ദൈവികധീരതയോടെ ഒരമ്മയും കുഞ്ഞും

വാഴ്ത്തപ്പെട്ടവരായ ഇസബെല്ലയും കുഞ്ഞ് ഇഗ്നേഷ്യസും

‘എന്റെ കുഞ്ഞ് ഇഗ്നേഷ്യസ് എവിടെ? അവനെ നീ കൊണ്ടുവന്നില്ലേ?’ ഇസബെല്ലയെ കണ്ട മാത്രയിൽ ഫാ. ചാൾസ് സ്പിനോള ചോദിച്ചു. അതൊരു സാധാരണ കൂടിക്കാഴ്ച ആയിരുന്നില്ല. വൈദികനായ ചാൾസ് സ്പിനോളയെ ഒളിവിൽ താമസിപ്പിച്ചു എന്ന കുറ്റത്തിനാണ് ഇസബെല്ല ഫർണാണ്ടസിനെ ജാപ്പനീസ് അധികാരികൾ മരണശിക്ഷയ്ക്ക് വിധിച്ചത്.
വധശിക്ഷ നൽകാനായി നാഗസാക്കിയിലെത്തിച്ച ഇസബെല്ലയെ അവിടെ വച്ച് അവൾ അഭയം നൽകിയ വൈദികനായ ചാൾസ് സ്പിനോള കണ്ടുമുട്ടിയപ്പോൾ ചോദിച്ച ചോദ്യമാണിത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് രക്തസാക്ഷിത്വത്തിനായി ഒരുങ്ങി നിൽക്കുകയായിരുന്നു ആ വൈദികനും. ഇസബെല്ലയുടെ മകനായ ഇഗ്നേഷ്യസിന് മാമ്മോദീസാ നൽകിയത് ഫാ. ചാൾസായിരുന്നു.
ജനക്കൂട്ടത്തിൽനിന്ന് നാല് വയസ് മാത്രം പ്രായമുള്ള ഇഗ്നേഷ്യസിനെ എടുത്ത് ഉയർത്തിക്കൊണ്ട് ആ സ്പാനിഷ് വിധവ ഇപ്രകാരം മറുപടി പറഞ്ഞു- ‘ഇതാ അവൻ ഇവിടെ ഉണ്ട്. അവന് പാപം ചെയ്യാനാകുന്ന പ്രായം എത്തുന്നതിന് മുമ്പ് ക്രിസ്തുവിനുവേണ്ടി മരിക്കാനായി അവനെ ഞാൻ കൊണ്ടുവന്നിരിക്കുകയാണ്.’
അമ്മയുടെ ആഗ്രഹം ആ നാലു വയസുകാരൻ സാധിച്ചുകൊടുത്തു. അമ്മയുടെ കഴുത്ത് പട്ടാളക്കാർ വെട്ടിമാറ്റിയപ്പോഴും അവൻ കരഞ്ഞില്ലെന്ന് മാത്രമല്ല, അടുത്തതായി അവൻ സ്വയം ഷർട്ടിന്റെ കോളർ അഴിച്ചു, പട്ടാളക്കാർക്ക് മുമ്പിൽ തന്റെ കുഞ്ഞ് കഴുത്ത് വെട്ടാനായി നീട്ടി… മരണഭയത്തെ അകറ്റിനിർത്തുന്ന ദൈവികസാന്നിധ്യം ആ കുഞ്ഞുഹൃദയത്തിൽ നിറഞ്ഞതുപോലെ…
1622 സെപ്റ്റംബർ പത്തിന് നാഗസാക്കിയിലായിരുന്നു ആ വിധവയുടെയും കുഞ്ഞിന്റെയും ധീരമായ രക്തസാക്ഷിത്വം. 1867 ജൂലൈ 7-ന് പയസ് ഒൻപതാമൻ മാർപാപ്പ മറ്റ് നിരവധി ജാപ്പനീസ് രക്തസാക്ഷികൾക്കൊപ്പം ഇസബെല്ലയെയും കുഞ്ഞ് ഇഗ്നേഷ്യസിനെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു.

രഞ്ജിത് ലോറൻസ്

Leave a Reply

Your email address will not be published. Required fields are marked *