ഗ്രാൻഡ് എക്‌സേഞ്ച് ഓഫർ

പൊട്ടിച്ചിരിച്ചുകൊണ്ട് ഫ്രഡി ചാടി എണീറ്റു. ഇത് വല്ലാത്തൊരു രൂപംതന്നെ! ഇങ്ങനെ ഒന്ന് ഇതുവരെ കണ്ടിട്ടില്ല. സൗന്ദര്യത്തിന്റെ തികവും വൈരൂപ്യത്തിന്റെ തീവ്രതയും കണ്ടിട്ടുണ്ട്. എന്നാൽ ഇതാ പ്രഭവിതറുന്ന സൗന്ദര്യത്തോടൊപ്പം പൊട്ടിച്ചിരിപ്പിക്കുന്ന വൈരൂപ്യവും. ഫ്രഡിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല. പക്ഷേ, ചിരിക്കിടയിലും അവന്റെ ഉള്ളിൽ ഒരു നീറ്റൽ; എന്നാലും അതു വേണ്ടായിരുന്നു. അങ്ങനെ കാണണ്ടായിരുന്നു. വേറെ ആരെങ്കിലുമായിരുന്നെങ്കിൽ സാരമില്ല. ഇത് എന്റെ സ്വന്തം സ്വന്തം… ചിരിച്ചത് അബദ്ധമായിപ്പോയെന്നും അവനു തോന്നി.

ഫ്രഡി അന്ന് ഉറക്കമുണർന്നത് അവൻ ഏറ്റവും അധികം സ്‌നേഹിക്കുന്ന ഈശോയുടെ രൂപം കണ്ടുകൊണ്ടാണ്. അവന്റെ ഏറ്റവും വലിയ സന്തോഷവും ആനന്ദവും അതുതന്നെ. രാത്രി ഈശോയുടെ തിരുമുഖത്തുനോക്കി, അവിടുത്തോടു ‘കുഞ്ഞുവർത്താനം’ പറഞ്ഞു കിടക്കുന്ന ഫ്രഡിയുടെ പ്രാർത്ഥന- ഉണരുമ്പോൾ അങ്ങയുടെ രൂപം കണ്ട് സംതൃപ്തിയടയാൻ കൃപ നല്കണമേ (സങ്കീർത്തനം 17:15) എന്നാണ്. എന്നാൽ ഫ്രഡി കണ്ട ഈശോയുടെ മുഖം ഹൃദയത്തെ വശീകരിക്കുംവിധം സുന്ദരമെങ്കിലും വികൃതവുമായിരുന്നു. കാരണം – ഈശോയുടെ മുഖത്ത് മൂക്കില്ല എന്നതുതന്നെ. മൂക്കില്ലാത്ത ഈശോ! പിന്നെങ്ങനെ ചിരിക്കാതിരിക്കും? ഓർക്കുംതോറും ഫ്രഡിക്ക് ചിരി പൊട്ടിക്കൊണ്ടിരുന്നു. എന്നാൽ തന്റെ പ്രിയപ്പെട്ട ഈശോയുടെ രൂപമാണല്ലോ എന്നോർക്കുമ്പം പെട്ടെന്ന് വായ്‌പൊത്തി ചിരിയടക്കും. എന്തായാലും ഇതിന്റെ കാര്യമൊന്ന് അറിയണമല്ലോ. അവൻ പെട്ടെന്ന് ഫ്രഷായി കട്ടിലിനരുകിൽ മുട്ടുകുത്തി. ഇതൊന്നു ചോദിച്ചിട്ടുതന്നെ കാര്യം. ‘എന്റെ ഈശോയേ, ഇതെന്നാ പണിയാ കാണിച്ചേ? എനിക്ക് നിന്നെ കാണണമെന്നത് ശരിതന്നെ. അത് എന്റെ വലിയ കൊതിയാണെന്ന് നിനക്കറിയേം ചെയ്യാം. എന്നാലും ഇപ്പരിപാടി വേണ്ടായിരുന്നൂട്ടോ. നിന്റെ ശരിക്കുള്ള രൂപം കണ്ടാമതി എനിക്ക്. മൂക്കില്ലാത്ത മുഖമൊന്നും എനിക്കു കാണണ്ടാ… ‘
അപ്പോൾ പൊട്ടിച്ചിരിച്ചത് ഈശോയാണ്. ഫ്രഡിക്ക് ജാള്യതതോന്നി. എന്താണാവോ ഈശോ ഇങ്ങനെ ചിരിക്കുന്നത്? അവൻ അല്പം പരുങ്ങി. ‘എന്താ.. എന്താ ഈശോയേ ഇങ്ങനെ ചിരിക്കുന്നേ?’

”എന്റെ ഫ്രഡിക്കുട്ടാ, എനിക്കു മൂക്കില്ലാതാക്കിയത് നീ തന്നെയല്ലേ? എന്നിട്ട് നീ എന്തൊരു ചിരിയായിരുന്നു?’
‘ഞാനോ? എന്റെ ഈശോയേ, ഞാൻ നിന്റെ മൂക്കെന്തു ചെയ്തൂന്നാ?’ അമ്പരപ്പോടെ ഫ്രഡി ചോദിച്ചു.
‘അതേ, നീ ഒന്നു ചിന്തിച്ചു നോക്കിക്കേ. രാവിലെ എഴുന്നേറ്റാൽ ആദ്യം നിന്റെ പരിപാടി എന്താ?’
‘അത്… അങ്ങയോട് -എന്റെ ഈശോയോട് കൂട്ടുകൂടൽ.’
‘നമ്മൾ കൂട്ടുകൂടി ക്ലൈമാക്‌സിലെത്തുമ്പോൾ നീ എന്നും ചെയ്യുന്ന ഒരു കാര്യമുണ്ടല്ലോ. നിന്നെത്തന്നെ നീ എനിക്ക് തരാറില്ലേ? ഹൃദയം ഈശോയേ നിനക്ക്, മനസ്, ചിന്ത… കണ്ണുകൾ, കാതുകൾ, അധരം, നാവ്… ഓരോ അവയവങ്ങളും എടുത്തെടുത്തു പറഞ്ഞ് ഈശോയുടേതാണ് -എന്ന് നീ എനിക്ക് തരാറുണ്ടല്ലോ. എന്നാൽ നിന്റെ മൂക്ക് നീ ഒരിക്കലും എനിക്ക് തന്നിട്ടില്ല. നീ എനിക്കു തന്നതൊക്കെ എന്റേതായി, ഞാനായിത്തീർന്നു. മൂക്കുതരാത്തതിനാൽ എനിക്ക് മൂക്കില്ലാതായി.’ വീണ്ടും ചിരിച്ചുപോയി ഫ്രഡി. ഈശോയും ഫ്രഡിക്കുട്ടനും ഒന്നിച്ചു ചിരിച്ചു.
ശരിയാ, മൂക്ക് ഒരിക്കലും എന്റെ ഓർമയിൽ വരാറില്ല. അതുകൊണ്ടുതന്നെ ഈശോയ്ക്കു സമർപ്പിക്കുമ്പോൾ ഞാനത് മറന്നു പോകുകയും ചെയ്യും; ഫ്രഡി ഓർത്തു. അവൻ അന്ന് മറ്റെല്ലാറ്റിനും മുമ്പേ സമർപ്പണം ആരംഭിച്ചു. മൂക്ക് ആദ്യം ഈശോയ്ക്കു കൊടുത്തു.
‘ലിവിങ് വാട്ടർ മിനിസ്ട്രി’യിലൂടെ ഈശോയെ അനുഭവിച്ച അന്നുമുതൽ ഫ്രഡിക്ക് എല്ലാമെല്ലാം പിന്നെ ഈശോയായിരുന്നു. സകലകാര്യങ്ങളും ഈശോയോടു പറയും; ഈശോയോടേ പറയൂ. എപ്പോഴും കൂട്ടുകൂടി നടക്കും. ഈശോയെ കൂടെക്കൂട്ടിയാണ് എവിടെയും പോവുക. ആരോടു സംസാരിക്കണമെങ്കിലും ഈശോ കൂടെവേണം. രാവിലെ എഴുന്നേറ്റാൽ മേൽപറഞ്ഞ സമർപ്പണം എന്നും ഉണ്ട്. അത് ബോധപൂർവം ചെയ്യുക എന്നതിനേക്കാൾ ഈശോയോട് സ്‌നേഹം കൂടുമ്പോൾ അവൻ അറിയാതെതന്നെ ഓരോ കാര്യങ്ങളും എടുത്തു പറഞ്ഞും തൊട്ടുകാണിച്ചും തനിക്കുള്ളതെല്ലാം ഈശോയ്ക്കു കൊടുക്കും- കൊച്ചു കുഞ്ഞുങ്ങൾ മാതാപിതാക്കളോട് പറയുംപോലെ. അതൊക്കെ ഇങ്ങനെയാകുമെന്ന് അവൻ ഒരിക്കലും ചിന്തിച്ചിട്ടേയില്ല. ഈശോയ്ക്കു കൊടുത്താൽ അതെല്ലാം ഈശോയുടെ ഭാഗങ്ങളാകുമോ? ഈശോയാകുമോ? അവന് ഒന്നും പിടികിട്ടിയില്ല.
എന്നാൽ തിരുവചനം പറയുന്നു: ”കർത്താവിന്റെ മഹത്വം… പ്രതിഫലിക്കുന്ന നാമെല്ലാവരും അവിടുത്തെ സാദൃശ്യത്തിലേക്ക്, മഹത്വത്തിൽ നിന്ന് മഹത്വത്തിലേക്ക്, രൂപാന്തരപ്പെട്ടുകൊണ്ടിരിക്കയാണ്. ഇത് ആത്മാവായ കർത്താവിന്റെ ദാനമാണ്” (2കോറിന്തോസ് 3:18).
”ദിവ്യകാരുണ്യത്തിലൂടെ നമുക്കാവശ്യമുള്ള സകല കൃപകളും ഈശോ നമുക്കു നല്കുന്നു, മാത്രമല്ല, നമ്മെ അവിടുത്തെപ്പോലെ ആക്കുകയും ചെയ്യുന്നു” എന്ന് പോപ്പ് ബനഡിക്ട് 16-ാമൻ ഉദ്‌ബോധിപ്പിക്കുന്നു. ”ബൈബിളിന്റെ രത്‌നച്ചുരുക്കംതന്നെ ക്രിസ്തുവിനെപ്പോലെ ആയിത്തീരുക എന്നതാണ്” എന്ന് ഫ്രാൻസിസ് പാപ്പായും പറയുന്നു.

മുറിച്ചിട്ടും മുറിയാത്ത വസ്ത്രം
വിശുദ്ധ ഫ്രാൻസിസ് അസിസി രണ്ടാം ക്രിസ്തു എന്നാണല്ലോ വിളിക്കപ്പെടുന്നത്! പവോളയിലെ വിശുദ്ധ ഫ്രാൻസിസ് ചെല്ലുന്നിടങ്ങളിലെല്ലാം അത്ഭുതങ്ങൾ അദ്ദേഹംപോലും അറിയാതെ സംഭവിച്ചു. ബോർമസ് എന്ന സ്ഥലത്ത് അദ്ദേഹം എത്തിയപ്പോൾ ജനങ്ങൾ അദ്ദേഹത്തിന്റെ വസ്ത്രം മുറിച്ചെടുത്തുകൊണ്ടിരുന്നു. എന്നാൽ ജനം വസ്ത്രം മുറിക്കുന്നതനുസരിച്ച് മുറിഞ്ഞഭാഗത്ത് തുണിവന്ന് നിറഞ്ഞ് വസ്ത്രം പുതുതായിക്കൊണ്ടിരുന്നു. അത് മറ്റൊരത്ഭുതം! നമ്മുടെ സമസ്തവും വസ്ത്രംപോലും ദൈവത്തിന് സമർപ്പിതമെങ്കിൽ അവിടുന്ന് നമുക്ക് പുതുവസ്ത്രം നല്കുമെന്നതിന് തെളിവാണല്ലോ ഇത്. ഉന്നതത്തിന്റെ ശക്തിയായ പരിശുദ്ധാത്മാവിനെ ധരിക്കാൻ ഈശോ അപ്പസ്‌തോലർക്ക് നല്കുന്ന നിർദേശം നമുക്ക് ഓർക്കാം (ലൂക്കാ 24:49). അങ്ങനെയെങ്കിൽ പരിശുദ്ധാത്മാവായ ദൈവംതന്നെയല്ലേ ആ വസ്ത്രം? അതുകൊണ്ടല്ലേ ആ വസ്ത്രത്തിൽ സ്പർശിച്ചവർക്കെല്ലാം സൗഖ്യം ലഭിച്ചത്?
അതിനർത്ഥം, ദൈവത്തിന് നാം എന്തുകൊടുത്താലും അവിടുന്ന് അതുംവാങ്ങി സ്ഥലംവിടുകയല്ല, എന്തുകൊടുത്തോ അതിന്റെ സ്ഥാനത്ത് അവിടുത്തെത്തന്നെ അവിടുന്നു പകരം വയ്ക്കുന്നു. ഹൃദയം കൊടുത്ത വിശുദ്ധ കാതറിന് പകരം ദൈവപുത്രന്റെ ഹൃദയമല്ലേ കിട്ടിയത്? നമ്മുടെ ആത്മാവിനെ അവിടുത്തേക്കു കൊടുത്താൽ അവിടുത്തെ ആത്മാവിനെ അവിടുന്നു പകരം തരും. ജീവൻ കൊടുത്താൽ പകരം അവിടുത്തെ ജീവനാണ് തരിക. ”നിങ്ങൾക്ക് ജീവൻ ഉണ്ടാകാനും അത് സമൃദ്ധമായി ഉണ്ടാകാനുമാണ് ഞാൻ വന്നിരിക്കുന്നത്” (യോഹന്നാൻ 10:10) എന്നാണ് ഈശോ നല്കുന്ന ഉറപ്പ്. അവൻ തരുന്നതെല്ലാം സമൃദ്ധമായിരിക്കും; വെറുതെ എന്തെങ്കിലും തരികയല്ല. കൊടുക്കുന്നവ റിപ്പയർ ചെയ്തുതരികയുമല്ല, പകരം അവിടുത്തെ മൗതികമായവകൊണ്ടുള്ള റിപ്ലേസ്‌മെന്റാണ്. അവിടുന്നു നമുക്കു മുമ്പിൽ വച്ചിരിക്കുന്നത് തികച്ചും ലാഭകരമായ ഒരു ‘എക്‌സ്‌ചേഞ്ച് ഓഫർ’… പഴയത് കൊടുത്താൽ ഏറ്റം പുതിയതും ഒരിക്കലും നശിക്കാത്തതും കേടാകാത്തതും പകരം കിട്ടുന്ന ഗ്രാൻഡ് ഓഫർ!

നിന്റെ കൈകൾ കൊടുത്താൽ അവന്റെ ബലിഷ്ഠമായ കരങ്ങൾ പകരം വയ്ക്കും. നിന്റെ സൗന്ദര്യം കൊടുത്താൽ സൂര്യനെ വെല്ലുന്ന അവിടുത്തെ തേജസ് നിനക്ക് സ്വന്തമാക്കാം. ”ജറുസലെം, നീ ദു:ഖത്തിന്റെയും പീഡനത്തിന്റെയും വസ്ത്രംമാറ്റി ദൈവത്തിൽനിന്നുള്ള മഹത്വത്തിന്റെ സൗന്ദര്യം എന്നേക്കുമായി അണിയുക” (ബാറുക്ക് 5:1). അപമാനവും നിന്ദനവുമാണ് കൊടുക്കുന്നതെങ്കിൽ നിത്യനായവന്റെ മഹത്വത്തിന്റെ കിരീടം ശിരസിൽ അവിടുന്ന് അണിയിക്കും (ബാറൂക്ക് 5:2). രോഗഗ്രസ്ഥമായ ശരീരമാണ് നല്കുന്നതെങ്കിലും അരോഗദൃഢതയുള്ള, പ്രഭാപൂർണമായ അവിടുത്തെ ശരീരമാണ് അവിടുന്നു നീയുമായി എക്‌സേഞ്ച് ചെയ്യുക. വിശുദ്ധരെല്ലാം പ്രകാശിതരായിരുന്നുവെന്ന് ഓർക്കാം.
ദാരിദ്ര്യമാണോ കൊടുക്കാനുള്ളത്? ‘നീ ധനികനാകാൻ അഗ്നിശുദ്ധി വരുത്തിയ സ്വർണം എന്നോടു വാങ്ങുക… ശുഭ്ര വസ്ത്രം എന്നോടു വാങ്ങുക’ (വെളിപാട് 3:18).

പഴന്തുണിയുടെ ശക്തി
എല്ലാമെല്ലാം ദൈവത്തിനു കൊടുത്തവർക്ക് ദൈവംതന്നെത്തന്നെ പകരം കൊടുത്തിട്ടുണ്ട്. അത് അവരുടെ മരണശേഷവും അപ്രകാരംതന്നെയായിരിക്കുമെന്ന് വ്യക്തമാക്കുകയല്ലേ തിരുശേഷിപ്പുകളിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്ന അത്ഭുതങ്ങൾ? മരിച്ചയാളുടെ ദേഹത്ത് ലിമയിലെ വിശുദ്ധ റോസിന്റെ പത്തുവർഷം പഴകിയ വസ്ത്രത്തിന്റെ ഒരു തുണ്ട് തൊടുവിച്ചപ്പോൾ അയാൾ ഉയിർത്തെഴുന്നേറ്റത് ചരിത്രം രേഖപ്പെടുത്തുമ്പോൾ ദൈവത്തിനു കൊടുക്കുന്നതൊന്നും നഷ്ടമല്ല, നിത്യമായ ലാഭമാണ് എന്നല്ലേ സാക്ഷ്യപ്പെടുത്തുന്നത്?

നശ്വരമായ മനുഷ്യശരീരം ദൈവത്തിന് സമർപ്പിച്ചപ്പോൾ തന്റെ അനശ്വര ശരീരം അവിടുന്ന് എക്‌സ്‌ചേഞ്ച് ചെയ്തതുകൊണ്ടല്ലേ വിശുദ്ധാത്മാക്കളുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള മൃതദേഹങ്ങൾ അനശ്വരമായി നിലകൊള്ളുന്നത്?
നാം പൂർണമായും ദൈവ പുത്രന് സദൃശരാകണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. ചില പാർട്ടുകൾ മാത്രമല്ല. ഒരു ടോട്ടൽ റിപ്ലേസ്‌മെന്റ്. അവിടുന്ന് മുൻകൂട്ടി അറിഞ്ഞവരെ തന്റെ പുത്രന്റെ സാദൃശ്യത്തോട് അനുരൂപരാക്കാൻ മുൻകൂട്ടി നിശ്ചയിച്ചു (റോമ 8:29). അതിനാൽ ‘ക്രിസ്തുവിന്റെ പരിപൂർണതയുടെ അളവനുസരിച്ച് നാം പക്വതയാർജിക്കണ’മെന്ന് തിരുവചനം എഫസോസ് 4:13 ഓർമപ്പെടുത്തുന്നു. കാരണം ”ക്രിസ്തുവിൽ ആയിരിക്കുന്നവൻ പുതിയ സൃഷ്ടിയാണ്. പഴയത് കടന്നുപോയി. ഇതാ പുതിയത് വന്നുകഴിഞ്ഞു.” (2കോറിന്തോസ് 5:17). അതിനാൽ ക്രിസ്തുവാൽ ഒരു പുനപ്രതിഷ്ഠ- എന്നെ മാറ്റി പകരം യേശുവിനെ വയ്ക്കുന്ന- നടത്താൻ നമുക്കു തയ്യാറാകാം. ഫ്രഡിയെപ്പോലെ ഓരോന്നും അനുദിനം ഈശോയ്ക്ക് കൈമാറ്റം ചെയ്ത് ഈശോയെപ്പോലാകാം. മൂക്കുകൊടുക്കാൻ മറക്കരുതേ… ഈശോയെ ഏറ്റം നന്നായറിയുന്ന പരിശുദ്ധ അമ്മയ്ക്കുമാത്രമേ നമ്മെയും ഈശോയെപ്പോലെ ആക്കാൻ സാധിക്കൂ. അതിനാൽ ഈശോ നിറഞ്ഞു വസിക്കുന്ന പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിൽ നമുക്കും കയറിപ്പറ്റാം. എങ്കിൽ അമ്മയുടെ വിമല ഹൃദയം നമ്മെയും ഈശോയെപ്പോലാക്കും. ”ഞാൻ പറയുന്നു, നിങ്ങൾ ദൈവങ്ങളാണ്; നിങ്ങളെല്ലാവരും അത്യുന്നതന്റെ മക്കളാണ്” (സങ്കീർത്തനങ്ങൾ 82:6).

ആൻസിമോൾ ജോസഫ്‌

Leave a Reply

Your email address will not be published. Required fields are marked *