എന്നാൽ അവസാനം വരുമ്പോൾ നിങ്ങൾ എന്ത് ചെയ്യും?

ജറെമിയ 5:23-31 വചനങ്ങളിൽ, ഇസ്രായേലിലെ വ്യാജപ്രവാചകന്മാരെയും പുരോഹിതരെയും ജനത്തെയും കർത്താവ് കുറ്റം വിധിക്കുന്ന വചനങ്ങളും തുടർന്ന് കർത്താവ് ചോദിക്കുന്ന മൂന്ന് ചോദ്യങ്ങളും നാം വായിക്കുന്നു. ജനത്തിന്റെ തെറ്റുകൾ ദൈവം എടുത്തുപറയുന്നുണ്ട്. 5:31- പ്രവാചകൻമാർ വ്യാജപ്രവചനങ്ങൾ നടത്തുന്നു. അവരുടെ നിർദേശമനുസരിച്ച് പുരോഹിതൻമാർ ഭരിക്കുന്നു. എന്റെ ജനത്തിന് അതിഷ്ടമാണ്. എന്നിട്ട് കർത്താവ് ചോദിക്കുകയാണ്: എന്നാൽ അവസാനം വരുമ്പോൾ നിങ്ങൾ എന്ത് ചെയ്യും?

നമുക്ക് കുറച്ച് വിശദാംശങ്ങളിലേക്ക് കടക്കാം. മൂന്നുതരം പ്രവാചകന്മാർ ജനത്തിനിടയിൽ ഉണ്ടായിരുന്നു. ജറെമിയ, ഏശയ്യാ പോലുള്ള വിശുദ്ധരായ, ദൈവഹിതം വെളിപ്പെട്ടു കിട്ടുന്ന, അത് എല്ലാവരോടും തുറന്ന് പറഞ്ഞിരുന്ന പ്രവാചകന്മാരാണ് ഒന്നാമത്തെ കൂട്ടർ. ദൈവനാമത്തിൽ പ്രവചിക്കുകയും എന്നാൽ തിന്മ പ്രവർത്തിക്കുകയും ചെയ്തിരുന്നവരാണ് രണ്ടാമത്തെ കൂട്ടർ. ജറെമിയ 28-ാം അധ്യായത്തിൽ പറയുന്ന ഹനനിയ പ്രവാചകൻ ഒരു ഉദാഹരണമാണ്. ബാൽപോലുള്ള അന്യദൈവങ്ങളുടെ ആരാധകരായിരുന്നു മൂന്നാമത്തെ കൂട്ടർ. തിരുത്തലുകളും മുന്നറിയിപ്പുകളും നല്കിയ പ്രവാചകന്മാരെക്കാൾ സ്വീകാര്യത ഉണ്ടായത് ദൈവം വെളിപ്പെടുത്താത്ത, സുഖിപ്പിക്കുന്ന സന്ദേശങ്ങൾ നല്കിയ വ്യാജപ്രവാചകന്മാർക്കും അന്യദൈവങ്ങളുടെ പ്രവാചകന്മാർക്കും ആണ്.
അവസാനം വരുമ്പോൾ നിങ്ങൾ എന്ത് ചെയ്യും? അവസാനം എന്നതിന് രണ്ട് അർത്ഥങ്ങൾ ഉണ്ട്. ഒന്ന്, ഈ ലോകജീവിതാന്ത്യം. രണ്ട്, മരണശേഷമുള്ള ജീവിതം. ഓരോ അന്ത്യവും മറ്റൊന്നിന്റെ തുടക്കമാണ്. സങ്കടം തീരുന്നിടത്ത് സന്തോഷം ആരംഭിക്കുന്നു. മടുപ്പ് മാറുന്നിടത്ത് ഉത്സാഹം തുടങ്ങുന്നു. മരണത്തിന്റെ അവസാനം മരണാനന്തരജീവിതം ആരംഭിക്കുന്നു.

അതിനാൽ കുടുംബവും രാജ്യവും നല്ല രീതിയിൽ നിലനില്ക്കുവാനും മരണാനന്തരം സ്വർഗീയ ജീവിതം ലഭിക്കുവാനും ദൈവകല്പനകൾ അനുസരിച്ച് ജീവിക്കണം. ഭരണകർത്താക്കൾ ആ വിധത്തിൽ ഭരിക്കണം. ആത്മീയ ശുശ്രൂഷകർ ആ വിധത്തിൽ ജീവിക്കുകയും ജനത്തെ നയിക്കുകയും വേണം. ദൈവകല്പനകൾ പാലിച്ച് ജീവിക്കുന്നതിൽ ജനം സന്തോഷിക്കണം. അപ്പോഴാണ് എല്ലാവർക്കും നന്മ ഉണ്ടാകുന്നത്.

ഫാ. ജോസഫ് വയലിൽ CMI

Leave a Reply

Your email address will not be published. Required fields are marked *