കഠിനവേദനകൾ എന്തിന്?

പഠനം കഴിഞ്ഞ് നില്ക്കുന്ന കാലം. അങ്കിൾ വിദേശത്തുനിന്ന് വന്നിട്ടുണ്ട്. അവിടെ കമ്പനിയിൽ ജോലിയുണ്ട്, മോൻ വരുന്നോ? ആരും തടസം പറഞ്ഞില്ല. എനിക്ക് നല്ല താല്പര്യമായി. വൈകാതെ ഗൾഫിലെത്തി ജോലി ആരംഭിച്ചു. നല്ല ശമ്പളം, നല്ല കൂട്ടുകാർ, നല്ല ഭക്ഷണം – കൂട്ടത്തിൽ മദ്യവും. ചെറുപ്പകാലത്ത് ലഭിച്ച വിശ്വാസജീവിതമൊക്കെ നഷ്ടമായി.

പള്ളി അകലെ എവിടെയോ ഉണ്ടെങ്കിലും അന്വേഷിച്ചതേയില്ല. ഒമ്പത് വർഷങ്ങൾ കൂദാശകളൊന്നുമില്ലാതെ. ഡാഡിയോടും മമ്മിയോടും ഫോണിലൂടെയുള്ള സംസാരംമാത്രം. വീട്ടിൽ പോകണമെന്ന ചിന്തപോലും നഷ്ടമായി. പണസമ്പാദനമായിരുന്നു പ്രധാന ചിന്ത. ഒന്നിനും കുറവില്ല, ഒരു പ്രശ്‌നവുമില്ല.
ഗൾഫിൽനിന്നും മസ്‌ക്കറ്റിലെത്തിയാൽ ബിസിനസിൽ കുറെക്കൂടി നേട്ടങ്ങളുണ്ടാക്കാമെന്ന് മനസിലാക്കി. സ്വന്തമായ ബിസിനസിനായി നല്ലൊരു വാഹനം വാങ്ങിച്ചു. ഏതാനും ദിവസങ്ങൾ നന്നായി കാര്യങ്ങൾ നടന്നു. അവിചാരിതമായി മഴ പെയ്യുകയും വഴിയിൽ വെള്ളം നിറയുകയും ചെയ്തു. എൻജിൻ മുങ്ങി വാഹനം കേടായി – വർക്കുഷോപ്പിൽ കയറ്റി. റിപ്പയർ കഴിഞ്ഞെത്തിയപ്പോൾ ഒരു അമ്മവിചാരം വന്നു. ഇനിയും അപകടമുണ്ടാകാതിരിക്കാൻ ഒരു ജപമാല വാഹനത്തിലിടണം. നാട്ടിൽനിന്നും മമ്മി തന്നയച്ച ജപമാല തൊടാതെ ബാഗിലുണ്ടായിരുന്നതെടുത്ത് വാഹനത്തിൽ തൂക്കി. കുറച്ചുനാളുകൾ അത് നന്നായി പണിയെടുത്തു.

വളരെ പെട്ടെന്നായിരുന്നു ആ അപകടം. എതിർദിശയിൽനിന്ന് വന്ന ഒരു അറബിവാഹനം ഇടിച്ചു തെറിപ്പിച്ചു. ആ വാഹനത്തിലെ രണ്ടാളും തൽക്ഷണം മരിച്ചു. എന്റെ വാഹനത്തിന്റെ ഇടതുഭാഗവും ശരീരത്തിന്റെ ഇടതുവശവും തലമുതൽ പാദംവരെ ചതഞ്ഞുപൊട്ടി. വാരിയെല്ലുകളൊടിഞ്ഞു. ശ്വാസതടസം ശക്തമായി. അമ്മേ… ഒരു നിലവിളി. മുന്നിൽ തൂങ്ങിക്കിടന്ന ജപമാല കണ്ണിലുടക്കി. ജീവൻ നഷ്ടപ്പെടാത്തത് പരിശുദ്ധ മാതാവ് സംരക്ഷിച്ചതിനാലാണെന്ന് വിശ്വസിച്ചു. വൈകാതെ ബോധം മറഞ്ഞു. പിന്നീടുള്ള ദിവസങ്ങളിൽ സംഭവിച്ചതൊന്നും ഓർമയിലില്ല.
ദാ…. നോക്ക് ആ ചേട്ടൻ മരിച്ചിട്ടില്ല. മലയാളിനഴ്‌സുമാരുടെ സംഭാഷണമായിരുന്നത്. ഉറ്റവരും ഉടയവരും ആരും അടുത്തില്ല. ആർക്കും അവിടെ പ്രവേശനവുമില്ല. ഓപ്പറേഷൻ പലത് കഴിഞ്ഞിരുന്നു. സുബോധം ലഭിച്ചശേഷം നടത്തിയ ഓപ്പറേഷനുകളുടെ വേദന അതികഠോരമായിരുന്നു. ഓർമ കെടുത്താൻ ഡോക്‌ടേഴ്‌സിന് കഴിയുമായിരുന്നില്ല. എല്ലുകൾ തുളയ്ക്കുന്ന ഡ്രില്ലിങ്ങ് മെഷീന്റെ ശബ്ദം. ഒന്നു തിരിയാനോ ചലിക്കാനോ സാധിക്കാതെ സർവാംഗ വേദനകളോടു മല്ലടിക്കുന്ന നാളുകൾ!

ഈശോയെ കാണുന്നു…
വീണ്ടും ഓപ്പറേഷൻ. ദൈവമേ, ഞാനെങ്ങനെ സഹിക്കും? നിലവിളിച്ചുപോയി. ഡോക്‌ടേഴ്‌സ് പച്ചമാംസം കീറുകയും മുറിക്കുകയും തുന്നുകയും ചെയ്യുന്നു. ഈശോയേ… ഞരങ്ങി വിളിച്ചു. കൺമുമ്പിൽ ഈശോ അതാ കുരിശിൽ കിടന്ന് പിടയുന്നു. ഒരു നോട്ടം….. എല്ലാ വേദനയും അവനേറ്റെടുത്തു. ഏശയ്യാ 53:4 ആർക്കും പ്രവേശനമില്ലാത്തിടത്ത് എന്റെ ഈശോ വന്നു. അവനുമാത്രം എവിടെയും കടന്നുവരാം… ഓർക്കുമ്പോൾ ഇന്നും കണ്ണുകൾ ഈറനണിയുന്നു – നന്ദിയോടെ. ഒന്നും പ്രാർത്ഥിക്കാതെ വർഷങ്ങളോളം അങ്ങയെ മറന്ന് ജീവിച്ചിട്ടും എന്നെ തേടി വന്നു. എന്റെ നൊമ്പരങ്ങൾ വഹിച്ചു. ശരിയാണ്, വേദനിക്കുന്നവനാരായാലും അവൻ അരികിലെത്തും.

മൂന്നുമാസക്കാലം നിശബ്ദനായി ഐ.സി.യുവിൽ കഴിഞ്ഞു. വീട്ടുകാർക്ക് അപകടത്തിന്റെ ഗൗരവമൊന്നും അറിയില്ല. സംസാരിക്കാറായപ്പോൾ മമ്മിയെ ഫോണിൽ വിളിച്ചു. പൊട്ടിക്കരച്ചിൽ – മനസിനെ കൂടുതൽ നോവിച്ചു.
ഒമ്പതുവർഷം കഴിഞ്ഞിരുന്നു കുമ്പസാരിച്ചിട്ട്. നഴ്‌സുമാർ ഒരു വൈദിനെ വിളിച്ച് കുമ്പസാരിക്കാൻ അവസരമൊരുക്കിത്തന്നു. തുടർച്ചയായ ചികിത്സയും അപകടസംബന്ധമായ കേസുകളുമായി രണ്ടുവർഷം കടന്നുപോയി. എഴുന്നേറ്റ് മെല്ലെ നടക്കാറായി. നാട്ടിലെത്തണം … അങ്കിളിന്റെ സഹായത്തോടെ ജന്മനാട്ടിലേക്ക് യാത്ര തിരിച്ചു.

ദൈവാനുഭവമുള്ളവർ എന്നെ സന്ദർശിച്ച് പ്രാർത്ഥിച്ചു. എനിക്ക് മാത്രമറിയാവുന്ന കാര്യങ്ങൾ അവരിൽനിന്ന് കേട്ടപ്പോൾ ആശ്ചര്യമായി. അവരുടെ നിർദേശപ്രകാരം ഒരു സുഹൃത്തിനോടൊപ്പം കുളത്തുവയൽ എൻ.ആർ.സിയിൽ ധ്യാനം കൂടാനെത്തി. ധ്യാനഹാളിലെത്തിയ എനിക്ക് ബൈബിളോ നോട്ടുബുക്കോ ഒന്നുമില്ലായിരുന്നു. ദിവംഗതനായ അഗസ്റ്റ്യൻ തുരുത്തിമറ്റത്തിലച്ചൻ എന്നെ വിളിച്ച് സംസാരിച്ചു. ബൈബിൾ വാങ്ങിയില്ലേ? ‘ഇപ്പോൾ ബൈബിൾ കൈയിലില്ലെങ്കിലും വൈകാതെ എന്നും അതു കൈയിലുണ്ടാകും’ – അതൊരു പ്രവചനമായിരുന്നു. ആദ്യമായി സ്വന്തമായൊരു ബൈബിൾ വാങ്ങിച്ചു.
ആരോഗ്യസ്ഥിതി കുറെ മെച്ചപ്പെട്ടപ്പോൾ ഇനിയും ഗൾഫിൽ പോകണം – പണിയെടുക്കണം – പണമുണ്ടാക്കണം എന്നൊക്കെ ആലോചിച്ചു. കാരണം വർഷങ്ങളോളം അധ്വാനിച്ചതെല്ലാം തീർന്നിരുന്നു. ശാരീരിക ക്ഷമതയുടെ അഭാവം മെഡിക്കൽ ടെസ്റ്റിൽ വിജയത്തിന് തടസമായി. നാട്ടിൽ പല സ്ഥലത്തും ജോലി അന്വേഷിച്ചെങ്കിലും ലഭിക്കാതായി. ഇക്കാലത്ത് പല പ്രാർത്ഥനാഗ്രൂപ്പിൽ പോകുകയും വരങ്ങളുള്ളവരുമായി ഷെയറിങ്ങ് നടത്തുകയും ചെയ്തിരുന്നു. അവരിലൂടെയെല്ലാം കർത്താവ് സംസാരിച്ചപ്പോൾ ദൈവം ഇത്രയേറെ എന്നെ സ്‌നേഹിക്കുന്നല്ലോ എന്ന ചിന്ത അവിടുത്തെ കൂടുതൽ സ്‌നേഹിക്കണമെന്ന ആഗ്രഹം വളർത്തി. സ്വന്തക്കാരുടെതന്നെ ഒരു കടയിൽ ജോലി ലഭിച്ചു. അവിടെ നല്ല രീതിയിൽ ജോലി ചെയ്യാൻ ദൈവമനുഗ്രഹിച്ചു. ഇതിനിടെ ചിറ്റൂർ ധ്യാനകേന്ദ്രത്തിൽ ഒരു ധ്യാനത്തിൽ സംബന്ധിക്കാൻ അവസരമുണ്ടായി. അതൊരു മരിയൻ ധ്യാനമായിരുന്നു. സർവവും അവിടെ വച്ച് ഞാൻ സമർപ്പിച്ചപ്പോൾ വലിയൊരു ആന്തരികസ്വാതന്ത്ര്യവും സന്തോഷവും ലഭിച്ചു. കാലിലുണ്ടായിരുന്ന ഒരു വലിയ മുഴ സൗഖ്യപ്പെട്ടു.

ആകർഷണം
”അങ്ങെനിക്ക് ജീവന്റെ മാർഗം കാണിച്ചുതരുന്നു. അങ്ങയുടെ സന്നിധിയിൽ ആനന്ദത്തിന്റെ പൂർണതയുണ്ട്; അങ്ങയുടെ വലതുകൈയിൽ ശാശ്വതമായ സന്തോഷമുണ്ട്” (സങ്കീർത്തനം 16:11). ദിവ്യകാരുണ്യ സന്നിധിയിലിരുന്ന് പ്രാർത്ഥിക്കാനുള്ള ദാഹം വർധിച്ചുവന്നു. ഒരു ചെറിയ ജപമാലപുസ്തകം പോക്കറ്റിലിടാനും ഇടയ്ക്കിടെ ജപമാല ചൊല്ലാനും കഴിഞ്ഞു. തനിച്ചിരുന്ന് ഉപവസിച്ച് പ്രാർത്ഥിക്കാൻ ഒരിടം തേടി ഡിവൈൻ ധ്യാനകേന്ദ്രത്തിലെത്തി. പത്തുദിവസം അവിടെ താമസിച്ച് പ്രാർത്ഥിക്കാൻ അനുവാദം ലഭിച്ചു. ദിവ്യകാരുണ്യത്തിനരുകിലേക്ക് പരിശുദ്ധ മാതാവ് നയിച്ചു. ഒരുനാൾ ആശ്രമഗെയ്റ്റിനരികെ ഒരു സ്ത്രീയെ കണ്ടുമുട്ടി. സഹായം ചോദിക്കാൻ വരുന്നതാണെന്നു കരുതി ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. എന്നാൽ അരികിലേക്ക് വന്ന് നീ കുമ്പസാരിക്കണമെന്നും 1 ദിനവൃത്താന്തം 28:10 – വിശുദ്ധ മന്ദിരം പണിയാൻ ഞാൻ നിന്നെ തിരഞ്ഞെടുത്തു എന്ന വചനവും പറഞ്ഞു. പേരു ചോദിച്ചു – മേരി. പിന്നീടവരെ കണ്ടതേയില്ല. അത് ദൈവമാതാവായിരുന്നുവെന്ന് ഇന്ന് ഞാൻ വിശ്വസിക്കുകയാണ്.

ദിവ്യകാരുണ്യനാഥനരുകിലിരുന്ന് പ്രാർത്ഥിക്കുമ്പോഴെല്ലാം ആനന്ദാനുഭൂതിയിൽ ഹൃദയം ജ്വലിക്കുകയായിരുന്നു. ഒരിക്കൽ ഒരു ദർശനം നൽകി ഈശോ നയിച്ചു. ഒരു ജെ.സി.ബി കൊണ്ട് വളരെ ആഴത്തിൽ കുഴി തീർക്കുകയാണ്. അതിനുള്ളിൽ യൂണിഫോം ധാരികളായ പണിക്കാർ നിൽക്കുന്നു. ഈശോയെ ഞാനൊരു ഫ്‌ളാറ്റ് പണിയാനാണോ എന്ന് ചോദിച്ചപ്പോൾ അവിടുന്ന് മറുപടി തന്നു: ഞാനെല്ലാവരെയുംകാൾ കൂലി കൊടുക്കും. പണിയായുധങ്ങളും മുൻകൂട്ടി നല്കും. എന്നിട്ടും പണിയാൻ ആളെ കിട്ടുന്നില്ല, നിനക്ക് പറ്റുമോ?

ദൈവരാജ്യം പടുത്തുയർത്താൻ ക്ഷണിക്കുകയാണെന്നെനിക്ക് മനസിലായി. അതെങ്ങനെ നടപ്പാക്കും? മനസിൽ ചോദ്യങ്ങളുയർന്നു. പക്ഷേ പിന്നീടുള്ള നാളുകളിൽ ഒരു പ്രാർത്ഥനാഗ്രൂപ്പിൽ ചേർന്ന് പ്രവർത്തിക്കാനും സാക്ഷ്യം പങ്കുവച്ചും ദൈവവവചനം പ്രഘോഷിച്ചും മുന്നോട്ടുപോകാനും പതിയെ അവസരങ്ങളൊരുങ്ങി. ഇന്ന് ദൈവശുശ്രൂഷകളിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു. ”എന്റെ കഠിനവേദന എന്റെ നന്മയ്ക്കുവേണ്ടിയായിരുന്നു” (ഏശയ്യാ 38:17)

ജോജോ ജോസഫ് ചിയാരം

Leave a Reply

Your email address will not be published. Required fields are marked *