പശ്ചാത്താപം അനുഗ്രഹം

ആ സഹോദരി ഒരു നഴ്‌സായിരുന്നു. ജീവന്റെ കാവലാളാകേണ്ട അവർ അനേകം കുഞ്ഞുങ്ങളെ ഗർഭപാത്രത്തിൽവച്ച് കശാപ്പു ചെയ്യാൻ കൂട്ടുനിന്നു. അഞ്ചും ആറും ഏഴും മാസംവരെ പ്രായമുള്ള ഗർഭസ്ഥ ശിശുക്കളെപ്പോലും ‘വധിച്ചിട്ടും’ അതിൽ ഒരു പശ്ചാത്താപവും തോന്നിയില്ല. ഒരു ദിവസം അവരുടെ യുവാവായ മകൻ അമ്മയെ കാണാൻ ക്ലിനിക്കിൽ ചെന്നു.

വലിയൊരു ബക്കറ്റിൽ വെട്ടിനുറുക്കിയിട്ടിരിക്കുന്ന ഗർഭസ്ഥശിശുക്കളുടെ ശരീരഭാഗങ്ങൾ അവൻ കാണാനിടയായി. ബക്കറ്റിലെ കാഴ്ച അവന് കണ്ടുനില്ക്കാൻ കഴിഞ്ഞില്ല. ”ഇനി അമ്മ ഇവിടെ തുടരണ്ട. ഇത് കൊലപാതകമാണ്. അമ്മ കൊലപാതകം ചെയ്ത് പണമുണ്ടാക്കേണ്ട.” മകന്റെ ശക്തമായ നിർബന്ധത്തിന് വഴങ്ങി അവർ ആ ക്ലിനിക്കിലെ ജോലി രാജിവച്ചു.

എങ്കിലും കുടുംബമാകെ തകർച്ചയുടെ നടുവിൽ എത്തിയപ്പോഴാണ് ആശ്വാസവും സമാധാനവും തേടി ആ സഹോദരി ധ്യാനത്തിൽ പങ്കെടുക്കാൻ വന്നത്. ധ്യാനത്തിൽ പരിശുദ്ധാത്മാവ് സ്പർശിച്ചപ്പോൾ അവർക്ക് പാപബോധമുണ്ടായി, പശ്ചാത്തപിച്ചു. കർത്താവിന്റെ സ്‌നേഹസമ്പൂർണമായ അനുഗ്രഹം സ്വീകരിച്ചുകൊണ്ട് അവർ തിരിച്ചുപോയി.

”എന്റെ നാമം പേറുന്ന എന്റെ ജനം എന്നെ അന്വേഷിക്കുകയും തങ്ങളെത്തന്നെ എളിമപ്പെടുത്തി പ്രാർത്ഥിക്കുകയും തങ്ങളുടെ ദുർമാർഗങ്ങളിൽനിന്ന് പിന്തിരിയുകയും ചെയ്താൽ, ഞാൻ സ്വർഗത്തിൽനിന്ന് അവരുടെ പ്രാർത്ഥന കേട്ട് അവരുടെ പാപങ്ങൾ ക്ഷമിക്കുകയും അവരുടെ ദേശം സമ്പുഷ്ടമാക്കുകയും ചെയ്യും” (2 ദിനവൃത്താന്തം 7:14).

ബിന്നി ജോർജ്

Leave a Reply

Your email address will not be published. Required fields are marked *