ബോണയുടെ യാത്രകളിലൂടെ…

കുട്ടിക്കാലം മുതൽക്കേ പ്രസന്നയും ഉത്സാഹവതിയുമായിരുന്ന ഒരു ഓമനപെൺകുട്ടിയായിരുന്നു ബോണ. 1156-ാം നൂറ്റാണ്ടിൽ ഇറ്റലിയിലെ പിസായിലാണ് അവൾ ജനിച്ചത്. പിസയിലെ ചികകാൻസോ ക്വാർട്ടറിലാണ് അവൾ ജനിച്ചതും വളർന്നതും. പിതാവ് പിസാക്കാരനായിരുന്ന കച്ചവടക്കാരനായിരുന്നു. അമ്മ പിസായുടെ ഭരണാധീനതയിലായിരുന്ന കൊർസിക്കാ ദേശക്കാരിയായിരുന്നു. കുറ്റമറ്റവരൊന്നും ആയിരുന്നില്ല ബോണയുടെ മാതാപിതാക്കന്മാർ. അവളുടെ അമ്മ അവിവാഹിതയായിരുന്നു. ബോണയ്ക്ക് മൂന്നു വയസ് പ്രായമുള്ളപ്പോൾ മുതൽ പിതാവ് അപ്രത്യക്ഷനായി. ജറുസലേമിൽ യുദ്ധത്തിന് പോയിരിക്കുകയാണ് അപ്പൻ എന്നാണ് അവൾ ചെറുപ്പംമുതൽക്കേ കേട്ട കഥ. അങ്ങനെ ചേറ്റിലെ പുഷ്പമായി, പരിതസ്ഥിതികളുടെ ഹൃദയാഘാതങ്ങൾ ഏറ്റുവാങ്ങി അവൾ വളർന്നുകൊണ്ടിരുന്നു. സത്യത്തിൽ ബോണയെയും അമ്മയെയും ഉപേക്ഷിച്ചുപോയ പിതാവ് ജറുസലേമിലേക്ക് പോയി, അവിടെ മറ്റൊരു സ്ത്രീയോടൊപ്പം വാസം തുടങ്ങിയിരുന്നു. അവളിൽ അയാൾക്ക് മക്കളും ഉണ്ടായി. ഇതൊന്നും പാവം ബോണക്ക് അറിയില്ലായിരുന്നു.
ബോണയുടെ സ്വഭാവം എല്ലാവരെയും ആകർഷിക്കാൻ പോന്നതായിരുന്നു. അയൽക്കാരോടൊക്കെ അവൾ സ്‌നേഹത്തോടെ ഇടപെടുമായിരുന്നു. മറ്റുള്ളവരുടെ സഹായത്തിനായി തികച്ചും സാഹസികമായ കാര്യങ്ങൾവരെ അവൾ ഏറ്റെടുക്കുമായിരുന്നു. ആ കൊച്ചുടൗണിലെ കൊച്ചുവീട്ടിൽ അവൾ വളർന്നു.

പുതിയൊരാശയം
അവൾക്ക് പതിനാല് വയസുള്ളപ്പോൾ മനസിൽ ഒരാശയം ഉദിച്ചു. പിതാവിനെ അന്വേഷിച്ച് ജറുസലേമിലേക്ക് പോകണം. കരയാത്രയെങ്കിൽ കുന്നും ചുരങ്ങളും താണ്ടി കുതിരപ്പുറത്തുവേണം പോകാൻ. അഗാധ ഗർത്തങ്ങളും അപകടങ്ങളും കാത്തുനില്ക്കുന്ന വഴികൾ. പോരാത്തതിന് കൊള്ളക്കാരും. കടൽമാർഗമുള്ള യാത്രകളാണെങ്കിൽ പായ്ക്കപ്പലുകളിലാണ് നടത്തേണ്ടത്. കടൽകൊള്ളക്കാരുടെ ആക്രമണം അവിടെയും സാധാരണമായിരുന്നു. നാട്ടുകാരും വീട്ടുകാരുമൊക്കെ ബോണയെ വിലക്കി. അവൾ കൂട്ടാക്കിയില്ല. എങ്ങനെയും പിതാവിനെ കണ്ടെത്തണം.

ഏറെ ത്യാഗങ്ങൾ സഹിച്ച് അവൾ ജറുസലേമിൽ എത്തിയെങ്കിലും അന്വേഷണങ്ങളൊക്കെ വിഫലമായി. അപ്പനെ കാണാനേ കിട്ടിയില്ല. ഇതൊക്കെയാണെങ്കിലും യാത്ര വലിയൊരു ആനന്ദകരമായ അനുഭൂതിതന്നെ എന്നവൾക്ക് ബോധ്യമായി, അവൾ മടങ്ങി. മ ടങ്ങുന്ന വഴി മുസ്ലീം കടൽകൊള്ളക്കാർ അവളുടെ കപ്പൽ വളഞ്ഞു. അവളെ ബന്ധനസ്ഥയാക്കി. ശരീരത്തിലാകെ മുറിവേല്പിച്ച്, ഒടുവിൽ ജയിലിലടച്ചു. ഒടുവിൽ പിസാക്കാരായ ചില മനുഷ്യർ ചേർന്ന് അവളെ രക്ഷപ്പെടുത്തി പിസായിലെത്തിച്ചു.

മടങ്ങിയെത്തിയ ബോണ നിരാശിതയായിരുന്നില്ല. ഇനിയും വേണ്ടിവന്നാൽ യാത്ര ചെയ്യാം എന്നവൾ ഉറച്ചു. പിന്നീടവൾ സന്യാസജീവിതത്തിലേക്ക് പ്രവേശിച്ചു. ചിനിസിക്കാ സെന്റ് മാർട്ടിൻ ദൈവാലയത്തിലെ അഗസ്റ്റീനിയൻ സന്യാസികൾ അവൾക്ക് വേണ്ടുന്ന ആധ്യാത്മിക ഉപദേശങ്ങൾ നല്കിക്കൊണ്ടിരുന്നു. യാത്ര എന്ന ആശയം അവൾക്ക് വളരെ സ്വീകാര്യമായിരുന്നു. താമസിയാതെ അവൾ മറ്റൊരു തീർത്ഥാടനത്തിന് ഒരുങ്ങി.
തീർത്ഥാടകർക്ക് വഴികാട്ടി…

ആയിരം കിലോമീറ്റർ താണ്ടി സാന്റിയാഗോയിലേക്ക് അപകടം നിറഞ്ഞ വഴികളിലൂടെ യാത്ര തിരിച്ചു. ഇടുങ്ങിയ പാതകളും ദുഷ്‌കരമായ വഴികളും ഒന്നും അവൾക്ക് പ്രശ്‌നമായിരുന്നില്ല. സാന്റിയാഗോയിൽ വിശുദ്ധ ജയിംസിനെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു ലക്ഷ്യം. ഈ തീർത്ഥാടകസംഘത്തിലെ ഒരു ഔദ്യോഗിക ടൂറിസം ഗൈഡായി വിശുദ്ധ ജയിംസിന്റെ അനുയായികൾ ബോണയെ നിയമിക്കുകയായിരുന്നു. വിമാനയാത്രയൊക്കെ സാധ്യമാകുന്നതിന് 800 വർഷങ്ങൾമുമ്പ് നടക്കുന്ന സംഭവമാണിത് എന്നോർക്കണം. കുതിരവണ്ടിയിൽ ഭക്ഷണവും വെള്ളവും വസ്ത്രങ്ങളും വച്ചുകെട്ടിയാണ് യാത്ര. യാത്രക്കാരുടെ ലഗേജ് യഥാസ്ഥാനങ്ങളിൽ കെട്ടിവയ്ക്കുന്നതും എടുത്തുകൊടുക്കുന്നതുമൊക്കെ ബോണയായിരുന്നു.
അങ്ങനെ ഒട്ടേറെ തീർത്ഥാടകർക്ക് അവൾ വഴികാട്ടിയായി. ക്യാബിൻ ക്രൂ ആയി! അപ്പസ്‌തോലന്മാരുടെ ശവകുടീരങ്ങൾ സന്ദർശിക്കാൻ അവൾ പല തവണ റോമിലേക്ക് പോയി. ഗർഗാനിയോയിലെ വിശുദ്ധ മൈക്കിളിന്റെ ശവകുടീരം സന്ദർശിക്കാനും പോയി.

വെളിപാട്
ചെറുപ്പംമുതൽക്കേ ബോണയ്ക്ക് ചില ദർശനങ്ങൾ ഉണ്ടായി. അമ്മ മേരിയെയും യേശുവിനെയും അവൾ കൂടെക്കൂടെ സ്വപ്നങ്ങളിൽ കണ്ടു. ഒരിക്കൽ വിശുദ്ധ ജയിംസ് തന്റെ പിന്നാലെ ഓടുന്നതായി കണ്ടു. ജയിംസ് യേശുവിന്റെ വിടർത്തി പിടിച്ച കരങ്ങളിലേക്ക് അവളെ ആനയിച്ചു. അങ്ങനെയാണ് അവൾ അഗസ്റ്റീനിയൻ കന്യാസ്ത്രീ ആയത്. നോമ്പും പ്രാർത്ഥനയും അവളുടെ നിത്യസഹചാരിയായിരുന്നു. ആഴ്ചയിൽ മൂന്നു പ്രാവശ്യം മാത്രം റൊട്ടി കഴിക്കും, വെള്ളം കുടിക്കും. പക്ഷേ, തീർത്ഥാടകർക്ക് വഴികാട്ടിയായി സാന്റിയാഗോയിലേക്ക് തന്നെ പത്തുപ്രാവശ്യം അവൾ യാത്ര ചെയ്തു; ഉത്സാഹത്തോടെ.
പൊൻസാനിയായിലെ സാന്റാ മരിയ മൊണാസ്ട്രി ആയിരുന്നു അക്കാലത്ത് ജോൺ മറ്റേറ സ്ഥാപിച്ച ബെനഡിക്ടൻ സഭയുടെ ആസ്ഥാനം. ഈ മൊണാസ്ട്രിയുമായി നല്ല ബന്ധമുണ്ടായിരുന്ന ബോണ ഒരു പുതിയ പൊൻസാനിയാ ആശ്രമം പിസായ്ക്ക് അടുത്തായി സ്ഥാപിക്കുവാൻ വേണ്ട സഹായസഹകരണങ്ങൾ നല്കി. ഈ ആശ്രമം വിശുദ്ധ ജയിംസിന്റെ നാമധേയത്തിലായിരുന്നു തുടങ്ങിയത്.

ജീവിതകാലത്ത് ഒട്ടേറെ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ ബോണക്ക് കഴിഞ്ഞു. പ്രവചനവരവും അവൾക്കുണ്ടായിരുന്നു. 1207-ൽ തന്റെ അമ്പത്തിയൊന്നാം വയസിൽ സെന്റ് മാർട്ടിനോ പള്ളിക്ക് സമീപത്തുള്ള കൊച്ചുവസതിയിൽവച്ച് രോഗബാധിതയായിരുന്ന അവർ ചരമം പ്രാപിച്ചു. 1920-ൽ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു. വിശുദ്ധയുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നത് സാൻ മാർട്ടിനോ പള്ളിയിലാണ്. 1962-ൽ പോപ്പ് ജോൺ ഇരുപത്തിമൂന്നാമനാണ് ബോണയെ എയർഹോസ്റ്റസുമാരുടെയും വിമാനഗ്രൂപ്പിന്റെയും തീർത്ഥാടകരുടെയും വിശുദ്ധയായി പ്രഖ്യാപിച്ചത്. വിമാനയാത്ര അജ്ഞാതമായിരുന്ന കാലത്ത് ആയിരക്കണക്കിനാളുകളെ ശുശ്രൂഷിച്ച ബോണയ്ക്ക് ചേർന്ന പദവിയായിരുന്നു അത്. •

ജോസ് വഴുതനപ്പിള്ളി

Leave a Reply

Your email address will not be published. Required fields are marked *