ചേച്ചിയുടെ ജീവിതം എന്താ ഇങ്ങനെ?

‘ജീവിച്ചിരിക്കുന്ന വിശുദ്ധ!’ താൻ ശുശ്രൂഷ ചെയ്തിരുന്ന ഇടവകയിലെ ദൈവഭക്തയായ സ്ത്രീയെക്കുറിച്ച് ഒരു വൈദികസുഹൃത്ത് പങ്കുവച്ചതിപ്രകാരമാണ്. വിശുദ്ധ കുർബാനയും കുമ്പസാരവും മുടക്കം കൂടാതെയുണ്ട്. നല്ല പക്വതയും ജ്ഞാനവുമുള്ള പെരുമാറ്റം. സമീപത്തുള്ള ധ്യാനകേന്ദ്രത്തിൽ ഇടയ്‌ക്കെല്ലാം ശുശ്രൂഷ ചെയ്തിരുന്നു എന്നതൊഴിച്ചാൽ അധികമാരും അറിയപ്പെടാത്ത ഒരു നിഷ്‌കളങ്ക ജീവിതം. പരിശുദ്ധാത്മാവിന്റെ കൃപാവരങ്ങൾ സമൃദ്ധമായി ലഭിച്ചിട്ടുള്ള അവരുടെ പ്രാർത്ഥനയിലൂടെ ധാരാളം രോഗശാന്തിയും മാനസാന്തരങ്ങളും സംഭവിക്കുന്നു. അവർ കുമ്പസാരത്തിനണയുമ്പോൾ മനസ്സിലാകും വളരെയേറെ ആത്മീയ ഉന്നതി പ്രാപിച്ച ഒരു വ്യക്തിയാണെന്ന്.

പക്ഷേ അവരുടെ കുടുംബത്തിലെ സ്ഥിതി കണ്ടപ്പോൾ ആ വൈദികന് ഇപ്രകാരം ചോദിക്കാതിരിക്കാനായില്ല: ”ചേച്ചിയുടെ ജീവിതം മാത്രം എന്താ ഇങ്ങനെ? എല്ലാവരും പ്രാർത്ഥിച്ച് അനുഗ്രഹങ്ങൾ മേടിക്കുന്നു. പക്ഷേ ചേച്ചിയുടെ ജീവിതത്തിൽ ദുരിതങ്ങൾ മാത്രമേ ഉള്ളല്ലോ.” അദ്ദേഹം അങ്ങനെ ചോദിച്ചതിൽ ഒട്ടും അത്ഭുതപ്പെടാനില്ല. കാരണം അവരുടെ കുടുംബത്തിന്റെ സ്ഥിതി അതിദയനീയമായിരുന്നു. മദ്യത്തിനടിമയായ ഭർത്താവ്, നിരന്തരമായ മർദ്ദനങ്ങൾ, സാമ്പത്തിക തകർച്ച, മക്കളുടെ രോഗങ്ങൾ…

എങ്കിലും വൈദികന്റെ ചോദ്യത്തിനുള്ള മറുപടിയായി അവർ പറഞ്ഞതിങ്ങനെയാണ്, ”എന്റെ ഉള്ളിൽ നിറയെ സന്തോഷമാണ്. യഥാർത്ഥ സന്തോഷം എന്താണെന്ന് അറിയാത്തതുകൊണ്ടാണ് മനുഷ്യർക്കു തെറ്റു പറ്റുന്നത്. ഈ ലോകത്തിലെ ന്യായമായ പല സന്തോഷങ്ങളും എനിക്ക് നിഷേധിക്കപ്പെട്ടിട്ടുണ്ട് എന്നത് സത്യമാണ്. എന്നാൽ എന്റെ ജീവിതത്തെക്കുറിച്ച് എനിക്കുള്ളത് സംതൃപ്തി മാത്രമാണ്. ഒരാത്മാവിന് ലൗകികാനന്ദങ്ങൾ നിഷേധിക്കപ്പെടുന്നത് അതിനെക്കാൾ ഉപരിയായ ആത്മീയ ആനന്ദം പകരുന്നതിനുവേണ്ടിയാണ്. അതു കണ്ടെത്തി കഴിയുമ്പോൾ വേദനയിലും ഒരു മാധുര്യം കണ്ടെത്താൻ കഴിയും. ദൈവത്തെ തേടുന്നവർക്ക് ദൈവം പ്രതിഫലമായി നല്കുന്നത് ദൈവത്തെത്തന്നെയാണ്. ആത്മാവിൽ വസിക്കുന്ന ദൈവത്തിന്റെ നിരന്തരസാന്നിധ്യം വഴി ലഭ്യമാകുന്ന ആത്മീയ ആനന്ദം എല്ലാ സൗഭാഗ്യങ്ങളെക്കാളും അമൂല്യമല്ലേ?”

ഓരോ നോമ്പുകാലവും ഉന്നതമായ ആനന്ദം തേടാനുള്ള അവസരമാണ്. നൈമിഷികമായവയിൽനിന്നും നിത്യമായവയിലേക്കും ഉപരിപ്ലവമായതിൽനിന്നും ആഴമുള്ളതിലേക്കും ദൈവം നമ്മെ ക്ഷണിക്കുന്നു-തന്റെ സഭയിലൂടെ. ”അധികമായാൽ അമൃതും വിഷം” എന്ന ചൊല്ല് അന്വർത്ഥമാക്കുന്ന ഒരു കാലഘട്ടമാണിത്. ഇന്ദ്രിയങ്ങളിലൂടെയുള്ള സുഖത്തിന്റെ അതിപ്രസരം മനുഷ്യന്റെ ആത്മീയ ശുഷ്‌കതയുടെ കാരണങ്ങളിൽ ഒന്നാണ്. ദർശനസുഖം, ശ്രവണസുഖം, സ്പർശനസുഖം, ഭക്ഷണാസക്തിയിലേക്ക് നയിക്കുന്ന രുചിസുഖം ഇവയെല്ലാം നിയന്ത്രിച്ചുകൊണ്ട് ആന്തരികസ്വസ്ഥതയിലേക്ക് കടന്നുവരാൻ നോമ്പുകാലം സഹായിക്കും.

എന്തിനൊക്കെയോ വേണ്ടിയുള്ള പരക്കം പാച്ചിലുകളും സംതൃപ്തിയില്ലാത്ത ഹൃദയവും ദൈവത്തെ നഷ്ടമായതിന്റെ അടയാളങ്ങളാണ്. ദൈവാനുഗ്രഹങ്ങൾക്കുപരി ദൈവത്തെത്തന്നെ തേടുക- സംതൃപ്തമായ ജീവിതത്തിനുള്ള വഴി അതുമാത്രമാണ്.
”നിങ്ങൾ എന്നെ അന്വേഷിക്കും. പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ എന്നെ കണ്ടെത്തും. നിങ്ങൾ എന്നെ കണ്ടെത്താൻ ഞാൻ ഇടയാക്കുമെന്ന് കർത്താവ് അരുളിച്ചെയ്യുന്നു.” (ജറെമിയാ 29:13)
പ്രാർത്ഥന
കർത്താവേ, ഈ നോമ്പുകാലം ഫലദായകമായി ചെലവഴിക്കുവാൻ എനിക്ക് കൃപ നല്കണമേ. നിത്യമായ ആനന്ദത്തിനുവേണ്ടി നൈമിഷികമായ സന്തോഷങ്ങളെ പരിത്യജിക്കുവാനുള്ള ആഗ്രഹവും ശക്തിയും എനിക്കു നല്കിയാലും.

ബെന്നി പുന്നത്തറ

 

Leave a Reply

Your email address will not be published. Required fields are marked *