പ്രാർത്ഥിക്കുന്നതുകൊണ്ട് എന്താണ് ഗുണം?

വിശുദ്ധ ഫ്രാൻസിസ് സേവ്യർ ഒരിക്കൽ പായ്ക്കപ്പലിൽ യാത്ര ചെയ്യുകയായിരുന്നു. ആ കപ്പലിൽ ഉണ്ടായിരുന്ന ഒരു മുസ്ലീം സഹോദരന്റെ അഞ്ചുവയസുള്ള കുട്ടി കടലിലേക്ക് വീണുപോയി. കപ്പലിലുള്ളവർക്കെല്ലാം വലിയ സങ്കടം. കാരണം ഈ കുട്ടി എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായിരുന്നു. അദ്ദേഹം കരഞ്ഞവശനായി. മൂന്നാം ദിവസം ഇതറിഞ്ഞ ഒരു സഹയാത്രക്കാരൻ ചോദിച്ചു: ”നിങ്ങൾ എന്തുകൊണ്ട് മൂന്നു ദിവസമായിട്ടും ഈ കാര്യം ഫ്രാൻസിസ് സേവ്യറിനെ അറിയിച്ചില്ല. അദ്ദേഹം മുഴുവൻ സമയവും പ്രാർത്ഥിക്കുന്ന ഒരു കത്തോലിക്കാ പുരോഹിതനാണ്.”

ഉടനെ ഈ പിതാവ് ഫ്രാൻസിസ് സേവ്യറിന്റെ അടുത്തുചെന്ന് കാര്യം പറഞ്ഞു. അദ്ദേഹം തന്റെ കൈയിലിരുന്ന കാശുരൂപം ഉയർത്തി പ്രാർത്ഥിച്ചു. സകലത്തിനും ജീവൻ നല്കുന്ന യേശുവേ, മൂന്നുദിവസം മുമ്പ് കടലിൽ മുങ്ങിപ്പോയ കുഞ്ഞിനെ ജീവനോടെ കൊണ്ടുവരുവാൻ ശക്തനായവനേ, മനുഷ്യബുദ്ധിക്ക് അഗ്രാഹ്യമായ വിധം പ്രവർത്തിക്കുന്ന നല്ല ദൈവമേ, കുഞ്ഞിനെ തിരികെ തരണമേ. ഏതാണ്ട് അര മണിക്കൂർ പ്രാർത്ഥിച്ചശേഷം കുഞ്ഞിന്റെ അപ്പനോട് പറഞ്ഞു: നിങ്ങൾ കപ്പലിന്റെ നാലുഭാഗത്തും ചുറ്റി നോക്കിയിട്ട് വരിക. അദ്ദേഹം കപ്പലിന്റെ പുറകുവശത്ത് ചെന്നപ്പോൾ അവിടെ കളിച്ചുകൊണ്ടിരിക്കുന്ന തന്റെ കുഞ്ഞിനെ കണ്ടെത്തി. സയൻസിനോ മനുഷ്യബുദ്ധിക്കോ വിവരിക്കാൻ സാധിക്കാത്ത ഈ സംഭവം സഭ ഔദ്യോഗികമായി അംഗീകരിച്ച ഒരത്ഭുതമാണ്.

വിശ്വാസത്തിൽനിന്ന് ആരംഭം
ഉൽപത്തി 18-ാം അധ്യായത്തിൽ സോദോം ഗൊമോറ നശിപ്പിക്കുന്നതിനെക്കുറിച്ചുള്ള വിവരണത്തിൽ നാം കാണുന്നതിങ്ങനെയാണ്. സ്വവർഗഭോഗമെന്ന പാപത്തിൽ മുമ്പോട്ടു പോകുന്ന ജനം. ആ നഗരം നശിപ്പിക്കപ്പെടുന്നതിനുമുമ്പ് ഒരു അവസാന ശ്രമമെന്ന നിലയിൽ ദൈവം വിശ്വസ്തനായ ഒരു മനുഷ്യനെ തേടി ഭൂമിയിൽ വരുന്നു. ആ മനുഷ്യനാണ് അബ്രാഹം. അബ്രാഹത്തിന്റെ മധ്യസ്ഥപ്രാർത്ഥന വലിയ വിശ്വാസത്തോടുകൂടിയായിരുന്നു. ദൈവം സോദോം ഗൊമോറയെ നശിപ്പിക്കുമെന്നറിഞ്ഞ അബ്രാഹം അത് സംഭവിക്കാതിരിക്കാൻവേണ്ടി കണ്ണീരോടെ മധ്യസ്ഥം പ്രാർത്ഥിക്കുന്നു.
ഉൽപത്തി 18:22- ”അവർ അവിടെനിന്ന് സോദോമിന് നേരെ നടന്നു. അബ്രാഹം അപ്പോഴും കർത്താവിന്റെ മുമ്പിൽത്തന്നെ നിന്നു.” ഇത് ആത്മാവിൽ ഉറപ്പുള്ള ഒരു വിശ്വാസത്തെ കാണിക്കുന്നു. എഫേസോസ് 3:12- അവനിലുള്ള വിശ്വാസംമൂലം ആത്മധൈര്യവും ദൈവത്തെ സമീപിക്കാൻ സാധിക്കുമെന്ന പ്രത്യാശയും നമുക്കുണ്ട്. യാക്കോബ് 2:23- അബ്രാഹം ദൈവത്തിൽ വിശ്വസിച്ചു. അത് അവന് നീതിയായി പരിഗണിക്കപ്പെട്ടുവെന്ന തിരുവെഴുത്ത് നിറവേറി. അവൻ ദൈവത്തിന്റെ സ്‌നേഹിതൻ എന്ന് വിളിക്കപ്പെടുകയും ചെയ്തു.

അനേകർ ദൈവത്തെ നോക്കാൻപോലും ഭയപ്പെടുമ്പോൾ വലിയ വിശ്വാസത്തോടും പ്രത്യാശയോടുംകൂടെ ദൈവമകൻ എന്ന നിലയിൽ മധ്യസ്ഥം വഹിക്കുന്നത് നമുക്ക് വലിയ മാതൃകയാണ്. ഉറപ്പുള്ള വിശ്വാസം എങ്ങനെയുണ്ടാവും? അത് ദൈവവുമായുള്ള ആഴമായ സ്‌നേഹബന്ധത്തിൽനിന്ന് മാത്രമുണ്ടാകുന്നതാണ്. ദൈവവുമായുള്ള ബന്ധം ആഴപ്പെടുന്നതനുസരിച്ച് വചനം ജീവനുള്ളതായി മാറുന്നു. നമ്മുടെ വിശ്വാസം വർധിക്കുകയും ചെയ്യും. ദൈവത്തിന്റെ ഹൃദയത്തോട് നാം ചേർന്നു നടക്കുമ്പോൾ ആദ്യം കടകുമണിപോലെയും പിന്നീട് ഒരു വടവൃക്ഷംപോലെയും നമ്മിൽ വിശ്വാസം വളരും. അബ്രാഹം ഇങ്ങനെ വിശ്വസിച്ചു. അതുകൊണ്ട് അബ്രാഹം പറയുന്നു ഈ ദേശം നശിപ്പിക്കപ്പെടാൻ പാടില്ല.

കൃത്യതയോടെ
അബ്രാഹത്തിന്റെ മധ്യസ്ഥ പ്രാർത്ഥന വളരെ കൃത്യതയുള്ളതായിരുന്നു. അബ്രാഹം ദൈവത്തോട് ചോദിച്ചു, ദൈവമേ ഇവിടുത്തെ നീതിമാന്മാർ ദുഷ്ടരോടുകൂടി ശിക്ഷിക്കപ്പെടാൻ അങ്ങ് അനുവദിക്കരുതേ. അമ്പത് നീതിമാന്മാർ ഈ സ്ഥലത്തുണ്ടെങ്കിൽ ഈ ദേശം രക്ഷപ്പെടില്ലേ. 1 സാമുവൽ 1:11 – മക്കളില്ലാത്ത ഹന്നയുടെ പ്രാർത്ഥന രേഖപ്പെടുത്തിയിരിക്കുന്നു. സൈന്യങ്ങളുടെ ദൈവമായ കർത്താവേ, ഈ ദാസിയുടെ ദുഃഖത്തെ അങ്ങ് തൃക്കൺപാർക്കണമേ. എനിക്ക് ഒരു മകനെ തന്ന് അനുഗ്രഹിച്ചാൽ ഞാൻ അവനെ അങ്ങേക്കായി പ്രതിഷ്ഠിക്കാം. ഹന്നയുടെ പ്രാർത്ഥന ദൈവം കേട്ടു. അവനാണ് സാമുവൽ പ്രവാചകൻ. കുരിശിൽ കിടന്ന് യേശുവിന്റെ വലതുവശത്തു കിടന്ന കള്ളൻ ഇങ്ങനെ പ്രാർത്ഥിച്ചു: നീ നിന്റെ രാജ്യത്ത് പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കണമേ. കൃത്യമായും വ്യക്തമായും കാര്യങ്ങൾ ചോദിക്കാൻ ഒരു അടിസ്ഥാനമേയുള്ളൂ. ആറായിരത്തിലധികം വാഗ്ദാനങ്ങൾ ദൈവം നമുക്ക് നല്കിയിരിക്കുന്നു. ഈ വാഗ്ദാനങ്ങൾ എടുത്തുവച്ച് പ്രാർത്ഥിക്കാൻ നമുക്ക് അധികാരമുണ്ട്. ഇതെല്ലാം നമുക്ക് അവകാശപ്പെട്ടതാണ്.

ആരാധിച്ചുകൊണ്ട്
അബ്രഹാമിന്റെ പ്രാർത്ഥനയിൽ ദൈവമാരാണെന്ന് ഏറ്റുപറയുന്നു. ഉൽപത്തി 18:25- ഭൂമി മുഴുവന്റെയും വിധികർത്താവായ ദൈവമേ, അങ്ങ് നീതി പ്രവർത്തിക്കാതിരിക്കുമോ? ഏശയ്യാ 6:3- സ്വർഗത്തിലെ ആരാധന. മാലാഖമാർ ചിറകുകൾകൊണ്ട് മുഖം മറച്ചുകൊണ്ട് പറയുന്നു: പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ. ദൈവമാരാണെന്ന് ഏറ്റുപറയുന്നു. വെളിപാട് 4:8- ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സർവശക്തനും ദൈവവുമായ കർത്താവ് പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ. സ്വർഗവാസികൾ മുഴുവൻ ദൈവമാരാണെന്ന് വിളിച്ചു പറയുന്നു. നാം ഇപ്രകാരംതന്നെ പ്രാർത്ഥിക്കണം.
യഹൂദരുടെ ഇടയിൽ പ്രചാരത്തിലുള്ള ഒരു കഥ. സങ്കീർത്തനങ്ങളിൽ ദൈവം ആരാണെന്ന് ഏറ്റുപറയുന്നത് കണ്ട ഒരു തയ്യൽക്കാരൻ യഹൂദറബ്ബിയുടെ അടുത്തുചെന്ന് പറഞ്ഞു. ഞാൻ മെന്ററൽ എന്ന തുന്നൽക്കാരനാണ്. ആളുകൾ ഞാൻ കുപ്പായം തുന്നുമ്പോൾ നന്നായിരിക്കുന്നുവെന്ന് പറയുന്നു. ആദ്യം ഇത് കേൾക്കുമ്പോൾ വലിയ സന്തോഷം. എല്ലാ ആളുകളും ഇങ്ങനെതന്നെ പറഞ്ഞപ്പോൾ എനിക്ക് മടുക്കാൻ തുടങ്ങി. ഇപ്പോൾ അത് കേൾക്കുമ്പോൾ എനിക്കരിശം വരും. കാരണം ഞാനിതു കേട്ടുകേട്ട് മടുത്തു. ഞാൻ ചിന്തിക്കുകയായിരുന്നു- ഈ മനുഷ്യരെല്ലാം ദൈവമേ നീ പരിശുദ്ധൻ എന്നു പറഞ്ഞുകൊണ്ടിരുന്നാൽ ദൈവത്തിന് എന്തൊരു അസ്വസ്ഥതയാണ്.
റബ്ബി പറഞ്ഞു: ദൈവമേ നീ പരിശുദ്ധൻ, നല്ലവൻ എന്നു പറയുമ്പോൾ പൊങ്ങിപ്പോകുന്ന ദൈവമല്ല നമ്മുടെ ദൈവം. ദൈവമാരെന്ന് ഏറ്റുപറഞ്ഞ് നാം പ്രാർത്ഥിക്കുമ്പോൾ അതിന്റെ ഗുണം നമുക്കുതന്നെ കിട്ടുന്നു. ആരാധിക്കുന്ന നമുക്കാണതിന്റെ ഗുണം. അപ്പോൾ നമ്മിലേക്ക് ദൈവതേജസ് വന്നു നിറയുന്നു.

മദർ തെരേസയുടെ ഫോട്ടോ
മദർ തെരേസയെ കാണാൻ ഒരു വെള്ളക്കാരൻ ഫോട്ടോഗ്രാഫർ വന്നു. മദർ പ്രാർത്ഥിക്കുന്ന ഒരു ഫോട്ടോ വേണം അയാൾക്ക്. ഒടുവിൽ അതിനനുവാദം ലഭിച്ചു. ഫോട്ടോഗ്രാഫർ നോക്കിയപ്പോൾ ചെറിയൊരു കെടാവിളക്കിന്റെ പ്രകാശത്തിലാണ് മദർ പ്രാർത്ഥിക്കുന്നത്. ഫോട്ടോ ക്ലിയർ ആവില്ലെന്നറിയാം. പക്ഷേ അയാൾ ഫോട്ടോ എടുത്തു. ലാബിൽ ഈ ഫിലിം ഡവലപ് ചെയ്യുമ്പോൾ ഒരത്ഭുതം കാണുകയാണ്. അദ്ദേഹം എടുത്ത നാല് ഫോട്ടോയിലും പ്രാർത്ഥിച്ചുകൊണ്ടിരുന്ന മദർ തെരേസയുടെ ചുറ്റും വലിയ പ്രകാശഗോളം നിറഞ്ഞുനില്ക്കുന്നു. പിന്നീട് അമേരിക്കയിലെ ശാസ്ത്രജ്ഞന്മാർ ഈ ഫിലിം കൊണ്ടുപോയി പഠിച്ചതിനുശേഷം ഒരു നിഗമനത്തിലെത്തി. ഇത് സാധാരണ പ്രകാശമല്ല, മറ്റെന്തോ ആണ്. മദർ ദൈവത്തെ ആരാധിച്ചപ്പോൾ ഗുണം കിട്ടിയത് യേശുവിനല്ല മദറിനാണ്. നാം ദൈവത്തെ തള്ളിക്കളയുമ്പോൾ നമ്മുടെ പ്രകാശം നഷ്ടപ്പെടുന്നു. നാം പാപത്തിൽ വീഴുകയും നമ്മുടെ മഹത്വം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇതു മനസിലാക്കിയ അബ്രഹാം ദൈവത്തെ മഹത്വപ്പെടുത്തി.

അബ്രഹാം എളിമയോടെ പ്രാർത്ഥിച്ചു. ഉൽപത്തി 18:27- പൊടിയും ചാരവുമായ ഞാൻ എന്റെ ദൈവത്തോട് സംസാരിക്കാൻ തുനിഞ്ഞല്ലോ. പ്രഭാഷകൻ 3:18- നീ എത്രമാത്രം ഉന്നതനാണോ, അത്രമാത്രം വിനീതനാവുക. എളിമയുള്ളവന്റെ പ്രാർത്ഥന മേഘം തുളച്ചുകയറുന്നു. യാക്കോബ് 4:6- ദൈവം അഹങ്കാരികളെ എതിർക്കുകയും എളിമയുള്ളവർക്ക് കൃപ കൊടുക്കുകയും ചെയ്യുന്നു.
അബ്രഹാം മടുത്തുപോകാതെ പ്രാർത്ഥിച്ചു. ദൈവമേ, അമ്പതുപേരുണ്ടെങ്കിൽ നശിപ്പിക്കുമോ? ഇല്ല. നാല്പത് ആണെങ്കിലോ? ഇല്ല. മുപ്പത് ആണെങ്കിലോ? ഇല്ല. പത്തെങ്കിലോ? ഇല്ല. അബ്രഹാം മടുത്തുപോകാതെ പ്രാർത്ഥിച്ചു. ലൂക്കാ 11:8 നാം നിർബന്ധം പിടിച്ചാൽ ദൈവം തന്റെ സിംഹാസനത്തിൽനിന്ന് എഴുന്നേറ്റ് നമുക്ക് തരും. നമ്മുടെ പ്രാർത്ഥനകളിൽ നമുക്കും നിർബന്ധം പിടിക്കാം. അബ്രഹാം മധ്യസ്ഥം വഹിച്ചതുപോലെ എളിമയോടെ, വിശ്വസ്തതയോടെ, വിശ്വാസത്തോടെ പ്രാർത്ഥിക്കാൻ ഞങ്ങളെ ശക്തരാക്കണമേ. •
(ശാലോം ടി.വിയിൽ സംപ്രേഷണം ചെയ്ത ‘വചനം തിരുവചന’ത്തിൽനിന്ന്)

ഡോ. ജോൺ ഡി.

Leave a Reply

Your email address will not be published. Required fields are marked *