എന്തൊരു സന്തോഷം!

ഇവാൻകുട്ടൻ തുള്ളിച്ചാടി അപ്പയ്ക്കടുത്തേക്കു വന്നു. അവധിക്കാലം തുടങ്ങുന്ന ദിവസംമുതൽ അഭിച്ചേട്ടന്റെ വീട്ടിലേക്കു പോയി കളിക്കാൻ സമ്മതം കിട്ടണം. അതാണ് കാര്യം. അപ്പ സമ്മതിച്ചു. ഇവാന് മനം നിറയെ സന്തോഷം. അതേ സന്തോഷത്തിലാണ് അവൻ മൈതാനത്തേക്ക് കളിക്കാനോടിയത്.
അവന്റെ തിളങ്ങുന്ന മുഖം കണ്ട് ചങ്ങാതിയായ ആദർശ് ചോദിച്ചു: ”എന്താടാ ഇത്ര സന്തോഷം?”
”അവധി തുടങ്ങുന്ന അന്നുതന്നെ അഭിച്ചേട്ടന്റെ വീട്ടിലേക്കു പോകാൻ അപ്പ സമ്മതം തന്നു”
”അഭിച്ചേട്ടനോ, അതാരാ?”
”എന്റെ വീട്ടിൽ സഹായിക്കാൻ വരുന്ന ലീലാന്റിയുടെ മോൻ”
”ഓ, വീട്ടിലെ സെർവന്റിനെയാണോ നീ ആന്റി എന്നു വിളിക്കുന്നത്! അവരുടെ വീട്ടിലാണോ കളിക്കാൻ ആഗ്രഹം?”
”ലീലാന്റി സഹായിക്കുന്നതുകൊണ്ടാ വീട്ടിലെ ജോലികൾ സമയത്തു തീരുന്നതെന്നാ അമ്മ പറയുന്നത്. അല്ലെങ്കിൽ ജോലി കഴിഞ്ഞുവന്നിട്ട് അമ്മതന്നെ എല്ലാ പണിയും ചെയ്യേണ്ടിവരും. ഞങ്ങളുടെ വീട്ടിലുള്ളവരെപ്പോലെതന്നെയാ ലീലാന്റിയും അഭിച്ചേട്ടനുമൊക്കെ, പിന്നെന്താ?”
ഇവാന്റെ സംസാരം കേട്ട് ആദർശ് അത്ഭുതത്തോടെ നിന്നു. വീട്ടിലെ പണികൾക്കു സഹായിക്കുന്ന ചേച്ചിയുടെ പേര് തനിക്കറിഞ്ഞുകൂടെന്ന് ഓർത്തപ്പോൾ അവന് ചമ്മൽ തോന്നി. ഇവാൻ എത്ര സ്‌നേഹത്തോടെയാണ് ലീലാന്റിയെയും അഭിച്ചേട്ടനെയും കുറിച്ച് പറഞ്ഞത്. ഇവാൻ ഈശോയെ സ്‌നേഹിക്കുന്ന നല്ല കുട്ടിയാണെന്ന് സൺഡേ സ്‌കൂൾ ക്ലാസിലെ സിസ്റ്റർ തലേ ഞായറാഴ്ച പറഞ്ഞതു വെറുതെയല്ല. അതുകൊണ്ടുതന്നെയായിരിക്കും എല്ലാവരെയും സ്‌നേഹിക്കാൻ കഴിയുന്നത്. തന്റെ ഉള്ളിലിരുന്ന് ഒരു മൃദുസ്വരം അങ്ങനെ പറയുന്നതുപോലെ ആദർശിനു തോന്നി.

Leave a Reply

Your email address will not be published. Required fields are marked *