരാൺകുട്ടി അന്നയുടെ അരികെ ഇരുന്ന് സ്വർഗീയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും കൂടുതൽ ജോലി ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു! അന്വേഷിച്ചപ്പോൾ അന്ന അക്കാര്യം വെളിപ്പെടുത്തി. തന്റെ കാവൽമാലാഖ ആൺകുട്ടിയുടെ രൂപത്തിൽ തന്നെ സഹായിക്കുന്നുണ്ട്.
ഉദരത്തിലായിരിക്കുമ്പോഴേ മകൾ വലിയ പുണ്യവതിയായിത്തീരുമെന്ന് പ്രവചിച്ച പുണ്യാത്മാക്കളുടെ വാക്കുകളനുസരിച്ച് തന്റെ മകളുടെ ആധ്യാത്മിക ഉപദേഷ്ടാവുകൂടിയായിരുന്നു ആ അമ്മ. അമ്മയുടെ പരിശീലനത്തിൽ ആധ്യാത്മികജീവിതത്തിൽ വളർന്ന അന്നാ മരിയാ റോസ ഇന്ന് തിരുസഭയിൽ വിളിക്കപ്പെടുന്നത് അഞ്ച് തിരുമുറിവുകളുടെ വിശുദ്ധ മേരി ഫ്രാൻസിസ് എന്നാണ്.